28/06/2025
നവോദയ വിദ്യാലയങ്ങളിലേക്ക് 6-ാം ക്ലാസിലേക്ക് ഇപ്പോ അപേക്ഷിക്കാം.
സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്നതുമായ വിദ്യാർഥികൾക്കു ഉന്നത ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പു വരുത്തുന്നതിനുളള ഭാരത സർക്കാരിന്റെ പദ്ധതി പ്രകാരമുള്ള വിദ്യാലയങ്ങളാണ് ജെ.എൻ.വി എന്ന ചുരുക്ക നാമത്തിൽ അറിയപ്പെടുന്ന ജവഹർ നവോദയ വിദ്യാലയങ്ങൾ. കേന്ദ്ര മാനവ വിഭവ ശേഷി വികസന മന്ത്രാലയത്തിൻറെ കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ നവോദയ വിദ്യാലയ സമിതിയുടെ കീഴിലാണ് ഇവ പ്രവർത്തിക്കുന്നത്.
സവിശേഷതകൾ
സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷൻ (സിബിഎസ്ഇ) നടത്തുന്ന പരീക്ഷകൾക്കാണ് ഇവിടെ വിദ്യാർഥികളെ സജ്ജരാക്കുന്നത്. ക്ലാസ് എട്ടുവരെ പഠനമാധ്യമം മാതൃഭാഷ/പ്രാദേശികഭാഷ ആയിരിക്കും. അതിനുശേഷം മാത്തമാറ്റിക്സ്, സയൻസ് എന്നിവയ്ക്ക് ഇംഗ്ലീഷും സോഷ്യൽ സയൻസസിന് ഹിന്ദിയും ആയിരിക്കും.
സഹവിദ്യാഭ്യാസ, സഹവാസരീതിയിലാണ് പഠനം. താമസം, ഭക്ഷണം, യൂണിഫോം, ടെക്സ്റ്റ് ബുക്ക് എന്നിവ സൗജന്യമാണ്. ഒൻപതുമുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്നവർമാത്രം വിദ്യാലയ വികാസ് നിധിയിലേക്ക് പ്രതിമാസം 600 രൂപ നൽകണം. എന്നാൽ പെൺകുട്ടികൾ, പട്ടിക- ഭിന്നശേഷി വിഭാഗക്കാർ, ദാരിദ്ര്യരേഖയ്ക്കുതാഴെ വാർഷികവരുമാനമുള്ള കുടുംബങ്ങളിലെ കുട്ടികൾ തുടങ്ങിയവരെ ഇതിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
സീറ്റ്, സംവരണം
ഓരോ വിദ്യാലയത്തിലും 80 പേർക്ക് പ്രവേശനം നൽകും. ഓരോ ജില്ലയിലെയും വിദ്യാലയത്തിൽ 75 ശതമാനം സീറ്റുകൾ ആ ജില്ലയിലെ ഗ്രാമീണമേഖലകളിലെ വിദ്യാർഥികൾക്കായി സംവരണംചെയ്തിട്ടുണ്ട്. ബാക്കി സീറ്റുകൾ ഓപ്പൺ സീറ്റുകളാണ്. അവ ജില്ലയിലെ ഗ്രാമീണ-നഗര പ്രദേശക്കാർക്കായി മെറിറ്റടിസ്ഥാനമാക്കി നൽകും.
ഗ്രാമീണമേഖലയിലുള്ള സർക്കാർ/സർക്കാർ എയ്ഡഡ്/സർക്കാർ അംഗീകൃത സ്കൂളുകളിൽ 3, 4, 5 ക്ലാസുകളിൽ അക്കാദമിക് വർഷം പൂർണമായും പഠിച്ചവരെമാത്രമേ ഗ്രാമീണമേഖലാ സംവരണസീറ്റിലേക്ക് പരിഗണിക്കൂ. അഞ്ചാംക്ലാസിലെ പഠനം പൂർണമായും പ്രവേശനം തേടുന്ന ജില്ലയിലെ ഗ്രാമീണമേഖലയിലെ സ്കൂളിലായിരിക്കണം. 3, 4, 5 ക്ലാസുകളിൽ ഒരു ദിവസമെങ്കിലും നഗരപ്രദേശത്തെ സ്കൂളിൽ പഠിച്ചവരെ നഗരപ്രദേശ വിദ്യാർഥിയായേ കണക്കാക്കൂ. മൊത്തം സീറ്റിന്റെ മൂന്നിൽ ഒന്ന് പെൺകുട്ടികൾക്കാണ്. പട്ടിക/ഒബിസി വിഭാഗക്കാർ, ഭിന്നശേഷിക്കാർ എന്നിവർക്ക് സംവരണമുണ്ട്. ട്രാൻസ്ജെൻഡർ വിഭാഗത്തിന് പ്രത്യേക സംവരണമില്ല. അവരെ സംവരണത്തിനായി ആൺകുട്ടികളുടെ വിഭാഗത്തിൽ പരിഗണിക്കും.
