28/12/2015
ഫേസ്ബുക്കിന്റെ ഇന്റർനെറ്റ്.ഓർഗിനെതിരായി ട്രായ്ക്ക് മറുപടി അയക്കാനുള്ള അവസാന തിയതി ഡിസംബർ 30ന് തീരും. ഇന്ത്യയിലെ ഇന്റർനെറ്റിന്റെ ഭാവി നിർണ്ണയിക്കേണ്ടത് ഇന്ത്യക്കാരാണോ അതോ ഒരു വിദേശ കമ്പനിയാണോ എന്ന് തീരുമാനിക്കുന്ന സമയമാണിത്. തങ്ങൾക്ക് അനുകൂലമായ പ്രചരണത്തിന് 'ഫേസ്ബുക്ക് ഇന്ത്യ' അവരുടെ വരുമാനത്തിന്റെ മൂന്നിലൊന്നോളമാണ്(ഏകദേശം നൂറു കോടി രൂപ) ചെലവാക്കുന്നത്. പത്രങ്ങളിൽ ഫുൾപേജ് പരസ്യങ്ങളായും, ബിൽബോർഡുകളായും ടിവി, സിനിമാ, യൂട്യൂബ് പരസ്യങ്ങളായും ഗ്രാമപ്രദേശങ്ങളിൽ ഐസ്‌ക്രീം ട്രക്കുകളായും വരെ ഇന്റർനെറ്റ്.ഓർഗ് അവർക്കനുകൂലമായി പൊതുബോധ നിർമ്മാണത്തിനു ശ്രമിയ്ക്കുകയാണ്.
ട്രായ്ക്ക് ഫേസ്ബുക്കിന്റെ കുരുക്കിൽ കുടുങ്ങിയവരുടെ വകയായി 5.5 ലക്ഷം മെയിലുകൾ വന്നുവെന്നാണ് പറയുന്നത്. സ്വതന്ത്ര ഇന്റർനെറ്റിനായി പ്രവർത്തിക്കുന്ന http://savetheinternet.in എന്ന വെബ്‌സൈറ്റ് വഴി ഒരു ലക്ഷത്തി എഴുപതിനായിരത്തോളം മെയിലുകൾ എതിരായും ഇതുവരെ ലഭിച്ചു. ഇന്ത്യയിലെ ഇന്റർനെറ്റുമായി ബന്ധപ്പെട്ട പോളിസി നിർമ്മാണത്തിന് നാല് ലക്ഷത്തോളം മെയിലുകൾക്ക് ഇന്ത്യാക്കാർ, അമേരിക്കൻ കമ്പനിയുടെ പിന്നിലാണെന്നർത്ഥം.
രണ്ട് മിനിറ്റ് മതി ഒരു മെയിൽ അയക്കാൻ. നമ്മുടെ കാലത്തെ ഏറ്റവും രാഷ്ട്രീയ പ്രാധാന്യമുള്ള ഇടപെടലുകളിൽ ഒന്നാകും അത്. ഇന്റർനെറ്റ് സമത്വമെന്നത് നമ്മുടെ പിൻതലമുറക്കും അവകാശപ്പെട്ടതാണ്. അതുകൊണ്ട് അൽപ്പ സമയം ഇതിനായി ചെലവഴിക്കൂ.
ചെയ്യേണ്ടത്
1. http://savetheinternet.in - ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
2. വെബ്‌സൈറ്റിലെ Respond to TRAI now എന്നതിൽ ക്ലിക്ക് ചെയ്യുക.
3. വിശദമായ ഒരു മെയിൽ പ്രത്യക്ഷപ്പെടും. മെയിൽ കോപ്പി ചെയ്യുക. അതിനുശേഷം താഴെയുള്ള Done ബട്ടണിൽ ക്ലിക്ക് ചെയ്യുക. (Done ബട്ടണിൽ ക്ലിക്ക് ചെയ്യുമ്പോൾ വേറെ വിൻഡോയിൽ നിങ്ങളുടെ മെയിൽ ഓപ്പണായി കിടക്കുകയാണെങ്കിൽ തുടർന്നുള്ള നടപടികൾ എളുപ്പമാണ്. Done അടിച്ചതിനു ശേഷം gmail / yahoo / outlook ബട്ടണിൽ ക്ലിക്ക് ചെയ്താൽ അയക്കേണ്ട മെയിൽ, വിലാസവും സബ്ജക്ടുമുൾപ്പെടെ പുതിയ വിൻഡോയിൽ തുറന്നുവരും. മെസ്സേജ് മാത്രം പോസ്റ്റ് ചെയ്താൽ മതിയാകും)
4. മൊബൈലിൽ നിന്നാണെങ്കിൽ മെയിൽ പൂർണമായും നിങ്ങളുടെ ഇമെയിൽ ആപ്പിൽ തന്നെ തുറന്നു വരും. കോപ്പി പേസ്റ്റ് ചെയ്യേണ്ടതില്ല.
5. മെയിൽ വായിച്ചു നോക്കുക. തിരുത്തുകളുണ്ടെങ്കിൽ വരുത്തുക. നേരെ അയക്കുക.
സ്വതന്ത്രമായ ഇന്റർനെറ്റ് നമ്മുടെ അവകാശമാണ്.ഒ മൂന്നു ദിവസത്തിനുള്ളിൽ 10 ലക്ഷം മെയിൽ എന്നതാണ് സ്വതന്ത്ര ഇന്റർനെറ്റ് പ്രചാരകർ ലക്ഷ്യമിടുന്നത്. അതിനാൽ മറ്റുള്ളവർ അയക്കട്ടെ എന്ന് വിചാരിക്കാതിരിക്കുക. എല്ലാവരും ചേർന്നാലേ ലക്ഷ്യം നേടാനാകൂ.