31/10/2024
ക്രോസ്ബെൽറ്റ് മണി
•••••••••••••••••••
ഓർമ്മയായിട്ട് മൂന്നാണ്ട്
🔸🔸
മലയാളത്തിലെ മുഖ്യധാരാ സിനിമാ സംവിധായകരിൽ പ്രമുഖനായിരുന്ന ക്രോസ്ബെൽറ്റ് മണിയുടെ രണ്ടാം ഓർമ്മ ദിനമാണിന്ന്.
തന്റെ ആദ്യകാല ഹിറ്റ് ചിത്രത്തിന്റെ പേരു കൂടി ചേർത്ത് 'ക്രോസ്ബെൽറ്റ് മണി' എന്ന പേരിൽ അറിയപ്പെട്ട ഇദ്ദേഹത്തിന്റെ യഥാർത്ഥ പേര് കെ. വേലായുധൻ നായർ എന്നാണ്.
ആദ്യ കാലത്ത് പ്രമുഖ എഴുത്തുകാരുടെ സൃഷ്ടികൾ (വിശേഷിച്ചും നാടകങ്ങൾ) സിനിമയാക്കാനാണ് ക്രോസ്ബെൽറ്റ് മണി ശ്രദ്ധിച്ചിരുന്നത്. പിന്നീട് ആക്ഷൻ സിനിമകളിലേക്ക് ചുവട് മാറ്റി. സംഘട്ടന രംഗങ്ങൾ വ്യത്യസ്തമായ രീതിയിൽ ചിത്രീകരിക്കുക ഒരു ഹരമായിരുന്നു ക്രോസ്ബെൽറ്റ് മണിക്ക്.
അദ്ദേഹം നാല്പതോളം ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. പത്തോളം സിനിമകളൂടെ സിനിമാറ്റോഗ്രാഫർ ആയും അദ്ദേഹം പ്രവർത്തിച്ചു.
🌏
തിരുവനന്തപുരം വലിയശാലയിൽ മാദവവിലാസം കൃഷ്ണപ്പിള്ളയുടെയും കമലമ്മയുടെയും മകനായി 1935 ഏപ്രിൽ 22-നായിരുന്നു ജനനം. ഫോട്ടോഗ്രാഫിയിലുള്ള താല്പര്യമാണ് വേലായുധൻ നായരെ സിനിമയിൽ എത്തിച്ചത്. വേലായുധന്‍ നായരെ അച്ഛൻ മേരിലാന്റ് സ്റ്റുഡിയോയിലെ പി.സുബ്രഹ്മണ്യത്തിന്റെ കീഴിൽ ഫോട്ടോഗ്രാഫി പഠിക്കാൻ പറഞ്ഞയച്ചു. അന്ന് അവിടെ ക്യാമറാമാനായിരുന്ന എൻ എസ് മണിക്കൊപ്പം ഛായാഗ്രഹണം പരിശീലിച്ചു. 1956 മുതൽ 1961 വരെ പി. സുബ്രഹ്മണ്യത്തിന്റെ മെറിലാന്റ് സ്റ്റുഡിയോയിൽ പ്രവർത്തിച്ചു. ഈ കാലയളവിൽ ഇവിടെനിന്നാണ് സിനിമാ ഛായാഗ്രഹണം സംവിധാനം എന്നിവയുടെ പ്രാഥമികപാഠങ്ങൾ പഠിക്കുന്നത്.
1961-ൽ കെ.എസ് ആന്റണി സംവിധാനം ചെയ്ത 'കാൽപ്പാടുകൾ' എന്ന സിനിമയിൽ നിശ്ചല ഛായാഗ്രാഹകാനായി. (ഇതിന്റെ സിനിമാട്ടോഗ്രാഫർ ഇ എൻ സി നായർ ആണ്. യേശുദാസ് അരങ്ങേറ്റം കുറിച്ച സിനിമ കൂടിയായിരുന്നുല്ലോ ഇത്. ഇതിലെ സംഗീത സംവിധാനം എം.ബി. ശ്രീനിവാസൻ)
പിന്നീട്, വേലായുധൻ നായർ എന്ന പിൽക്കാല ക്രോസ്‌ബെൽറ്റ് മണി, ഗുരുവും പ്രസിദ്ധ സിനിമാ ഛായാഗ്രാഹകനുമായിരുന്ന എൻ എസ് മണി മേരിലാന്റ് വിട്ട് മദ്രാസ്സിൽ എത്തിയപ്പോൾ ഈ ശിഷ്യനും ഗുരുവിനെ പിൻതുടരുകയും അദ്ദേഹത്തിനൊപ്പം നിരവധി ചിത്രങ്ങളിൽ അസോസിയേറ്റ് ക്യാമറാമാനായും ഓപ്പറേറ്റിംഗ് ക്യാമറാമാനായും ജോലി നോക്കുകയും ചെയ്തു.
