14/10/2024
https://www.facebook.com/share/p/78UYRPLFuAHFPV9b/
ഇരിങ്ങാലക്കുടക്കാരുടെ സിനിമ "ചരം"
പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റുന്നു
നാടക സിനിമാ മേഖലകളിൽ സജീവമായ ഇടപെടലുകൾ നടത്തുന്ന ഇരിങ്ങാലക്കുടക്കാരായ ഒരു പറ്റം സുഹൃത്തുക്കളുടെ കൂട്ടായ്മയായ "അബ്സ്ട്രാക്റ്റ് മൈൻഡ്സ് പ്രൊഡക്ഷ"ൻ്റെ പുതിയ സംരംഭമായ 45 മിനിറ്റ് ദൈർഘ്യമുള്ള
"ചരം" എന്ന സിനിമ പ്രേക്ഷകശ്രദ്ധ ആകർഷിച്ച് മുന്നേറുന്നു.
നിർമ്മാതാവായ രജിത് കുമാർ തന്നെയാണ് ഇതിൻ്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. അനീസ് മൊയ്‌തീൻ, മാർട്ടിൻ തോമസ്, അഡ്വ പി മണികണ്ഠൻ എന്നിവരാണ് സഹനിർമ്മാതാക്കൾ.
തെന്നിന്ത്യൻ സിനിമകളിലെ സജീവ സാന്നിധ്യമായ ഹരീഷ് ഉത്തമൻ, മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ ഡയാന ഹമീദ്, നടനും കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായ
പി ആർ ജിജോയ് എന്നിവരാണ് "ചര"ത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഇവരോടൊപ്പം നാടക സിനിമാ രംഗങ്ങളിൽ പരിചയ സമ്പന്നരായ അഡ്വ പി മണികണ്ഠൻ,
എ ആർ അരവിന്ദ്, പോൾ ഡി ജോസഫ്, സനാജി കുമാർ, തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു. ഇരിങ്ങാലക്കുട നഗരസഭ മുൻ അധ്യക്ഷയും അഭിനേത്രിയുമായ സോണിയ ഗിരിയും ഇതിൽ വേഷമിടുന്നുണ്ട്.
പൂർണ്ണമായും ഇരിങ്ങാലക്കുടയിലും പരിസരങ്ങളിലും ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ടീമംഗങ്ങളിൽ പലരും ക്രൈസ്റ്റ് കോളേജിലെ പൂർവ്വ വിദ്യാർത്ഥികളാണ്.
ഇ വിവേക് (അസോസിയേറ്റ് ഡയറക്ടർ), പോൾ ഡി ജോസഫ് (പ്രൊഡക്ഷൻ മാനേജർ), ഹേന ചന്ദ്രൻ, ആദിത്യ പട്ടേൽ (അസിസ്റ്റൻ്റ് ഡയറക്ടർമാർ), ചിന്നു കുരുവിള (സിനിമാട്ടോഗ്രാഫർ), അയൂബ് ഖാൻ (എഡിറ്റർ), വരുൺ ഉണ്ണി (മ്യൂസിക് ഡയറക്ടർ), അരുൺ വെഞ്ഞാറമ്മൂട് (ആർട്ട് എഡിറ്റർ), ലിജു പ്രഭാകർ (കളറിസ്റ്റ്), പി എം രാജേഷ് (സൗണ്ട് ഡിസൈനർ) എന്നിവരുൾപ്പെടെ മലയാള സിനിമാ രംഗത്തെ പ്രഗത്ഭരായ ടെക്‌നീഷ്യൻമാരാണ് ഇതിന്റെ ദൃശ്യ ശ്രാവ്യ സാങ്കേതിക വിഭാഗങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്.
വർത്തമാന സമൂഹത്തിൽ വളരെ ആഴത്തിൽ ആധിപത്യം പുലർത്തുന്ന വർഗ്ഗചിന്തകളെയും അക്രമരാഷ്ട്രീയത്തെയും മനുഷ്യന്റെ സാമാന്യ ബോധത്തിൽ നിന്നു കൊണ്ട് ചോദ്യം ചെയ്യുകയാണ് "ചരം". മനുഷ്യന്റെ സ്വതന്ത്ര ചിന്തകളെ സ്ഥാപിത താല്പര്യത്തിനു വേണ്ടി മെരുക്കിയെടുക്കുകയും സ്വന്തം നിലനിൽപ്പിനും സങ്കുചിതമായ പ്രത്യയ ശാസ്ത്രങ്ങളുടെ പ്രചാരണത്തിനും വേണ്ടി ഉപയോഗിക്കുകയും ചെയ്യുന്നവർ എങ്ങനെ അപകടകരമായ സാമൂഹ്യാവസ്ഥകളെ സൃഷ്ടിക്കുന്നു എന്നത് മൂന്നു വ്യത്യസ്ഥ കഥാപാത്രങ്ങളിലൂടെ ഈ ചിത്രം വരച്ചുകാട്ടുന്നു.
പരാജയങ്ങളുടെ നടുക്കടലിൽ പെട്ടുപോയ സ്വന്തം ജീവിതം കരക്കടുപ്പിക്കാൻ ശ്രമിക്കുന്നതിനിടയിൽ കടപ്പാടുകളുടെ പേരിൽ അക്രമരാഷ്ട്രീയത്തിൽ പെട്ടുപോയി, അതിൽ നിന്നും സ്വാതന്ത്രനാകാൻ ശ്രമിക്കുമ്പോൾ വീണ്ടും അതേ ചങ്ങലയിൽ കുരുങ്ങിപ്പോയി രക്ഷപ്പെടാൻ ശ്രമിക്കുന്ന പ്രകാശ് എന്ന യുവാവ് ഒരു വശത്ത്. യുക്തികൾക്കും സാമാന്യ ബോധത്തിനും അതീതമായി തങ്ങളുടെ ആശയങ്ങൾ മാത്രമാണ് ശരി എന്നു വിശ്വസിക്കുകയും അവയിൽ ഒതുങ്ങാത്തവരെ തിരസ്കരിക്കാനും വേണമെങ്കിൽ ഇല്ലായ്മ ചെയ്യാനും തയ്യാറെടുക്കുന്ന അഡ്വ സുരേന്ദ്രൻ എന്ന പാർട്ടി നേതാവിന്റെയും കൂട്ടരുടെയും മാനസികാവസ്ഥ മറുവശത്ത്. ഇതിനെ രണ്ടിനെയും ബന്ധിപ്പിക്കുന്ന, വിവേകവും മനുഷ്യത്വവും മാത്രം കൈമുതലായുള്ള പ്രൊഫ നരേന്ദ്രൻ എന്ന വ്യക്തിയാണ് മൂന്നാമത്തെ കഥാപാത്രം.
Saina Play OTT App-ലോ (https://sainaplay.app.link/1AB2740EBNb)
അല്ലെങ്കിൽ
വെബ് ബ്രൗസറിലോ (https://sainaplay.com/movie/charam/iqdhtp5vi3ip)
RENT ഓപ്ഷൻ മുഖേന ഈ സിനിമ കാണാം.
ചിത്രത്തിന്റെ ട്രെയിലർ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ലഭ്യമാണ്.
https://youtu.be/vQ6U88IBBnQ?si=yq5HnTktjeS0ZUy0