03/01/2025
കഴുക കണ്ണുകളോടെ യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന കണ്ണൂർ എയർപോർട്ട് കസ്റ്റംസ്...കുടുംബിനികൾ യാത്രക്കായി മറ്റ് എയർപോർട്ട് തെരഞ്ഞെടുക്കുന്നു.
"കൂനിൻ മേൽ കുരു" എന്ന് പറഞ്ഞത് പോലെ കേന്ദ്ര സർക്കാരിന്റെ പോയിന്റ് ഓഫ് കാൾ ലഭിക്കാത്തത് കാരണം നാശത്തിന്റെ പാതയിലേക്ക് പോകുന്ന കണ്ണൂർ എയർപോർട്ട് അതെ കേന്ദ്രത്തിന്റെ സേനയായ കസ്റ്റംസ് അധികാരികളുടെ നീതീകരിക്കാൻ പറ്റാത്ത പെരുമാറ്റം കാരണം ഉള്ള യാത്രക്കാർ തന്നെ മറ്റു എയർപോർട്ടുകളെ അഭയം തേടുന്ന അവസ്ഥയിലാണ്.
ഉറങ്ങിക്കിടക്കുന്ന എയർപോർട്ട് ഇടക്കിടക്ക് ഉണരുന്നത് തന്നെ ഗൾഫലേക്കും അവിടുന്ന് തിരിച്ചും ഓപ്പറേറ്റ് ചെയ്യുന്ന ബഡ്ജറ്റ് ഫ്ലൈറ്റുകൾ ഉള്ളത് കൊണ്ടാണ്. അതിൽ പലതും ചുരുങ്ങിയ യാത്രക്കാരെയും കൊണ്ടാണ് യാത്ര. അത് കൊണ്ട് തന്നെ ടിക്കറ്റ് നിരക്കും അടുത്തുള്ള കോഴിക്കോട് എയർപോർട്ടിനേക്കാൾ കൂടുതലുമായിരിക്കും. എന്നിട്ടും വടകര മുതൽ കാസർഗോഡ് വരെയുള്ള യാത്രക്കാർ സൗകര്യം കണക്കിലെടുത്തു കണ്ണൂരിനെ തെരഞ്ഞെടുത്താൽ കഴുക കണ്ണുകളോട് കൂടിയ കസ്റ്റംസ് ഉദ്യോഗസ്ഥന്മാരുടെ പെരുമാറ്റം അടുത്ത യത്ര കണ്ണൂരിലേക്ക് വേണ്ട എന്ന തീരുമാനത്തോടയാണ് എയർപ്പൊർട്ട് വിട്ട് പുറത്തിറങ്ങുക.
ഈ അടുത്ത ദിവസം ഒരു വിദ്യാർഥിനി സ്ഥിരം ഉപയോഗിച്ച് കൊണ്ടിരിക്കുന്ന 76 ഗ്രാമിന്റെ സ്വർണമാല അളവിൽ കൂടുതൽ ഉണ്ടെന്നു പറഞ്ഞു പിടിച്ചു വെച്ചു. (ആദ്യം 24 കാരറ്റാണെന്നു പറഞ്ഞു ബുദ്ധിമുട്ടിച്ചു). ഗൾഫിലേക്ക് വരുമ്പോൾ അതെ മാല ഡിക്ലയർ ചെയ്യേണ്ടതുണ്ടോ എന്ന് ഒരു ഉദ്യാഗസ്ഥനോട് ചോദിച്ചപ്പോൾ സ്ഥിരം ഉപയോഗിക്കുന്നതല്ലേ , സമയമെടുക്കുന്ന കുറച്ചു നടപടിക്രമങ്ങൾ ഉണ്ട് , അതിനാൽ നിർബന്ധമില്ല എന്ന് പറഞ്ഞത് കൊണ്ട് അതിന് ശ്രമിച്ചില്ല. എങ്കിലും അവരുടെ നിലപാട് അറിയുന്നത് കൊണ്ട് ബോർഡിങ് പാസ് മാലയോട് ചേർത്തുള്ള ഒരു ഫോട്ടോ എടുത്തു വെച്ചു. ഇതൊക്കെ പറയുകയും ഫോട്ടോ കാണിച്ചു കൊടുക്കുക പോലും ചെയ്തിട്ടും ഒരു ഇരയെ കിട്ടിയ സന്തോഷത്തിൽ 37000 രൂപക്ക് തുല്യമായ ഫോറിൻ കറൻസി കൊണ്ട് വന്നു തിരിച്ചെടുത്തോളൂ എന്ന് പറഞ്ഞു വിട്ടു.
