13/07/2021
വായനയുടെ വസന്തങ്ങൾ
“ഒരിടത്ത് ഒരു രാജാവുണ്ടായിരുന്നു, ആ രാജാവിന് നാല് മക്കളുണ്ടായിരുന്നു” എന്ന് ഉമ്മ പറഞ്ഞു തുടങ്ങുമ്പോൾ തന്നെ മനസ്സിലാകും ഈ കഥ വികസിക്കുന്നത് ‘കഥമതി’യിലേക്കാണെന്ന്. ഒരു കുട്ടിയും ഒരിക്കലും കേൾക്കാൻ ആഗ്രഹിക്കാത്ത കഥയായിരിക്കും ഒരുപക്ഷെ ഈ രാജാവിന്റെയും മക്കളുടെയും കഥ.ഈ കഥക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് .. വീട്ടിലെ മുതിർന്നവരാൽ ഇങ്ങനെ നിരന്തരം പറ്റിക്കപ്പെട്ടപ്പോഴാണ് വായിക്കാൻ പഠിക്കണമെന്ന വാശി ഞാനെന്ന കുട്ടിയിൽ പിറവികൊണ്ടത് ..
കഥയിൽ ചോദ്യമില്ലെന്ന നിബന്ധന വെച്ചാണ് കഥകളെല്ലാം കിട്ടിയിരുന്നത്. എല്ലാറ്റിലും ചോദ്യം വേണമെന്നപോലെ കഥയിലും ചോദ്യം വേണം. ചോദ്യങ്ങളില്ലാതെ വരുമ്പോൾ എങ്ങോട്ടൊക്കെയോ ഉള്ള കിനാവാതിലുകൾക്കാണ് പൂട്ടുവീഴുന്നത്.
‘ഇലകളിൽ ചോരുന്ന ആകാശം എന്ന പുസ്തകം കൈപിടിച്ചുകൊണ്ടുപോയത് ഇന്നേവരെ കണ്ടിട്ടില്ലാത്ത കാടകങ്ങളിലെ പടർപ്പുകളിലേക്കായിരുന്നു.എന്തെല്ലാം ചെടികൾ.,ഇരുണ്ടു പച്ചിച്ച കാട്ടുവള്ളികൾ, കരിങ്കദളികൾ, തൊട്ടാൽവാടികൾ, നീല നക്ഷത്രപ്പൂക്കൾ, നൂറ് പേരറിയാപ്പൂക്കൾ,...അങ്ങിനങ്ങനെ സൂക്ഷ്മജീവികൾ മുതൽ കട്ടുറുമ്പും മൺചിലന്തിയും ചീവീടും മണ്ണിരയും ഒച്ചും അട്ടയും അരണയും തവളയും പാമ്പും പുലിയും സിംഹവും ആനയും ... ആരുടെയൊക്കെയോ വീടാണ് ഈ കാടെന്ന് ബോധ്യം വരുന്നു ..
കാടിനെ വായിച്ചിരിക്കെ തൊണ്ട വരളുമ്പോൾ ഒരു വനമനുഷ്യൻ പുസ്തകത്തിലേക്ക് തന്നെ കൂട്ടിക്കൊണ്ടുപോകുന്നു. അയാളൊരു കാട്ടുവള്ളി തേടിപ്പിടിച് അരയിലെ കത്തിയൂരി അതിലൊന്ന് ചെരിച്ചുവെട്ടി ഒരറ്റം കയ്യിൽ തരുന്നു. ചുണ്ടിൽ ചേർത്തുവലിച്ചു കുടിക്കാം. കുഴലിൽനിന്നെന്നപോലെ തെളിവെള്ളം ഒഴുകിവരുന്നു..
കാടിന്റെ രാത്രിസംഗീതത്തിന് കാത് കൊടുത്ത് ഉള്ളുകുളിരുന്ന തണുപ്പത്ത് മൂടിപ്പുതച്ചുറങ്ങുമ്പോൾ കാട്ടിനുള്ളിലെ കാടിനെ തന്നെ സ്വപ്നം കാണാം ..
