22/06/2024
35 ലക്ഷം വിദ്യാർഥികളാണ് ഈ വർഷം നീറ്റ് പരീക്ഷയ്ക്കും യുജിസി നെറ്റ് പരീക്ഷക്കുമായി രജിസ്റ്റർ ചെയ്തത്. ഇതിൽ 11 ലക്ഷത്തിലധികം പേർ പരീക്ഷ എഴുതിയ യുജിസി നെറ്റ് പരീക്ഷയുടെ ചോദ്യപ്പേപ്പർ ലീക്കായതിനാൽ പരീക്ഷ റദ്ദ് ചെയ്യുകയും നാളെ വീണ്ടും നടത്തുകയുമാണ്. 6,35,587 പെൺകുട്ടികളും 4,85,579 ആൺകുട്ടികളും 59 ട്രാൻസ്ജെൻ്റർ കുട്ടികളും എഴുതിയ പരീക്ഷ റദ്ദായതിന്മേൽ എത്ര മാധ്യമങ്ങളുടെ കുട്ടികളുടെ സങ്കടം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.? രാജ്യത്ത് തന്നെ 50 ശതമാനത്തോളം പി എസ് സി നിയമനം നടത്തുന്ന കേരള പി എസ് സി മോശമാണെന്ന പൊതുബോധം സൃഷ്ടിക്കാൻ ഓരോ ദിവസവും നെഗറ്റീവ് വാർത്തകൾ നൽകിക്കൊണ്ടിരിക്കുന്ന മാസത്തിലൊന്നോ രണ്ടോ വച്ച് പ്രൈം ടൈം ചർച്ചകൾ സംഘടിപ്പിക്കുന്ന മലയാള മാധ്യമങ്ങൾ എന്തുകൊണ്ടാണ് ഈ വിഷയം വേണ്ടത്ര ഗൗരവത്തോടെ കൈകാര്യം ചെയ്യാത്തത്? ഇതുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായും കേരളത്തിലാകെയും നടക്കുന്ന പ്രതിഷേധങ്ങൾക്ക് എസ് എഫ് ഐ ഉൾപ്പെടെ എല്ലാ വിദ്യാർഥി സംഘടനകളും നേതൃത്വം നൽകുന്നുണ്ട്. എസ് എഫ് ഐയുടെ നേതൃത്വത്തിൽ എല്ലാ സംസ്ഥാനങ്ങളിലും ഇപ്പോഴും പ്രതിഷേധങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഒപ്പം 24 ലക്ഷം വിദ്യാർഥികൾ പരീക്ഷ എഴുതിയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് പരീക്ഷയിലെ ക്രമക്കേടിലു ഞങ്ങൾ തെരുവിൽ തന്നെയുണ്ട്. മുൻ എസ് എഫ് ഐ നേതാവുമായി ബന്ധപ്പെട്ട ഒരു ഇൻ്റർവ്യൂ വിഷയം 10 ദിവസത്തിലധികം 24 മണിക്കൂറും ചർച്ച ചെയ്ത മാധ്യമങ്ങൾ തന്നെയാണ് രക്തനക്ഷത്രാങ്കിത ശുഭ്രപതാകയേന്തിക്കൊണ്ട് പതിനായിരക്കണക്കിന് കുട്ടികൾ നടത്തുന്ന സമരം കണ്ടില്ലെന്ന് നടിക്കുന്നതും നീറ്റ് പരീക്ഷയിലേയും നെറ്റ് പരീക്ഷയിലേയും ക്രമക്കേടുകളെ കടുകുമണിയോളം ചെറുതാക്കി അവതരിപ്പിക്കുന്നതും.
തെലങ്കാന, ആസാം, ഹിമാചൽ പ്രദേശ്, പശ്ചിമ ബംഗാൾ, കേരളം, തമിഴ്നാട്, കർണാടക, രാജസ്ഥാൻ, ഉത്തർ പ്രദേശ്, ആന്ധ്രാ പ്രദേശ്, ത്രിപുര, മഹാരാഷ്ട്ര, ഗുജറാത്ത്, ഡൽഹി, ഒഡീഷ, പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ് തുടങ്ങി 20ലധികം സംസ്ഥാനങ്ങളിൽ എസ് എഫ് ഐ ഈ വിഷയങ്ങളിൽ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു. നരേന്ദ്ര മോദി കൊണ്ടുവന്ന എൻ.ടി.എ ആണ് നീറ്റ് പരീക്ഷ തികച്ചും അഴിമതി നടത്താനുള്ള കളമാക്കി മാറ്റിയിരിക്കുന്നത്. അലോട്ട്മെൻ്റ് മുഴുവൻ കഴിഞ്ഞില്ലെങ്കിലും കുട്ടികൾക്ക് സീറ്റില്ല എന്ന വാർത്ത തുടർച്ചയായി നൽകാൻ ഒരു മടിയും കാണിക്കാത്ത മാധ്യമങ്ങൾ, ഓരോ കുട്ടിയുടേയും വീട്ടിൽ പോയി അഭിമുഖമെടുക്കുന്ന മാധ്യമങ്ങൾ നീറ്റ്, നെറ്റ് വിഷയത്തിൽ സംഘപരിവാർ സർക്കാരിൻ്റെ ചെരുപ്പ് നക്കി വെളുപ്പിക്കുന്ന തിരക്കിലായതിനാൽ കുട്ടികളുടെ പ്രതികരണങ്ങളില്ല, നീറ്റിൽ ആരാണ് നീചനെന്ന ചോദ്യങ്ങളില്ല, നെറ്റ് കുട്ടികൾക്കുള്ള കെണിയോ എന്ന പ്രൈം ടൈമില്ല. ആരുടെ ദിവ്യ എന്ന് 10 ദിവസം ചോദിച്ച മലയാള മാധ്യമങ്ങളോട് നിങ്ങളാരുടെ മാമ എന്ന് തിരിച്ച് ചോദിക്കാൻ ഓരൊ മലയാളിക്കും അധികാരവും അവകാശവുമുണ്ട്. ചുരുങ്ങിയത് പരീക്ഷ എഴുതിയ ഈ 35 ലക്ഷം കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കുമെങ്കിലും..