പിന്നീട്, സംവിധാന രംഗത്തെ ഗുരുവിനെയും വേലായുധൻ നായർ കണ്ടെത്തി: 1964-ൽ ശശികുമാറിന്റെ സഹസംവിധായകനായി പ്രവര്‍ത്തിച്ചു തുടങ്ങിയ അദ്ദേഹം ഇദ്ദേഹത്തിന്റെ നിരവധി ചിത്രങ്ങളിൽ സഹകരിച്ചു.
🌏
1968-ൽ പുറത്തിറങ്ങിയ 'മിടുമിടുക്കി'യാണ് ക്രോസ്‌ബെൽറ്റ് മണി സംവിധാനം ചെയ്ത ആദ്യ സിനിമ. ഇതിലെ അതിപ്രസിദ്ധമായ പാട്ട് ഇന്നും മലയാളികൾക്ക് പ്രിയപ്പെട്ട ഒന്നാണ്: "അകലെ അകലെ നീലാകാശം...." പ്രശസ്ത നാടക രചയിതാവായിരുന്ന കെ ജി സേതുനാഥ് ആണ് 'മിടുമിടുക്കി'തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയത് സത്യനും ശാരദയും നായികാനായകന്മാരായ ഈ ചിത്രം സാമ്പത്തികമായി വിജയിച്ചില്ലെങ്കിലും ഇതിലെ ഗാനങ്ങൾ വളരെ ശ്രദ്ധേയങ്ങളായി.
അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രമായ 'ക്രോസ്‌ബെൽറ്റ്' എന്ന ചിത്രത്തോടെ ആണ് അദ്ദേഹം പ്രശസ്തനാകുന്നത്. 1970-ൽ റിലീസ് ചെയ്ത ഈ സിനിമ എൻ എൻ പിള്ളയുടെ അതിപ്രസിദ്ധമായ നാടകത്തിന്റെ ചലച്ചിത്രരൂപമാണ്. (ഇതിൽ ഒരു വേഷത്തിൽ നാടകകൃത്ത് എൻ എൻ പിള്ള സ്ക്രീനിൽ വരുന്നു മുണ്ട്.) അതോടെ അദ്ദേഹം തുടക്കത്തിൽ സൂചിപ്പിച്ച പോലെ ക്രോസ്‌ബെൽറ്റ് മണി എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി.
എൻ.എൻ. പിള്ളയുടെ മറ്റൊരു പ്രസിദ്ധ നാടകമായ 'കാപാലിക'യും 1973-ൽ മണി തന്നെ സിനിമയാക്കി. (ഇതിൽ ഒരു വേഷത്തിൽ നാടകകൃത്ത് എൻ എൻ പിള്ള സ്ക്രീനിൽ വരുന്നുമുണ്ട്; ഷീലയുടെ നായികാ കഥാപാത്രത്തിന്റെ അപ്പൻ ലാസറായി ആണ് ആ വേഷം; അതിലെ ഒരു ഇംഗ്ലീഷ് ക്ലബ് സോങ് രചിച്ചതും എൻ.എൻ. പിള്ളയാണ്. "A smash and a clash/ We call it a thunder" എന്നു തുടങ്ങുന്നു ആ ഗാനം.) എന്നാൽ ഇത് 'കാപാലിക' നാടകം പോലെ സിനിമയിൽ ഹിറ്റായില്ല.
