22/10/2025
കുട്ടനാട്ടിൽ നെൽ വിത്ത് ക്ഷാമം രൂക്ഷം
കുട്ടനാട്ടിൽ പുഞ്ചകൃഷിക്ക് നെൽ വിത്ത് ക്ഷാമം രൂക്ഷമായി. പുഞ്ചകൃഷി ആദ്യം ആരംഭിക്കുന്ന എടത്വാ കൃഷിഭവൻ പരിധിയിലെ പാടശേഖര കർഷകരാണ് നിലമൊരുക്കി ആഴ്ചകളായി കാത്തിരിക്കുന്നത്. വിത്ത് ലഭ്യമാക്കുവാൻ കൃഷി ഭവൻ അധികൃതർക്ക് സാധിച്ചിട്ടില്ല. വിതയിറക്കിന് കാലതാമസം നേരിട്ടാൽ വേനൽ മഴയ്ക്ക് മുൻപ് കൊയ്ത്തു നടക്കില്ലെന്നാണ് കർഷകർ ആശങ്കപ്പെടുന്നത്. എടത്വാ കൃഷിഭവൻ പരിധിയിലെ പുത്തൻ വരമ്പിനകം, ദേവസ്വം വരമ്പിനകം, വടകര, ചുങ്കം ഇടച്ചുങ്കം, മുക്കോടി വടകരി തെക്ക്, തായങ്കരി ഇടശ്ശേരിക്കോണം, കറുകമയ്യക്കോണം, തായങ്കരി ചിറയ്ക്കകം എന്നീ പാടശേഖരങ്ങളിലെ കർഷകരാണ് നിലം കൃഷിക്ക് സജ്ജമാക്കി കാത്തിരിക്കുന്നത്. ഇനിയും വിത്ത് എത്തിച്ചില്ലെങ്കിൽ സ്വകാര്യ ഏജൻസികളിൽ നിന്ന് ഉയർന്ന വിലയ്ക്ക് വിത്ത് വാങ്ങേണ്ടി വരുമെന്നാണ് കർഷകർ പറയുന്നത്. ഇതുമൂലം കർഷകർക്ക് അധിക സാമ്പത്തിക ബാധ്യത സൃഷ്ടിക്കാനും സാധ്യതയുണ്ട്.
തുലാമഴ ആരംഭിച്ചതോടെ കിഴക്കൻ വെള്ളത്തിൻ്റെ വരവുമൂലവും ദിനംപ്രതി പമ്പിങ് നടത്തേണ്ടി വരുന്നതും പാടശേഖര സമതികൾക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നു. കഴിഞ്ഞ സീസണിൽ വിത്ത് ക്ഷാമം നേരിട്ടപ്പോൾ കർഷകർ സ്വന്തം നിലയ്ക്കു വിത്തുവാങ്ങിയാണ് വിതച്ചത്. സ്വകാര്യ ഏജൻസികളിൽ നിന്ന് വാങ്ങുന്ന വിത്തിൻ്റെ വില നൽകുമെന്ന് കൃഷി വകുപ്പ് ഉറപ്പുനൽകിയെങ്കിലും ഇതേവരെ പാലിച്ചില്ല. ഏക്കറിന് 60 കിലോ വിത്ത് ആവശ്യമായി വരുന്നുണ്ട്. സംസ്ഥാന സീഡ് അതോറിറ്റിയിൽ നിന്നും ലഭിക്കുന്ന വിത്ത് അപര്യാപ്തമായതിനാൽ നാഷണൽ സീഡ് കോർപറേഷൻ, ആന്ധ്രാ സീഡ് കോർപറേഷൻ തുടങ്ങിയവയുടെ ലേബലിൽ ലഭിക്കുന്ന സ്വകാര്യ വിത്തുകളാണ് കർഷകർ ആശ്രയിക്കുന്നത്. സബ്സിഡി വിത്ത് കൃഷിയുടെ ആരംഭത്തിലേ വിതരണം ചെയ്താൽ കർഷകർക്ക് ആദ്യഘട്ട ചെലവുകൾ കുറയ്ക്കാൻ കഴിയുമെന്നിരിക്കെ മാസങ്ങൾക്കു ശേഷമേ സബ്സിഡി തുക കർഷകരുടെ അക്കൗണ്ടിൽ എത്തുന്നത്. സർക്കാർ പ്രശ്നത്തിൽ അടിയന്തരമായി ഇടപെടണമെന്നും, കൃഷിഭവനുകൾ വഴി സീസൺ ആരംഭിക്കുമ്പോൾ തന്നെ വിത്ത് വിതരണം തുടങ്ങണമെന്നും കർഷകർ ആവശ്യപ്പെടുന്നു.