എല്ലാ വൃക്ഷങ്ങളും വീഴും എന്നതാണ് വനം തന്ന പാഠം എന്നെഴുതുന്നുണ്ട് അന്ധകാരനഴിയിൽ ഇ സന്തോഷ്‌കുമാർ. ‘ഈട്ടിയും തേക്കും മഹാഗണിയും .. ആഞ്ഞിലിയും മരുതും പുന്നയും വാകയും.. കാട്ടിൽ നാം
നടാതെ തന്നെ വളർന്നുവന്ന മരങ്ങൾ .. മഴയും വെയിലും കൊണ്ട് കിളിർത്ത് വളർന്ന മരങ്ങൾ”
വായനയെപറ്റിയാണ് പറഞ്ഞുതുടങ്ങിയത്. അത് കാടുകേറി എങ്ങനെയോ ഉൾക്കാട്ടിലെത്തുകയായിരുന്നു. വായനയുടെ സുഖം അതാണ്.ഏത് ആകാശത്തേക്കും ആശയലോകത്തേക്കും കാടുകേറാം.
എത്രവായിച്ചാലും തീരാത്ത രണ്ട് കൃതികളാണ് റെയിൽവേ ടൈംടേബിളും ടെലഫോൺ ഡയറക്ടറിയും എന്നെഴുതിയത് ബാബു ഭരദ്വാജ്. “ടെലഫോൺ ഡയറക്ടറിയിലുള്ളത്ര കാഥാപാത്രങ്ങൾ വേറൊന്നിലും കാണില്ല, റെയിൽവേ ടൈം ടേബിളിൽ ഉള്ളത്ര സ്ഥലങ്ങളും വഴികളും കാലവും സഞ്ചാരങ്ങളും കർമങ്ങളും മറ്റൊന്നിനുമില്ല. ഇവ രണ്ടിലുമുള്ളത്ര സംഖ്യകൾ ഒരു എഞ്ചുവടിയിലും കാണില്ല. സ്ഥലനാമങ്ങൾകൊണ്ടും മനുഷ്യനാമങ്ങൾ കൊണ്ടും കളിക്കാം.ഇത്രപ്പോരം മനുഷ്യരോ, ഇത്രപ്പോരം സ്ഥലങ്ങളോ എന്ന് അത്ഭുതം കൂറാം...”
അലമാരക്കകത്തിരിക്കുന്ന പുസ്തകം വെറുമൊരു സ്റ്റേഷനറി വസ്തു മാത്രമാണെന്നെഴുതുന്നുണ്ട് ബാലചന്ദ്രൻ വടക്കേടത്ത് വായനയുടെ ഉപനിഷത്ത് എന്ന പുസ്തകത്തിൽ.
അനിതാ പ്രതാപിന്റെ ‘ചോര ചിന്തിയ ദ്വീപ്’ എന്ന പുസ്തകം ശ്രീലങ്കയുടെ ഉള്ളറകളിലൂടെയുള്ള ഒരു യാത്ര പോക്കാണ്. പ്രഭാകരനും പുലികളും അവരുടെ കരുതൽ രീതികളുമെല്ലാം എന്നിൽ നട്ടത് എന്തെല്ലാം നടുക്കങ്ങളെയാണ് .. ബാബരി തകർച്ചാകാലത്തെ ഒരനുഭവം കൂടി അവരതിൽ പറയുന്നുണ്ട്.. താക്കറെയുടെ അടുത്ത് അഭിമുഖത്തിനായി ചെന്നതാണ്. മുസ്ലിങ്ങളെ എങ്ങനെ നിലക്കുനിർത്താം എന്നതിനെപ്പറ്റിയാണ് താക്കറെ സംസാരിക്കുന്നത്. അനിത പതിയെ വിഷയം മാറ്റി, താക്കറെയുടെ ഹെയർ സ്റ്റൈലിനെ പ്രശംസിച്ചു. അഭിമാനപൂർവ്വം താക്കറെ പറഞ്ഞു “കാലങ്ങളായി ഒരേ ബാർബറുടെ അടുത്താണ് ഞാൻ പോകുന്നത്. അയാളൊരു മുസ്ലിമാണ്, മിടുക്കൻ!”