എന്‍.എന്‍. പിള്ളയുടെ 'കാപാലിക'യെ തുടർന്ന്, എസ്.കെ. പൊറ്റക്കാട്ടിന്റെ 'നാടന്‍പ്രേമം'; കടവൂര്‍ ചന്ദ്രന്‍പിള്ളയുടെ 'പുത്രകാമേഷ്ടി'; കാക്കനാടന്‍ തിരക്കഥ എഴുതിയ 'വെളിച്ചം അകലെ'; തോപ്പില്‍ ഭാസി എഴുതിയ 'മനുഷ്യബന്ധങ്ങള്‍'; വിക്ടർ ഹ്യൂഗോയുടെ വിഖ്യാത നോവലായ 'ലെ മിറാബിളെ’യിൽ നിന്നു പ്രചോദനമുൾക്കൊണ്ട് കാക്കനാടനും നാഗവള്ളി ആര്‍.എസ് കുറുപ്പും ചേര്‍ന്നെഴുതിയ 'നീതിപീഠം' തുടങ്ങിയ സാഹിത്യ അടിത്തറയുള്ള രചനകൾ ക്രോസ്‌ബെൽറ്റ് മണി സിനിമകളാക്കി.
കലാമൂല്യം തേടിയുള്ള സിനിമകളുടെ ട്രാക്ക് മാത്രമായി നീണ്ടകാലം ഫീൽഡിൽ പിടിച്ചു നിൽക്കാൻ കഴിയാതെ വന്നപ്പോൾ അദ്ദേഹം ട്രാക്ക് മാറ്റി, ആക്ഷൻ സിനിമകളിലേക്ക് കടന്നു.
മണിയുടെ കൗബോയ് ആക്‌ഷൻ ത്രയത്തിലെ ആദ്യ ചിത്രമായിരുന്നു 'പെൺപട' (1975). 'പെൺപുലി'യും 'പട്ടാളം ജാനകി'യും പിറകെ വന്നു.
'ബ്ലാക്ക്മയില്‍'; 'പെൺപുലി'; 'പെണ്‍പട'; 'പട്ടാളം ജാനകി'; 'ഈറ്റപ്പുലി'; 'റിവെഞ്ച്'; 'തിമിംഗലം' തുടങ്ങി നിരവധി ആക്ഷൻ സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തു. ഇവയിൽ പലതും സാമ്പത്തികമായി വിജയിച്ചെങ്കിലും മണിയുടെ മുൻചിത്രങ്ങൾ പോലെ ശ്രദ്ധേയമായില്ലന്നാണ് എന്റെ തോന്നൽ. ലോജിക്കില്ലാത്ത ആ ത്രില്ലർമാജിക് കാണാൻ വീർപ്പടക്കി കാത്തിരുന്നവരെ ഇവ തൃപ്തിപ്പെടുത്തി.
ത്രില്ലർ സിനിമയുടെ അക്കാലത്ത് അദ്ദേഹത്തിന്റെ സഹസംവിധായകൻ ആയിരുന്നു ജോഷി.
മണിയുടെ ചിത്രങ്ങളിൽ തമിഴ് നടി രാജകോകില നിത്യസാന്നിധ്യമായിരുന്നു.... ഇവർ ഏറെ അടുപ്പമായിരുന്നതായും കേട്ടിട്ടുണ്ട്. (രാജകോകിലടെ സഹോദരി രാജമല്ലികയുടെ മകളാണല്ലോ പ്രസിദ്ധ നടി മീന.)
🌏
ഇതിനിടയിൽ നിർമ്മാണത്തിലേക്ക് തിരിഞ്ഞ ഇദ്ദേഹം 1976 ൽ താൻതന്നെ സംവിധാനം ചെയ്ത ചിത്രങ്ങളായ യുദ്ധഭൂമി/ചോറ്റാനിക്കര അമ്മ എന്നീ ചിത്രങ്ങൾ നിർമ്മിക്കുകയും ചെയ്തു.
സിനിമാ നിർമ്മാണക്കമ്പനിയായ എസ് ആർ പ്രൊഡക്ഷൻസിനു വേണ്ടി സിൽക് സ്മിത മുഖ്യവേഷമിട്ട 'വീര വിഹാർ' (1987) എന്ന തെലുങ്ക് സിനിമ സംവിധാനം ചെയ്തു.
