05/11/2025
അനുദിന വചനവായന
⛪⛪⛪⛪⛪⛪⛪⛪⛪⛪
*6- നവംബർ -2025*
Thursday of week 31 in Ordinary Time
Liturgical Colour: Green.
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
*ഒന്നാം വായന*
വിശുദ്ധ പൗലോസ് അപസ്തോലൻ റോമാക്കാർക്ക് എഴുതിയ ലേഖനത്തിൽ നിന്ന്.
14:7-12
സഹോദരരേ, നമ്മിലാരും തനിക്കുവേണ്ടി മാത്രം ജീവിക്കുന്നില്ല; തനിക്കുവേണ്ടി മാത്രം മരിക്കുന്നുമില്ല. നാം ജീവിക്കുന്നുവെങ്കില്‍ കര്‍ത്താവിനു സ്വന്തമായി ജീവിക്കുന്നു; മരിക്കുന്നുവെങ്കില്‍ കര്‍ത്താവിനു സ്വന്തമായി മരിക്കുന്നു. ആകയാല്‍, ജീവിച്ചാലും മരിച്ചാലും നാം കര്‍ത്താവിനുള്ളവരാണ്. എന്തെന്നാല്‍, മരിച്ചവരുടെയും ജീവിക്കുന്നവരുടെയും കര്‍ത്താവായിരിക്കുന്നതിനു വേണ്ടിയാണ് ക്രിസ്തു മരിച്ചതും പുനര്‍ജീവിച്ചതും. നീ എന്തിനു നിന്റെ സഹോദരനെ വിധിക്കുന്നു? അഥവാ നീ എന്തിനു നിന്റെ സഹോദരനെ നിന്ദിക്കുന്നു? നാമെല്ലാവരും ദൈവത്തിന്റെ ന്യായാസനത്തിന്‍ മുമ്പാകെ നില്‍ക്കേണ്ടവരാണല്ലോ. ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: എല്ലാ മുട്ടുകളും എന്റെ മുമ്പില്‍ മടങ്ങും; എല്ലാ നാവുകളും ദൈവത്തെ പുകഴ്ത്തുകയും ചെയ്യും എന്നു കര്‍ത്താവു ശപഥപൂര്‍വം അരുളിച്ചെയ്യുന്നു. ആകയാല്‍, നാം ഓരോരുത്തരും ദൈവത്തിന്റെ മുമ്പില്‍ കണക്കു ബോധിപ്പിക്കേണ്ടിവരും.
*കർത്താവിൻ്റെ വചനം*
*ദൈവത്തിനു നന്ദി.*
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
*പ്രതിവചന സങ്കീർത്തനം*
സങ്കീ 27:1,4,13-14
*ജീവിക്കുന്നവരുടെ ദേശത്തു കര്‍ത്താവിന്റെ നന്മ കാണാമെന്നു ഞാന്‍ വിശ്വസിക്കുന്നു.*
കര്‍ത്താവ് എന്റെ പ്രകാശവും രക്ഷയുമാണ്, ഞാന്‍ ആരെ ഭയപ്പെടണം? കര്‍ത്താവ് എന്റെ ജീവിതത്തിനു കോട്ടയാണ്, ഞാന്‍ ആരെ പേടിക്കണം?
*ജീവിക്കുന്നവരുടെ ദേശത്തു കര്‍ത്താവിന്റെ നന്മ കാണാമെന്നു ഞാന്‍ വിശ്വസിക്കുന്നു.*
ഒരു കാര്യം ഞാന്‍ കര്‍ത്താവിനോട് അപേക്ഷിക്കുന്നു; ഒരു കാര്യം മാത്രം ഞാന്‍ തേടുന്നു; കര്‍ത്താവിന്റെ മാധുര്യം ആസ്വദിക്കാനും കര്‍ത്താവിന്റെ ആലയത്തില്‍ അവിടുത്തെ ഹിതം ആരായാനുംവേണ്ടി ജീവിതകാലം മുഴുവന്‍ അവിടുത്തെ ആലയത്തില്‍ വസിക്കാന്‍തന്നെ.
*ജീവിക്കുന്നവരുടെ ദേശത്തു കര്‍ത്താവിന്റെ നന്മ കാണാമെന്നു ഞാന്‍ വിശ്വസിക്കുന്നു.*
ജീവിക്കുന്നവരുടെ ദേശത്തു കര്‍ത്താവിന്റെ നന്മ കാണാമെന്നു ഞാന്‍ വിശ്വസിക്കുന്നു. കര്‍ത്താവില്‍ പ്രത്യാശയര്‍പ്പിക്കുവിന്‍, ദുര്‍ബലരാകാതെ ധൈര്യമവലംബിക്കുവിന്‍; കര്‍ത്താവിനുവേണ്ടി കാത്തിരിക്കുവിന്‍.