അഡ്മിഷൻ ടെസ്റ്റ്
ഒഎംആർ അധിഷ്ഠിതരീതിയിൽ നടത്തുന്ന ജെഎൻവി സെലക്ഷൻ ടെസ്റ്റ് രണ്ട് ഘട്ടങ്ങളിലായി നടത്തും. കേരളം ഉൾപ്പെടെ രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലെയും ടെസ്റ്റ് ഡിസംബർ 13-ന് രാവിലെ 11.30 മുതൽ 1.30 വരെയായിരിക്കും. മറ്റുചില പ്രദേശങ്ങളിലേത് 2026 ഏപ്രിൽ 11-ന് രാവിലെ 11.30 മുതൽ 1.30 വരെയും നടത്തും. ഭിന്നശേഷിവിഭാഗക്കാർക്ക് അധികമായി 40 മിനിറ്റ് ലഭിക്കും. പരീക്ഷയുടെ സമയക്രമം cbseitms.rcil.gov.in/nvs ലെ പ്രോസ്പെക്ടസിൽ ലഭിക്കും. പരീക്ഷയ്ക്ക് മൂന്നുവിഭാഗങ്ങളിലായി മൊത്തം 100 മാർക്കിനുള്ള 80 ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളുണ്ടാകും. മെന്റൽ എബിലിറ്റി ടെസ്റ്റ് (40 ചോദ്യങ്ങൾ, 50 മാർക്ക്, 60 മിനിറ്റ്), അരിത്മെറ്റിക് ടെസ്റ്റ് (20, 25, 30), ലാംഗ്വേജ് ടെസ്റ്റ് (20, 25, 30) എന്നിവ ഉൾപ്പെടുന്നതാണ് പരീക്ഷ.
ശരിയുത്തരത്തിന് ഒന്നേകാൽ മാർക്ക് നൽകും. നെഗറ്റീവ് മാർക്കിങ് രീതി ഇല്ല. നീല/കറുപ്പ് മഷിയുള്ള ബോൾ പോയിന്റ് പേന ഉപയോഗിക്കാം. പരീക്ഷാർഥി പേന കൊണ്ടുവരണം. പെൻസിൽ ഉപയോഗം അനുവദനീയമല്ല. കേരളത്തിൽ പരീക്ഷയെഴുതുന്നവർക്ക് ഹിന്ദി, ഇംഗ്ലീഷ്, മലയാളം, തമിഴ്, കന്നഡ ഭാഷകളിലെ ചോദ്യപ്പേപ്പർ ലഭ്യമാക്കും. ഏതു ഭാഷയിലെ ചോദ്യപ്പേപ്പർ വേണമെന്ന് അപേക്ഷയിൽ വ്യക്തമാക്കണം. പിന്നീട് അത് മാറ്റാൻ കഴിയില്ല.പരീക്ഷയുടെ വിശദാംശങ്ങൾ, മുൻവർഷത്തെ ചോദ്യപ്പേപ്പർ, മാതൃകാ ചോദ്യങ്ങൾ എന്നിവ പ്രോസ്പെക്ടസിൽ/വെബ്സൈറ്റിൽ ലഭിക്കും. 2026 മാർച്ച്/മേയ് അവസാനം ഫലം പ്രഖ്യാപിക്കും. ഫലം വെബ്സൈറ്റിലും മറ്റുകേന്ദ്രങ്ങളിലും (പ്രോസ്പെക്ടസിൽ നൽകിയിട്ടുണ്ട്) ലഭ്യമാക്കും. ബന്ധപ്പെട്ട വിദ്യാലയം, പരീക്ഷാർഥിയുടെ രജിസ്ട്രേഡ് മൊബൈൽ വഴിയും സ്പീഡ് പോസ്റ്റ് വഴിയും ഫലം അറിയിക്കും. തുടർന്ന് പ്രവേശനസമയത്ത് എല്ലാരേഖകളും (അസൽ) ഹാജരാക്കേണ്ടതുണ്ട്.
പ്രവേശനയോഗ്യത
അപേക്ഷകർ 1.5.2014-നു മുൻപോ 31.7.2016-നു ശേഷമോ ജനിച്ചവരായിരിക്കരുത് (രണ്ടുദിവസങ്ങളും ഉൾപ്പെടെ). പട്ടിക, ഒബിസി, ഭിന്നശേഷി വിഭാഗക്കാർക്കും ഈ പ്രായപരിധി ബാധകമാണ്. അപേക്ഷാർഥികൾ പ്രവേശനം തേടുന്ന ജില്ലയിൽ താമസിക്കുന്നവരായിരിക്കണം. 2025-26 അധ്യയനവർഷത്തിൽ പൂർണമായും ആ ജില്ലയിലെ സർക്കാർ/സർക്കാർ എയ്ഡഡ്/അംഗീകൃത സ്കൂളിൽ അല്ലെങ്കിൽ എൻഐഒഎസിന്റെ ബി-സർട്ടിഫിക്കറ്റ് കോമ്പീറ്റൻസി കോഴ്സിൽ അഞ്ചാംക്ലാസിൽ പഠിക്കുന്നവരായിരിക്കണം. 2025-26-ൽ അഞ്ചാംക്ലാസ് പരീക്ഷ ജയിക്കുകയും വേണം.
2025-26-നുമുൻപ് അഞ്ചാംക്ലാസ് ജയിച്ചവർ, 2025-26-ൽ രണ്ടാം ചാൻസിൽ അഞ്ചാംക്ലാസ് ജയിക്കുന്നവർ എന്നിവർക്ക് അപേക്ഷിക്കാൻ കഴിയില്ല. നവോദയ പ്രവേശനപരീക്ഷ ഒരിക്കൽ അഭിമുഖീകരിച്ചവർക്ക് വീണ്ടും പ്രവേശനപരീക്ഷ എഴുതാൻ അർഹതയില്ല.
അപേക്ഷ
അപേക്ഷ cbseitms.rcil.gov.in/nvs/ വഴി ജൂലായ് 29 വരെ നൽകാം. അപേക്ഷാഫീസ് ഇല്ല. എല്ലാ ജെഎൻവികളിലും അപേക്ഷാസമർപ്പണ സഹായത്തിന് ഹെൽപ്പ് ഡെസ്കുകൾ പ്രവർത്തിക്കും. വിവരങ്ങൾക്ക്: navodaya.gov.in