19/08/2025
*റെയിൽവേ യാത്രക്കാരനെ അക്രമിച്ച് മൊബൈൽ ഫോൺ കവർന്ന പിടിച്ചുപറി സംഘം അറസ്റ്റിൽ.*
ഈ മാസം 11 ന് മുംബൈക്ക് പോവുകയായിരുന്ന നേത്രാവതി എക്സ്പ്രസ്സിൻ്റെ മുൻഭാഗത്തെ ജനറൽ കോച്ചിൽ വാതിലിൽ ഇരുന്ന് യാത്ര ചെയ്ത ഒരു യുവാവിൻ്റെ ഒരു ലക്ഷത്തിൽപരം രൂപ വിലവരുന്ന ആപ്പിൾ ഐ ഫോൺ ആലുവ റെയിൽവേ സ്റ്റേഷൻ്റെ വടക്കുഭാഗത്തുള്ള പെരിയാർ പാലത്തിനടുത്തുവച്ച് താഴെട്രാക്കിൽ നിന്നു കൊണ്ട് അടിച്ചിട്ടവരെ RPF, GRP, CPDS & ക്രൈം ഇൻ്റെലിജൻസ് ബ്രാഞ്ചും ചേർന്ന് വിദഗ്ദ്ധമായി പിടികൂടി.. കൊച്ചി സ്വദേശി ഷൈൻ, കണ്ണൂർ സ്വദേശി അഭിഷേക്, അപ്പൂസ് എന്ന് വിളിപ്പേരുള്ള പ്രായപൂർത്തിയാകാത്തയാളും ഈ കൂട്ടത്തിലുണ്ട്.. ഇതിൽ 2 പേർ മുൻപും ഇങ്ങനെയുള്ള കേസ്സുകളിൽ ജയിൽ ശിക്ഷ അനുഭവിച്ചവർ ആണ്.
യാത്രക്കാരൻ്റെ തട്ടിപ്പറിച്ച ഫോൺ എറണാകുളം കറുകപ്പള്ളിയിലുള്ള ഫോണക്സ് എന്ന മൊബൈൽ സ്ഥാപനത്തിൽ മറിച്ചുവിറ്റതും കണ്ടെടുത്തു.കൂടാതെ റെയിൽവേയിൽ നിന്ന് ഈ വിധത്തിൽ പിടിച്ചുപറിച്ച് മറിച്ചുവിറ്റു എന്ന് സംശയിക്കുന്ന മറ്റ് ഫോണുകളും ഈ കടയിൽ നിന്ന് പിടിച്ചെടുത്തു. മോഷണ മൊബൈലുകൾ ഇവരിൽ നിന്ന് സ്ഥിരമായി വാങ്ങുന്ന കടയുടെ മനേജർ മലപ്പുറം സ്വദേശി മുഹമ്മദ് ഫൈസലിനേയും അറസ്റ്റ് ചെയ്തു.
ആലുവ, എറണാകുളം, പെരമ്പാവൂർ, കറുകപ്പള്ളി, തോപ്പുംപടി മുതലായ സ്ഥലങ്ങളിലും,സമീപത്തുമുള്ള എകദേശം 200-ൽപ്പരം സി സി ടി വി പരിശോധിച്ചതിന്റെ ഫലമായാണ് പ്രതികൾ വലയിലായത്. എറണാകുളം സൗത്ത് -നോർത്ത് റെയിൽവേ സ്റ്റേഷനും കൂടാതെ ആലുവാ റെയിൽവേ സ്റ്റേഷനിൽ നിന്നും രാത്രിയിൽ ട്രെയിനുകൾ വേഗതകുറച്ച് ഓടുന്ന സമയം ട്രെയിനിൻ്റെ വാതിലിൽ ഇരുന്ന് യാത്ര ചെയ്യുന്ന യാത്രക്കാരാണ് ഇവരുടെ ഇരകൾ. ഇങ്ങനെ ഇരുന്ന് യാത്ര ചെയ്യുന്നവരിൽ നിന്ന് തട്ടിയെടുക്കുന്ന മൊബൈൽ ഫോണുകൾ കറുകപ്പള്ളി, എറണാകുളം,പെരുമ്പാവൂരിലും വിറ്റ് കാശാക്കി ആർഭാടജീവിതവും ഒപ്പം സിന്തറ്റിക്ക് ലഹരിപദാർത്ഥങ്ങൾ വാങ്ങുന്നതിനുമായാണ് ചിലവാക്കുന്നത്. ഇവർ എറണാകുളം, തോപ്പുംപടി, മറൈൻ ഡ്രൈവ്, ആലുവാ മണപ്പുറം എന്നിവടങ്ങളിൽ താവളമടിച്ചാണ് പകൽ രാത്രി വ്യത്യാസം ഇല്ലാതെ ഇങ്ങനെയുള്ള കുറ്റകൃത്യങ്ങൾ ചെയ്യുന്നത്. ഇവർ ഇതിനു മുൻപും റെയിൽവേയുടെ പരിധിക്കുള്ളിൽ ഇങ്ങനെയുള്ള കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ടോ എന്നതിൻ്റെ വിശദ അന്വേഷണവും ഇതോടൊപ്പം നടത്തി വരുന്നതായി ക്രൈം ഇൻ്റലിജൻസ് ഇൻസ്പെക്ടർ ജിപിൻ എ.ജെ പറഞ്ഞു. ആർപിഎഫ്തി തിരുവനന്തപുരം ഡിവിഷനിൽ സെക്യൂരിറ്റി കമ്മീഷണർ മുഹമ്മദ് ഹനീഫ, അസിസ്റ്റൻറ് സെക്യൂരിറ്റി കമ്മീഷണർ സുപ്രിയ കുമാർ ദാസ്, ജിആർപി ഡപ്യൂട്ടി കമ്മീഷണർ ജോർജ് ജോസഫ് എന്നിവരുടെ നിർദ്ദേശാത്താൽ ഇൻസ്പെക്ടർമാരായ കെ.ബാലൻ, ആർപിഎഫ് സർക്കിൾ ഇൻസ്പെക്ടർമാരായ ബിനോയ് ആൻ്റണി, എ.പി വേണു, ജിപിൻ എ.ജെ, സബ് ഇൻസ്പെക്ടർമാരായ നിസ്സറുദ്ദീൻ, അനിൽ ക്രൈം ഇൻ്റെലിജൻസ് ഉദ്യോഗസ്ഥരായ പ്രെയ്സ് മാത്യു,
സിജോസേവ്യർ,
ഫിലിപ്സ് ജോൺ, വിപിൻ ജി, ഹെഡ് കോൺസ്റ്റബിൾമാരായ ഡിനിൽ, ജി, അജയഘോഷ്, എഡിസൺ, അൻസാർ, ജോസഫ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. വിശദമായ മെഡിക്കൽ പരിശോധനക്ക് ശേഷം 3 പ്രതികളെ കാക്കനാട് സബ് ജയിലിലും ഒരാളെ ജുവനൈൽ ഹോമിലേക്കും മാറ്റി.