09/09/2025
സി.കെ ശ്യാംപ്രസാദ്
സിവിൽ പോലീസ് ഓഫീസർ
കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷൻ
മരണം: 2025 ഫെബ്രുവരി രണ്ട്
ഇങ്ങനെ ഒരു പോലീസ് ഉദ്യോഗസ്ഥനെ പറ്റി നിങ്ങളിൽ എത്ര പേർ കേട്ടിട്ടുണ്ട് എന്നറിയില്ല .
ജനങ്ങൾ അധികം കേൾക്കാനോ ഓർമ്മിക്കാനോ അധികം സാധ്യതയില്ലാത്ത പേരാണ് ഈ പാവം പോലീസുകാരൻ്റെത്.
ഏറ്റുമാനൂർ തെളളകത്ത് വെച്ച് ഈ പോലീസ് ഉദ്യോഗസ്ഥൻ ക്രൂരമായി കൊല്ലപ്പെട്ടു. കൊല്ലപ്പെടുമ്പോൾ 44 വയസേ ഉള്ളു പ്രായം .
പറക്കമുറ്റാത്ത മൂന്ന് കുട്ടികളുടെയും ഭാര്യയടക്കമുള്ള ബന്ധുക്കളുടെയും ഏക ആശ്രമമായിരുന്നു അയാൾ
പാതിരാത്രി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വഴിയിൽ വെച്ച് ഒരു സാധാരണക്കാരൻ്റെ പെട്ടിക്കട ഒരു തെരുവ് ഗുണ്ട തല്ലി തകർക്കുന്നത് കണ്ടാണ് ശ്യാം പ്രസാദ് ബൈക്ക് നിർത്തിയത്. അക്രമിയെ കണ്ടപ്പോൾ തന്നെ അയാൾ തിരിച്ചറിഞ്ഞു.
കൊക്കാടൻ ജിബിൻ ജോർജ്ജ് !
ലഹരി മൂത്താൽ പിന്നെ ഹിസ്റ്റീരിയ ബാധിച്ചവനെ പോലെയാണ് അക്രമം .
ഒറ്റക്ക് നേരിടുന്നത് അപകടമാണ് , പക്ഷെ
നേരിട്ടെ പറ്റു , കാരണം ഒരു കൊച്ചുകുഞ്ഞിനെ
തൂക്കി എറിയുകയാണ് അക്രമി . മറ്റൊരാളുടെ കഴുത്ത് തൻ്റെ ബലിഷ്ടമായ കൈ കൊണ്ട്
അമർത്തി പിടിച്ചിരിക്കുകയാണ് അയാൾ
ചിന്തിച്ച് നിൽക്കുന്നത് അപകടമാണ്
രണ്ട് ജീവൻ തൻ്റെ മുന്നിൽ വെച്ച് അവസാനിക്കാൻ പോകുന്നു . ഒരു വലിയ ജനക്കൂട്ടം കാഴ്ച്ചക്കാരെ പോലെ നോക്കി നിൽക്കുന്നു.
ബൈക്ക് സ്റ്റാൻഡിൽ വെച്ച് ശ്യം പ്രസാദ് ഇറങ്ങി അക്രമിയുടെ ചിത്രം മൊബൈൽ ഫോണിൽ പകർത്തി സ്റ്റേഷനിലെ വാട്ട്സാപ്പ് ഗ്രൂപ്പിലേക്ക് അയച്ചു . പിന്നാലെ അക്രമിയെ ശ്യാം പ്രസാദ് കീഴ്പ്പെടുത്തി .
ഇതോടെ രണ്ട് വധശ്രമക്കേസുകൾ അടക്കം ഏഴിലധികം ക്രിമിനൽ കേസുകളിൽ പ്രതിയായ കൊക്കാടൻ ഇതോടെ ശ്യാം പ്രസാദിന് നേരെ തിരിഞ്ഞു. റോഡിൽ മലർന്ന് വീണ ശ്യാം പ്രസാദിൻ്റെ നെഞ്ചിൽ തുടർച്ചയായി ആഞ്ഞ് ചവുട്ടി , വാരിയെല്ലുകൾ ഓടിച്ച് അന്തരികാവയവങ്ങളിലേക്ക് കയറി , വായിലൂടെ ചോര നുര പോലെ ഒഴുകി.
