PJP Vlog Media

  • Home
  • PJP Vlog Media

PJP Vlog Media Travel vlog, Cooking, Village Food,

കൊല്ലങ്കോട് കാണാനുള്ള മനോഹരമായ കാഴ്ചകളെ കുറിച്ച് അറിയാം 🍃💚പാലക്കാട് ജില്ലയിൽ നെല്ലിയാമ്പതി മലനിരകൾക്കു താഴെയായി പ്രകൃതി ...
26/06/2025

കൊല്ലങ്കോട് കാണാനുള്ള മനോഹരമായ കാഴ്ചകളെ കുറിച്ച് അറിയാം 🍃💚

പാലക്കാട് ജില്ലയിൽ നെല്ലിയാമ്പതി മലനിരകൾക്കു താഴെയായി പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഒരു പ്രദേശമാണ് കൊല്ലങ്കോട് ഗ്രാമം. അവർണ്ണനീയമായ ഗ്രാമഭംഗിയും കൃഷിയെ സ്നേഹിക്കുന്ന നിഷ്‌ക്കളങ്കരായ നാട്ടുകാരും ഈ കാർഷിക ഗ്രാമത്തിന് കാഴ്ചകളുടെ വർണ്ണങ്ങൾ നൽകുന്നു. ഓരോ മലയാളിയും തീർച്ചയായും കണ്ടിരിക്കേണ്ട, അറിഞ്ഞിരിക്കേണ്ട, മറ്റുള്ളവരോട് പോയി കാണാൻ പറഞ്ഞിരിക്കേണ്ട ഒരിടംതന്നെയാണ് കൊല്ലങ്കോട്. അവിടെ എത്തിയാൽ നിർബന്ധമായും കണ്ടിരിക്കേണ്ട ചില സ്ഥലങ്ങൾ...👇🏽

1. കുടിലിടം

നെല്ലിയാമ്പതി മലനിരകൾ അതിരിടുന്ന മനോഹരമായ പാടശേഖരത്തിന്റെ ഒത്ത നടുക്കായി ഏതാനും ചില കുടിലുകൾ. കോടമഞ്ഞു പുതച്ചുകിടക്കുന്ന മലനിരകളും വയലുകളും കുടിലുകളുമെല്ലാംതന്നെ ഒറ്റ ഫ്രെയിമിൽ അതിമനോഹരമായ കാഴ്ചയാണ്.

2. താമരപ്പാടം

വിശാലമായൊരു പ്രദേശത്ത് താമര കൃഷിചെയ്യുന്നു. വിരിഞ്ഞുനിൽക്കുന്ന താമരപ്പൂക്കളും വിരിയാറായ മൊട്ടുകളുമെല്ലാം കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്നു.

3. സീതാർകുണ്ട് വാട്ടർ ഫാൾസ്/ വ്യൂപോയിന്റ്

കൊല്ലങ്കോട്ടെ മറ്റൊരു ആകർഷണമാണ് സീതാർക്കുണ്ട് വെള്ളച്ചാട്ടം, വ്യൂ പോയിന്റ്.. പാറക്കൂട്ടങ്ങൾക്കിടയിലൂടെ ഉൾക്കാട്ടിൽ നിന്നും ഒഴുകിയിറങ്ങുന്ന തണുത്ത തെളിനീരുറവയിൽ വേണമെങ്കിൽ നമുക്കൊരു കുളി പാസ്സാക്കാം. വനവാസകാലത്ത് ശ്രീരാമനും ലക്ഷ്മണനും സീതയും ക്ഷീണിതരായി ഈ മലമ്പ്രദേശത്ത് എത്തിച്ചേരുകയും തുടർന്ന് സീതാദേവിക്ക് സ്നാനം ചെയ്യാൻ ശ്രീരാമൻ തൊട്ടടുത്ത അരുവി കാണിച്ചു കൊടുക്കുകയും ആ അരുവിയിൽ കുളിക്കുകയും ചെയ്തുവത്രേ. പിന്നീട് ഈ അരുവി സീതാദേവി നദിയിൽ കുളിച്ച തീർത്ഥം എന്ന അർഥം വരുന്ന സീതയാർകുണ്ട് എന്ന് വിളിക്കുകയും പിന്നീട് അത് ലോപിച്ച് സീതാർകുണ്ട് എന്നറിയപ്പെടുകയും ചെയ്തു എന്നാണ് ഐതിഹ്യം.

