25/03/2025
ഒരു നേർക്കാഴ്ച്ചയുടെ കുറിപ്പ്. .!
അടുക്കളത്തോട്ടത്തിലെ അടിമകൾ )
***************************************************** കാഴ്ചകളുടെ കനവുകൾ കാണാതെ കയറിയിറങ്ങി നടക്കുന്ന മിഴികളിൽ പലപ്പോഴും തട്ടിത്തടഞ്ഞു പോകുന്ന ജീവിത സത്യങ്ങളെ മനസ്സിൽ വരച്ചുകാട്ടി തരുന്ന ഓർമ്മകളിലൂടെ കടന്നുപോകുമ്പോൾ ,പലവട്ടം ഓർത്തിരുന്നു ഒരുവരിയെങ്കിലും ചായമില്ലാതെ കുറിച്ചിടണമെന്നു.. പുറംലോകം കണ്ടിട്ടും പാഴ്ക്കിനാവ് പേറുന്ന അടിമകളെക്കുറിച്ചു ,മോഹങ്ങൾക്ക് തീകൊടുത്തു സ്വയം കരിപിടിച്ച ജീവിതങ്ങളെ കുറിച്ച് ,എണ്ണമയമുള്ള അടുക്കളക്കരിയുടെ കറുപ്പിൽ കണ്ണെഴുതി നിർവൃതിയടയുന്ന മനുഷ്യകോലങ്ങളെക്കുറിച്ചു ...... പൂർത്തിയാകാതെ വേർപിരിയുന്ന വരികളിലൂടെ സഞ്ചരിക്കുമ്പോൾ ഇടമുറിഞ്ഞുപോകുന്ന വരമ്പിനു സമാനമായി മാറുന്നു എന്റെ ചിന്തകളും ഓർമ്മകളിലെ യാത്രകളും , പലവട്ടം കുറിച്ചിടുമ്പോളും എന്നിലെ നെടുവീർപ്പിനു നിർവികാരതയുടെ താളഭാവങ്ങളെ മാത്രം ഉൾക്കൊള്ളാനുള്ള ഉൾക്കരുത്തേ ഉണ്ടായിരുന്നുള്ളൂഎന്ന് പറയാതെ വയ്യല്ലോ .....! നിർവികാരതയുടെ തൊട്ടുകൂടായ്‌മയിൽ ജീവിതം നരകയാതനകളാൽ കൂറ്റൻ മതിലുകൾ തീർത്തു അടുക്കളത്തോട്ടത്തിൽ തളച്ചിടുന്ന സ്ത്രീ ജൻമ്മങ്ങൾ ,.... സ്വന്തം നെടുവീർപ്പിനെ ശ്വാസം മുട്ടിച്ചും നിശ്വാസങ്ങൾ വിങ്ങലായും മാറിയ ഒരുകൂട്ടം സ്ത്രീ ജൻമ്മങ്ങൾ , പകലന്തിയോളം അടുക്കളത്തോട്ടത്തിൽ വിശ്രമമില്ലാതെ കരിപുരണ്ട പുകമറകൾ സൃഷ്ട്ടിക്കുന്ന കോമരങ്ങളെ പോലെ ഉറഞ്ഞുതുള്ളേണ്ടി വരുന്ന വിമോചിത വ്യക്തിത്വങ്ങൾ .... ഇവിടെ ഇവർക്കൊരു പേരുണ്ട് "ഗദ്ധാമ "....................................