ബോധം പോകും മുൻപ് ശ്യാം തനിക്ക് അന്നോളം അപരിചിതനായ ആ തട്ടുകടകാരനോട്
നേർത്ത സ്വരത്തിൽ പറഞ്ഞു.
"നിങ്ങൾ കടയടച്ചോ ഇനി പ്രശ്നം ഉണ്ടാവില്ല "
പെട്രോളിംഗ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന കുമരകം സി ഐ കൊലപാതകിയെ ഓടിച്ചിട്ട് പിടിച്ചു.
ക്രമസമാധാനപാലനത്തിൻ്റെ ഭാഗമായി ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാനുള്ള പോരാട്ടത്തിനിടയിൽ ജീവൻ നഷ്ടമായ ഒടുവിലത്തെ രക്തസാക്ഷിയാണ് കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസറുമായിരുന്ന സി.കെ.ശ്യാംപ്രസാദ്
ഡ്യൂട്ടിയിൽ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ശ്യാം പ്രസാദിന് തൻ്റെ മുന്നിലെ അതിക്രമം ചെറുത്തില്ലായിരുന്നുവെങ്കിലും ആരും അത് അറിയുമായിരുന്നില്ല. ഇനി വാഹനം നിർത്തിയാലും സ്ഥലത്ത് കൂടുതൽ പോലീസ് എത്തട്ടെ എന്ന് കരുതി കാത്ത് നിൽക്കാമായിരുന്നു.
തന്നെക്കാൾ കരുത്തനും , സ്വബോധം ഇല്ലാതെ
നിൽക്കുന്നവനുമായ പ്രതിയെ ഒറ്റക്ക് കീഴ്പ്പെടുത്താൻ ശ്രമിക്കുന്നത് അപകടം ആണെന്ന് അറിയാഞ്ഞിട്ടല്ല . പക്ഷെ രണ്ട് ജീവനുകൾ തൻ്റെ
കൺമുന്നിൽ പൊലിഞ്ഞ് വീഴരുത് എന്ന് കർത്തവ്യബോധം ആണ് ആ ചെറുപ്പക്കാരനെ നയിച്ചത്.
പോലീസിൻ്റെ നേരിയ വീഴ്ച്ചകൾ പോലും ആഘോഷമാക്കാറുള്ള മാധ്യമങ്ങളും പ്രതിപക്ഷവും എന്ത് കൊണ്ട് ശ്യാമപ്രസാദിൻ്റെ ജീവത്യാഗം ചർച്ച ചെയ്യുന്നില്ല ??
ശ്യാംപ്രസാദ് ഒറ്റക്കല്ല , മദ്യപൻ വാഹനം ഇടിച്ച്
കൊലപ്പെടുത്തിയ പോലീസുകാരനായ കെ.വി അജേഷ് , ചീട്ടുകളിസംഘത്തെ പിടിക്കാർ ശ്രമിക്കുന്നതിനിടെ മരണപ്പെട്ട ഗ്രേഡ് എസ്.ഐ. ജോബി ജോർജ് പേരുകൾ പറയാൻ ഒരുപാട് ഉണ്ട്.
