02/06/2026
കാടിന്റെ മക്കൾക്ക് വിദ്യയേകി വിരമിച്ച പ്രധാനാദ്ധ്യാപകരെ ആദരിച്ചു.
അട്ടത്തോട്: കുട്ടികൾക്ക് വിദ്യയേകിയ ഗുരുക്കന്മാർക്ക് പ്രവേശനോത്സവ ദിനത്തിൽ സ്നേഹാദരവുകൾ.
ശബരിമല വനമേഖലയിൽ സമർപ്പിത സേവനം നടത്തി വിരമിച്ച അട്ടത്തോട് സർക്കാർ ട്രൈബൽ സ്കൂൾ പ്രധാനാദ്ധ്യാപകൻ ബിജു തോമസ് അമ്പൂരി
പറക്കോട് എൻ.എസ്. എൽ.പി.സ്കൂൾ പ്രധാനാദ്ധ്യാപകൻ ബിനു. കെ. സാം എന്നിവരെ കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ഇവിടെ വിദ്യാഭ്യാസ സഹായഹസ്തവുമായി
പിന്തുണച്ചു വരുന്ന ഗുഡ് സമരിറ്റൻ ചാരിറ്റബിൾ ആൻഡ് റിലീഫ് സൊസൈറ്റി ആദരിച്ചു.
ഇരുവരും ഇക്കഴിഞ്ഞ 31ന് (31/5/2026)
വിരമിച്ചതിന് തൊട്ടടുത്ത ദിവസം അട്ടത്തോട് സ്കൂളിൽ നടന്ന ചടങ്ങിലാണ് ആദരിച്ചത്.
അഞ്ചുവർഷം അട്ടത്തോട് സർക്കാർ ട്രൈബൽ സ്കൂളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ
നടത്തിയ പ്രധാനാദ്ധ്യാപകനാണ് ബിജു മാഷ്
എന്നറിയപ്പെടുന്ന ബിജു തോമസ് അമ്പൂരി.
സർവശിക്ഷ അഭിയാനു കീഴിൽ (എസ്.എസ്. എ )
വനമേഖലയിൽ പ്രവർത്തിച്ച ഏഴ് ഏകാദ്ധ്യാപക വിദ്യാലയങ്ങളുടെ (എം.ജി.എൽ.സി) ചുമതല 2003 മുതൽ 2912 വരെ നിർവഹിച്ച ബിനു.കെ.സാം 2017 വരെ ഈ മേഖലയിൽ തുടർസേവനവും നടത്തി.
ഏകാദ്ധ്യാപക വിദ്യാലയങ്ങളുടെ വളർച്ചയും ഏകോപനവുമാണ് അട്ടത്തോട് ട്രൈബൽ സ്കൂൾ എന്ന സ്വപ്നം യാഥാർത്ഥ്യമാക്കിയത്.
ഗുഡ് സമരിറ്റൻ സൊസൈറ്റി ചെയർമാൻ ഫാ. ബെൻസി മാത്യു കിഴക്കേതിൽ അവാർഡ് പുരസ്‌കാരം നൽകി. ഗ്രാമപഞ്ചായത്തംഗം പി. എസ്. ഉത്തമൻ, എ. എസ്. ഐ. ഷൈൻ പദ്മനാഭൻ, ഷിബു ശാമുവൽ, ചുമതലയുള്ള പ്രധാനാദ്ധ്യാപകൻ കെ. എം. സുബീഷ്, ബേബി ജോൺ മണിമലേത്ത്, ബിന്നി ശാമുവൽ തലക്കോട്ട്, ആശാ നന്ദൻ, സാജിതാ, അമിതാ പ്രസംഗിച്ചു.