4. ചെല്ലൻ ചേട്ടന്റെ ചായക്കട

കേരളത്തിൽ ഇത്രയും വൈറലായ മറ്റൊരു ചായക്കട ഉണ്ടോ എന്നത് സംശയമാണ്. വലിയൊരു ആര്യവേപ്പ് മരത്തിന്റെ തണലിൽ നിൽക്കുന്ന പൂർണ്ണമായും പനയോല മേഞ്ഞ ചെറിയൊരു ചായക്കട. ഇന്ന് കൊല്ലങ്കോട് കാണാൻ വരുന്നവരെല്ലാം ചെല്ലൻചേട്ടന്റെ ചായയും ചൂട് പരിപ്പുവടയും കഴിച്ചാണ് തിരിച്ചുപോകുന്നത്. തേക്കിൻചിറ എന്ന പ്രദേശത്തെ ഈ കവല ഇന്നും 1980കളെ ഓർമ്മിപ്പിക്കും വിധത്തിൽ മനോഹരമാണ്.

5. ചിങ്ങൻചിറ ശ്രീ കുറുപ്പുസ്വാമി ക്ഷേത്രം

ഇതൊരു പ്രകൃതി ക്ഷേത്രമാണ്. ഇവിടത്തെ ആൽ മരങ്ങളും ചുറ്റുപാടും വല്ലാത്തൊരു ഫീൽ തരുന്നു. ഭവനനിർമ്മാണ കാര്യങ്ങൾക്കും, സന്താന സൗഭാഗ്യത്തിനും, ആഗ്രഹപൂർത്തീകരണത്തിനുമെല്ലാം ആളുകൾ സന്ദർശിക്കുന്ന പ്രദേശമാണ് ഇവിടം. കളിയാട്ടം, ഒടിയൻ, കുഞ്ഞിരാമായണം, ദീപസ്തംഭം മഹാശ്ചര്യം, കൂമൻ, പട്ടണത്തിൽ ഭൂതം, മാണിക്യക്കല്ല് തുടങ്ങി നിരവധിചിത്രങ്ങൾ ചിത്രീകരിച്ച ഇടംകൂടിയാണ് ഇവിടം.

6. പെരിങ്ങോട്ടുശ്ശേരി കളം

പണ്ടുകാലങ്ങളിൽ കൊയ്ത്തും കറ്റമെതിക്കലുമെല്ലാം കഴിഞ്ഞാൽ നെല്ല് ഉണക്കി സൂക്ഷിക്കുന്ന ഇടങ്ങളെയാണ് കളങ്ങൾ എന്ന് വിളിക്കാറ്. അത്തരത്തിൽ 150-ലധികം വർഷം പഴക്കമുള്ള ഒരു കളമാണ് പെരിങ്ങോട്ടുശ്ശേരി കളം. ഇപ്പോഴും നെല്ല് സൂക്ഷിക്കാൻ ഉപയോഗിച്ചുവരുന്നു. കളം കാണാൻ വരുന്നവർക്ക് കട്ടൻ ചായയും ലഘുകടികളും ഇപ്പോൾ അവിടെ ലഭ്യമാണ്. ചുറ്റും പാടങ്ങളും, പാടങ്ങൾക്ക് അതിരായി നെല്ലിയാമ്പതി മലനിരകളും, മലയിൽ നിന്നും ഒലിച്ചിറങ്ങുന്ന പാലരുവികളും, ഇളം കാറ്റും, കോടമഞ്ഞും അവക്കൊക്കെ മുൻപിൽ തലയുയർത്തി നിൽക്കുന്ന പെരിങ്ങോട്ടുശ്ശേരി കളവും വല്ലാത്തൊരു കാഴ്ചതന്നെയാണ്.