പോത്തൻകോട് സുധീഷ് വധക്കേസിലെ പ്രതി ഒട്ടകം രാജേഷിനെ പിടികൂടാൻ പോകുന്നതിടെ വർക്കലയിൽ വച്ച് വള്ളം മുങ്ങി ബാലു എന്ന പോലീസ് ഉദ്യോഗസ്ഥൻ മരണപ്പെട്ടതും , മൂന്ന് പോലീസുകാർ കഷ്ടിച്ച് രക്ഷപ്പെട്ടതും രണ്ട് വർഷം മുൻപാണ്
എറണാകുളം അമ്പലമേട് സ്റ്റേഷനിൽ മോഷണ കേസ് പ്രതി രക്ഷപ്പെടാനുള്ള ശ്രമത്തിൽ കൈയ്യിലെ വിലങ്ങ് ഉപയോഗിച്ച് ഒരു പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്താൻ ശ്രമിച്ച് കുറച്ച് നാൾ മുൻപ് ആയിരുന്നു
കുപ്രസിദ്ധ ക്രിമിനലായ മാരിയെ പിടികൂടുന്നതിനിടയില്‍ ഒല്ലൂര്‍ സിഐ ടി.പി. ഫര്‍ഷാദിനും സിപിഒ വിനീതിനും ഗുരുതരമായി കുത്തേറ്റത് ഒൻപത് മാസം മുൻപാണ്
സംഭവകഥകൾ പറയാനാണെങ്കിൽ
എഴുതിയിലും തീരില്ല
ആത്മാർത്ഥതയും അർപ്പണബോധവും തികഞ്ഞ സത്യസന്ധതയും ഉള്ള നൂറുകണക്കിന് പേരുള്ള
കുറ്റാന്വേഷണ ഏജൻസിയാണ് കേരള പോലീസ്
കുറ്റാന്വേഷണ മികവിൽ കേരള പോലീസിന്
തതുല്യമായ ഏത് സേനയാണ് ഇന്ന് ഇന്ത്യയിൽ ഉള്ളത്
ചില ഉദാഹരണങ്ങൾ പറയേണ്ടതുണ്ട് എന്ന് തോന്നുന്നു
എറണാകുളം കടവന്ത്ര സ്വദേശിയ പത്മം എന്ന ലോട്ടറി വിൽപ്പനക്കാരിയെ കാണാനില്ലെന്ന
ബന്ധുവിൻ്റെ പരാതിയാണ് കുപ്രസിദ്ധമായ
ഇലന്തൂർ നലബലി കേസ് ആയി മാറുന്നത്.
നേരിയ തെളിവ് പോലും അവശേഷിപ്പിക്കാതെ
പ്രതികൾ ചെയ്ത കൃത്യം തെളിയിച്ചത് കേരളാ പോലീസിൻ്റെ മിടുക്ക് അല്ലാതെ എന്താണ്
UDF ഭരണകാലത്ത് പെരുമ്പാവൂർ ജിഷാ കേസിൽ
പ്രതിയെ പിടി കൂടാൻ കഴിയാതെ ചെരുപ്പ് കെട്ടിതൂക്കിയിട്ട് , നാട്ടിലെ മുഴുവൻ ചെറുപ്പക്കാരെയും
മാങ്ങയും കടിപ്പിച്ച് നടക്കുന്ന പോലീസിൽ നിന്നാണ് ഈ മാറ്റം എന്നാലോചിക്കണം.
