05/01/2025
ഉത്തരകേരളത്തിലെ കോഴിക്കോട് ജില്ലയിൽ കോഴിക്കോട് നഗരത്തിൽ സ്ഥിതിചെയ്യുന്ന ഒരു പ്രസിദ്ധമായ മഹാക്ഷേത്രമാണ് തളി ശിവക്ഷേത്രം. തളിയമ്പലം എന്നറിയപ്പെടുന്ന ഈ ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ, പാർവ്വതീസമേതനായി ആനന്ദഭാവത്തിലുള്ള പരമശിവനാണ്. കൂടാതെ തുല്യപ്രാധാന്യത്തോടെ, പ്രത്യേക ക്ഷേത്രത്തിൽ ശ്രീകൃഷ്ണനും കുടികൊള്ളുന്നുണ്ട്. ഇരു ഭഗവാന്മാർക്കും സ്വന്തമായി കൊടിമരങ്ങളുമുണ്ട്. ഉപദേവതകളായി ഗണപതി (രണ്ട് പ്രതിഷ്ഠകൾ), ഭഗവതി (മൂന്ന് പ്രതിഷ്ഠകൾ), നരസിംഹമൂർത്തി, ശാസ്താവ്, എരിഞ്ഞപുരാൻ, നാഗദൈവങ്ങൾ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. കൂടാതെ, സമീപം തന്നെ സുബ്രഹ്മണ്യൻ, ശ്രീരാമൻ, വേട്ടയ്ക്കൊരുമകൻ എന്നീ ദേവന്മാരുടെ ക്ഷേത്രങ്ങളുമുണ്ട്. ഐതിഹ്യമനുസരിച്ച് കേരളത്തിലെ പല ക്ഷേത്രങ്ങളുടെയും നിർമ്മാതാവായ പരശുരാമൻ ഇവിടെ ശിവനെ ആരാധിച്ചിരുന്നു. കോഴിക്കോട്ട് സാമൂതിരിപ്പാടിന്റെ മുഖ്യക്ഷേത്രങ്ങളിൽ ഒന്നാണ് ഇത്. പഴക്കം കൊണ്ടും, പ്രൗഡികൊണ്ടും, താന്ത്രികക്രിയകളുടെ നിഷ്കർഷത കൊണ്ടും നിത്യനിദാനങ്ങളിൽ അന്യൂനമായ ചിട്ടകൾ കൊണ്ടും പ്രസിദ്ധമാണ് തളിമഹാക്ഷേത്രം. പുരാതന കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ പറയുന്ന നാലു തളിക്ഷേത്രങ്ങളിൽ (തളി ശിവക്ഷേത്രം, കോഴിക്കോട്, കടുത്തുരുത്തി തളി മഹാദേവക്ഷേത്രം, കീഴ്ത്തളി മഹാദേവക്ഷേത്രം കൊടുങ്ങല്ലൂർ, തളികോട്ട മഹാദേവക്ഷേത്രം, കോട്ടയം) ഒരു തളിയാണ് ഈ ക്ഷേത്രം. ജന്മിവൈരങ്ങളും ശാപങ്ങളും ശാപമോക്ഷങ്ങളും ഈ ക്ഷേത്രത്തിന്റെ ഐതിഹ്യങ്ങളുടെ ഭാഗമാണ്. ക്ഷേത്രത്തിന്റെ പ്രതാപകാലത്ത് ഈ ക്ഷേത്രം ഏഴു ദിവസം നീണ്ടുനിന്ന രേവതി പട്ടത്താനം എന്ന തർക്ക സദസ്സ് നടത്തിയിരുന്നു. തുലാമാസത്തിലെ രേവതി നക്ഷത്രത്തിൽ തുടങ്ങി തിരുവാതിര നക്ഷത്രം വരെ നീണ്ടുനിൽക്കുന്ന ഒരു മഹോത്സവമായിരുന്നു ഒരുകാലത്ത് ഇത്. ഇപ്പോൾ ഇത് ഒരു പണ്ഡിതസദസ്സായി നടത്തിവരുന്നുണ്ട്. മേടമാസത്തിൽ വിഷുനാളിൽ കൊടിയേറി എട്ടാം നാളിൽ ആറാട്ടോടുകൂടി സമാപിയ്ക്കുന്ന ഉത്സവം, കുംഭമാസത്തിൽ ശിവരാത്രി, ചിങ്ങമാസത്തിൽ അഷ്ടമിരോഹിണി എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങൾ. മലബാർ ദേവസ്വം ബോർഡിന്റെ മേൽനോട്ടത്തോടുകൂടി സാമൂതിരിപ്പാട് മുഖ്യകാര്യദർശിയായി പ്രവർത്തിയ്ക്കുന്ന ഒരു ട്രസ്റ്റാണ് ക്ഷേത്രഭരണം നടത്തുന്നത്.