
15/07/2025
ജീവിതത്തെക്കുറിച്ചോർക്കുമ്പോൾ
മരണം തേട്ടിവരുന്നു !
അപരിചിതമായൊരിടത്തു
തികച്ചും അപരിചിതനും
പരുക്കനുമായൊരാളുമായി
ഇടപഴകുംപോലെ
വിചിത്രം !
വിചിത്ര വഴികളിലൂടെ
സ്വപ്ങ്ങളിലേക്കൊരു
ഗോവണി !
ചൂണ്ടക്കൊളുത്തിലെ
ഇരയെ
ചുംബിക്കുന്ന
മത്സ്യത്തെ പോലെ
വിശപ്പ് !
ആകാശത്തേക്ക് പറക്കുന്ന
പക്ഷികൾ !
അതിരു കാണാക്കിളികൾ
രാത്രിയിൽ
കൂടേറാനൊരിടം
സത്രം !
കുത്തഴിഞ്ഞ
പുസ്തകത്താളുകളിൽ
പെറ്റുകൂട്ടിയ മയിൽപ്പീലികൾ
മാനംകണ്ടു മടുത്ത
പ്രണയം !
വിലാപങ്ങൾക്കൊടുവിൽ
പച്ചമൺകൂനയിൽ
കുത്തിനോവിക്കുന്ന
വാക്കുകൾ,
വിരഹത്തിന്റെ സർപ്പസന്തതി
ഹേ, മരണമേ
നീ
ഒളിച്ചിരിക്കുകയല്ല
വീറോടെയെന്നോട്
പൊരുതുകയാണ്
തോൽവിയിൽ
ആശങ്കയില്ല
ഓർക്കുവാൻ
ഇഷ്ടവുമില്ല !
കരുവാക്കുക,
കരുതുവാൻ
ഒന്നുമില്ല
കലഹവും പ്രണയവും
കാമനകളുമില്ല
ശാന്തം !
ജീവിതത്തെക്കുറിച്ചോർക്കുമ്പോളൊക്കെ
മരണം തേട്ടിവരുന്നു….
വെറും ഭീരുവാകുന്ന
തോൽവിയിൽ
വിജയം !