13/11/2025
ഇന്ത്യൻ റെയിൽവേ എന്നാൽ വേഗത്തിൽ പായുന്ന എക്‌സ്പ്രസ് ട്രെയിനുകൾ മാത്രമല്ല, പ്രകൃതിയുടെ താളത്തിനൊത്ത് മെല്ലെ നീങ്ങുന്ന ചില ട്രെയിനുകളുമുണ്ട്.
അത്തരത്തിൽ രാജ്യത്ത് ഏറ്റവും കുറഞ്ഞ വേഗത്തിൽ ഓടുന്ന ട്രെയിനുള്ളത് നമ്മുടെ തൊട്ടപ്പുറത്തെ സംസ്ഥാനമായ തമിഴ്‌നാട്ടിലാണ്. സൈക്കിളിനെക്കാൾ വേഗത കുറവാണെങ്കിലും ഇതിൽ യാത്ര ചെയ്യാൻ ആളുകൾ തിക്കി തിരക്കാറുണ്ട്. നീലഗിരി മൗണ്ടൻ റെയിൽവേയെന്നാണ് സർവീസിന്റെ പേര്. ആമപോലും ഈ ട്രെയിനിന് മുന്നിലെത്തും. ബ്രിട്ടീഷ് ഭരണകാലത്ത് 1899ലാണ് പാതയുടെ നിർമ്മാണം പൂർത്തിയാക്കിയത്.
വെറും 46 കിലോമീറ്റർ സഞ്ചരിക്കാൻ അഞ്ച് മണിക്കൂറാണ് വേണ്ടത്. മണിക്കൂറിൽ ഒമ്ബത് കിലോമീറ്റർ മാത്രമാണ് ശരാശരി വേഗം. രാജ്യത്തെ ഏറ്റവും വേഗതയേറിയ ട്രെയിനുകളെക്കാൾ ഏതാണ്ട് 18 മടങ്ങ് വേഗം കുറവാണ് നീലഗിരിക്ക്. എന്നാൽ ഈ മെല്ലെപ്പോക്ക് തന്നെയാണ് യാത്രക്കാരെ കൂടുതൽ ആകർഷിക്കുന്ന പ്രധാന ഘടകവും.
തുരങ്കങ്ങൾ, പാലങ്ങൾ എന്നിവയൊക്കെ കടന്ന് ട്രെയിൻ യാത്ര എന്നതിലുപരി മികച്ച ദൃശ്യവിരുന്നാണ് യാത്രയിലുടനീളം അനുഭവിക്കാൻ കഴിയുക. തമിഴ്‌നാട്ടിലെ മേട്ടുപ്പാളയം സ്റ്റേഷനിൽ നിന്ന് ഊട്ടിയിലെ ഉദഗമണ്ഡലത്തിലേക്കാണ് നീലഗിരി മൗണ്ടൻ റെയിൽവേയുടെ സർവീസ്. കൂനൂർ, വെല്ലിംഗ്‌ടൻ, ലവ്ഡേൽ തുടങ്ങിയ മനോഹരമായ സ്ഥലങ്ങളിലൂടെയാണ് സർവീസ് കടന്നു പോകുന്നത്.
നീലഗിരി താഴ്വരകളിലൂടെയും ഇടതൂർന്ന വനങ്ങളിലൂടെയും വെള്ളച്ചാട്ടങ്ങളെ തഴുകിയുമാണ് യാത്ര. യാത്രക്കിടെ 16ലധികം തുരങ്കങ്ങളിലൂടെയും 250ലധികം പാലങ്ങളിലൂടെയുമാണ് ട്രെയിൻ കടന്നു പോകുന്നത്. സാധാരണ ഒരു യാത്രയെക്കാൾ മികച്ച അനുഭവമായിരിക്കും കിട്ടുക.
പൈതൃകമൂല്യം കണക്കിലെടുത്ത് യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ നീലഗിരി മൗണ്ടൻ റെയിൽവേയെ ഉൾപ്പെടുത്തിയിട്ടുണ്ട്. ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനേക്കൾ ഒരോ നിമിഷവും പ്രകൃതി സൗന്ദര്യം ആസ്വദിക്കാനുള്ളതാണ് ഇതിലെ യാത്ര. തിരക്കിട്ട ജീവിതത്തിൽ നിന്ന് മാറി, പ്രകൃതിയെ അടുത്തറിഞ്ഞ് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ശാന്തവും മനോഹരവുമായ അനുഭവമാണ് നൽകുക.