ഇതിനു ശേഷം1987-ൽ തന്നെ ഇറങ്ങിയ 'നാരദന്‍ കേരളത്തിൽ' (നാടകത്തിന്റെ ചലച്ചിത്ര ആവിഷ്ക്കരണം); 1989-ൽ വന്ന 'ദേവദാസ്' (ഇതിൽ വേണു നാഗവള്ളിയും പാര്‍വതിയും നായികാനായകന്മാരായി) എന്നീ സിനിമകൾ, ഇദ്ദേഹം തന്റെ ആക്ഷൻ ചിത്രങ്ങൾക്കിടയിൽ വ്യത്യസ്തമായി ചെയ്ത രണ്ട് സിനിമകളായിരുന്നു.
1990-ൽ പുറത്തിറങ്ങിയ 'കമാൻഡർ' എന്ന ചിത്രമായിരുന്നു അദ്ദേഹം അവസാനമായി സംവിധാനം ചെയ്തത്.
🌏
സിനിമാരംഗം വിട്ട്, വിശ്രമത്തിലായിരുന്ന ക്രോസ് ബൽറ്റ് മണി 2021 ഒക്ടോബർ 30-ന് 86-ാം വയസ്സിൽ തിരുവനന്തപുരത്തെ വസതിയിലായിൽ അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം.
മണിയുടെ ഭാര്യ: ഇരണയിൽ ഭഗവതിമന്ദിരത്ത് ശ്രീമതിയമ്മയെ (വള്ളിയമ്മ) വിവാഹം കഴിച്ചു. മക്കൾ: രൂപ (ഗൾഫ്), സംവിധായകനായ കൃഷ്ണകുമാർ. മരുമക്കൾ: അശോക് കുമാർ (ഗൾഫ്), ശിവപ്രിയ.
നടി രാജകോകിലയുമായുള്ള ബന്ധവും മണി ജീവിതാവസാനം വരെ നിലനിർത്തിയിരുന്നു എന്നും ആ ബന്ധത്തിൽ ഒരു മകളുണ്ടെന്നും ഇക്കാര്യങ്ങൾ അറിയുന്നവർ രേഖപ്പെടുത്തുന്നുണ്ട്.
____________
ആർ. ഗോപാലകൃഷ്ണൻ | 2024 ഒക്ടോബർ 30..................
'മണിച്ചിത്രപ്പാട്ടുകൾ'
🔸
ക്രോസ്ബെൽറ്റ് മണിയുടെ സിനിമകൾ പലതും ഇന്ന് മറവിയുടെ മരുപ്പറമ്പിലായായെങ്കിലും ആ സിനിമകളിലെ പാട്ടുകൾ പലതും ജീവിക്കുന്നു ഇന്നും: അകലെയകലെ നീലാകാശം, പൊന്നും തരിവള മിന്നും കൈകളിൽ, കനകപ്രതീക്ഷ തൻ (മിടുമിടുക്കി), കാലം മാറിവരും (ക്രോസ്ബെൽറ്റ്), ചന്ദ്രികാചർച്ചിതമാം രാത്രിയോടോ (പുത്രകാമേഷ്ടി), ജന്മബന്ധങ്ങൾ വെറും ജലരേഖകൾ (വെളിച്ചം അകലെ), വെള്ളിത്തേൻ കിണ്ണം പോൽ (പെൺപട), രാഗങ്ങൾ ഭാവങ്ങൾ (കുട്ടിച്ചാത്തൻ), ആഷാഢമാസം (യുദ്ധഭൂമി), മനസ്സ് മനസ്സിന്റെ കാതിൽ (ചോറ്റാനിക്കര അമ്മ), പുലർകാലം പുലർകാലം (നീതിപീഠം), കണ്ടനാൾ മുതൽ (ആനയും അമ്പാരിയും), അനുരാഗസുധയാൽ (യൗവനം ദാഹം).... എല്ലാം 'മണിച്ചിത്രങ്ങളിലെ' ഇമ്പമുള്ള പാട്ടുകൾ. ........................