രാജ്യത്ത് ആദ്യമായി മയക്കുമരുന്ന് നിർമ്മാണ ഫാക്ടറി ഹൈദരാബാദിൽ പോയി കണ്ടെത്തിയതാണ് മറ്റൊരു സംഭവം . കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനത്തിൻ്റെ തലസ്ഥാനത്ത് പോലീസിൻ്റെ മൂക്കിൻ്റെ തുമ്പിൽ ഒരു ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ ഇങ്ങനെ ഒരു ഫാക്ടറി പ്രവർത്തിക്കുന്ന കാര്യം രേവന്ത് റെഡ്ഡിയുടെ തെലുങ്കാന പോലീസ് അറിയുന്നത് തന്നെ കേരളാ പോലീസ് അവിടെ തപ്പി ചെല്ലുമ്പോൾ മാത്രമാണ് എന്നൊർക്കണം
കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ ലോഡ് കണക്കിന് കഞ്ചാവ് എത്തിക്കുന്ന ഒറീസയിലെ വൻകിട ലഹരി മാഫിയാ സംഘത്തിന്റെ തലവന്‍ ആയ ജാഫറിനെ
വെള്ളറട പോലീസ് പിടികൂടിയത് സിനിമാ കഥയേക്കാൾ നാടകീയമായിട്ടാണ്. നിയമവാഴ്ച്ചയില്ലാത്ത മാവോയിസ്റ്റ് മേഖലയിൽ
നിന്നാണ് കേരളത്തിലേക്കുള്ള കഞ്ചാവിൻ്റെ
കടത്ത് ഇയാൾ നടത്തുന്നത്. സ്വന്തമായി ഫോണോ സിം കാർഡോ ATM മോ ഉപയോഗിക്കാത്ത ഇയാൾ പിടിക്കപ്പെടാതിരിക്കാന്‍ ബാല്‍ഡ ഗ്രാമവാസികളുടെ ബാങ്ക് അക്കൗണ്ടുകളിലൂടെ ആയിരുന്നു പണമിടപാടുകള്‍ നടത്തുന്നത്. മൈനുകളും , ബോംബുകളും കുഴിച്ചിട്ടിരിക്കുന്ന ഈ ഗ്രാമങ്ങളിലേക്ക് ഒറീസ പോലീസ് പോകുന്നത് തന്നെ
വിരളം ആയിട്ടാണ്. റെയില്‍വേ ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന അഞ്ച് മാസം പ്രദേശത്ത് വേഷം മാറി താമസിച്ചാണ് പോലീസ് ഇയാളെ പിടി കൂടുന്നത്. കണ്ണൂർ സ്ക്വാഡ് എന്ന മമ്മൂട്ടി ചിത്രം പോലെ
ഏറെ ദുരിതങ്ങൾ സഹിച്ചാണ് ഇയാളെ പോലീസ് പിടി കൂടിയത്
കേരളം കണ്ട ഏറ്റവും വലിയ ആസൂത്രിത എടിഎം കൊള്ള ചിലരെങ്കിലും ഓർക്കുന്നുണ്ടാവണം.
ഹരിയാണ അതിർത്തിയിലെ നൂഹ് ജില്ലയിലെ ഒരു കുഗ്രാമത്തിലാണ് ഈ സംഘത്തിൻ്റെ താവളം . പഴയ എ.ടി.എം. യന്ത്രങ്ങൾ പണംകൊടുത്ത് വാങ്ങിയാണ് പരിശീലനം നടത്തുന്ന പ്രൊഫഷണൽ സംഘം ആണ്
ഇവർ. കേവലം ഒരുമണിക്കൂർ 35 മിനിറ്റ് കൊണ്ട് ഇരിങ്ങാലക്കുട മാപ്രാണത്തും ഷൊർണൂർ റോഡിലെ എ.ടി.എമ്മിലും ഈ സംഘം കവർച്ച നടത്തി. വയർലെസ് സംവിധാനവും മെഷീൺഗണുമായിട്ടാണ് ഈ സംഘം റോന്ത് ചുറ്റുക .
കവർച്ച നടത്തിയ ശേഷം കാർ വലിയ കണ്ടെയിനറിനുള്ളിലേക്ക് ഓടിച്ച് കയറ്റി സ്ഥലം വിടുന്ന സംഘത്തെ പറ്റി ആദ്യ വിവരം ലഭിച്ച ഉടൻ തൃശൂർ കമ്മീഷണർ പാലക്കാട്, കോയമ്പത്തൂർ, കൃഷ്ണഗിരി ജില്ലകളിൽ ജാഗ്രതാനിർദേശം നൽകി.
കേരളാ പോലീസ് കൊടുത്ത ആ നിർണ്ണായക വിവരമാണ് ഈ കവർച്ച സംഘത്തിലേക്ക് എത്തിച്ചത് .തൃശൂർ ഹെയ്സ്റ്റ്: കൊള്ളയുടെ തിരക്കഥ സ്‌ട്രോങ്; പൊളിച്ചത് പോലീസിന്റെ 'Action Thriller Mission 28 September 2024 ൽ മാതൃഭൂമി പ്രസിദ്ധീകരിച്ച വാർത്തയുടെ തലക്കെട്ട് ഇങ്ങനെയായിരുന്നു.
