
30/07/2022
19(1)(a)
വളരെ ശാന്തമായി,അതിലേറെ മനോഹരമായി, ഒരു നിയമത്തെ നമ്മുടെ അവകാശത്തെ വരച്ചിടുന്നൊരു കുഞ്ഞു സിനിമ. വിരലിൽ എണ്ണാവുന്ന കഥാപാത്രങ്ങൾ, ആത്മാവിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്ന പശ്ചാത്തല സംഗീതം അതിലൂടെ പതിയെ ഒഴുകി കൊണ്ടിരിക്കുന്ന ശക്തമായ സന്ദേശമുള്ള, അതിന്റെ ഓർമ്മപ്പെടുത്തലുകൾ ഉള്ള, രാഷ്ട്രീയമുള്ള ഒരു കഥാ തന്തു.
ഗൗരി ലങ്കേഷിനെയും, കുൽബർഗിയെയും നമ്മൾ അറിഞ്ഞു തുടങ്ങിയത്, ആരാധിക്കാൻ തുടങ്ങിയത് , അവർ ഉയർത്തിപ്പിടിച്ച രാഷ്ട്രീയത്തെ, മൂല്യങ്ങളെ ഉൾക്കൊള്ളാൻ തുടങ്ങിയതും, ഒരുപക്ഷേ അവരുടെ മരണശേഷമല്ലേ ?. അതുവരെ അവരെല്ലാം നമുക്ക് ആരായിരുന്നു? നമുക്കിടയിൽ ഉണ്ടായിട്ടും നമ്മളറിയാതെ പോയ ശക്തമായ രാഷ്ട്രീയമുള്ള വ്യക്തികൾ, നമുക്കുവേണ്ടി നിരന്തരം അധികാരവർഗ്ഗങ്ങളോട് അക്ഷരങ്ങളാൽ യുദ്ധം ചെയ്തിരുന്നവർ. അഭിപ്രായ സ്വാതന്ത്ര്യം നടത്തിയതിനാൽ വർഗീയ ശക്തികളാൽ കൊല ചെയ്യപ്പെട്ടവർ.
19(1)(a) യിലെ ഗൗരിശങ്കറും ഇവരുമായി താദാത്മ്യം പ്രാപിക്കുന്നു. മാനുഷിക മൂല്യങ്ങൾക്ക് പരിഗണന നൽകുന്ന, സ്വന്തം രാഷ്ട്രീയത്തെക്കുറിച്ചും, വിപ്ലവത്തെക്കുറിച്ചും, ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളെക്കുറിച്ചും വ്യക്തമായ ധാരണയുള്ള ഒരു മനുഷ്യൻ. ആ മനുഷ്യൻ എപ്പോഴാണ് നിത്യമേനൻ അവതരിപ്പിക്കുന്ന പെണ്കുട്ടിയിലേക്ക് ആഴ്ന്നിറങ്ങിപ്പോകുന്നത് ?അയാളുടെ മരണശേഷം...
ഒരു ഫോട്ടോസ്റ്റാറ്റ് കടയിൽ വൈകിയാലും ഞാൻ തിരിച്ചെത്തും ഇതിന്റെ കോപ്പി എടുത്തുവെക്കാൻ പറഞ്ഞുകൊണ്ട് ഇറങ്ങി പോകുന്ന മനുഷ്യൻ...അയാൾ അവസാനമായി അവളോട് പറഞ്ഞു പോകുന്നത് നിനക്ക് ഇഷ്ടം ഉള്ളത് പോലെ ചെയ്തോളൂ എന്നാണ്. പിന്നീട് അയാളുടെ മരണവാർത്ത അവളിൽ ഉണ്ടാക്കുന്ന ആഘാതമുണ്ട്. തിരിച്ചു വരുമെന്ന് പറഞ്ഞു പോയൊരാൾ ഇനിയൊരിക്കലും വരില്ലെന്നുള്ള തിരിച്ചറിവ്, അതുവരെയും അവൾക്ക് ചുറ്റും ഉണ്ടായിട്ടുപോലും അയാളാരാണെന്നോ എന്താണെന്നോ തിരിച്ചറിയാൻ കഴിയാതെ പോയൊരു അവസ്ഥ. പിന്നീട് അങ്ങോട്ടു ആകാംഷയോടെ അയാളെ അറിയാൻ ശ്രമിക്കുന്നൊരു പെണ്കുട്ടി. ആ പെണ്കുട്ടിയിൽ നമ്മൾ ഓരോരുത്തരും ഉണ്ട്. അല്ലെങ്കിലും ചിലരെയെങ്കിലും നമ്മൾ ആഴത്തിൽ അറിയാൻ ശ്രമിക്കുന്നത് അവർ ഇല്ലാതാകുമ്പോഴാണല്ലോ..
