11/04/2025
എൻ്റെ ഗർഭം ഇങ്ങനെയല്ലാ എന്നാണിപ്പോൾ മലയാളികൾ മുഴുവൻ കേരളത്തിലെ ഉസ്താദുമാരോട് പറയുന്നത്. ഒമ്പതു മാസമെങ്കിലും തികഞ്ഞ് ഇതൊന്ന് പുറത്ത് വന്നെങ്കിൽ, ഒന്ന് സൈഡ് ചരിഞ്ഞോ കമിഴ്‌ന്നോ കിടക്കാമായിരുന്നു എന്ന് ആശങ്കപ്പെട്ടും പ്രാർത്ഥിച്ചും കഴിയുന്ന പെണ്ണുങ്ങളോടാണ് വിവരക്കേട് പറയാനും ബിരിയാണി തിന്നാനും മാത്രം വാ തുറക്കുന്ന കുറേ ഉണ്.. അല്ല ഉസ്താദുമാരുടെ 4 വർഷത്തെ ഗർഭക്കഥ.
40 ആഴ്ചയാണ് ഒരു പൂർണ ഗർഭത്തിൻ്റെ കാലാവധി. 40 ആഴ്ചകൾക്ക് ശേഷവും പ്രസവിച്ചില്ലെങ്കിൽ അതിനെ പോസ്റ്റ്-ടേം പ്രെഗ്നൻസി എന്ന് പറയും. പിന്നെയും ഒരു രണ്ടാഴ്ച കൂടി “ചിലപ്പോൾ” വലിയ കുഴപ്പമില്ലാതെ പോയേക്കാം. പക്ഷെ റിസ്കാണ്, കുഞ്ഞിനും അമ്മയ്ക്കും.
കുഞ്ഞിന് ഉണ്ടാകാവുന്ന സങ്കീർണതകൾ
1. പ്ലാസന്റൽ പ്രവർത്തനക്ഷമത കുറയൽ:
ഗർഭകാലം 40-42 ആഴ്ചകൾ കഴിയുമ്പോൾ, പ്ലാസന്റയുടെ പ്രവർത്തനക്ഷമത കുറയാൻ തുടങ്ങും. പ്ലാസന്റയാണ് കുഞ്ഞിന് ഓക്സിജനും പോഷകങ്ങളും എത്തിക്കുന്നത്. ഇത് കുറയുമ്പോൾ, കുഞ്ഞിന്റെ വളർച്ചയും ആരോഗ്യവും മോശമാവും.
2. ഓക്സിജൻ ലഭ്യത കുറയൽ (Fetal Hypoxia)
പ്ലാസന്റൽ പ്രവർത്തനം കുറയുന്നതിനാൽ കുഞ്ഞിന് ഓക്സിജൻ ലഭിക്കാതെ ഫീറ്റൽ ഡിസ്ട്രസ് ഉണ്ടാകാം. ഇത് കുഞ്ഞിന്റെ ശ്വാസകോശത്തിന്റെയോ മസ്തിഷ്കത്തിന്റെയോ പ്രവർത്തനത്തെ ബാധിച്ചേക്കാം. അപൂർവ സന്ദർഭങ്ങളിൽ, ഇത് സെറിബ്രൽ പാൾസി പോലുള്ള നാഡീസംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകാം.
3. അമ്നിയോട്ടിക് ദ്രാവകം കുറയൽ (Oligohydramnios): അമ്നിയോട്ടിക് ദ്രാവകം ഒരു ഷോക്ക് അബ്സോർബറായി പ്രവർത്തിച്ച് കുഞ്ഞിനെ സംരക്ഷിക്കുകയും അമ്പിലിക്കൽ കോർഡിലെ മർദ്ദം കൂടാതെ തടയുകയും ചെയ്യുന്നു. കോർഡിൽ മർദ്ദം കൂടിയാൽ കുഞ്ഞിൻ്റെ രക്തയോട്ടം കുറയാം
4. മീക്കോണിയം ആസ്പിരേഷൻ
കുഞ്ഞിന് ഗർഭാശയത്തിൽ വച്ച് തന്നെ മലം (മീക്കോണിയം) പുറത്തുപോയാൽ, അത് അമ്നിയോട്ടിക് ദ്രാവകവുമായി കലരുകയും കുഞ്ഞത് വലിച്ച് ശ്വസിച്ച് ശ്വാസകോശത്തിൽ എത്തിച്ച് മീക്കോണിയം ആസ്പിരേഷൻ സിൻഡ്രോം എന്ന കുറച്ച് ഗുരുതരമായ അവസ്ഥ ഉണ്ടാക്കുകയും ചെയ്യാം.
5. 40 ആഴ്ച കഴിഞ്ഞാൽ കുഞ്ഞിന്റെ വലിപ്പം കൂടാം, ചിലപ്പോൾ ഭാരം 4 കിലോയിൽ കൂടുതലാകാം. ഇത് പ്രസവം പ്രയാസമുള്ളതാക്കും. പ്രസവ സമയത്ത് കുഞ്ഞിന്റെ തോളുകൾ കുടുങ്ങുന്ന ഷോൾഡർ ഡിസ്റ്റോഷ്യ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാവാം. കുഞ്ഞിനും അമ്മയ്ക്കും പ്രസവാനന്തര ബുദ്ധിമുട്ടുകൾ പലതും പ്രതീക്ഷിക്കാം.
