
05/10/2023
യോഗേഷ് കുമാർ; ദി അൺസെറ്റിൽഡ് ബോയ്:
യോഗേഷ് കുമാർ നിസ്സഹായനാണ്. നന്നേ ചെറുപ്പത്തിൽ തന്നെ ആ മനസ്സിലേക്ക് അരക്ഷിതത്വ ബോധത്തിൻ്റെ വിത്തുകൾ പാകിയത് സൃഷ്ടികർത്താവിൻ്റെ കുസൃതിയോ അതോ അവൻ ജനിച്ച ചുറ്റുപാടുകൾ സൃഷ്ടിച്ച വികൃതിയോ?
എന്തായാലും മനസ്സിൽ അരക്ഷിതത്വം പേറുന്ന യോഗേഷ് കുമാർ ഒരു നൊമ്പര കാഴ്ച്ചയാണ്. തുടർച്ചയില്ലാത്ത വിദ്യാഭ്യാസം, മാറി മാറി പരീക്ഷിക്കുന്ന ജോലികൾ, പ്രിയപ്പെട്ടവർക്ക് മുന്നിലെ നിസ്സഹായതകൾ, സമൂഹത്തിൽ നിന്നും ഉൾവലിഞ്ഞുള്ള ജീവിതം തുടങ്ങിയവയൊക്കെ യോഗേഷ്കുമാറിനെ പോലുള്ളവരുടെ ജീവിതത്തിൻ്റെ താളക്രമങ്ങളിൽ പാകപ്പിഴകൾ വരുത്തിക്കൊണ്ടേയിരിക്കും. സ്വന്തം കഴിവുകളെ അംഗീകരിക്കാനാകാതെ ചെറിയ ലക്ഷ്യങ്ങൾക്ക് മുന്നിൽ പോലും അവർ പകച്ചു കൊണ്ടിരിക്കും. മറ്റുള്ളവർക്ക് മുന്നിൽ തുറന്ന് കാട്ടുവാൻ സാധിക്കാത്ത അവരുടെ ഗതികേടാണത്.
യോഗേഷ് കുമാറിൻ്റെ ജീവിതത്തിലെ അത്തരമൊരു സന്നിഗ്ധാവസ്ഥയിൽ ആശ്വാസ വചനങ്ങളുമായി ജെ.പി. എന്ന ജയരാമ പിഷാരടി എത്തുകയാണ്. മനസ്സും പ്രതീക്ഷയും കൈവിട്ടവർക്ക് ഒരു തലോടൽ ജീവിതത്തിലേക്കുള്ള തിരിച്ച് വരവായിരിക്കും എന്നയാൾക്ക് അറിയാം.
പക്ഷെ ജെ.പി. ക്ക് പിടി കിട്ടാത്ത ഒരു രഹസ്യമുണ്ട്. അരക്ഷിതത്വത്തിൻ്റെ വിത്തുകൾ ഒരു പ്രാവശ്യം മനസ്സിൽ മുളപൊട്ടിയാൽ പിന്നീട് അയാൾ എത്ര മികച്ച സാഹചര്യത്തിലെത്തിയാലും ആ വിത്തുകൾ മുളച്ച് കൊണ്ടേയിരിക്കും.
ദാരിദ്യം, രോഗം, മരണം ഇത് മാത്രമാണ് ജീവിത ദുരിതത്തിന് കാരണമെന്ന് ചിന്തിക്കുന്നവരോട് ഒരു വാക്ക് ; യോഗേഷ് കുമാറിനെ പോലെ രോഗാതുരമായ ചിന്തകളാൽ മരിച്ച് ജീവിക്കുന്ന അനേകം പേർ നിങ്ങൾക്ക് ചുറ്റുമുണ്ട്. പക്ഷെ നിങ്ങൾക്കവരെ തിരിച്ചറിയാനാവില്ല.. എന്നാലല്ലേ ഒന്ന് ആശ്വസിപ്പിക്കാനെങ്കിലും നിങ്ങൾക്ക് സാധിക്കൂ. അതവരുടെ ഗതികേട്.
യോഗേഷ് കുമാറിനെ ആദ്യം വായിച്ച എൻ്റെ സുഹൃത്ത് കണ്ണ് നനഞ്ഞ് എന്നോട് പറഞ്ഞത് " ഇത് എൻ്റെ കഥ" എന്നാണ്. പുസ്തക വായനയ്ക്ക് ശേഷം യോഗേഷ് കുമാറിന് വേണ്ടി എന്നെ വിളിക്കുന്നവരെല്ലാം ചോദിക്കുന്നത്- " ഇതെൻ്റെ കഥയാണ് നിങ്ങളെങ്ങിനെ അറിഞ്ഞു "- എന്നാണ്.
അന്ന് സുഹൃത്തിനോട് പറഞ്ഞ മറുപടി തന്നെയാണ് ഇവരോടും പറഞ്ഞ് കൊണ്ടിരിക്കുന്നത് - " ഇത് എൻ്റെയും കൂടി കഥയാണ്".