17/02/2025
തിരൂർ സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന വിശുദ്ധ ഖുർആൻ സദസ്സ് ബുധനാഴ്ച്ച
തിരൂർ:ധാർമിക,സാംസ്കാരിക, വൈജ്ഞാനിക രംഗങ്ങളിൽ പ്രവർത്തിക്കുന്ന തിരൂർ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ
വിശുദ്ധ ഖുർആൻ സദസ്സ് ഈ വരുന്ന ബുധനാഴ്ച്ച വൈകുന്നേരം അഞ്ച് മണി മുതൽ രാത്രി പത്ത് മണി വരെ ഉണ്ണിയാൽ സിറ്റി പ്ലാസ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവ്വഹിക്കും. കുറുക്കോളി മൊയ്തീൻ എം.എൽ.എ മുഖ്യാതിഥിയായിരിക്കും.ജില്ലാ പഞ്ചായത്ത് അംഗം വി.കെ എം ഷാഫി, മുൻ പി.ആർ.ഡി അഡീഷണൽ ഡയറക്ടർ പി.എ റഷീദ്, രാഷ്ട്രീയ, സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ നിന്നുള്ള കെ.എൻ മുത്തുക്കോയ തങ്ങൾ, വെട്ടം ആലിക്കോയ, എം.അബ്ദുല്ലകുട്ടി, കീഴേടത്തിൽ ഇബ്രാഹിം ഹാജി, പി.പി അബ്ദുറഹിമാൻ എന്നിവർ പ്രസംഗിക്കും.
സ്വാഗത സംഘം ചെയർമാൻ നിറമരുതൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ ഇസ്മായിൽ പുതുശ്ശേരി അധ്യക്ഷത വഹിക്കും. ഇത്തവണത്തെ സദസ്സിൽ പാണക്കാട് കുടുംബത്തിലെ ഇളം തലമുറയിൽ നിന്നും ഇയ്യിടെ ഖുർആൻ മനപാഠമാക്കി സനദ് സ്വീകരിച്ച സയ്യിദ് മിയാസലി ശിഹാബ് തങ്ങൾ,സയ്യിദ് സിദ്ഖലി ശിഹാബ് തങ്ങൾ,സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ,സയ്യിദ് അലി ദിൽദാർ ശിഹാബ് തങ്ങൾ,സയ്യിദ് ഉമറലി ശിഹാബ് തങ്ങൾ എന്നീ പ്രതിഭകൾക്ക് സ്നേഹാദരം നൽകും.
അവരുടെ ഖുർആൻ പാരായണത്തിന് പുറമെ അബുദാബി ഗ്രാന്റ് മസ്ജിദിലെ മുൻ മുഅദ്ദിൻ അഹമ്മദ് നസീം ബാഖവി, മിസ്അബ് കൊടുവള്ളി,തിരൂരിലെ
സയ്യിദ് ഉമറലി ശിഹാബ് തങ്ങൾ സ്മാരക ഹിഫ്ളുൽ ഖുർആൻ കോളേജിൽ നിന്നും വിശുദ്ധ ഖുർആൻ മനപാഠമാക്കിയ ഹാഫിള് മുഹമ്മദ് മിഫസലുൽ ഹുദ,തിരൂർ പഴങ്കുളങ്ങരയിലെ ഐ.പി അഹമ്മദ് കുട്ടി മാസ്റ്റർ സ്മാരക ഹിഫ്ളുൽ ഖുർആൻ കോളേജിൽ നിന്നുള്ള ഹാഫിള് മുഹമ്മദ് ഫർഹാൻ, മുഹമ്മദ് ഷിബിൻ എന്നീ പ്രശസ്തരായ ഖാരിഉകൾ വിശുദ്ധ ഖുർആൻ വിവിധ ശൈലികളിൽ പാരായണം ചെയ്യും.
തുടർന്ന് പ്രശസ്ത ട്രൈനറും പ്രഭാഷകനുമായ ഡോ.സുലൈമാൻ മേൽപത്തൂർ വിശുദ്ധ ഖുർആൻ വിചിന്തനം ലക്ഷ്യമാക്കിയുള്ള ഉദ്ബോധന പ്രഭാഷണം നടത്തും.
ഉണ്ണിയാൽ സിറ്റിപ്ലാസ ഓഡിറ്റോറിയത്തിന്റെ ഉടമ കൂടിയായ പി.പി ബഷീർ ഹാജിക്ക് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ സ്നേഹോപഹാരം സമ്മാനിക്കും.
എല്ലാ വർഷവും വിശുദ്ധ റമസാൻ മാസത്തിൽ സംഘടിപ്പിക്കാറുള്ള വിശുദ്ധ ഖുർആൻ സദസ്സ് ഈ വർഷം റമസാൻ മാസത്തിന് മുമ്പാണ് നടക്കുന്നതെങ്കിലും തിരൂരിലും പരിസര പ്രദേശങ്ങളിലും ഇതിനായുള്ള പ്രചരണ പ്രവർത്തനങ്ങൾ സജീവമാണെന്നും പൂർണമായും ശീതീകരിച്ച ഉണ്ണിയാൽ സിറ്റി പ്ലാസയിൽ നടക്കുന്ന പരിപാടിയിൽ സ്ത്രീകളടക്കം 1500 ഓളം പേർക്ക് സുഗമമായി വീക്ഷിക്കാനാവും വിധം സ്ക്രീനുകളടക്കം സംവിധാനിച്ചതായും വിപുലമായ പാർക്കിംഗ് സംവിധാനമടക്കമുള്ള സൗകര്യങ്ങൾ സജ്ജീകരിച്ചതായും തീരുമാനിച്ചതായും ഭാരവാഹികൾ പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ തിരൂർ സാംസ്കാരിക വേദി പ്രസിഡന്റ് എം.എ റഫീഖ് മാസ്റ്റർ,സഹഭാരവാഹികളായ ഇ.കെ മുഹതസിം ബില്ല, നൗഷാദ് അന്നാര, റസാഖ് ആലത്തിയൂർ, കെ.എം നൗഫൽ എന്നിവർ പങ്കെടുത്തു.