09/09/2025
ആറൻമുള വള്ളംകളി
തിരുവിതാംകൂറിലെ ഓണത്തിന്റെ സമാപ്തിയാണ് ആറൻമുള ഉതൃട്ടാതി വള്ളംകളി. പരമ്പരാഗത രീതിയിൽ പ്രൗഢഗംഭീരമായ ചുണ്ടൻ വള്ളങ്ങൾ അണി നിരക്കുന്ന വള്ളംകളി ആറൻമുളയുടെ മാത്രം പ്രത്യേകതയാണ്. വള്ളംകളി പെരുമ ആർജിച്ചത് ഇവിടെയാണെങ്കിലും ചുണ്ടൻ വള്ളം ഉദ്ഭവിച്ചത് ആലപ്പുഴയിലാണ്. ചെമ്പകശേരി രാജാവാണ് ഇത്തരം ഒരു വള്ളം ആദ്യമായി ഉപയോഗിക്കുന്നത്. ചെമ്പകശേരി രാജ്യം അമ്പലപ്പുഴയും കുട്ടനാടിൻ്റെ പ്രധാന ഭാഗങ്ങളും ചേർന്നതാണ്. അവിടുത്തെ പ്രധാന ഗതാഗത ഉപാധി ഇന്നും ജലയാനങ്ങളാണ്.
ചെമ്പകശ്ശേരി രാജാവും കായംകുളം രാജാവും തമ്മിലുള്ള ജലയുദ്ധത്തിനായി കൊടുപ്പുന്ന വെങ്കിടയിൽ ദേവനാരായണൻ ആചാരിയാണ് ആദ്യമായി ചുണ്ടൻ വള്ളം നിർമ്മിച്ചു നൽകിയത്. അദ്ദേഹത്തിന്റെ ബുദ്ധിസാമർത്ഥ്യം ചെമ്പകശ്ശേരി രാജാവിന് വിജയം നേടികൊടുത്തു. ചെമ്പകശ്ശേരി സ്വരൂപത്തിന്റെ യുദ്ധവിജയങ്ങളുടെ നെടുംതൂണുകൾ ആയിരുന്നു ഈ ജലയാനങ്ങൾ. ഈ വിവരമറിഞ്ഞ കായംകുളം രാജാവ് നാരായണൻ ആചാരിയെ വിളിച്ചു വരുത്തി സമാനമായ ഒരു വള്ളം പണികഴിപ്പിക്കുകയുണ്ടായി. ഇക്കാര്യം മനസിലാക്കിയ ചെമ്പകശ്ശേരി നാരായണൻ ആചാരിയെ ജയിലിലടയ്‌ക്കുകയും തല വെട്ടിക്കൊല്ലാനും ഉത്തരവിട്ടു. എന്നാൽ, യുദ്ധം കഴിഞ്ഞതിനു ശേഷം മാത്രമേ തന്നെ വധിക്കാവൂ എന്ന് ആചാരി അപേക്ഷിച്ചു. യുദ്ധത്തിൽ ചെമ്പകശ്ശേരിയുടെ ചുണ്ടൻവള്ളങ്ങൾ വള്ളപ്പാടുകൾ കുതിച്ചു മുന്നേറിയപ്പോൾ, കായംകുളം രാജാവിന്റെ വള്ളങ്ങൾ പിന്നോക്കം പോയി. ആചാരി കായംകുളം രാജാവിന് പണിതു നൽകിയത് പള്ളിയോടങ്ങളുടെ മാതൃകയിലുള്ള വള്ളമായിരുന്നു. പള്ളിയോടങ്ങൾ അർദ്ധചന്ദ്രാകൃതിയിലുള്ളതും, അമരവും അണിയവും ഉയർന്നു നിൽക്കുന്നതും മറിഞ്ഞു പോകാൻ സാധ്യത കൂടിയതുമാണ്. ഇതിനു ശേഷം ചെമ്പകശ്ശേരി രാജാവ് നാരായണൻ ആചാരിയ്‌ക്ക് 200 പറ കണ്ടം കരമൊഴിവായി പതിച്ചു നൽകുകയും, പട്ടും വളയും നൽകുകയും, ചെമ്പകശ്ശേരി രാജാക്കന്മാരുടെ സ്ഥാനപ്പേരായ ദേവനാരായണൻ എന്ന പേരു കൂടി നൽകി ആദരിക്കുകയും ചെയ്തു. അന്നു മുതൽ കൊടുപ്പുന്ന വെങ്കിടായിൽ ദേവനാരായണൻ ആചാരി എന്ന പേരിൽ അദ്ദേഹം അറിയപ്പെട്ടു.
വിളവെത്തിയ ആഞ്ഞിലിത്തടിയാണ് ചുണ്ടൻ വള്ളങ്ങളുടെ നിർമ്മിതിയ്‌ക്കായി ഉപയോഗിക്കുക. ഇരു വശങ്ങളിലും മാതാവ് എന്നു പേരായ രണ്ടു പലകകളും, നടുവിൽ ഏരാവ് എന്നു പേരായ പലകയും കൂട്ടിച്ചേർത്ത്, ചെഞ്ചല്യം വെളിച്ചെണ്ണയിൽ തിളപ്പിച്ച് പഞ്ഞി ചേർത്തരച്ചു കൂട്ടിയെടുക്കുന്ന പശ ചേർത്ത് ഒട്ടിച്ച് നിർമ്മിയ്‌ക്കുന്ന ചുണ്ടൻവള്ളങ്ങൾക്ക്, നിർമ്മിതിയുടെ ആദ്യപടിയായി മാവിൻ തടികൊണ്ട്, വള്ളത്തിന്റെ അകത്തെ അളവിൽ അച്ചുണ്ടാക്കും. ഇതിനു ശേഷമാണ് മാതാവ്-ഏരാവ് പലകകൾ ചേർത്തൊട്ടിയ്‌ക്കുന്നത്.
ചുണ്ടൻ വള്ളങ്ങളുടെ നിർമ്മിതി മുതൽ, ആചാരാനുഷ്ഠാനങ്ങളുടെ സാന്നിദ്ധ്യം ദൃശ്യമാണ്. തടി മുറിയ്‌ക്കുന്നതും, അച്ച് നിർമ്മിയ്‌ക്കുന്നതും, നീറ്റിലിറക്കുന്നതുമെല്ലാം പ്രാർത്ഥനയും, പൂജയും, സമർപ്പണവും, വ്രതശുദ്ധിയുമെല്ലാം കലർന്ന ചടങ്ങുകളോടെയാണ്. അച്ചിൽ മൂന്നു പലകകൾ ചേർത്തൊട്ടിച്ച ശേഷം വള്ളം മലർത്തുന്ന ചടങ്ങും ആചാരപൂർവ്വം തന്നെയാണ് നിർവ്വഹിക്കപ്പെടുക. കാലാനുസൃതമായി വള്ളങ്ങൾക്ക് പല പരിഷ്കരണങ്ങളും വന്നിട്ടുണ്ട്. ആറൻമുളയിലെത്തുന്ന വള്ളങ്ങളെ പള്ളിയോടങ്ങൾ എന്നാണ് വിളിക്കുക. റാന്നി മുതൽ ചെന്നിത്തല വരെയുള്ള പമ്പയുടെ സമീപത്തുള്ള കരകൾ വലിയ അഭിമാനമായിട്ടാണ് ഈ വള്ളങ്ങളെ കാണുന്നത്.
ഇടിത്താളത്തിനായുള്ള ‘ഇടിത്തടി’ നിർമ്മിയ്‌ക്കുന്നത് കാഞ്ഞിരം, പുന്ന എന്നിവ, ഉപയോഗിച്ചും തുഴകൾ വിളവെത്തിയ പന ഉപയോഗിച്ചും ആണ്.
കുട്ടനാട്ടിലെചുണ്ടൻവള്ളങ്ങളുടെ രാജശില്പ്പി എന്നറിയപ്പെടുന്നത് കോഴിമുക്ക് നാരായണൻ ആചാരിയായിരുന്നു.