ഒരു മനുഷ്യൻ മരിക്കുന്നത് സ്വന്തമായി അഭിപ്രായങ്ങൾ ഇല്ലാതാകുമ്പോഴാണെന്നു കേട്ടിട്ടില്ലേ ? എത്ര ലളിതമായാണ് ഇന്ദു അതിനെ അവതരിപ്പിച്ചിരിക്കുന്നത്. മറ്റുള്ളവർ നമ്മളിൽ നിന്ന് എന്തു പ്രതീക്ഷിക്കുന്നുവോ അത് മാത്രമാണ് ഞാൻ ഇതുവരെയും ചെയ്തിട്ടുള്ളൂ എന്നു നിത്യ പറയുന്നൊരു ഡയലോഗ് ഉണ്ട്. പ്രതീക്ഷക്ക് വിപരീതമായി നമ്മൾ എന്തെങ്കിലും പറഞ്ഞാലോ, ചെയ്താലോ അതിനെ ഉൾക്കൊള്ളാൻ ചുറ്റും ഉള്ളവർക്ക് കഴിയണമെന്നുണ്ടോ? ഇല്ല....അവിടെ നമ്മൾ തന്നിഷ്ടക്കാരിയും, അഹങ്കാരികളും ആകുന്നു. ഇഷ്ടം ഇല്ലാഞ്ഞിട്ട് പോലും വിവാഹത്തിന് തയ്യാറാകുന്ന ഫാത്തിമ, മറ്റുള്ളവർക്ക് എല്ലാം ഓകെ ആണ് എന്ന് പറയുന്നിടത്ത് അവളുടെ അഭിപ്രായങ്ങൾക്ക് വിലയില്ലെന്നു അടിവര ഇടുന്നുണ്ട്. നീ എപ്പോഴെങ്കിലും എതിർത്തു നോക്കിയിട്ടുണ്ടോ എന്ന് നിത്യ മേനന്റെ കഥാപാത്രം ചോദിക്കുന്നിടത്ത് ഒന്നും ചെയ്യാനില്ലാതെ നിസ്സഹായയായി പോകുന്നൊരുവൾ...എതിർത്തു നോക്കിയാൽ സ്വന്തമായ അഭിപ്രായം പറഞ്ഞാൽ അവിടെ ഒറ്റപ്പെട്ടു പോകുമെന്ന് പൂർണ ബോധ്യമുള്ളൊരാൾ...
നിത്യ മേനൻ 19(1)(a) യിലെ നിധി കാക്കുന്ന ഭൂതമാണ്. ഒരു മനുഷ്യൻ അവശേഷിപ്പിച്ച് പോയ അയാളുടെ അക്ഷരങ്ങളെ ആരെ വിശ്വസിച്ചു ഏൽപ്പിക്കണം എന്നറിയാതെ കുഴങ്ങിപ്പോകുന്നൊരുവൾ. ഇന്ദ്രജിത്ത് അവതരിപ്പിക്കുന്ന ആനന്ദിനോടൊ, ഗൗരിയുടെ ചേച്ചിയോടൊ, അല്ലെങ്കിൽ ഭഗത് ന്റെ സഖാവിനോടോ, അന്വേഷണ ഉദ്യോഗസ്ഥനായ ഇസ്മായിലിനോടോ, അല്ലെങ്കിൽ മധ്യമപ്രവർത്തകയോടോ, ഗൗരി ശങ്കറിന്റെ എഴുത്തുകൾ എന്റെ കയ്യിൽ ഉണ്ടെന്ന് തുറന്നു പറയാമായിരുന്നിട്ടും ആരെ വിശ്വസിക്കണം എന്നറിയാതെ അവസാനം അവരിലേക്ക് ഗൗരിയുടെ ബുക്കിന്റെ ഫോട്ടോ സ്റ്റാറ്റ് കോപ്പികൾ അയച്ചിടുന്നു. ആർക്കു കിട്ടിയാലും ആരെങ്കിലും മുഖേനെ അത് പുറത്തു വരും എന്നുള്ള വിശ്വാസം..
ഗൗരിയെ വായിച്ചതിനും അറിഞ്ഞതിനും ശേഷം അല്ലെ നിത്യമേനന്റെ പെണ്കുട്ടി എന്ന കഥാപാത്രത്തിനും സ്വന്തമായ അഭിപ്രായങ്ങൾ ഉണ്ടാകാൻ തുടങ്ങിയത് എന്നു തോന്നിപ്പോകും. അതുവരെയും അവളുടെയും അവസ്ഥ ഫാത്തിമ പറയുന്ന പോലെ 'പരിതാപകരമല്ലേ'?
വിജയ് സേതുപതി ഒരു അസാമാന്യ നടനാണ്. തന്റെ ജീവന് ഭീഷണി ഉണ്ടെന്ന് അറിഞ്ഞിട്ടും മരണത്തിന് മുന്നിൽ ചിരിയോടെ നിൽക്കുന്നൊരു മനുഷ്യനെ നിങ്ങൾക്ക് സങ്കല്പിക്കാനാവുമോ ?എന്തു ഭംഗിയായാണ് അയാൾ തന്റെ കഥാപാത്രത്തിന് ജീവൻ നല്കിയിരിക്കുന്നത്. മരണത്തിനു മുന്പുള്ള അദ്ദേഹത്തിന്റെ ചിരി...അയാൾ അതുവരെ ചെയ്‌തതൊക്കെയും, അയാൾ ഉയർത്തിപ്പിടിച്ച രാഷ്ട്രീയത്തെയും മുന്നോട്ട് കൊണ്ടു പോകാൻ അയാൾക്ക് ശേഷം അയാളുടെ അക്ഷരങ്ങൾക്ക് കഴിയുമെന്നുള്ള ആത്മവിശ്വാസം ആ ചിരിയിൽ കാണാം.
അനാവശ്യമായി കടന്നു വരാൻ കഥാപാത്രങ്ങൾ ഇല്ലാത്തൊരു സിനിമ. ഉള്ളവരോ ഭംഗിയായി, തന്റെ രംഗങ്ങൾ ഭദ്രമാക്കി വെച്ചിരിക്കുന്നു.
Indhu VS ഒരു അസാമാന്യ പ്രതിഭയാണ്. അധികം ബഹളങ്ങൾ ഇല്ലാതെ വളരെ ശാന്തമായി ശക്തമായി രാഷ്ട്രീയം സംസാരിക്കാൻ കഴിയുന്നത് തന്നെയാണ് അവരുടെ കഴിവ്.
19(1)(a) Now streaming on Hotstar https://www.hotstar.com/in/movies/191a/1260108208/watch