12/09/2024
വിപ്ലവസൂര്യനു വിട; സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു.
Date : 12 - 09 - 2024
NILAMBUR NEWS HUB
https://rb.gy/hktldx
https://chat.whatsapp.com/CVf4DxMzJImHlImQPspV5w
അടിയുറച്ച ആദർശങ്ങള്‍ക്കൊപ്പം വിട്ടുവീഴ്ചകളില്ലാതെ നിലകൊണ്ട വിപ്ലവ സൂര്യൻ വിടവാങ്ങി. സജീവവും സവിശേഷവുമായ ഇടപെടലുകളിലൂടെ ഏറെക്കാലമായി ഇന്ത്യൻ രാഷ്ട്രീയ ഭൂമികയില്‍ നിർണായക സാന്നിധ്യമായിരുന്ന സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു.
72 വയസ്സായിരുന്നു. സൗമ്യതയും വിനയവും മുഖമുദ്രയാക്കി രാഷ്ട്രീയ വൃത്തങ്ങളില്‍ മാതൃകയായ യെച്ചൂരിയെന്ന അതികായന്റെ ആകസ്മിക വിയോഗത്തോടെ സക്രിയമായ ഒരു അധ്യായത്തിനാണ് അവസാനമാകുന്നത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഡല്‍ഹി ഓള്‍ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസില്‍ ചികിത്സയിരിക്കേയാണ് അന്ത്യം.
യെച്ചൂരിയുടെ ഭൗതികശരീരം മെഡിക്കല്‍, ഗവേഷണ പഠനത്തിനായി വിട്ടുനല്‍കും. ഭൗതികശരീരം ഇന്ന് ഡല്‍ഹി ഓള്‍ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസ് (എയിംസ്) മോർച്ചറിയില്‍ സൂക്ഷിക്കും. നാളെ വൈകുന്നേരം വസന്ത് കുഞ്ചിലെ വസതിയിലേക്ക് ഭൗതികശരീരം കൊണ്ടുപോകും. മറ്റെന്നാള്‍ സി.പി.എം ആസ്ഥാനമായ ഡല്‍ഹി എ.കെ.ജി ഭവനില്‍ രാവിലെ 9 മണി മുതല്‍ ഉച്ചവരെ പൊതുദർശനം. വൈകിട്ട് മൂന്നു മണിക്ക് പാർട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന അന്തിമോപചാര ചടങ്ങുകള്‍ക്ക് ശേഷം ഭൗതികശരീരം മെഡിക്കല്‍, ഗവേഷണ പഠനത്തിനായി എയിംസിന് വിട്ടുകൊടുക്കും.
വരേണ്യതയുടെ ചില്ലുകൂട്ടില്‍ നിന്നിറങ്ങി അടിയാളർക്കും അധ്വാന വർഗത്തിനുമായി ജീവിതം സമർപ്പിച്ച സീതാറാം യെച്ചൂരിയുടേത് സംശുദ്ധമായ രാഷ്ട്രീയ ജീവിതമായിരുന്നു. അധികാരത്തിനുവേണ്ടി ഫാഷിസത്തോട് സന്ധി ചെയ്യാൻ പോലും മടിക്കാത്തവരുടെ കാലത്ത് യെച്ചൂരി ജനാധിപത്യത്തിനും മതേതരത്വത്തിനും വേണ്ടി ശക്തമായി നിലയുറപ്പിച്ചു. അതിനായി പോരാടുകയും ശരിയുടെ പക്ഷത്ത് ഉറച്ചുനില്‍ക്കുകയും ചെയ്തു.
ധിഷണയും സഹാനുഭൂതിയും സംഘാടനമികവുമെല്ലാം സമഞ്ജസം മേളിച്ച പ്രതിഭാധനനായിരുന്നു സീതാറാം യെച്ചൂരി. സി.ബി.എസ്.ഇ ഒന്നാം റാങ്കുകാരന്റെ പകിട്ടുപേക്ഷിച്ച് രാഷ്ട്രീയക്കളരിയിലേക്ക് എടുത്തു ചാടുമ്ബോള്‍ സ്വന്തം നിലപാടുകള്‍ തന്നെയായിരുന്നു അദ്ദേഹത്തെ നയിച്ചത്.