ചോര മണക്കുന്ന വരികൾക്കിടയിലും ഇങ്ങനെ പതിഞ്ഞുകിടപ്പുണ്ടാകും ഒരു സമവാക്യങ്ങൾക്കും പിടിതരാത്ത വൈരൂദ്യങ്ങൾ.
കഥകളുടെ വൻകരകളിലൂടെ സഞ്ചരിക്കുന്നവൻ അവനവന്റെ ജീവിതത്തിനു പുറമെ എത്രയെത്ര ജീവിതങ്ങളാണ് ജീവിക്കുന്നത്! കഥയുടെയും കവിതയുടെയും സത്യം ശാസ്ത്രത്തിനും അപ്പുറം നിൽക്കുന്ന ഒന്നാണെന്ന് ഒരിക്കൽ അഷിതയെഴുതി. കഥകൾ നൽകുന്ന ഉൾനനവുകൾ ഏതു ശാസ്ത്രത്തിനാണ് കണ്ടെത്തിത്തരാനാവുക ?
“ഒരുവന്റെ ഓരോ നിമിഷവും കഥ മാത്രമാണ്. ആധികളിലേക്ക് തലയിട്ട് നടക്കുന്ന പെരുങ്കഥക്കാർ നമ്മൾ” - വിരുന്ന് മേശയിലേക്ക് നിലവിളികളോടെ’ എന്ന നോവലെറ്റിൽ ടി വി കൊച്ചുബാവ.
ഒരു തടവുപുള്ളി രക്ഷപ്പെടാൻ തുരങ്കം നിർമിക്കലാണ് എല്ലാ സാഹിത്യരചനയും എന്നെഴുതി കമല സുരയ്യ. ‘രാത്രിയിൽ രഹസ്യമായി നിലം തകർത്ത് ഒരു തുരങ്കം നിർമിച്ചു പുസ്തകരചനയിലൂടെ രക്ഷാകവാടങ്ങൾ ചമക്കുകയാണത്.’
കസാൻദ്സാക്കിസിനെ വായിക്കാത്തവരാരാണ്. അദ്ദേഹത്തിൻറെ ‘സെന്റ് ഫ്രാൻസിസ്’ എന്ന നോവലിൽ സ്വർഗ്ഗകവാടത്തിൽ വന്നുമുട്ടുന്ന ഒരു ശലഭപ്പുഴുവുണ്ട്. എത്ര ഇഴഞ്ഞിഴഞ്ഞാണ് അത് അവിടെ എത്തിപ്പറ്റിയത്. അപ്പോൾ അകത്തുനിന്നുള്ള മറുപടി ‘ഇവിടെ പുഴുക്കൾക്ക് പ്രവേശനമില്ല’
എന്തോ, ഇന്നേരം ആ ആശയലോകം ഉള്ളിലേക്ക് പടർന്നു കയറിയതെന്തിനാണ് ..?
അതെ ഇവിടെ സന സീകെയുടെ എഴുത്ത് നിർത്താറായിട്ടില്ല ...
പുഴു ഭൂമിയിലേക്ക് മടങ്ങി .. പിന്നെയും ഇഴഞ്ഞിഴഞ്ഞു..
ശലഭമാവലാണ് ശലഭപ്പുഴുവിന്റെ ദൗത്യം.. പുഴുവായി ചെന്നാൽ എങ്ങനെ സ്വർഗം കടക്കാനാണ് !