7. വാമല പല്ലാവൂർ ശ്രീ മുരുകൻ ക്ഷേത്രം

കൊല്ലങ്കോട് നിന്നും കുറച്ചുദൂരം യാത്രചെയ്താൽ പല്ലാവൂർ ഗ്രാമത്തിലെത്താം. അവിടെയാണ് വാമല പല്ലാവൂർ ശ്രീ മുരുകൻ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. മനോഹരമായ നെൽപ്പാടത്തിനു നടുക്കായുള്ള കുന്നിൻമുകളിലുള്ള മുരുകൻ ക്ഷേത്രവും ക്ഷേത്രത്തിണ് മുന്നിലായി ചെറിയ ഒരു കുങ്കുമപ്പൂമരവും ചുറ്റും കാണുന്ന നെൽവയലുകളും മലനിരകളും കോടമഞ്ഞും അതിമനോഹരമായ കാഴ്ചതന്നെയാണ്. കുന്നിന്റെ അടിവാരം വരെ വാഹനങ്ങളിൽ എത്തിച്ചേരാം. അതിനുശേഷം മുകളിൽ എത്തുന്നതുവരെ ഒരു 5 മിനിറ്റ് ചെരിഞ്ഞ മല കയറാനുണ്ട്. ഹൃദയം, കുഞ്ഞിരാമായണം തുടങ്ങി നിരവധിചിത്രങ്ങൾ ഇവിടെ ചിത്രീകരിച്ചിച്ചിട്ടുണ്ട്.

8. മുതലമട റെയിൽവേ സ്റ്റേഷൻ

കൊല്ലങ്കോട് എത്തുന്നവരുടെ മറ്റൊരു ആകർഷണമാണ് മുതലമടയിലെ റയിൽവേ സ്റ്റേഷൻ. നെല്ലിയാമ്പതി മലനിരകൾക്ക് താഴ്വാരത്തായി ഉയർന്നു നിൽക്കുന്ന ആൽമരങ്ങളും അവയിൽ നിന്നും താഴേക്കിറങ്ങി നിലത്തുമുട്ടിക്കിടക്കുന്ന വേരുകളും അവക്കിടയിൽ യാത്രക്കാർക്കുള്ള നീളൻ ബെഞ്ചുകളും പ്ലാറ്റ്ഫോമിനിരുവശത്തുമായി പാലക്കാടൻ ഗ്രാമങ്ങളുടെ പ്രതീകമായ കരിമ്പനകളും ട്രാക്കിലൂടെ വല്ലപ്പോഴും മാത്രം കടന്നുപോകുന്ന ട്രെയിനുകളും, അതാണ് മുതലമട റയിൽവേ സ്റ്റേഷൻ. 1898 ലാണ് മുതലമടയിൽ റയിൽവേ സ്റ്റേഷൻ ആരംഭിക്കുന്നത്. 2015 ൽ സ്റ്റേഷൻ നവീകരണത്തിന്റെ ഭാഗമായി ആൽമരങ്ങൾ മുറിച്ചുമാറ്റാനുള്ള ശ്രമങ്ങൾ ഉണ്ടായപ്പോൾ വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. മലയാളത്തിൽ റെയിൽവേ സ്റ്റേഷൻ പ്രധാന ലൊക്കേഷനായുള്ള മുപ്പതോളം സിനിമകൾ ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. വെട്ടം, മേഘം, ഒരു യാത്രാമൊഴി, പാണ്ടിപ്പട, കമൽ ഹാസന്റെ അൻപേശിവം മുതലായവ അവയിൽ ചിലത് മാത്രമാണ്.


Address

COCHIN

Telephone

+96879911020

Website

Alerts

Be the first to know and let us send you an email when PJP Vlog Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to PJP Vlog Media:

  • Want your business to be the top-listed Media Company?

Share