ആലപ്പുഴയിലെ നെഹ്റു ട്രോഫി വള്ളംകളിയും ലോക പ്രശസ്തി ആർജിച്ചതാണ്. 100 മുതൽ 120 അടിവരെ നീളമുണ്ടാകും ചുണ്ടൻ വള്ളങ്ങൾക്ക്. ഒരു ടീമിൽ ഏറ്റവും കൂടുതൽ പേർ പങ്കെടുക്കുന്ന മത്സരമാണ് വള്ളംകളി. ഈ കളിയിൽ ഏകദേശം 90 മുതൽ 140 വരെ തുഴക്കാർ ഉണ്ടാകും. അമരക്കാരന്റെ കീഴിൽ നാല് പ്രധാന തുഴക്കാർ കാണും. ഇവർക്ക് പിന്നിലായി കുറഞ്ഞത് 64 തുഴക്കാരുണ്ടാകും. ഇവരെ കൂടാതെ പാട്ടുകാർ കാണും. ചുണ്ടൻ വള്ളം തുഴയുന്നതിനു താളമുണ്ട്. അത് ഇടിത്താളം എന്നാണറിയപ്പെടുന്നത്. വള്ളത്തിന്റെ നടുവിൽ 8 പേർക്ക് നിൽക്കുവാനുള്ള സ്ഥലമുണ്ട്. ചുണ്ടൻ വള്ളങ്ങളുടെ നാട് എന്നറിയപ്പെടുന്നത് കുട്ടനാട് ആണ്.
മാർത്താണ്ഡവർമ മഹാരാജാവ്, വൈക്കം ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങിയപ്പോൾ രാമപുരത്തുവാര്യരെയും കൂട്ടി. അലങ്കരിച്ച ജലവാഹനത്തിലുള്ള ഈ യാത്രയ്ക്കിടെ താൻ എഴുതിയ ഏതാനും ശ്ലോകങ്ങൾ വാര്യർ രാജാവിനെ പാടി കേൾപ്പിച്ചു. കുചേലവൃത്തത്തിലെ വരികളായിരുന്നു വാര്യർ പാടിയത്. തുഴക്കാരുടെ താളത്തിനൊത്ത് വഞ്ചിയിലിരുന്ന് പാടിയതു കൊണ്ട് വഞ്ചിപ്പാട്ട് എന്നു പേരു വന്നു. വഞ്ചിപ്പാട്ടിന്റെ വൃത്തം നതോന്നത ആണ് ആറൻമുളയിലെ വള്ളംകളി തികച്ചും ആചാരപരമായിരുന്നു. അതു കൊണ്ട് വഞ്ചിപ്പാട്ടിന് ഇവിടെ വലിയ പ്രാധാന്യമാണുള്ളത്. ജാതിമതഭേദമെന്യേ ദേവതാസ്ഥാനം തന്നെയാണ് ചുണ്ടൻ വള്ളങ്ങൾക്ക്. തങ്ങളുടെ നാടിന്റെ, പെരുമയ്‌ക്കും, കീർത്തിയ്‌ക്കും, അഭിമാനത്തിനും പ്രചാരമേകുന്ന നാടിന്റെ അഭിമാനയാനങ്ങൾ. നഗ്നപാദരായല്ലാതെ, ഒന്നു തൊട്ടു തൊഴുതല്ലാതെ, വലംകാലൂന്നിയല്ലാതെ ഒരു തുഴച്ചിൽകാരനും ചുണ്ടൻ വള്ളങ്ങളിൽ കയറുക പോലുമില്ല. ചുണ്ടൻ വള്ളം വെറുമൊരു കളിവള്ളമല്ല… കുട്ടനാട്ടിലെ ചുണ്ടൻ വള്ളങ്ങൾ കരുത്തിൻ്റെ പ്രതീകമാണെങ്കിൽ ആറൻമുളയിൽ അത് ഭഗവാന് അകമ്പടി സേവിക്കുന്ന പള്ളിയോടമാണ്. അവിടെ അത് ചടുലതാളമാണെങ്കിൽ ഇവിടെ അത് ന തോന്നതയുടെ പതിഞ്ഞ താളമാണ്. അത് ഈ നാടിന്റെ, സംസ്കൃതിയുടെ, പ്രൗഢമായ ചരിത്രത്തിന്റെ, കലയുടെ, ഭക്തിയുടെയൊക്കെ പതാകാവാഹിയായ ദേവയാനമാണ്…