
26/07/2025
പാലോട് രവി ഡിസിസി പ്രസിഡൻ്റ് സ്ഥാനം രാജിവച്ചു
തിരുവനന്തപുരം ഡിസിസി പ്രസിഡൻ്റ് പാലോട് രവി സ്ഥാനമൊഴിഞ്ഞു. ഒരു പ്രാദേശിക കോൺഗ്രസ് പ്രവർത്തകനുമായി നടത്തിയ വിവാദ ഫോൺ സംഭാഷണം പുറത്തുവന്നതിനെ തുടർന്നാണ് രാജി. എൽഡിഎഫിന് തുടർഭരണം ലഭിക്കുമെന്നും കോൺഗ്രസ് ദുർബലമാകുമെന്നും ഫോൺ സംഭാഷണത്തിൽ പാലോട് രവി പറഞ്ഞിരുന്നു.
ഈ സംഭാഷണം പാർട്ടിക്കുള്ളിൽ വലിയ വിമർശനങ്ങൾക്ക് വഴിവെക്കുകയും, നേതൃത്വം രാജി ആവശ്യപ്പെടുകയും ചെയ്തതിനെ തുടർന്നാണ് അദ്ദേഹം സ്ഥാനമൊഴിഞ്ഞത്. രാജി കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് എംഎൽഎ സ്വീകരിച്ചു. ഫോൺ സംഭാഷണം ചോർത്തിയ വാമനപുരം ബ്ലോക്ക് ജനറൽ സെക്രട്ടറി എ. ജലീലിനെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്തിട്ടുണ്ട്.