13/12/2024
തൊപ്പി വിശേഷം.
ഷൈജു ആന്റണി.
തൊപ്പി ധരിക്കുക എന്നതിന് മതപരമായ പ്രാധാന്യം ഉള്ളപ്പോൾ തന്നെ സാംസ്കാരികവും ചരിത്രപരവുമായ ഒരു മാനം കൂടി അതിനുണ്ട്. കർദിനാൾ കൂവക്കാട്ട് ധരിച്ച തൊപ്പിയും ഇത്തരത്തിൽ ചരിത്ര പ്രാധാന്യം ഉണ്ട് എന്ന് വാദിക്കുന്ന കൽദായർ അനവധിയാണ്. മാർപാപ്പ പിന്നീട് നൽകിയ കർദ്ദിനാൾ തൊപ്പി നിരസിച്ചതിനും ഇതേ ന്യായമാണ് അവർ പറയുന്നത്.
കർദിനാൾ കൂവക്കാടിന്റെ തൊപ്പിക്ക് തുർക്കിയിലെ ഓട്ടോമൻ ചക്രവർത്തി നടപ്പാക്കിയ ഫെസ് എന്ന തൊപ്പിയുമായി ഏറെ സാമ്യമുണ്ട്. ഒരു നൂറ്റാണ്ടോളം ഒട്ടോമൻ പൗരന്മാർ ധരിച്ചിരുന്ന തൊപ്പിയാണ് ‘ഫെസ്’. യുറോപ്യൻ പുരുഷന്മാർ വരെ ഫെസ് ഒരു ഉയർന്ന വസ്ത്രയിനമായി കണ്ടിരുന്നു. യുവാക്കളും വൃദ്ധന്മാരും വരെ “തുർക് ബ്ലൂ” എന്ന ഈ തൊപ്പിയെ ഇഷ്ടപ്പെട്ടിരുന്നു. യൂറോപ്പ് വരെ ഫെസ് തൊപ്പിയുടെ സ്വാധീനം വ്യാപിച്ചിരുന്നു. ബ്രിട്ടീഷ് നോവലിസ്റ്റ് അർനോൾഡ് ബെന്നറ്റിന്റെ “ഹെലൻ വിത്ത് എ ഹൈ ഹാൻഡ്” എന്ന നോവലിലെ ജെയിംസ് എന്ന കഥാപാത്രം വീട്ടിൽ തിരിച്ചെത്തുമ്പോൾ ചുവന്ന “തുർക്കിഷ് തൊപ്പി” ധരിക്കുന്നതായി പറയുന്നുണ്ട്.
ഒട്ടോമൻ നാവിക കമാൻഡർ ഹുസ്രോവ് പാഷയാണ് തുനീഷ്യയിലെ തന്റെ സൈനികരെ ഫെസ് തൊപ്പി ധരിക്കാൻ ആദ്യമായി പ്രേരിപ്പിക്കുന്നത്. ഒട്ടോമൻ സുൽത്താൻ മഹ്മൂദ് രണ്ടാമൻ ഈ നാവികതൊപ്പി ഒരു ചടങ്ങിൽ വെച്ചാണ് ആദ്യമായി കാണുന്നത്. തൊപ്പിയിൽ ആകൃഷ്ടനായ അദ്ദേഹം 1828ൽ എല്ലാ സൈനികരോടും പൊതു ഉദ്യോഗസ്ഥരോടും ഫെസ് തൊപ്പി ധരിക്കാൻ ഉത്തരവിട്ടു കൊണ്ട് ഒരു നിയമം കൊണ്ടുവന്നു.
വസ്ത്രധാരണവും ഇസ്‌ലാമും തമ്മിലുള്ള ബന്ധം, തലപ്പാവ് ധരിക്കാൻ മുസ്‌ലിംകളെ പ്രാപ്തരാക്കുന്ന അതേ വികാരം തന്നെ, ഒട്ടോമൻ പൊതുജനങ്ങൾക്കിടയിൽ ഫെസ് തൊപ്പിക്ക് വലിയ സ്വീകാര്യത നൽകി. സുൽത്താൻ മഹ്മൂദ് രണ്ടാമൻ നടപ്പാക്കിയ ഈ പരിഷ്കാരം ദേശീയ ഘടനക്ക് അനുസൃതമായി നടപ്പിൽ വന്നു.
സുൽത്താൻ അബ്ദുൽ അസീസ് “അസീസി” എന്ന ചെറുതായ ചുരുങ്ങിയ ഫെസായിരുന്നു ധരിച്ചിരുന്നത്, സുൽത്താൻ അബ്ദുൽഹമീദാവട്ടെ “ഹാമിദി” എന്ന് വിളിക്കുന്ന നീണ്ട ഫെസായിന്നു ധരിച്ചത്. ചിലർ തൊപ്പി പുരികം വരെ ധരിച്ചിരുന്നു, ചിലരാവട്ടെ അത് തലയുടെ പിന്നിലേക്കും ധരിച്ചിരുന്നു.
തുർക്കി റിപ്പബ്ലിക്കായതിന് ശേഷം, 1925-ൽ അഭൂതപൂർവമായ ഒരു നിയമം പാസ്സായി. ഈ നിയമപ്രകാരം ഫെസ് തൊപ്പി ധരിക്കുന്നത് കുറ്റകരമായി കണക്കാക്കപ്പെടുകയും ലംഘിക്കുന്നവർക്ക് പിഴ ചുമത്തുകയും ചെയ്തു. എന്നിരുന്നാലും, ഓട്ടോമൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന സിറിയ, ഇറാഖ്, ഫലസ്തീൻ, ഈജിപ്ത്, പശ്ചിമ ത്രേസ്, മാസിഡോണിയ, ബോസ്നിയ തുടങ്ങിയ രാജ്യങ്ങളിൽ ഫെസ് പാരമ്പര്യം നിലനിന്നിരുന്നു. തുനീഷ്യ, ലിബിയ, മൊറോക്കോ, അൾജീരിയ എന്നിവിടങ്ങളിൽ ഫെസ് തൊപ്പിക്ക് ഇന്നും ജനപ്രീതി നഷ്ടപ്പെട്ടിട്ടില്ല. മാത്രമല്ല, ഇന്ന് ഓട്ടോമൻമാരുടെയും തുർക്കികളുടെയും പ്രതീകമായാണ് ഫെസ് കാണപ്പെടുന്നത്.
ഓട്ടോമൻ സാമ്രാജ്യത്തിൽ നടപ്പിൽ വന്ന ഫെസ് എന്ന തുർക്കിതൊപ്പിയാണ് ഇപ്പോൾ കൽദായ പാരമ്പര്യമായി അവകാശപ്പെടുന്നത്. AD 52ൽ നിലവിൽ വന്ന സീറോ മലബാർ സഭയിലെ ഒരു മെത്രാൻ 1800 ന് ശേഷം ഓട്ടോമൻ ചക്രവർത്തി നടപ്പാക്കിയ തെപ്പിയാണ് പാരമ്പര്യം എന്നു പറയുന്നതിലെ വൈരുധ്യത്തെ കാണാതിരുന്നു കൂടാ. മുശ്ളിമിന്റെ തലപ്പാവ് കർദിനാളിന്റെ ഔദ്യോഗിക ശിരോവസ്ത്രമായി മാറുന്ന കാഴ്ച എന്തു കൊണ്ടും രസകരമാണ്.