22/03/2025
അന്ന് പത്താം ക്ലാസിൽ 600ൽ 276 മാർക്ക് എന്ന കേവലവിജയം, ഇന്ന് രണ്ട് PhD ബിരുദവും എം.എഡും സ്വന്തം പേരിനൊപ്പം, 42 ഗ്രന്ഥങ്ങളുടെ രചയിതാവ്. മലയാള സർവകലാശാല അസിസ്റ്റൻ്റ് പ്രൊഫസറും കൊല്ലം സ്വദേശിയുമായ ഡോ.അശോക് ഡിക്രൂസിൻ്റെ കുറിപ്പ് വൈറലാകുന്നു.
ഡിക്രൂസ് മാഷിൻ്റെ ഫെസ് ബുക്ക് കുറിപ്പിൻ്റെ പൂർണ്ണരൂപം.
പരീക്ഷക്കാലമാണ്.
പരീക്ഷ എഴുതുന്ന എല്ലാവർക്കും വിജയാശംസകൾ!
ഇനി പറയാനുള്ളത് കുറേക്കാലം മുമ്പ് നിങ്ങളെപ്പോലെ പരീക്ഷകളും പരീക്ഷണങ്ങളും നേരിട്ട ഒരാളുടെ കഥയാണ്.
ആദ്യം ഒരു പരീക്ഷക്കഥ:
പത്താം ക്ലാസ്സിലെ പരീക്ഷ പോലെ സുപ്രധാനമായ ഒരു പരീക്ഷ എഴുതാൻ പോകുമ്പോൾ നിങ്ങളുടെ കൈവശം എത്ര പേനകൾ ഉണ്ടാകും? ചുരുങ്ങിയത് രണ്ടെണ്ണമെങ്കിലും ഉണ്ടാകും, അല്ലേ? എന്നാൽ, ശരിക്കും തെളിയുന്ന പേന ഇല്ലാതെ പത്താം ക്ലാസ്സിലെ മലയാളം പരീക്ഷ എഴുതാൻ പോയ ഒരു വിദ്യാർത്ഥിയെ പരിചയപ്പെടുത്താം.
വർഷം: 1993. SSLC പരീക്ഷയുടെ ആദ്യ ദിവസം. പരീക്ഷ: മലയാളം. പരീക്ഷ തുടങ്ങാറായി. കൈവശമുള്ള പേന തെളിയില്ലെന്ന് അവന് അറിയാമായിരുന്നു. അതിൻ്റെ അമ്പരപ്പ് അവനെ അടിമുടി നനച്ചുകൊണ്ടിരുന്നു. (മറ്റൊരു പേന വാങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയാത്ത അവസ്ഥ) പരീക്ഷ തുടങ്ങി. പേന തന്നാലാവും വിധം കുടഞ്ഞും റീഫില്ലറിന്റെ പിൻഭാഗത്ത് ഊതിയും അവൻ പരീക്ഷ എഴുതാൻ ശ്രമിച്ചുകൊണ്ടിരുന്നു. ആ കുട്ടിയുടെ ദൈന്യത പരീക്ഷാഹാളിൽ നിന്ന അധ്യാപകന്റെ ശ്രദ്ധയിൽപ്പെട്ടു. അയാൾ ഒരു നേർത്ത ഒച്ച കൊണ്ടുപോലും നോവിക്കാതെ പോക്കറ്റിൽ ഉണ്ടായിരുന്ന നീല റെയ്നോൾഡ്സ് പേന അവൻ്റെ നേർക്കു നീട്ടി. എത്രയോ കാലമായി അവൻ ആഗ്രഹിച്ചതാണ് ഒരു റെയ്നോൾഡ്സ് പേന ഉപയോഗിച്ച് എന്തെങ്കിലും എഴുതണമെന്ന്! പരീക്ഷ കഴിഞ്ഞു. പേന തിരികെ നൽകിയപ്പോൾ ആ അധ്യാപകൻ അവൻ്റെ പോക്കറ്റിലേക്ക് ആ പേന തിരുകിവച്ചിട്ട് ചുമലിൽ തട്ടിക്കൊണ്ട് പറഞ്ഞു: "നീ നന്നായി പഠിച്ചാൽ മതി!" അടുത്ത എത്രയോ പരീക്ഷകൾ അതിജീവിക്കാൻ ആ പേനയിലെ മഷിയും ആ അധ്യാപകൻ്റെ പെരുമാറ്റവും ധാരാളമായിരുന്നു.
