15/09/2023
പാർവ്വതീ പരമേശ്വര താലി അഥവാ വിശ്വ ബ്രാഹ്മണതാലി
പരമ്പരാഗത വിശ്വബ്രാഹ്മണ (വിശ്വകർമ്മ)സമൂഹം മംഗല്യത്തിന് ഉപയോഗിച്ചുവരുന്ന താലി.
വൈവാഹിക ജീവിതത്തിൽ താലിക്ക് പ്രാധാന്യം നൽകുന്നവരാണ് സ്ത്രീകൾ . മംഗല്യത്തിന്റെ പ്രതീകമാണിത്. മംഗളം നൽകുക എന്നർഥത്തിൽ താലിക്ക് മംഗല്യസൂത്രം എന്നും പേരുണ്ട്.
ആലിലയുടെ രൂപത്തിലുള്ള താലിയാണ് സാധാരണയായി അണിയുന്നത്. എന്നാൽ
സ്ഥലകാല, ജാതിമത വ്യത്യാസമനുസരിച്ച് താലിയുടെ ആകൃതിക്കും പ്രകൃതത്തിനും താലികെട്ട് ചടങ്ങിനും വിഭിന്നത കാണപ്പെടുന്നു. സാധാരണയായി സ്വർണനിർമിതമാണ് താലി. ഇത് സ്വർണമാലയിലോ മഞ്ഞച്ചരടിലോ കോർത്താണ് വധുവിന്റെ കഴുത്തിൽ കെട്ടുന്നത്. സ്വർണമല്ലാതെ മറ്റു ലോഹങ്ങളും ചില സമുദായക്കാർ താലിക്കുപയോഗിച്ചു കാണുന്നുണ്ട്.
പരമ്പരാഗത വിശ്വബ്രാഹ്മണ (വിശ്വകർമ്മ)സമൂഹം വിവാഹത്തിന് ഉപയോഗിക്കുന്ന താലിയാണ് പാർവ്വതീ പരമേശ്വര താലി , വിശ്വ ബ്രാഹ്മണതാലി പൊതുവേ ബ്രാഹ്മണ താലി എന്ന് അറിയപ്പെടുന്നു. ഇത്തരം താലിയിൽ ശിവലിംഗവും തുളസിത്തറയും സാധാരണയായി കാണപ്പെടുന്നു.
സ്വർണാഭരണ നിർമ്മാണ രംഗത്തുള്ള പരമ്പരാഗത വിശ്വകർമ്മജരുടെ വിവാഹത്തിന് കുറച്ചു ദിവസങ്ങൾക്കു മുൻപ് പൊന്നുരുക്ക് എന്ന ചടങ്ങ് നടക്കുന്നു. ജ്യോതിഷപ്രകാരം നിശ്ചയിച്ച സമയത്ത് താലിക്കുള്ള സ്വർണം ഉരുക്കുകയും. ഒരുക്കിയ സ്വർണം താലി നിർമ്മാണത്തിൽ പ്രഗൽഭരായ ശില്പിയെ ഏൽപ്പിക്കുകയും ചെയ്യുന്നു. വിവാഹത്തിന് മുൻപ് ദക്ഷിണ നൽകി താലി ശില്പിയിൽ നിന്നും ഏറ്റുവാങ്ങുന്നു. വിവാഹമൂഹൂർത്തത്തിൽ മഞ്ഞളിന്റെയും കുങ്കുമത്തിന്റെയും പുഷ്പങ്ങളുടെയും പനിനീരിന്റെയും നാളികേരത്തിൽ തെളിയിച്ച അഗ്നിയുടെയും സാന്നിധ്യം അടങ്ങിയ താലത്തിൽ മഞ്ഞച്ചരടിൽ രണ്ടുമണികളോടൊപ്പം കോർത്തതാലി വെറ്റിലയിൽ വച്ച് വിവാഹം നടത്തുന്ന തന്ത്രി ( വാദ്യാർ) യെ ഏൽപ്പിക്കുന്നു. പ്രത്യേക പൂജകൾക്ക് ശേഷം വരൻ വധുവിനെ അണിയിക്കുന്നു. ഈ സമുദായക്കാർ തങ്ങളുടെ പരമ്പരാഗത താലിക്ക് ഏറെ പ്രാധാന്യം നൽകുന്നത് ഏറെ ശ്രദ്ധേയമാണ്.
ഇത്തരം താലി നിർമ്മിക്കുന്ന പത്തനംതിട്ട ജില്ലയിലെ പ്രഗൽഭരായ ശില്പികളിൽ ഒരാളുടെ നമ്പരും പേരും താഴെ ചേർക്കുന്നു..
ശ്രീ രമേശ് ആചാരി
കൊഴഞ്ചേരി
+91 949-543-8641