സ്വന്തം പേരും പെരുമയും ഉപേക്ഷിച്ചു ഭ്രിത്യയുടെ വേഷം അണിയുന്ന ജീവനും ഓജസ്സുമുള്ള ഗൃഹനായിക ... നായികാ വേഷം ,സ്ത്രീത്വം , ആഢ്യത്വം എല്ലാം ഊരിവെച്ചു കുലീനതയുടെ ഭാവപ്പകർച്ചകൾ മൂടിക്കെട്ടി നിറങ്ങളില്ലാത്ത സ്വപ്നങ്ങളും എരിഞ്ഞടങ്ങുന്ന ബാധ്യതകൾ തന്ന അപൂർണ്ണമാകുന്ന മോഹങ്ങളും നാലുചുവർ കെട്ടിനുള്ളിൽ തളച്ചിടപ്പെടുമ്പോൾ മനസ്സില്ലാതെ മനസ്സോടെ അടിമവേഷം അണിഞ്ഞു മരിച്ചുജീവിക്കുന്നു ... ദിവസേന ഞാൻ മാളിൽ കാണുന്ന മുഖങ്ങളിൽ ഏറിയപങ്കും ഇവരിൽ ആരെങ്കിലുമൊക്കെ ആയിരിക്കും ,പലപ്പോഴും കണ്ണുനിറഞ്ഞുപോകാറുണ്ടായിരുന്നു അതിലേറെ എന്നെ ചിന്തിപ്പിക്കാറുണ്ടായിരുന്നു ,എന്തിനാണിവരൊക്കെ സ്വന്തം കുടുമ്പവും ഉറ്റവരെയും ഉടയവരെയും നൊന്തുപെറ്റ മക്കളെയും ഉപേക്ഷിച്ചു ഇങ്ങനെ അടിമകളായി അടിമപ്പണി ചെയ്തു നരകിച്ചു ജീവിക്കുന്നത് എന്ന് ! ഇന്ന് നാട്ടിൽ കിട്ടുന്ന ശമ്പളത്തിലും എത്രയോ കുറവായിട്ടും എന്തേ ഇവരൊക്കെ ഇപ്പോളും പരാതികളും പരിഭവങ്ങളും ഉള്ളിലൊതുക്കി സഹിക്കുന്നത് എന്ന് ....? ആ സ്ത്രീ ഏകദേശം 30 വയസ്സ് കവിയാത്ത പ്രായം നീലനിറമുള്ള യൂണിഫോം ശരീരവടിവുകളെ അലങ്കോലമാക്കി അയഞ്ഞു കിടക്കുന്ന കുപ്പായം ,കണ്ണുകളിൽ നിർവ്വികാരതയുടെ നിശ്ചലത, മരണവീടിനെ ഓർമ്മപ്പെടുത്തുന്ന മുഖഭാവം, കലങ്ങിമറിഞ്ഞ മനസ്സും മോഹങ്ങൾ കുഴിച്ചിട്ട ശവപ്പറമ്പിലേക്കെന്നപോലെ ഓരോചുവടുകളും ഒരു മരപ്പാവയെപോലെ അവൾ ഇഴഞ്ഞു നീങ്ങുന്നു .മുന്നേ നടക്കുന്ന യജമാനനും യജമാനത്തിക്കും ചൊൽപ്പടിക്കു നിൽക്കുന്ന അടിമകഴുതയെ പോലെ ദാസിപ്പണിചെയ്യുന്നു . കെട്ടിലമ്മ കൈകളിൽ പെറ്റിട്ടു ജോലിതീർക്കുമ്പോൾ ഇനിയുള്ള ഭാരം ഊട്ടലും ഉറക്കലും പരിചരിക്കലും കുഞ്ഞിനെ ഇരുത്തി പോകുന്നിടത്തെല്ലാം കൊണ്ടുപോകേണ്ടുന്ന ജോലിയും , വാലാട്ടി പട്ടിയെപ്പോലെ കേറുന്ന ഷോപ്പിനു പുറത്തു നിൽക്കുന്നതും ,സമൃദ്ധമായ ഭക്ഷണം അധികാമാകുമ്പോൾ പോലും ഒരുജീവനുള്ള മനസ്സ് പുറത്തു നിന്ന് എരിയുന്നുവെന്നു മിക്ക അഹങ്കാരികളും കരുതാറില്ല ,പണക്കൊഴുപ്പും ദയയില്ലായ്മയും ഇവരുടെ മനസ്സിനെ ഇങ്ങനെ അപക്ക്വമാക്കിയിരിക്കുന്നു , സ്വന്തം കുഞ്ഞിനെ ഒന്ന് താലോലിക്കാനോ ഒരുനേരമെങ്കിലും മാറിൽ ചുരത്തിയ അമ്മിഞ്ഞപ്പാൽ നുകരാനോ കുഞ്ഞിനെ അനുവദിക്കാറില്ല എന്നതും പറയാതെ വയ്യല്ലോ ..? സൗന്ദര്യം നഷ്ടമാകുമെന്ന നൈമിഷിക സിദ്ധാന്തത്തിൽ വിശ്വസിച്ചു ബാഹ്യസൗന്ദര്യത്തെ മോഹിക്കുമ്പോൾ ഇവരറിയുന്നില്ല പരസ്പ്പരം സ്നേഹം ,ബഹുമാനവും ഇല്ലാത്ത ഒരു പുതുതലമുറ വീണ്ടും വാർത്തെടുക്കപെടുന്നുവെന്നു ... കരയുന്നകുഞ്ഞിനെ മാമുണ്ണാൻ ഗദ്ധാമയെന്ന ആ സ്ത്രീ വേണം അവൾ കുഴച്ചു വായിൽ വെച്ചുകൊടുക്കുന്ന ഓരോ ഉരുളയും അമ്മയുടെ കൈകളിൽ നിന്നെന്നപോലെ സ്വാദിഷ്ടമായി മാറുന്നു അവൻ ആ കുഞ്ഞുമോണകാട്ടി ചിരിക്കുമ്പോൾ നിഷ്ക്കളങ്കമായ ആ ചിരിയിലൂടെ അവൾ വീണ്ടും അമ്മയായി മനസ്സിൽ അവരോധിക്കപെടുന്നു , മണിക്കൂറുകളോളം പുറകേ ചുമടുമായി നടക്കുന്ന പാവം സ്ത്രീകൾ ... ഇവരും ആരുടെയൊക്കെയോ മകൾ ,'അമ്മ ,അനിയത്തി ,പെങ്ങൾ,ഭാര്യ ഒക്കെ ആയിരിക്കുമല്ലോ എന്ന് മനസ്സിലെ ഗദ്ഗദം എന്നിലെ ഉമിനീരുവറ്റിച്ചു , ചിന്തകൾ കഴുകനെ പോലെ കൊത്തിവലിക്കുന്നു ..... വർഷത്തിൽ ഒരിക്കൽ പോലും പുറം ലോകം കാണാതെ 4 ചുവരുകൾക്കുള്ളിൽ എന്നും കണ്ടുപഴകിയ മുഖങ്ങളെ കണ്ടു സ്വയം ശപിച്ചു ജീവിക്കുമ്പോൾ , ആവിശ്യത്തിന് വിശപ്പടക്കാൻ എരിയും പുളിയും ഇല്ലാത്ത സ്ഥിരം ഭക്ഷണത്തിൽ നിന്നും മനസ്സിന് പിടിച്ച ഒരുനുള്ള് ഭക്ഷണം കഴിക്കാൻ , ആകാരഭംഗി അറിയാൻ ഒരു നല്ല വസ്ത്രമണിയാൻ കൊതിക്കുമ്പോൾ ,കണ്ണാടി നോക്കി സ്വന്തം സൗന്ദര്യം ആസ്വദിക്കാൻ ,വിശേഷദിനങ്ങളിൽ വീട്ടുകാരോടൊത്തു ഫോണിൽ കൂടി എങ്കിലും സംവദിക്കാൻ ഈ ജീവിതങ്ങളിൽ നരകിച്ചു ജീവിക്കുന്ന ഇവർക്ക് കഴിയുന്നില്ല ,അവസരങ്ങൾ അനുവാദമില്ലാതെ നിരസിക്കപെടുന്നു , ആജ്ഞകൾ അനുസരിക്കേണ്ടിവരുന്നു ... എഴുതപ്പെടാത്ത ലിപികളിൽ ഒരുവരിയെങ്കിലും ഇവർക്കായി കുറിക്കപ്പെടണം