24/10/2025
ഹിന്ദുത്വ രാഷ്ടീയത്തിന്റെ 100 വര്‍ഷം - ടി ടി ശ്രീകുമാര്‍ എഴുതുന്നു.
(എഡിറ്റര്‍ ഐ. ഗോപിനാഥ്, ദി ക്രിട്ടിക്ക് ബുക്‌സ്, തൃശൂര്‍)
'ആര്‍എസ്എസ്: ഹിന്ദുത്വ രാഷ്ടീയത്തിന്റെ 100 വര്‍ഷം' എന്ന ഈ പ്രഭാഷണ സമാഹാരം ശ്രദ്ധേയമായ രാഷ്ട്രീയ - സാംസ്‌കാരിക പ്രാധാന്യമുള്ളതാണ്. ദി ക്രിട്ടിക് യൂട്യൂബ് ചാനലില്‍ ആദ്യം സംപ്രേഷണം ചെയ്ത പതിനാറ് പ്രഭാഷണങ്ങളാണ് ഇതില്‍ സമാഹരിച്ചിട്ടുള്ളത്. കെ. വേണു, കെ. സച്ചിദാനന്ദന്‍, കല്‍പ്പറ്റ നാരായണന്‍, കെ. മുരളി, കെ. അരവിന്ദാക്ഷന്‍, സണ്ണി എം. കപിക്കാട്, കെ. ഇ. എന്‍. കുഞ്ഞഹമ്മദ്, സുനില്‍ പി. ഇളയിടം, മാളവിക ബിന്നി, ജെ. രഘു, പി. എന്‍. ഗോപീകൃഷ്ണന്‍, ടി. എസ്. ശ്യാംകുമാര്‍, സജീവന്‍ അന്തിക്കാട്, ടി. മുഹമ്മദ്, വേളം, സോയ ജോസഫ് എന്നിവരുടെ പ്രഭാഷണങ്ങള്‍ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ (ആര്‍. എസ്. എസ്) വിഭാഗീയ പ്രത്യയശാസ്ത്രത്തെയും ഭൂരിപക്ഷ മതരാഷ്ട്രീയത്തെയും സൂക്ഷ്മമായി വിശകലനം ചെയ്യുന്നു. 1925-ല്‍ സ്ഥാപിതമായ ആര്‍. എസ്. എസ്, ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമായി പുനര്‍നിര്‍മ്മിക്കാന്‍ ശ്രമിക്കുകയും ബിജെപി, വിഎച്ച്പി തുടങ്ങിയ അനുബന്ധ സംഘടനകളിലൂടെ രാജ്യത്തിന്റെ രാഷ്ട്രീയ സംസ്‌കാരത്തെ സ്വാധീനിക്കുകയും ചെയ്തുകൊണ്ട് ഹിന്ദുത്വത്തിന്റെ പ്രത്യയശാസ്ത്ര കേന്ദ്രമായി പ്രവര്‍ത്തിച്ചുകൊണ്ടാണ് ഇപ്പോള്‍ അധികാരത്തില്‍ എത്തിയിരിക്കുന്നത്. ദേശീയത, സംസ്‌കാരം, മതം എന്നിവയെക്കുറിച്ചുള്ള സംഘടനയുടെ നിലപാടുകള്‍ ഭരണഘടനാപരമായ ജനാധിപത്യം, ബഹുസ്വരത, മതേതരത്വം എന്നിവയെ എങ്ങനെ ദുര്‍ബലപ്പെടുത്തുന്നുവെന്നും, സ്വേച്ഛാധിപത്യ ജനകീയതയുടെ ഒരു പുതിയ രൂപത്തിന് വഴിയൊരുക്കുന്നതെങ്ങനെയെന്നും ഈ പ്രഭാഷണങ്ങള്‍ തുറന്നുകാട്ടുന്നു. ഈ 15 പ്രഭാഷണങ്ങള്‍ക്ക് അനുബന്ധമായി ''ഇന്ത്യയിലും ആഗോളതലത്തിലും ജനാധിപത്യത്തിന്റെ ഭാവി'' എന്ന വിഷയത്തിലുള്ള എന്റെ പ്രഭാഷണവും ഈ സമാഹരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതിന് നന്ദി പറയുന്നു. ചര്‍ച്ചയെ അന്തര്‍ദേശീയ സ്വേച്ഛാധിപത്യ പ്രവണതകളിലേക്ക് വ്യാപിപ്പിക്കാനുള്ള എളിയ ശ്രമമാണ് ഞാന്‍ നടത്തിയത്. പുസ്തകത്തിന്റെ ഒരു സവിശേഷത, പ്രഭാഷണങ്ങള്‍ കേള്‍ക്കാനുള്ള QR കോഡ് കൂടി നല്‍കിയിട്ടുണ്ട് എന്നതാണ്. നന്നായി ക്യൂറേറ്റ് ചെയ്തതും ആഴത്തില്‍ പ്രസക്തവുമായ പ്രഭാഷണങ്ങള്‍ അടങ്ങുന്നതുമായ ഈ പുസ്തകം സമകാലിക ഇന്ത്യയിലെ ഫാസിസ്റ്റ് ഏകീകരണത്തിനെതിരായ അടിയന്തര രാഷ്ട്രീയ - ബൗദ്ധിക ഇടപെടലായി നിലകൊള്ളുന്നു. വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ഈ പ്രഭാഷണങ്ങളില്‍ കടന്നുവരുന്നുണ്ടെങ്കിലും സമകാലിക ഫാസിസ്റ്റ് പ്രവണതകള്‍ക്കെതിരായ ജനാധിപത്യരാഷ്ട്രീയത്തോടുള്ള വിശാലമായ ഒരു ഐക ദാര്‍ഢ്യമാണ് ഭിന്നതകളെക്കാള്‍ ശക്തമായി ഉറക്കെ പ്രഖ്യാപിക്കപ്പെടുന്നത്. ഐ. ഗോപിനാഥിനെ എനിക്ക് വര്‍ഷങ്ങളായി അറിയാം. അദ്ദേഹത്തിന്റെ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങളും, ഇപ്പോള്‍ ഈ ചാനലിലൂടെയുള്ള ഇടപെടലുകളും അങ്ങേയറ്റം സാര്‍ഥകമായ പ്രതിബദ്ധതയുടെ പ്രതീകങ്ങളാവുന്നു എന്നതില്‍ ദീര്‍ഘകാല സുഹൃത്ത് എന്നനിലയില്‍ വ്യക്തിപരമായും എനിക്ക് സന്തോഷമുണ്ട്. (നവമലയാളിയിലെ ബുക്ക് റാക്ക് എന്ന കോളത്തില്‍ എഴുതിയത്.)
വില 300 രൂപ. കോപ്പികള്‍ക്ക് 9447307829 നമ്പറില്‍ G Pay ചെയ്യുക.