ഇനി ഒരു പരീക്ഷണക്കഥ:
മുമ്പ് പരിചയപ്പെട്ട അതേ വിദ്യാർത്ഥി അപ്പോൾ ഡിഗ്രിക്ക് പഠിക്കുകയാണ്. വർഷം: 1995. അവൻ്റെ അടുത്ത ബന്ധുവിൻ്റെ കൈവശമുണ്ടായിരുന്ന ഒരു ഷീഫർ പേന അല്പനേരം എഴുതാൻ കൊതിയോടെ ചോദിച്ചു. അത്രയും വിലപിടിപ്പുള്ള പേനകൊണ്ട് എഴുതാനുള്ള പദവിയോ യോഗ്യതയോ അവനില്ലെന്നു പറഞ്ഞ് ആ ബന്ധു അവനെ ആട്ടിപ്പായിച്ചു. ഇപ്പോൾ അവൻ്റെ പക്കൽ വില കൂടിയതും കുറഞ്ഞതുമായ ഷീഫർ പേനകളുടെ ഒരു ശേഖരം തന്നെയുണ്ട്.
അന്ന്, പത്താം ക്ലാസ്സിലെ പരീക്ഷകളിൽ, അറുനൂറിൽ 276 മാർക്ക് വാങ്ങി കഷ്ടിച്ചു ജയിച്ചുകയറിയ ആ ചെറുക്കൻ പിന്നീട് 2 Ph.D. ബിരുദങ്ങൾ ഉൾപ്പെടെ 7 ബിരുദങ്ങൾ കരസ്ഥമാക്കിയിട്ടും പേനകളോടുള്ള താല്പര്യം തെല്ലും കുറഞ്ഞിട്ടില്ല. പലതരം പേനകളും വന്നുചേർന്നു. എന്നു മാത്രമല്ല, നാല്പതിലേറെ പുസ്തകങ്ങളും എഴുതിക്കഴിഞ്ഞു.
ഇത്രയും ഓർക്കാൻ കാരണം, അയാൾക്ക് ഇപ്പോൾ അമൂല്യമായ ഒരു Limited Edition Mont Blanc പേന ലഭിച്ചിരിക്കുന്നു. അമേരിക്കൻ പ്രസിഡൻ്റുമാരും ഇന്ത്യൻ പ്രധാനമന്ത്രിയുമൊക്കെ കൈയൊപ്പിടാൻ കൊള്ളാമെന്നു കരുതുന്ന പേനയാണത്.
കാലം ചിലപ്പോഴൊക്കെ അങ്ങനെയാണ്;
കാലത്തിനു നന്ദി!
പറഞ്ഞുവന്നത്, പരീക്ഷയാണ്, പരീക്ഷക്കാലമാണ്. ഒരു പരീക്ഷകൊണ്ടൊന്നും ജീവിതം അവസാനിക്കുന്നില്ല.
ജീവിതത്തിൽ പരീക്ഷകളും പരീക്ഷണങ്ങളും തുടർന്നുകൊണ്ടേയിരിക്കും. അതിനെയെല്ലാം അതിജീവിക്കുക എന്നതാണ് നമ്മൾ ചെയ്യേണ്ടത്.
റീഫില്ലറിന്റെ പിന്നിലൂടെ മഷി ഊതി SSLC പരീക്ഷ എഴുതാൻ ശ്രമിച്ച ഒരാളാണ് ഇതൊക്കെ പറയുന്നത്.
പരീക്ഷകളെ അതിജീവിക്കാൻ പരമാവധി ശ്രമിക്കുക; കാലം നിങ്ങൾക്കൊപ്പം ഉണ്ടാകും!
ആശങ്കയോടെ പരീക്ഷാഹാളിൽ ഇരുന്ന വിദ്യാർത്ഥിയുടെ കൈയിലേക്ക് Reynolds പേന വെച്ചുകൊടുത്തതുപോലെ കാലം നിങ്ങൾക്ക് കരുതിവെച്ചിട്ടുണ്ടാവുക Mont Blanc ആയിരിക്കാം!
എല്ലാ പ്രിയപ്പെട്ടവർക്കും വിജയാശംസകൾ!