കാരണം ഇപ്പോളും അടിമകളായി നമ്മളുടെ സഹോദരികളും സഹോദരങ്ങളും എവിടെയൊക്കെയോ ജീവിച്ചിരിക്കുന്നു ,അവരിലൂടെ അടിച്ചേല്പിക്കപ്പെട്ട കടമകളുടെ ഭാരങ്ങളോ ചുറ്റിവരിഞ്ഞു മുറുക്കിയ കടബാധ്യതയെന്ന ചങ്ങലകളോ ആകാം അതുമല്ലങ്കിൽ ചിലപ്പോൾ മാസം മാസം പടിതെറ്റാതെ വരുന്ന പണക്കിഴിയുടെ തൂക്കം നോക്കിയിരിക്കുന്ന ക്രൂര മുഖങ്ങളുടെ പേടിപ്പെടുത്തുന്ന സ്വപ്‌നങ്ങൾ ആകാം .... ദുഃഖത്തിന്റെ കരിനിഴൽ തീർത്ത മുഖ ഭാവങ്ങളിൽ ഇവർ ചിരിക്കാൻ മറന്നിരിക്കുന്നു ,സന്തോഷവും സ്നേഹവും ഇവരെവിട്ട് പടിയിറങ്ങിയിരിക്കുന്നു ,ജീവനുണ്ടെങ്കിലും നൂൽച്ചരടുകൾ കൊണ്ട് നിയന്ത്രിക്കപ്പെടുന്ന മരപ്പാവകൾ പോലെ ഇവർ ആർക്കോ വേണ്ടി ജീവിച്ചുതീർക്കുന്നു ,ആത്മഹത്യാ എന്ന പാപം ഇവരെ വേട്ടയാടുമ്പോളും എന്തെക്കെയോ ഒരു അംശം ജീവിതവഴികളിൽ ഒരുചൂട്ടുവെളിച്ചം പകരുമെന്ന പ്രതീക്ഷയിൽ മുന്നോട്ടു പോകുന്നു ........: ഞാൻ ഗദ്ധാമ "..... എന്റെ സങ്കല്പങ്ങളിലെ ജീവിതം കൂരിരുളിൽ ആകുമ്പോളും നിഴൽ തന്ന വേഷം ഞാൻ ആടിത്തീർക്കുന്നു വെളിച്ചം കടക്കാത്ത അടുക്കളയുടെ ജാനാലകൾ എന്നും അടഞ്ഞുതന്നെ കിടക്കുന്നു പുറംകാണാത്ത ജനാലച്ചില്ലുകളിൽ സൂര്യൻ ചൂടുപകരുമ്പോൾ ആ ചൂടിനെ ഞാൻ തൊട്ടു സ്നേഹിക്കുന്നു പ്രണയിക്കുന്നു ,ഇരുണ്ടജീവിതങ്ങളിലൂടെ പ്രതീക്ഷകൾ കൈവിടാതെ ....................!!! മരുഭൂമിയിൽ പൂക്കുന്ന പൂമരങ്ങാളായി ഇന്നും ഞങ്ങൾ ജീവിക്കുന്നു എന്ന് അവർ സാക്ഷ്യപ്പെടുത്തുന്നു .... കാലങ്ങളുടെ തിരക്കേറിയ പോക്കിൽ ഒരിക്കൽ എങ്കിലും ഞങ്ങൾ നിങ്ങൾക്കായി ആണ് ജീവിച്ചിരുന്നത് എന്ന് സ്വയംതിരിച്ചറിയണം , ആ തിരിച്ചറിവിൽ എന്റെ ഗന്ധം ഉണ്ടാകും ഒരിക്കലും മരിക്കാത്ത ഓർമ്മകളും .... മറക്കാത്ത ഓർമ്മകൾ മരിക്കാത്ത ഹൃദയങ്ങളിലൂടെ എന്നും ജീവിക്കണം .... ********************************************************
fifthman