ഫാഷിസം വല്ലാതെ കേട്ട് വാസനിക്കുന്ന ഈ കാലത്ത് എം എൻ വിജയൻ മാഷിന്റെ ധിഷണ എങ്ങനെ പങ്കുവെക്കാതിരിക്കും? ഭരണം ഒരു ജന്തുവും മനുഷ്യൻ അതിന്റെ ഇരകളുമായിത്തീരും എന്നെഴുതാൻ മാത്രം ദീർഘദൂരം കണ്ണെത്തിയ മനുഷ്യൻ..
കത്തുന്ന തീകൊള്ളികളുമായി പ്രാവുകളെല്ലാം തിരികെയെത്തുന്നകാലം കിനാവ് കണ്ട് കഥ കെട്ടിയ എം സുകുമാരൻ, അന്ധവിശ്വാസത്തിന്റെ ആധുനിക കടുവാക്കുഴികളെ പരിചയപ്പെടുത്തിയ വൈക്കം മുഹമ്മദ് ബഷീർ, അന്ധനും അകലങ്ങൾ കാണുന്നവനും തമ്മിലുള്ള ദൂരം അളന്ന ഒ വി വിജയൻ, തെരഞ്ഞെടുക്കപ്പെട്ടവരുടെ ഏകാധിപത്യമാണ് ജനാധിപത്യമെന്നെഴുതിയ എൻ പി മുഹമ്മദ്, എം മുകുന്ദൻ, ഒർഹാൻ പമുക്, ഡാൻ ബ്രൗൺ, , ഖാലിദ് ഹൊസ്സെനി, ,സാഫോ, ഷുസെ സരമാഗു, മാൻലിയോ അർഗ്യൂട്ട അങ്ങനെയങ്ങനെ തീവ്ര ദേശീയതയുടെയും ബ്രെക്സിറ്റുകളുടെയും ചിന്താവേലികൾ പൊളിച്ചു നമ്മിലേക്കെത്തുന്ന എവിടെയെല്ലാമുള്ള എഴുത്തുകാർ ..
കസാൻദ്സാക്കിസ് ചോദിക്കുന്നു
‘ആരാണീ ശലഭപ്പുഴു’
“ഞാനാണ്, നീയാണ്, നമ്മളൊക്കെയാണ്.ഭൂമിയിൽ ഇഴഞ്ഞുനടക്കുന്ന ഓരോ മനുഷ്യനും ശലഭപ്പുഴുവാണ്. ദൈവമേ, ഈ പുഴു ചിത്രവർണ ശലഭമാകുന്നതിനു മുമ്പ് എന്തെല്ലാം നേടണം.”
ശലഭമാകാതെ,സ്വന്തം ദൗത്യം ചെയ്യാതെ എങ്ങനെ സ്വർഗം കടക്കാനെന്ന ചോദ്യം എന്റെ അകം കലക്കുന്നു...
നോക്കണേ വായന നമ്മെ കൊണ്ടെത്തിക്കുന്ന ആശയാകാശങ്ങൾ !
വായിക്കുന്നവന്റെ ആകാശത്തിന് മാത്രം കാണും വേണ്ടുവോളം വ്യാപ്തിയും വലുപ്പവും. അല്ലാത്തവർക്ക് അവനവന്റെ മേൽക്കൂര തന്നെ ഏഴ് ആകാശവും.
വായനയെപ്പറ്റി എഴുതാനിരുന്നിട്ട് എത്ര ഇഷ്ടപ്പെട്ട പുസ്തകങ്ങൾ, എഴുത്തുകാർ, ചിന്തകർ,കഥകൾ, കവിതകൾ, അക്ഷരവിസ്മയങ്ങൾ ...
എല്ലാവരിലേക്കും ഓടിയെത്താൻ കഴിയുന്നില്ല ...എങ്കിലും എഴുതിത്തീരാത്തതിനെപ്പറ്റിയല്ല വായിച്ചെത്താത്തതിനെപ്പറ്റിയാണ് ആധിയും അങ്കലാപ്പും ....