ചെറുവണ്ണൂർ ജ്വല്ലറി കവർച്ച കേസ് പ്രതികളെ നേപ്പാൾ അതിർത്തിയിൽ പോയി ആണ് കേരളാ പോലീസ് അറസ്‌റ്റ് ചെയ്ത ഒരു വാർത്ത മനോരമ ഓൺലൈൻ പ്രസിദ്ധീകരിച്ചത് ഇവിടെ വായിക്കാം
" 22 ന് രാത്രി തന്നെ പിടികൂടാനുള്ള ശ്രമം നടത്തി. 7 മണിയോടെ വീട്ടിൽ എത്തി. എന്നാൽ അറിയാത്തവരെ കണ്ട പ്രതി തോക്കെടുത്ത് ബഹളം വച്ച് ആളുകളെ കൂട്ടുകയായിരുന്നു. അര മണിക്കൂർ കൊണ്ട് പ്രദേശവാസികളായ ക്രിമിനലുകൾ ആയുധങ്ങളുമായി എത്തി പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ സമസ്ത സിമാബെൻ ഉദ്യോഗസ്ഥർ എത്തി തടയുകയായിരുന്നു. ഈ സമയത്തിനുള്ളിൽ നാട്ടുകാർ മുഖ്യ പ്രതിക്ക് രക്ഷപ്പെടാനുള്ള അവസരം ഒരുക്കുകയും ചെയ്തു. പ്രതിയുമായി അവിടെ നിൽക്കരുതെന്ന ബോർഡർ പൊലിസിന്റെ അഭിപ്രായമാണ് 23ന് തന്നെ റിസർവേഷൻ ഇല്ലാതെ സാധാരണ കംപാർട്ട്മെന്റിൽ കേരളത്തിലേക്ക് തിരിച്ചത്. ലഗേജ് വയ്ക്കുന്ന മുകളിലെ കമ്പിയിൽ പ്രതിയെയും കൊണ്ട് 4 പൊലീസ് ഉദ്യോഗസ്ഥർ ഉറങ്ങാതെ 3 രാത്രിയും പകലും കഴിച്ചകൂട്ടി. വയറ്റിളക്കും പിടിച്ചതിനാൽ മൂന്നു ദിവസം ഭക്ഷണം കഴിക്കാനും സാധിച്ചില്ല. 23 ന് തിരിച്ച സംഘം ഭക്ഷണം കഴിക്കുന്നത് 26ന് രാത്രിയോടെ പാലക്കാട് എത്തിയതിന് ശേഷമാണ്."
സൈബർ തട്ടിപ്പിലൂടെ നാലു കോടി രൂപ അപഹരിച്ച പ്രതികളെ രാജസ്‌ഥാനിൽ നിന്ന് കോഴിക്കോട് സിറ്റി സൈബർ പോലീസ് പിടികൂടിയതും കൊച്ചിയിലെ ഒരു വീട്ടമ്മയിൽ നിന്ന് 'ഡിജിറ്റൽ അറസ്റ്റ്' സൈബർ തട്ടിപ്പ് വഴി 4.12 കോടി രൂപ കബളിപ്പിച്ച കേസിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തതും പോലീസിൻ്റെ കുറ്റാന്വേഷണ മികവാണ്
സൈബർ തട്ടിപ്പ് പിടി കൂടുന്നതിൽ രാജ്യത്ത് തന്നെ ഏറ്റവും മികച്ച സേനയാണ് കേരളത്തിലേത് എന്ന് സാക്ഷ്യപ്പെടുത്തുന്നത് കേന്ദ്ര ആഭ്യന്തരമന്താലയമാണ്. DGP യും സൈബർ ഓപ്പറേഷൻസ് വിഭാഗം എസ്പി ഹരിശങ്കറും ചേർന്നാണ് ആ അവാർഡ് അമിത്ഷായിൽ നിന്ന് ഏറ്റുവാങ്ങിയത്.
