
05/06/2024
നരേന്ദ്രമോഡി പ്രാണപ്രതിഷ്ഠക്ക് നേതൃത്വം നൽകിയ UP യിൽ ബിജെപിക്ക് 40 സീറ്റുകൾ നഷ്ടപ്പെട്ടതും രാമക്ഷേത്രം നിലനിൽക്കുന്ന അയോധ്യ മണ്ഡലത്തിൽ തന്നെ തോറ്റമ്പിയതുമായ വലിയ കാര്യങ്ങൾ ചർച്ച ചെയ്തുകഴിഞ്ഞെങ്കിൽ അത്ര ചെറുതല്ലാത്ത ഒരുകാര്യം ഞാൻ പറയാം...
നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോഡി 4 ഏപ്രിൽ 2024 ന് രാജസ്ഥാനിലെ ബൻസ്വാരെയിലെ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചരണയോഗത്തിൽ ഈ തിരെഞ്ഞെടുപ്പ് കാലത്തെ തന്റെ ആദ്യത്തെ വിദ്വേഷ പ്രസംഗം നടത്തുന്നു.
" ഡോ. മന്‍മോഹന്‍ സിങ് പറഞ്ഞത് രാജ്യത്തിന്റെ വിഭവങ്ങളുടെ ആദ്യാവകാശികൾ മുസ്‍ലിങ്ങളാണെന്നാണ്. സ്ത്രീകളുടെ താലിയും സ്വർണവും തട്ടിയെടുത്ത് കൂടുതൽ കുട്ടികളുള്ളവർക്ക് വിതരണം ചെയ്യാനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത്" എന്നാണ് മോഡി ബൻസ്വാരെയിൽ പ്രസംഗിച്ചത്.
ആ ബൻസ്വാരെയിൽ പ്രാദേശിക പാർട്ടിയായ ഭാരത് ആദിവാസി പാർട്ടി (BAP) യുടെ രാജ്‌കുമാർ റോയട്ട് രണ്ടര ലക്ഷം വോട്ടുകൾക്കാണ് ബിജെപിയുടെ മഹേന്ദ്രജീത് സിങ്ങിനെ തോൽപ്പിച്ചത്.
പിന്നീട് മോഡി 24 ഏപ്രിൽ 2024 ന് രാജസ്ഥാനിലെ തന്നെ
ടോങ്ക്-സവായ് മഥോപുരിലെ തിരഞ്ഞെടുപ്പ് റാലിയിൽ പറഞ്ഞത് "പട്ടികവിഭാഗക്കാരുടെ ആനുകൂല്യം വെട്ടിക്കുറച്ച് മുസ്‍ലിങ്ങൾക്ക് വിതരണംചെയ്യുകയാണ് കോണ്‍ഗ്രസിന്റെ നീക്കം" എന്നായിരുന്നു. ആ ടോങ്ക്-സവായ് മഥോപുരിൽ കോൺഗ്രസിന്റെ ഹരീഷ് ചന്ദ്ര മീണ അറുപത്തി അയ്യായിരത്തോളം വോട്ടുകൾക്കാണ് ബിജെപിയുടെ സുഖബീർ സിങ്ങിനെ പരാജയപ്പെടുത്തിയത്.
തുടർന്ന് മഹാരാഷ്ട്രയിലെ നന്ദുർബാറിൽ
10 മെയ് 2024 ലെ
ബിജെപിയുടെ തിരഞ്ഞെടുപ്പ് റാലിയിൽ മോഡി " കോൺഗ്രസ് ഹിന്ദു വിശ്വാസം ഇല്ലാതാക്കാൻ ശ്രമിക്കുന്നു, മുസ്‌ലിംകൾക്ക് തൊഴിൽ ക്വാട്ട നൽകുന്നു" എന്ന് പ്രസംഗിക്കുന്നു.
അവിടെ കോൺഗ്രസിന്റെ ഗോവാൽ കഘട പാഡവി BJP യുടെ ഹീന ഗാവിത്തിനെ ഒന്നെമുക്കാൽ ലക്ഷം വോട്ടുകൾക്ക് പരാജയപ്പെടുത്തുന്നു.
ഇങ്ങനെയൊക്കെ ആണെങ്കിലും രാജ്യത്ത് ശക്തമായ മോഡി തരംഗം നിലനിൽക്കുന്നുണ്ടെന്ന് വിശ്വസിക്കുന്ന നിഷ്കുകളായ മാധ്യമപ്രവർത്തകർ മുതൽ അധികാരകേന്ദ്രങ്ങൾ വരെ ഇപ്പോഴുമുണ്ടെന്നതാണ് അതിലേറെ രസകരമായ സംഗതി.
വാൽ : മോദിയേക്കാളും ഒട്ടും മോശമല്ലാത്ത വണ്ണം സിപിഎം നേതാക്കൾ വർഗ്ഗീയത പറഞ്ഞ നമ്മുടെ പ്രബുദ്ധ കേരളത്തിലെ വടകരയിലും ജനങ്ങൾ ഒന്നേകാൽ ലക്ഷത്തോളം വോട്ടിനാണ് കോൺഗ്രസ്സിനെ വിജയിപ്പിച്ചത്.