*ജീവിക്കുന്നവരുടെ ദേശത്തു കര്‍ത്താവിന്റെ നന്മ കാണാമെന്നു ഞാന്‍ വിശ്വസിക്കുന്നു.*
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
*സുവിശേഷ പ്രഘോഷണവാക്യം*
മത്തായി 11 : 28
അല്ലേലൂയ! അല്ലേലൂയ!
അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍;
അല്ലേലൂയ!
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
*സുവിശേഷം*
ലൂക്കാ എഴുതിയ വിശുദ്ധ സുവിശേഷത്തിൽ നിന്നുള്ള വായന.
15:1-10
അക്കാലത്ത്, ചുങ്കക്കാരും പാപികളുമെല്ലാം യേശുവിന്റെ വാക്കുകള്‍ കേള്‍ക്കാന്‍ അടുത്തു വന്നുകൊണ്ടിരുന്നു. ഫരിസേയരും നിയമജ്ഞരും പിറുപിറുത്തു: ഇവന്‍ പാപികളെ സ്വീകരിക്കുകയും അവരോടുകൂടെ ഭക്ഷണം കഴിക്കുകയും ചെയ്യുന്നു. അവന്‍ അവരോട് ഈ ഉപമ പറഞ്ഞു: നിങ്ങളിലാരാണ്, തനിക്കു നൂറ് ആടുകള്‍ ഉണ്ടായിരിക്കേ അവയില്‍ ഒന്നു നഷ്ടപ്പെട്ടാല്‍ തൊണ്ണൂറ്റൊന്‍പതിനെയും മരുഭൂമിയില്‍ വിട്ടിട്ട്, നഷ്ടപ്പെട്ടതിനെ കണ്ടുകിട്ടുവോളം തേടിപ്പോകാത്തത്? കണ്ടുകിട്ടുമ്പോള്‍ സന്തോഷിച്ച് അതിനെ തോളിലേറ്റുന്നു. വീട്ടില്‍ എത്തുമ്പോള്‍ അവന്‍ കൂട്ടുകാരെയും അയല്‍വാസികളെയും വിളിച്ചുകൂട്ടിപ്പറയും: നിങ്ങള്‍ എന്നോടുകൂടെ സന്തോഷിക്കുവിന്‍. എന്റെ നഷ്ടപ്പെട്ട ആടിനെ കണ്ടുകിട്ടിയിരിക്കുന്നു. അതുപോലെ തന്നെ, അനുതാപം ആവശ്യമില്ലാത്ത തൊണ്ണൂറ്റൊന്‍പതു നീതിമാന്മാരെക്കുറിച്ച് എന്നതിനെക്കാള്‍ അനുതപിക്കുന്ന ഒരു പാപിയെക്കുറിച്ച് സ്വര്‍ഗത്തില്‍ കൂടുതല്‍ സന്തോഷമുണ്ടാകും എന്ന് ഞാന്‍ നിങ്ങളോടു പറയുന്നു.
ഏതു സ്ത്രീയാണ്, തനിക്കു പത്തു നാണയം ഉണ്ടായിരിക്കേ, അതില്‍ ഒന്നു നഷ്ടപ്പെട്ടാല്‍ വിളക്കുകൊളുത്തി വീട് അടിച്ചുവാരി, അത് കണ്ടുകിട്ടുവോളം ഉത്സാഹത്തോടെ അന്വേഷിക്കാത്തത്? കണ്ടുകിട്ടുമ്പോള്‍ അവള്‍ കൂട്ടുകാരെയും അയല്‍വാസികളെയും വിളിച്ചുകൂട്ടിപ്പറയും: എന്നോടുകൂടെ സന്തോഷിക്കുവിന്‍. എന്റെ നഷ്ടപ്പെട്ട നാണയം വീണ്ടുകിട്ടിയിരിക്കുന്നു. അതുപോലെതന്നെ, അനുതപിക്കുന്ന ഒരു പാപിയെക്കുറിച്ച് ദൈവത്തിന്റെ ദൂതന്മാരുടെ മുമ്പില്‍ സന്തോഷമുണ്ടാകും എന്ന് ഞാന്‍ നിങ്ങളോടു പറയുന്നു.
*കർത്താവിൻ്റെ സുവിശേഷം*
*ക്രിസ്തുവേ അങ്ങേയ്ക്കു സ്തുതി.*