27/08/2026
മംഗലാപുരം പോയെന്ന് പറഞ്ഞ് കരയുന്നവരോട്: നഷ്ടപ്പെട്ടതിലല്ല, ഇനി നേടിയെടുക്കേണ്ടതിലാണ് കാര്യം!
പാലക്കാട് ഡിവിഷനിൽ നിന്ന് ഉള്ളാൾ മുതലുള്ള സ്റ്റേഷനുകൾ കർണാടക അവരുടെ സ്വാധീനം ഉപയോഗിച്ച് മൈസൂർ ഡിവിഷനിലേക്ക് മാറ്റിയപ്പോൾ ഇവിടെ വലിയ വിലാപങ്ങളാണ് ഉയരുന്നത്. റെയിൽവേയുടെ ഗുഡ്സ് വരുമാനത്തിൽ പാലക്കാട് ഡിവിഷന് കുറവ് വരും എന്നത് മാത്രമാണ് ഇതിലെ ഏക സാങ്കേതിക പ്രശ്നം. എന്നാൽ ഒരു സാധാരണ യാത്രാക്കാരന് അതുകൊണ്ട് എന്ത് നഷ്ടമാണ് സംഭവിക്കുന്നത്?
സ്റ്റേഷനുകളുടെ വികസനവും പുതിയ ട്രെയിനുകളും അനുവദിക്കുന്നത് ഗുഡ്സ് വരുമാനം നോക്കിയല്ല, മറിച്ച് അവിടുത്തെ പാസഞ്ചർ വരുമാനവും ഫുട്ട്ഫാളും (Footfall) നോക്കിയാണ്. മംഗലാപുരം പോയാലും കോഴിക്കോടും കണ്ണൂരും പാലക്കാടും ആൾത്തിരക്കും യാത്രാവരുമാനവും അങ്ങനെ തന്നെ തുടരും. അതിനാൽ നഷ്ടപ്പെട്ടുപോയതിനെ ഓർത്ത് സമയം കളയാതെ, നിലവിലെ സാഹചര്യം മുതലാക്കി കേന്ദ്രത്തിൽ നിന്ന് പുതിയ സൗകര്യങ്ങൾ ചോദിച്ചുവാങ്ങുകയാണ് ബുദ്ധി.
വയനാടിന്റെ ജീവനാഡിയും കേരള റെയിൽവേയുടെ ഭാവി വഴികളും
മംഗലാപുരത്തിന്റെ പേരിൽ പരിതപിക്കുന്നവർ ആദ്യം കാണേണ്ടത് സ്വന്തം നാട്ടിൽ ഉപേക്ഷിക്കപ്പെട്ടുകിടക്കുന്ന വലിയ റെയിൽ വികസന സാധ്യതകളെയാണ്:
വയനാട് സുൽത്താൻബത്തേരി വഴിയുള്ള നിലമ്പൂർ - നഞ്ചൻകോട് റെയിൽപാത: ഈ നിർദ്ദിഷ്ട പാത യാഥാർത്ഥ്യമാക്കിയിരുന്നുവെങ്കിൽ 100 കിലോമീറ്ററിലധികം പുതിയ റെയിൽ ശൃംഖല കേരളത്തിന് ലഭിക്കുമായിരുന്നു. മൈസൂരുമായും ബംഗളൂരുമായും നേരിട്ട് ബന്ധിപ്പിക്കുന്ന ഈ പാത യാഥാർത്ഥ്യമായാൽ മലബാറിന്റെ യാത്രാദുരിതത്തിന് ശാശ്വത പരിഹാരമാകും.
അങ്ങാടിപ്പുറം - ഫറോക്ക് റെയിൽപാത: നിലമ്പൂർ - സുൽത്താൻബത്തേരി - നഞ്ചൻകോട് പാതയോടൊപ്പം അങ്ങാടിപ്പുറം - ഫറോക്ക് ലൈൻ കൂടി ബന്ധിപ്പിച്ചിരുന്നെങ്കിൽ കേരളത്തിന്റെ റെയിൽ ശൃംഖല പൂർണ്ണമാവുകയും, കേരളത്തിന് മാത്രമായി ഒരു സ്വതന്ത്ര റെയിൽവേ സോൺ എന്ന അവകാശം പോലും കേന്ദ്രത്തിന് മുന്നിൽ അടിവരയിട്ട് ഉന്നയിക്കാൻ സാധിക്കുകയും ചെയ്യുമായിരുന്നു.
പാലക്കാട് ഡിവിഷനിൽ ഉടൻ നേടിയെടുക്കേണ്ട അടിസ്ഥാന സൗകര്യങ്ങൾ:
കാസർഗോഡ് - മഞ്ചേശ്വരം ടെർമിനൽ: മംഗലാപുരത്തിന് പകരമായി കാസർഗോഡിനും മഞ്ചേശ്വരത്തിനും ഇടയിൽ പുതിയൊരു വലിയ കോച്ചിംഗ് ടെർമിനലും പിറ്റ് ലൈൻ സൗകര്യങ്ങളും യുദ്ധകാലാടിസ്ഥാനത്തിൽ യാഥാർത്ഥ്യമാക്കുക.
പിറ്റ് ലൈനുകളുടെ വികസനം: പാലക്കാട് ഡിവിഷനിൽ നിലവിലുള്ളത് ഷൊർണൂരിലെ പരിമിതമായ സൗകര്യങ്ങൾ മാത്രമാണ്. പാലക്കാട് ടൗണിൽ നിർമ്മാണം പുരോഗമിക്കുന്ന പിറ്റ് ലൈനുകൾ വേഗത്തിലാക്കുകയും എണ്ണം വർദ്ധിപ്പിക്കുകയും ചെയ്യുക.
കണ്ണൂർ/കോഴിക്കോട് അനുബന്ധ ഹബ്ബുകൾ: കണ്ണൂരിലോ കോഴിക്കോടോ അടുത്തുള്ള അനുയോജ്യമായ സ്റ്റേഷനുകളിൽ ട്രെയിനുകൾ മെയിന്റനൻസ് ചെയ്യാനുള്ള പിറ്റ് ലൈൻ സംവിധാനങ്ങൾ കൊണ്ടുവരിക.
കൂടുതൽ ലൈനുകൾ: 3, 4 പാതകൾ വേഗത്തിലാക്കി പുതിയ ട്രെയിനുകൾ കേരളത്തിലേക്ക് കൊണ്ടുവരാനുള്ള ട്രാക്ക് കപ്പാസിറ്റി ഉണ്ടാക്കുക.
സ്വന്തം നാട്ടിലെ സാധ്യതകളെ തുരങ്കം വെച്ചിട്ട്, മറ്റൊരു സംസ്ഥാനം അവരുടെ അധികാരപരിധിയിലുള്ള ഭാഗം കൊണ്ടുപോയി എന്ന് പറഞ്ഞ് സമയം കളയുന്നത് അർത്ഥശൂന്യമാണ്. പോയത് പോട്ടെ; വയനാട് സുൽത്താൻബത്തേരി വഴിയുള്ള നിലമ്പൂർ - നഞ്ചൻകോട് പാത ഉൾപ്പെടെയുള്ള പദ്ധതികൾ നേടിയെടുക്കാനും കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള പുതിയ വികസനങ്ങൾ പിടിച്ചുവാങ്ങാനും ഒറ്റക്കെട്ടായി ശബ്ദമുയർത്തുകയാണ് വേണ്ടത്.
#സുൽത്താൻബത്തേരി #നിലമ്പൂർ_നഞ്ചൻകോട്