
08/03/2025
കേരളത്തിൽ ആദ്യമായി നടന്ന വാഹനാപകടത്തെക്കുറിച്ച് ആർക്കൊക്കെ അറിയാം എന്നൊരു ചോദ്യം ചോദിച്ചാൽ പലർക്കും ഉത്തരം അറിയില്ല.
എന്നാൽ കേരളത്തിലെ ആദ്യത്തെ വാഹനാപകടം ഉണ്ടായത് 109 വർഷങ്ങൾക്ക് മുമ്പാണ്. 1914 സെപ്റ്റംബർ 20-ന് കായംകുളത്ത് നടന്ന ആ അപകടത്തിൽ മരിച്ചത് ഒരു പ്രമുഖ വ്യക്തിയാണ്—"കേരള കാളിദാസൻ" എന്നറിയപ്പെടുന്ന കേരളവർമ വലിയ കോയിത്തമ്പുരാൻ.
വൈക്കം മഹാദേവക്ഷേത്രത്തിൽ എല്ലാ വർഷവും തൊഴാൻ പോകുന്ന പതിവുള്ള ആളായിരുന്നു വലിയ കോയിത്തമ്പുരാൻ. 1914 സെപ്റ്റംബർ 13-ന് അദ്ദേഹം പതിവ് വഴിപാടുകൾക്കുശേഷം ഹരിപ്പാടിലെ അനന്തപുരം കൊട്ടാരത്തിൽ താമസിച്ചു. അതിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ തിരുവനന്തപുരത്തേക്ക് യാത്ര.
കൂട്ടായി ‘കേരള പാണിനി’ ഡോ. എ.ആർ. രാജരാജവർമയും, ഗുസ്തിക്കാരനായ ഡ്രൈവർ അയ്മനം കുട്ടൻപിള്ളയും, പരിചാരകനായ തിരുമുൽപ്പാടും ഉൾപ്പെടെ നാല് പേർ കാറിൽ സഞ്ചരിച്ചു. ഹരിപ്പാട്ടുനിന്ന് മാവേലിക്കര-കായംകുളം വഴി തിരുവനന്തപുരത്തേക്ക് പോകാനായിരുന്നു പദ്ധതി.
മാവേലിക്കര കഴിഞ്ഞ് കുറ്റിത്തെരുവ് എന്ന സ്ഥലത്ത് എത്തിയപ്പോൾ ഒരു തെരുവുനായ കാറിനു മുന്നിലേക്ക് ചാടിയതോടെ അപകടം സംഭവിച്ചു. അകമ്പടിക്കാരിൽ ഒരാൾ നായയെ കാലുകൊണ്ട് തൊഴിച്ചോടിക്കാൻ ശ്രമിച്ചപ്പോഴാണ് നിയന്ത്രണം വിട്ട കാർ വഴിയരികിലെ ചെറുകുഴിയിലേക്ക് മറിഞ്ഞു.
നാട്ടുകാർ ഓടിക്കൂടി കാറിൽ നിന്ന് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തു. എ.ആർ. രാജരാജവർമ, വലിയ കോയിത്തമ്പുരാനെ എഴുന്നേൽപിച്ച് സമീപത്തെ വീട്ടിലിരുത്തി പ്രാഥമിക ശുശ്രൂഷ നൽകി.
വലിയ കോയിത്തമ്പുരാന്റെ നെഞ്ചിന്റെ വലതുവശത്ത് ഇടിച്ചിരുന്നെങ്കിലും മറ്റ് ഗുരുതര പരിക്കുകളൊന്നും ഉണ്ടായിരുന്നില്ല. പരിചാരകനായ തിരുമുൽപ്പാടിന്റെ കാലിന് ഒടിവുണ്ടായി. തുടർന്ന്, വലിയ കോയിത്തമ്പുരാനെ കൃഷ്ണപുരത്തുനിന്ന് കൊണ്ടുവന്ന പല്ലക്കിൽ മാവേലിക്കരയിലെ ശാരദാമന്ദിരത്തിലേക്ക് മാറ്റി. പ്രശസ്ത ഡോക്ടർ വല്ല്യത്താൻ ചികിത്സ നിർവഹിച്ചു.
എന്നിരുന്നാലും, 1914 സെപ്റ്റംബർ 22-ന് രാവിലെ വലിയ കോയിത്തമ്പുരാൻ അന്തരിച്ചു.
വലിയ കോയിത്തമ്പുരാനെ കൊണ്ടുവന്ന പല്ലക്ക് ഇന്നും ശാരദാമന്ദിരത്തിൽ സംരക്ഷിച്ചിരിക്കുന്നു. ഈ അപകടത്തെക്കുറിച്ച് എ.ആർ. രാജരാജവർമയുടെ മക്കളായ എം. ഭാഗീരഥിയമ്മ തമ്പുരാനും എം. രാഘവവർമ തമ്പുരാനും ചേർന്നെഴുതിയ ‘എ.ആർ. രാജരാജവർമ’ എന്ന ഗ്രന്ഥത്തിൽ പരാമർശിച്ചിട്ടുണ്ട്.