
12/08/2025
Quantum Century Exhibition - ലോഗോ പ്രകാശനത്തിൽ ഞാനും പങ്കുചേരുന്നു.
പ്രപഞ്ചവിജ്ഞാനവും പ്രപഞ്ചബോധവും മാറ്റിമറിച്ച ശാസ്ത്രമേഖലയായ ക്വാണ്ടം ഭൗതികം പിറന്നിട്ട് ഒരു നൂറ്റാണ്ടാകുന്നു. അതിനകം ഇതരശാസ്ത്രശാഖകളിലേക്കും വികസിച്ച ക്വാണ്ടം സയൻസ് സാങ്കേതികവിദ്യാരംഗത്തു പ്രയോഗക്ഷമമായതോടെ എംആർഐ, ലേസർ, സെമികൺഡക്റ്റർ, എൽഇഡി ലൈറ്റ്, ക്യൂലെഡ് റ്റിവി സ്ക്രീൻ, അമോലെഡ് സെൽഫോൺ ഡിസ്പ്ലേ, സോളർ സെൽ, പെറ്റ്സ്കാൻ തുടങ്ങി പലതും നമുക്കു ലഭിച്ചു. ക്വാണ്ടം കമ്പ്യൂട്ടിങ്, ക്വാണ്ടം ക്രിപ്‌റ്റോഗ്രഫി, ക്വാണ്ടം ടെലിപോർട്ടേഷൻ, ക്വാണ്ടം സെൻസിങ് എന്നിവയെല്ലാം വൈകാതെ രംഗത്തെത്തും. ഭാവിയുടെ സാങ്കേതികവിദ്യ എന്നാണു ക്വാണ്ടം സാങ്കേതികവിദ്യയെ വിശേഷിപ്പിക്കുന്നത്.
ഈ പ്രാധാന്യം വിളംബരം ചെയ്യാൻ ക്വാണ്ടം സയൻസിന്റെ പിറവിയുടെ ശതാബ്ദിവർഷമായ 2025-നെ ഐക്യരാഷ്ട്രസഭ ക്വാണ്ടം സയൻസിന്റെയും ടെക്നോളജിയുടെയും അന്താരാഷ്ട്രവർഷം (International Year of Quantum Science and Technology) ആയി പ്രഖ്യാപിച്ചിരിക്കുകയാണ്. കേരള ശാസ്ത്രസാഹിത്യ പരിഷത്തും അതിന്റെ ഓൺലൈൻ സയൻസ് പോർട്ടലായ ലൂക്കയും (LUCA) ചേർന്ന് ഇതു വലിയൊരു ആഘോഷമാക്കുന്നു.
ഇതിന്റെ ഭാഗമായി കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിലെ ശാസ്ത്രസമൂഹകേന്ദ്രത്തിന്റെ (Centre for Science in Society - C-SiS, CUSAT) സഹായത്തോടെ, വിവിധ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളുടെ സഹകരണത്തോടെ ‘Quantum Century Exhibition’ എന്ന പ്രദർശനം ഒരുങ്ങുകയാണ്. സ്കൂൾ, കോളെജ് വിദ്യാർത്ഥികൾക്കും ഗവേഷകർക്കുമെല്ലാം പ്രയോജനപ്പെടുമാറു ക്യൂറേറ്റ് ചെയ്ത ഈ സയൻസ് എക്സിബിഷൻ സെപ്റ്റംബറിൽ കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വ്വകലാശാലയിൽ ആരംഭിക്കും. തുടർന്നു് ഒക്ടോബർ-ഡിസംബർ 2026 ജനുവരി മാസക്കാലയളവിൽ 14 ജില്ലകളിലായി വിവിധ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിലും നടക്കും.
പരീക്ഷണങ്ങൾ, ഇൻസ്റ്റലേഷനുകൾ, മാതൃകകൾ, മത്സരങ്ങൾ എന്നിവ പ്രദർശനത്തിൽ ഉണ്ടാകും. ഹോളോഗ്രാം, സിമുലേഷനുകൾ, വെർച്വൽ റിയാലിറ്റി, ലേസർ, സ്ഫെറിക്കൽ പ്രൊജക്‌ഷൻ തുടങ്ങിയ സാങ്കേതികവിദ്യകൾ ഉപയോഗിക്കും. പൊതുജനങ്ങൾ, സ്കൂൾ - കോളെജ് വിദ്യാർത്ഥികൾ, അധ്യാപകർ, ഗവേഷകർ തുടങ്ങി എല്ലാവരോടും സംവദിക്കുന്നതരത്തിലാണു പ്രദർശനം ഒരുക്കുന്നത്. കോളെജ് വിദ്യാർത്ഥികൾ , അധ്യാപകർ തുടങ്ങിയവർക്ക് Explainers ആയും പ്രദർശനത്തിന്റെ ഭാഗമാകാം. നമ്മുടെ സാധാരണബോദ്ധ്യങ്ങളോടു പൊരുത്തപ്പെടാത്ത ആശയതലമാണ് ക്വാണ്ടം സയൻസിനെന്നു വിദഗ്ദ്ധർ പറയുന്നു. ആ നിലയ്ക്ക് അതു മനസിലാക്കാൻ കൈവരുന്ന അവസരം എല്ലാവരും കഴിയുന്നത്ര പ്രയോജനപ്പെടുത്തുക! പ്രദര്‍ശനത്തിന്റെ വിശദവിവരങ്ങള്‍ വരുംദിവസങ്ങളിൽ പങ്കിടാം.
------------