09/08/2025
ലിപ്സ്റ്റിക് ഉപയോഗിച്ച് തുടങ്ങിയത് ഒരു പ്രതിഷേധത്തിന്റെ ഭാഗമായാണ്.
പത്രപ്രവർത്തക ജോലിയുടെ ഭാഗമായി ഒരു എഡിറ്റോറിയൽ മീറ്റിങ്ങിൽ അന്നത്തെ കലക്ടറായ വനിതയെ ലിപ്സ്റ്റിക്കിന്റെ പേരിൽ മാത്രം വിലയിരുത്തുകയും സ്ഥാനമാനങ്ങളെയും പദവിയേയും അവിടെയെത്താനുള്ള അവരുടെ മിടുക്കിനെയും പരിശ്രമത്തെയും ഒറ്റ പരിഹാസ വാചകത്തിൽ ഒതുക്കിയതും കണ്ടപ്പോൾ, അടുത്ത ദിവസം ലിപ്സ്റ്റിക് വാങ്ങി. അതുപയോഗിച്ച് ഓഫീസിൽ ചെല്ലാൻ തുടങ്ങി.
കുരുക്കൾ പൊട്ടിത്തീരട്ടെ എന്നൊരു ഗൂഢവിചാരം എനിക്കുണ്ടായി. കണ്ടുകണ്ട് പരിചയിച്ചതോടെ, കുറെ പേർക്ക്, ലിപ്സ്റ്റിക് ധരിക്കുന്ന സ്ത്രീകളെ കണ്ടാൽ കുരു പൊട്ടാതായി.
എന്നെ നോക്കുന്ന ആണും പെണ്ണും കണ്ണുതുറുപ്പിക്കുകയോ മൂക്കത്തു വിരൽ വെക്കുകയോ ചെയ്യുന്ന പതിവ് ഇപ്പോഴും ഉണ്ട്. പ്രത്യേകിച്ച് കറുത്ത തൊലിയുള്ള ഒരു പെണ്ണ് കടുത്ത നിറത്തിലുള്ള ലിപ്സ്റ്റിക് ഇടുന്നതു അവർക്കൊരു അരോചകമാണ്. എന്റെ പൈസ, എന്റെ ശരീരം എന്ന് കരുതിയാൽ തീരുന്ന കുരുക്കൾ മാത്രമേ അവർക്കുള്ളൂ.
കഴിഞ്ഞ ദിവസം കൂടി പരിചയമില്ലാത്ത ഒരാൾ, ആദ്യമായി ചാറ്റ് ബോക്സിൽ വന്നിട്ട് തന്ന ഉപദേശം ലിപ്സ്റ്റിക് ഷേഡ് മാറ്റണമെന്നാണ്. ഏതു ഷേഡിലേക്കു മാറണമെന്നാണ് താങ്കൾക്ക് തോന്നുന്നത് എന്ന് ഞാൻ ചോദിച്ചപ്പോൾ അദ്ദേഹത്തിന് അതറിയില്ല. എന്റെ ചോദ്യങ്ങൾ അദ്ദേഹത്തിന് ഇഷ്ടപ്പെടുന്നില്ല. 'ഞാൻ നിങ്ങളെ അൺ ഫോളോ ചെയ്യട്ടെ' എന്നാണു അദ്ദേഹത്തിന്റെ ചോദ്യം ! ''ഫോളോ ചെയ്യാൻ ഞാൻ നിർബന്ധിച്ചിട്ടില്ല'' എന്ന മറുപടിയും അദ്ദേഹത്തിന് ഇഷ്ടമായില്ല.
എനിക്ക് എല്ലാവരോടും പറയാനുള്ള ഒരു കാര്യമിതാണ്. ഞാൻ ചെയ്യുന്ന പല കാര്യങ്ങളും നിങ്ങൾക്ക് ഇഷ്ടമാകണമെന്നില്ല. ടെറസു കൃഷിയുടെ വീഡിയോകൾ ഇഷ്ടമല്ലെന്നു പറഞ്ഞ പത്രപ്രവർത്തക സുഹൃത്ത് ഉണ്ട്.
ഞാൻ ചെയ്യുന്ന എല്ലാ കാര്യങ്ങളും എന്റെ ഇഷ്ടത്തിനും ആഗ്രഹത്തിനും ഞാൻ, എന്റെ കയ്യിലെ പണം മുടക്കി, എന്റെ സമയവും അധ്വാനവും മുടക്കുമുതലാക്കി, ആരെയും ഉപദ്രവിക്കാതെ, ആർക്കും ശാരീരിക അപകടങ്ങൾ ഉണ്ടാക്കാതെ നടത്തുന്ന കാര്യങ്ങളാണ്.
''പേഴ്സ്‌നൽ ഈസ് പൊളിറ്റിക്കൽ '' എന്നൊരു ആശയമുണ്ട്. അത് പഠിക്കണമെന്നൊന്നും ഞാൻ പറയില്ല. അറിവ് ഉണ്ടാക്കേണ്ട എന്നൊരാൾ തീരുമാനിച്ചാൽ, അത് നിങ്ങളുടെ നഷ്ടം. എനിക്കതിൽ ചേതമില്ല.
By the by, അഞ്ചാം നമ്പർ ഫോട്ടോ ആണ് ഒറിജിനൽ.
നിറുത്തുന്നു!
ഇളം കളറുള്ള ലിപ്സ്റ്റിക് തെരഞ്ഞെടുക്കൂ എന്ന് സ്നേഹബുദ്ധ്യാ, കുരുട്ടു സദാചാരം പറയുന്ന എല്ലാവർക്കുമായി ഈ പോസ്റ്റ് സമർപ്പിക്കുന്നു. അതിൽ ഇളം/ കടു നിറങ്ങൾ ഉണ്ട്. (രണ്ടു കൊല്ലം മുൻപ് ചെയ്ത വീഡിയോ പുറകെ അപ്‌ലോഡ് ചെയ്യാം)