മിക്കവാറും സ്ത്രീകൾക്കും പെൺ കുട്ടികൾക്കും ഇത്തരം അനുഭവങ്ങൾ ഉണ്ടാകുന്നുണ്ടെന്നു വ്യാപകമായ പരാതി ഉയരുന്നുണ്ട്. അതെ അവസരം മറ്റ് എയർപ്പൊർട്ടുകളിൽ ഇത്തരം ആഭരങ്ങളെ കുറിച്ച് ഒന്ന് ചോദിക്കുക പോലും ചെയ്യുന്നില്ല. കൂടാതെ മിക്കവാറും എല്ലാ ലഗേജുകളും കൺവയർ ബെൽറ്റിൽ വരുമ്പോൾ തന്നെ മാർക്ക് ചെയ്തു ഉദ്യോഗസ്ഥർ തുറന്നു പരിശോധിക്കുന്നതും പതിവാണ്. ഇതിനാൽ തനിച്ചു യാത്ര ചെയ്യുന്ന സ്ത്രീകളൊക്കെ വളരെയേറെ ബുദ്ധിമുട്ടുന്നതും കാണാം.
പിടിച്ചു വെച്ച സ്വർണം തിരിച്ചെടുക്കണമെങ്കിൽ പിടിക്കുമ്പോൾ ഉണ്ടാകുന്ന ഉദ്യോഗസ്ഥർ തന്നെ ഉണ്ടാവണമെന്നതും വിദേശ കറൻസി ഉണ്ടാവണമെന്ന വിചിത്ര നടപടികളും യാത്രക്കാരെ എത്രമാത്രം ബുദ്ധിമുട്ടിക്കുന്നു എന്നതിന് തെളിവാണ്.
ഒരേ ദിവസം കണ്ണൂരിലും കോഴിക്കോടും ഇറങ്ങിയ രണ്ടു പെൺ സുഹൃത്തുക്കളുടെ അനുഭവം ഇത്തരത്തിൽ വളരെ വ്യത്യസ്തമായിരുന്നു. അത്യാവശ്യം ആഭരണങ്ങളോടെ കോഴിക്കോട് ഇറങ്ങിയ ആൾ ഒരു ചോദ്യം ചെയ്യപ്പെടലിനും വിധേയമാവാതെ പുറത്തിറങ്ങിയപ്പോൾ അനുവദിച്ചതിലും കുറവ് ആഭരണവുമായി കണ്ണൂരിൽ ഇറങ്ങിയ ആൾ കുറെ സമയം ഒട്ടേറെ ചോദ്യങ്ങൾ കൊണ്ട് ബുദ്ധിമുട്ടേണ്ടി വരുന്നു.
ഈ നടപടികളിൽ ഒരു കൃതിമത്വം തോന്നിയത് കൊണ്ടാണ് ഈ കുറിപ്പ്.
ഒന്നുകിൽ എയർപ്പൊർട്ടിന്റെ നഷ്ടം കൂട്ടി ഉദ്ദേശിച്ചവരിലേക്കു കൈമാറ്റം ചെയ്യാനുള്ളതിന്റെ ഭാഗം, അല്ലെങ്കിൽ വലിയ സ്രാവുകളെ ഗ്രീൻ ചാനലിലൂടെ കടത്തി വിട്ടു ഇത്തരം പെറ്റി കേസുകളിൽ നടപടിഎടുത്തു കോറം പൂർത്തിയാക്കാനുള്ള സൂത്രം.
എന്തായാലും ഈ അവസ്ഥക്ക് മാറ്റം വന്നാൽ മാത്രമേ കണ്ണൂര് എയർപോർട്ടിനെ ഒരു പരിധി വരെ യാത്രക്കാർ കുറയുന്നതിൽ നിന്നും രക്ഷപ്പെടുത്താൻ സാധിക്കൂ എന്നത് കൊണ്ട് അടിയന്തിരമായും ഒരു ഇടപെടലാവശ്യമായി വന്നിരിക്കുകയാണ്.
കണ്ണൂർ എയർപോർട്ട് നല്ലരീതിയിൽ നടന്നു പോകണമെന്നാഗ്രഹിക്കുന്ന ഒരു യാത്രക്കാരൻ