6. അപൂർവമായി, പോസ്റ്റ്-ടേം ഗർഭങ്ങളിൽ ഗർഭാവസ്ഥയിൽ തന്നെ കുഞ്ഞ് മരിക്കുന്ന സ്റ്റിൽബർത്തിനുള്ള സാധ്യതയും ഉണ്ട്.
അമ്മയ്ക്ക് ഉണ്ടാകാവുന്ന സങ്കീർണതകൾ
1. നീണ്ട പ്രസവ സമയം (Prolonged Labor):
കുഞ്ഞിന്റെ വലിപ്പം കൂടുതലാണെങ്കിൽ, പ്രസവം നീണ്ടുപോകാം. ഇത് അമ്മയെ ശാരീരികമായും മാനസികമായും തളർത്തും. മിക്കപ്പോഴും സിസേറിയൻ ആവശ്യമായി വന്നേക്കാം.
2. ഗർഭാശയ അണുബാധ (Chorioamnionitis):
അമ്നിയോട്ടിക് ദ്രാവകം കുറയുകയോ, മീക്കോണിയം കലരുകയോ ചെയ്താൽ, ഗർഭപാത്രത്തിൽ അണുബാധ ഉണ്ടാകാം.
3. പോസ്റ്റ്‌പാർട്ടം ഹെമറേജ്:
നീണ്ട പ്രസവ സമയവും, വലിയ കുഞ്ഞും, അല്ലെങ്കിൽ ഗർഭാശയത്തിന് അമിതമായി വളരേണ്ടി വരുന്നതും ഒക്കെ പ്രസവ സമയത്തോ ശേഷമോ അമിത രക്തസ്രാവത്തിന് കാരണമാവാം.
ഇങ്ങനെ വേറെയും പല പല പ്രശ്നങ്ങൾ ഉണ്ട്. എല്ലാം പറഞ്ഞ് ബോറടിപ്പിക്കുന്നില്ല. ഈ പോസ്റ്റ്-ടേം പ്രെഗ്നൻസി എന്തുകൊണ്ടുണ്ടാകുന്നു എന്നതിന് കൃത്യമായ ഉത്തരമില്ല. പലപ്പോഴും ഗർഭകാലം കണക്കാക്കുന്നതിൽ വരുന്ന തെറ്റാവാം. മെൻസസ് അത്ര റെഗുലർ അല്ലാതെ വരുമ്പോൾ ലാസ്റ്റ് മെൻസസ് ഡേറ്റ് വച്ചുള്ള കണക്കുകൂട്ടലുകളിൽ തെറ്റ് പറ്റാം. പിന്നെ ആദ്യ ഗർഭത്തിൽ ഇതിന് സാധ്യത ഒരൽപ്പം കൂടുതലാണ്. വേറെയും കാരണങ്ങൾ പറയുന്നുണ്ട്. അമ്മയ്ക്ക് തൈറോയ്ഡ് പ്രശ്നങ്ങൾ (hypothyroidism), പ്രമേഹം, അമിതവണ്ണം ഒക്കെ ഉണ്ടെങ്കിലും പ്രഗ്നൻസി നീളാം.
ഗർഭകാലത്ത് കൃത്യമായി ഡോക്ടറെ കണ്ട് സ്കാനൊക്കെ ചെയ്യുന്നവർക്ക് ഇതൊന്നും പേടിക്കേണ്ടതില്ല. അമ്ന്യോട്ടിക് ഫ്ലൂയിഡിൻ്റെ അളവും കുഞ്ഞിൻ്റെ വളർച്ചയും അമ്മയുടെ പ്രഷറും ഷുഗറുമൊക്കെ റെഗുലറായി നോക്കുന്ന കേസുകളിൽ ചെറിയ വ്യത്യാസങ്ങൾ പോലും നേരത്തേ മനസിലാക്കാനും വേണ്ട ചികിത്സാ മാർഗങ്ങൾ അതിനനുസരിച്ച് സ്വീകരിക്കാനും പ്രസവം എപ്പൊ വേണമെന്ന് പ്ലാൻ ചെയ്യാനും സാധിക്കും. 😊
എന്തായാലും ഉസ്താദുമാരും മൊല്ലാക്കമാരും കൂടി ഒരുമ്പെട്ടിറങ്ങിയാൽ ഞാനുടനെ ഒരു ഗൈനക്കോളജി പിജി കൂടി എടുത്തേക്കുമെന്ന് തോന്നുന്നു. പണ്ടെങ്ങോ പഠിച്ച് മറന്നതൊക്കെ വീണ്ടും വീണ്ടും ഓർക്കേണ്ടി വരുന്നുണ്ടിപ്പോൾ. 🤷
കടപ്പാട് -മനോജ് വെള്ളനാട്