1952 ആഗസ്റ്റ് 12നായിരുന്നു സീതാറാമിന്റെ ജനനം. തെലുങ്ക് സംസാരിക്കുന്ന ആന്ധ്ര ബ്രാഹ്മണ ദമ്ബതികളായ സർവേശ്വര സോമയാജുല യെച്ചൂരിയുടെയും കല്‍പ്പാക്കത്തിന്റെയും മകനായി ചെന്നൈയില്‍ (അന്ന് മദ്രാസ്) ആണ് ജനിച്ചത്. ആന്ധ്രയിലെ കാക്കിനഡയായിരുന്നു സ്വദേശം. ആന്ധ്രപ്രദേശ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷനില്‍ എഞ്ചിനീയറായിരുന്നു പിതാവ്. അമ്മ സർക്കാർ സർവീസില്‍ ഉദ്യോഗസ്ഥയും. ഹൈദരാബാദിലെ ഓള്‍ സെയിന്റ്സ് സ്കൂളില്‍ പത്താംതരം വരെ പഠനം. തെലങ്കാന സമരം കൊടുമ്ബിരിക്കൊണ്ട നാളുകളില്‍ ഡല്‍ഹിയിലേക്ക്. ന്യൂഡല്‍ഹിയിലെ പ്രസിഡന്റ്സ് എസ്റ്റേറ്റ് സ്കൂളില്‍ ഹയർ സെക്കൻഡറിക്കു ചേർന്നു. പഠനത്തില്‍ അതിമിടുക്കനായ സീതാറാം സി.ബി.എസ്.ഇ ഹയർ സെക്കൻഡറി പരീക്ഷയില്‍ അഖിലേന്ത്യാ തലത്തില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയാണ് മികവ് തെളിയിച്ചത്.
സ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം ഡല്‍ഹിയില്‍ സെന്റ് സ്റ്റീഫൻസ് കോളജില്‍ നിന്നും ബിരുദം നേടിയ സീതാറാം 1975ല്‍ ജവഹർലാല്‍ നെഹ്‌റു സർവകലാശാലയില്‍ നിന്നും സാമ്ബത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദം നേടി. രണ്ടിലും ഫസ്റ്റ് ക്ലാസോടെയായിരുന്നു വിജയം. തുടർന്ന് ജെ.എൻ.യുവില്‍ ഇക്കണോമിക്സില്‍ പി.എച്ച്.ഡിക്ക് ചേർന്നു. ജെ.എൻ.യു പഠനത്തിനിടക്കായിരുന്നു രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെടുന്നത്. അടിയന്തരാവസ്ഥക്കെതിരെ പ്രതിഷേധം ഉയർത്തിയതിനെ തുടർന്ന് ഡോക്ടറേറ്റ് പൂർത്തിയാക്കുന്നതിനു മുന്നേ തന്നെ അറസ്റ്റിലായി. ജയില്‍ മോചിതനായ ശേഷം വീണ്ടും പഠനം തുടർന്നു. അവിടുത്തെ പഠനകാലയളവില്‍ മൂന്നുതവണ യച്ചൂരി ജെ.എൻ.യു വിദ്യാർഥി യൂനിയൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
1974ല്‍ എസ്.എഫ്.ഐയില്‍ ചേർന്നതോടെയാണ് സീതാറാമിന്റെ ജീവിതം ചെങ്കൊടിത്തണലിലേക്ക് വഴിമാറുന്നത്. അടുത്ത വർഷം സി.പി.എം അംഗമായി. 1978ല്‍ എസ്.എഫ്.ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ട യെച്ചൂരി അതേവർഷം തന്നെ എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റായി. 1985ല്‍ സി.പി.എം കേന്ദ്രകമ്മിറ്റിയിലേക്ക്. 1992 മുതല്‍ പാർട്ടിയുടെ സമുന്നത വേദിയായ പൊളിറ്റ് ബ്യൂറോയില്‍ അംഗവുമായി.