തിരുവനന്തപുരം 'പേട്ട' റെയിൽവേ സ്‌റ്റേഷനുസമീപത്തുനിന്നും നാടോടി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ 19 മണിക്കൂറിനുള്ളിൽ പെൺകുട്ടിയെ കണ്ടെത്തുകയും രണ്ടാഴ്ചക്കുള്ളിൽ പ്രതിയെ പിടിക്കകൂടുകയും ചെയ്തു.
കൊല്ലത്ത് മിഷിഗേൽ സാറാ എന്ന പെൺകുട്ടിയെ തട്ടി കൊണ്ട് പോയ മൂന്നംഗ കുടുംബത്തെ പോലീസ് പിടി കൂടിയതും ഓർമ്മയുണ്ടാകുമല്ലോ
കണ്ണൂർ വളപട്ടണത്ത് വ്യാപാരിയുടെ വീട്ടിൽ നിന്ന് ഒരു കോടി രൂപയും 300 പവൻ സ്വർണവും കവർന്ന കേസിലെ പ്രതിയെ കണ്ണൂർ സിറ്റി പോലീസ് വിദഗ്‌ധമായി പിടികൂടിയത് മികവ് അല്ലന്ന് പറയാൻ
കഴിയുമോ ?
കോഴിക്കോട് വടകര ചേറോട് വെച്ച് മുത്തശ്ശിയുടെ ജീവനെടുക്കുകയും ഒൻപത് വയസ്സുകാരിയായ ചെറുമകളെ കോമാവസ്‌ഥയിലുമാക്കിയ അപകടത്തിന് കാരണമായ വാഹനത്തെയും ഡ്രൈവറെയും പോലീസ് കണ്ടെത്തിത് ശൂന്യതയിൽ നിന്നാണ്.
കാസർഗോഡ് പൂച്ചക്കാട് സ്വദേശിയായ വ്യാപാരിയിൽനിന്നും മന്ത്രവാദത്തിൻ്റെ പേരിൽ അഞ്ചു കിലോഗ്രാമോളം സ്വർണം തട്ടിയെടുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതികളെ പോലീസ് അറസ്റ്റു ചെയ്തു.
ആലപ്പുഴ എറണാകുളം ജില്ലകളിൽ ഭീതി പടർത്തിയ കുറുവ സംഘാംഗത്തെ പോലീസ് അറസ്‌റ്റ് ചെയ്തതും , ആ സംഘത്തിലുള്ളവർ സ്റ്റേഷന് മുന്നിൽ ബഹളം വെച്ചതും അടുത്തിടെയല്ലേ . ഇരകളെ മൃഗീയമായി കൊലപ്പെടുത്തുന്ന ഈ സംഘത്തെ അമർച്ച ചെയ്തതും കേരളാ പോലീസിൻ്റെ മിടുക്ക് അല്ലെങ്കിൽ മറ്റെന്താണ്
ജീവൻ പണയം വെച്ച് കേരളാ പോലീസ് തെളിയിച്ച
ചില കേസുകൾ മാത്രമാണ് ഇവിടെ കുറിച്ചത്.
ഇതിനിടയിൽ ജീവൻ നഷ്ടപ്പെട്ട പോലീസുകാർ ഉണ്ട്.
ഗുരുതരമായി പരിക്കേറ്റ പോലീസുകാർ ഉണ്ട്.
കേരളാ പോലീസിൻ്റെ ഈ നേട്ടങ്ങളും , ജീവത്യാഗങ്ങളും മറന്നാണ് ഇപ്പോൾ പോലീസിനെ മോശം ആക്കാൻ ശ്രമം ആസൂത്രിത ശ്രമം നടക്കുന്നത്. എല്ലാ പോലീസുകാരും ശരിയാണ് എന്ന അഭിപ്രായം ഇല്ല , പക്ഷെ ഇപ്പോൾ നടക്കുന്നത് സംഘടിതമായ ആക്രമണം ആണ്. അതിനോട് യോജിക്കാൻ ആവില്ല
Jeevan Kumars