01/09/2026
പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്ടവാകാൻ നിർബന്ധിച്ചിട്ടും, 'വേണ്ടാ' എന്ന് പറഞ്ഞ പത്രപ്രവർത്തകർ ഉണ്ടാവുമോ ? പ്രധാനമന്ത്രിയോട് ചോദിച്ചാൽ പലതും തടയുമായിരുന്നെങ്കിലും , ചോദിച്ച ഒറ്റ കാര്യം എന്താണെന്നോ ? ഒരു അഭിമുഖം മാത്രം . അതായിരുന്നു സച്ചി എന്ന് സഹപ്രവർത്തകർ സ്നേഹപൂർവ്വം വിളിച്ചിരുന്ന കെ . എസ് . സച്ചിദാനന്ദ മൂർത്തി (1955 - 2023) . തുടക്കം ഇന്ത്യൻ എക്സ്പ്രസ്സ് ബാംഗ്ലൂർ റിപ്പോർട്ടറായി . പിന്നെ ദി വീക്കിന്റെ ബാംഗ്ലൂർ കറസ്പോണ്ടൻറ് . അങ്ങനെ ഒന്നര പതിറ്റാണ്ടത്തെ " ബാംഗ്ലൂർ ഡേയ്സ് " സച്ചിയെ ദേവെ ഗൗഡയുടെ അടുത്ത സുഹൃത്താക്കി . ഗൗഡ പ്രധാനമന്ത്രി ആയപ്പോൾ സച്ചി ചോദിച്ചത് ഒരു ഇന്റർവ്യൂ മാത്രം . നീണ്ട മുപ്പത്തിരണ്ട് വർഷം രാജ്യ തലസ്ഥാനത്തെ തലയെടുപ്പുള്ള പത്രപ്രവർത്തകൻ മാത്രമായിരുന്നില്ല സച്ചി . പരന്ന വായനയുടെയും സൗഹൃദ കൂട്ടായ്‌മകളുടെയും ആശാൻ. വായനയിൽ രാഷ്ട്രിയവും നയതന്ത്രവും ശാസ്ത്രവും സാഹിത്യവും നാടകവും കവിതയും .. തീർന്നില്ല . കൂട്ടിനു ത്രില്ലറും . വീക്കിന്റെ 'ഗ്ലാമർ' പേജിന്റെ ആശയത്തിനുമുണ്ടാകും സച്ചി വക ഒരു ടച്ച് അപ്പ് . സൗഹൃദവലയത്തിനുമുണ്ട് ഒരു സച്ചി ടച്ച് . മന്ത്രിയും അംബാസഡറും മാത്രമല്ല , ക്ലർക്കും അറ്റെൻഡറും മൊക്കെ ഒരു പത്രപ്രവർത്തകന്റെ സൗഹൃദവലയത്തിൽ ഉണ്ടാകണമെന്ന് യുവസഹപ്രവർത്തകരോട് അദ്ദേഹം പറയാറുമുണ്ട് .
സച്ചിയെ അനുസ്മരിക്കുന്ന ബൈലൈൻ 3 - ഓർമയിലെ താളുകളിലെ ( ലിപി പബ്ലിക്കേഷൻസ് ) തന്റെ ലേഖനത്തിൽ ജോസ് പനച്ചിപ്പുറം പറയുന്നുണ്ട് , മുപ്പത്തിരണ്ട് വർഷം എല്ലാ ദിവസവും കോട്ടയം - Delhi ലൈനിൽ സച്ചിയുമായി 'വാർത്താവിനിമയം' നടത്തിയ കഥ . പനച്ചിക്ക് ഇനിയുമുണ്ട് ചില വർഷ കണക്കുകൾ . മനോരമയിലെ തരംഗങ്ങളിലെ പനച്ചി 46 വർഷം , ഭാഷാപോഷിണിയിലെ 'സ്നേഹപൂർവ്വം പനച്ചി' 32 വർഷം . മലയാളിയെ ദിവസവും ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന " കുഞ്ചുക്കുറുപ്പും " പനച്ചിക്കു സ്വന്തം .