1986ല്‍ എസ്.എഫ്.ഐ ദേശീയ പ്രസിഡന്‍റായി. 1984ല്‍ 32ാം വയസിലാണ് സി.പി.എം കേന്ദ്രക്കമ്മിറ്റി അംഗമായത്. 1988ല്‍ തിരുവനന്തപുരത്ത് നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ കേന്ദ്ര സെക്രട്ടേറിയേറ്റ് അംഗമായി. 1992ല്‍ മദ്രാസില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ പൊളിറ്റ് ബ്യൂറോ അംഗമായി.
പിന്നീട് 2015 ല്‍ വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രകാശ് കാരാട്ടില്‍ നിന്ന് സി.പി.എം ദേശീയ ജനറല്‍ സെക്രട്ടറി പദവി യെച്ചൂരി ഏറ്റെടുത്തു. 2018ല്‍ ഹൈദരാബാദിലെ പാര്‍ട്ടി കോണ്‍ഗ്രസില്‍ വീണ്ടും സി.പി.എം ദേശീയ അധ്യക്ഷനായി. 2022ല്‍ കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ മൂന്നാംവട്ടവും പാര്‍ട്ടി ദേശീയ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. പീപ്പിള്‍സ് ഡെമോക്രസി വാരികയുടെ എഡിറ്ററായിരുന്നു. 2005ല്‍ പശ്ചിമ ബംഗാളില്‍ നിന്നുള്ള രാജ്യസഭാംഗമായിരുന്നു.
അന്താരാഷ്ട്രവിഷയങ്ങളില്‍ സി.പി.എമ്മിലെ സൈദ്ധാന്തികനായിരുന്നു യെച്ചൂരി. പാർട്ടി മുഖപ്പത്രമായ പീപ്പിള്‍ ഡെമോക്രസിയുടെ എഡിറ്ററുമാണ്. വാഗ്മിയും നയതന്ത്രജ്ഞനുമായ അദ്ദേഹം, നേപ്പാളില്‍ മാവോവാദികളെ ജനാധിപത്യത്തിന്റെ പാതയിലേക്ക് നയിക്കുന്നതിനായി മധ്യസ്ഥൻ എന്ന നിലയില്‍ നടത്തിയ ഇടപെടലുകള്‍ പ്രശംസാർഹമായിരുന്നു. നേപ്പാളിലെ പ്രമുഖ മാവോവാദി നേതാക്കളായ പ്രചണ്ഡ, ബാബുറാം ഭട്ടറായി തുടങ്ങിയവരുമായി അടുത്ത ബന്ധമുണ്ടായിരുന്നു യെച്ചൂരിക്ക്.
ആഗോളവല്‍ക്കരണ, ഉദാരവല്‍ക്കരണ നയങ്ങളുടെ പൊള്ളത്തരങ്ങള്‍ തുറന്നു കാണിക്കുന്ന നിരവധി രചനകള്‍ സീതാറാം യെച്ചൂരി നടത്തിയിട്ടുണ്ട്. 'ആഗോളവല്‍ക്കരണ കാലത്തെ സോഷ്യലിസം' എന്ന പുസ്തകം ഇതില്‍ ഉള്‍പ്പെടുന്നു. മികച്ച പാർലമെന്റേറിയൻ എന്ന നിലയിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. പത്രപ്രവർത്തകയായ സീമ ക്രിസ്റ്റിയാണ് യെച്ചൂരിയുടെ ഭാര്യ. പ്രമുഖ വനിതാവകാശ പ്രവർത്തക വീണ മജുംദാറിന്റെ പുത്രിയായിരുന്നു ആദ്യ ഭാര്യ. ആ വിവാഹത്തില്‍ യെച്ചൂരിക്ക് ഒരു മകനും മകളും ഉണ്ട്. യെച്ചൂരി-സീമ ദമ്ബതികള്‍ക്ക് ഒരു മകനുണ്ട്.
★★★★★★★★★★★★★★
വാർത്തകൾക്കും പരസ്യങ്ങൾക്കും
+91 97447 78859
+91 73060 65520
Follow Instagram
https://rb.gy/yemt3s
Follow Facebook
https://rb.gy/59gxud
Join Our WhatsApp Group
https://chat.whatsapp.com/CVf4DxMzJImHlImQPspV5w