 
                                                                                                    04/07/2022
                                        ടൗൺബുക്ക് താമരശ്ശേരി പ്രകാശനം ചെയ്തു
ത്യാഗപൂർണമായ ഇന്നലകളെ പുതു തലമുറ അറിയണം: കിഷോർകുമാർ
താമരശ്ശേരി: ചരിത്രത്തെക്കുറിച്ചും ആനുകാലികങ്ങളെക്കുറിച്ചും ചിന്തിക്കാത്ത തലമുറ ത്യാഗപൂർണമായ ഇന്നലകളെ മറന്നു പോവുകയാണെന്നും അവിടെയാണ് പ്രദേശിക ചരിത്രാന്വേഷണത്തിന് പ്രസക്തി ഏറുന്നതെന്നും മുൻ ദേശീയ വോളിബോൾ താരം കിഷോർ കുമാർ അഭിപ്രായപ്പെട്ടു. താമരശ്ശേരി കാരാടി ഓഡിറ്റോറിയത്തിൽ ടൗൺബുക്ക് താമരശ്ശേരി ഇൻഫർമേഷൻ ഡയരക്ടറി പ്രകാശനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മൾ എന്നതിൽ നിന്നും നാം ആയി മാറുകയാണ്. തങ്ങൾക്ക് നേട്ടമില്ലാത്ത ഒരു കാര്യത്തിനും മനുഷൻ ഇറങ്ങിത്തിരിക്കാത്ത കാലത്താണ് നാടിനെക്കുറിച്ച് പറയാൻ ടൗൺബുക്ക് എത്തിയത്. മുമ്പ് നാട്ടിൻ പുറങ്ങളിൽ ചെറിയ കളി സ്ഥലങ്ങളും തൊട്ടടുത്തൊരു വായനശാലയും കാണാമായിരുന്നു. തിരക്ക് പിടിച്ചുള്ള ഓട്ടത്തിനിടയിൽ മറ്റുള്ളവരുടെ വേദന കാണാൻ മറന്നുപോവുകയാണ്. നമുക്ക് മുന്നേ നമ്മൾക്ക് ഇങ്ങനെ ജീവിക്കാൻ അവസരമൊരുക്കിത്തന്നവരെക്കൂടി അറിയാനുള്ള അവസരമാണ് ടൗൺബുക്കിലൂടെ സാധിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈങ്ങാപ്പുഴ ഡിവൈൻ ഐ ഹോസ്പിറ്റൽ എം.ഡി ഷമീർ ഇ.സി. പുസ്തകം ഏറ്റുവാങ്ങി. അഡ്വ.ടി.പി എ നസീർ അധ്യക്ഷത വഹിച്ചു. വി.കെ ജാബിർ ഡയരക്ടറി പരിചയം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഖദീജ സത്താർ, നിധീഷ് കല്ലുള്ളതോട്, അഹമ്മദ്കുട്ടി ഉണ്ണികുളം, ഗിരീഷ് തേവള്ളി, അമീർ മുഹമ്മദ് ഷാജി, പി.പി ഹാഫിസ് റഹ്മാൻ, വിപി ഉസ്മാൻ, പി.ആർ വിനോദ് കുമാർ, വിനോദ് താമരശ്ശേരി, സുമേഷ് എസ്.വി നൗഫൽ പനങ്ങാട്, ശബാബ് കോളിക്കൽ സംസാരിച്ചു. സി.ഇ.ഒ സൈഫുദ്ദീൻ വി. സ്വാഗതവും അജിത്ത് രാജഗിരി നന്ദിയും പറഞ്ഞു.                                    
 
                                                                                                     
                                                                                                     
                                                                                                     
                                                                                                     
                                                                                                     
                                                                                                     
                                                                                                     
                                                                                                     
                                         
   
   
   
   
     
   
   
  