28/09/2025
വർണവിസ്‌മയം; വൈദ്യുത ദീപപ്രഭയിൽ ചെറിയപള്ളി
കോതമംഗലം ● ആഗോള സർവ്വമത തീർഥാടന കേന്ദ്രമായ കോതമംഗലം മാർ തോമാ ചെറിയപള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധനായ യൽദോ മോർ ബസ്സേലിയോസ് ബാവായുടെ 340-ാമത് ഓർമ്മപ്പെരുന്നാളിന് മിഴി വേകാൻ പള്ളിയും പരിസരവും വൈദ്യുത ദീപലങ്കാരങ്ങളാൽ പ്രഭാപൂരമായി. നഗരത്തിലെ സ്‌ഥാപനങ്ങളും ദീപാലങ്കാരങ്ങളാൽ അണിഞ്ഞൊരുങ്ങി.
ഡിജിറ്റൽ ഇല്യൂമിനേഷനിലൂടെ വർണവിസ്മയങ്ങൾ വാരിവിതറുന്ന കാഴ്ചകളിൽ പരിശുദ്ധ ബാവയുടെ അടക്കം നൂറിലേറെ ദൃശ്യങ്ങളാണ് മിന്നിമറയുന്നത്. വൈദ്യുത ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓൺ കർമം അഭിവന്ദ്യ മോർ യൂലിയോസ് ഏലിയാസ് മെത്രാപ്പോലീത്തയുടെ സാന്നിധ്യത്തിൽ ഡീൻ കുര്യാക്കോസ് എം.പി നിർവഹിച്ചു.
ആന്റണി ജോൺ എം.എൽ.എ, തഹസിൽദാർ എം. അനിൽകുമാർ, പോലീസ് ഇൻസ്പെക്ടർ പി.ടി ബിജോയ്, ഷിബു തെക്കുംപുറം, മറ്റ് രാഷ്ട്രീയ സാമൂഹികനേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. വികാരി ഫാ. ജോസ് മാത്യു തച്ചേത്തുകൂടി, സഹവികാരിമാർ, ട്രസ്റ്റിമാരായ കെ.കെ. ജോസഫ്, എബി ചേലാട്ട്, വർക്കിങ് കമ്മിറ്റിയംഗങ്ങൾ, മാനേജിങ് കമ്മിറ്റിയംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
ഇന്നലെ അഞ്ചിന്മേൽ കുർബ്ബാനയ്ക്കു അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത മുഖ്യ കാർമികനായി. ഇന്നു രാവിലെ 5.15 ന് പ്രഭാത നമസ്ക്കാരം, 6 ന് അഭിവന്ദ്യ മോർ തീമോത്തിയോസ് മാത്യൂസ് മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ വി. കുർബ്ബാന, 7.30 ന് അഭിവന്ദ്യ മോർ പീലക്‌സിനോസ് സഖറിയാസ് മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ വി. കുർബ്ബാന, 9 ന് അഭിവന്ദ്യ മോർ അഫ്രേം മാത്യൂസ് മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ വി. കുർബ്ബാന, വൈകിട്ട് 6 ന് സന്ധ്യാപ്രാർത്ഥന, 6.30 ന് അഭിവന്ദ്യ മോർ ഈവാനിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ വി. കുർബ്ബാന എന്നിവ നടക്കും.
വെള്ളിയാഴ്ച കൽക്കുരിശ് പെരുന്നാൾ ആഘോഷിച്ചു. അഭിവന്ദ്യ മോർ അത്താനാസിയോസ് ഗീവർഗീസ് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം വഹിച്ചു. നാളെ സെപ്റ്റംബർ 29 തിങ്കൾ
6.30 ന് പ്രഭാത നമസ്ക്കാരം, 7.15 ന് അഭിവന്ദ്യ മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്തായുടെ പ്രധാന കാർമ്മികത്വത്തിൽ വി. അഞ്ചിന്മേൽ കുർബ്ബാന, 6 ന് സന്ധ്യാനമസ്ക്കാരം എന്നിവ നടക്കും.
സെപ്റ്റംബർ 30 ചൊവ്വ 6.30 ന് പ്രഭാത നമസ്ക്കാരം, 7.15 ന് അഭിവന്ദ്യ മോർ ക്രിസോസ്റ്റോമോസ് മർക്കോസ് മെത്രാപ്പോലീത്തായുടെ പ്രധാന കാർമ്മികത്വത്തിൽ വി. അഞ്ചിന്മേൽ കുർബ്ബാന, 5 ന് കലവറനിറക്കൽ - പെരുന്നാൾ നേർച്ചസദ്യക്കുള്ള ഉൽപ്പന്ന ശേഖരണം ഉദ്ഘാടനം, 6 ന് സന്ധ്യാനമസ്ക്കാരം എന്നിവ ഉണ്ടാകും. ഒക്ടോബർ 1 ബുധൻ
6.30 ന് പ്രഭാത നമസ്ക്കാരം, 7.15 ന് അഭിവന്ദ്യ മോർ ക്ലീമീസ് കുര്യാക്കോസ് മെത്രാപ്പോലീത്തായുടെ പ്രധാന കാർമ്മികത്വത്തിൽ വി. അഞ്ചിന്മേൽ കുർബ്ബാന, 6 ന് സന്ധ്യാനമസ്ക്കാരം എന്നിവ നടത്തപ്പെടും.
പെരുന്നാൾ ദിവസമായ ഒക്ടോബർ 2 വ്യാഴം
6.30 ന് പ്രഭാത നമസ്ക്കാരം, 7.15 ന് അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്തായുടെ പ്രധാന കാർമികത്വത്തിൽ വി. മൂന്നിന്മേൽ കുർബ്ബാന, വൈകിട്ട് 5 ന് വിവിധ ഭാഗങ്ങളിൽ നിന്നുള്ള തീർത്ഥാടക സംഘത്തിന് സ്വീകരണം നൽകും. ഹൈറോഞ്ച് മേഖല : കോഴിപ്പിള്ളി കവലയിൽ, പടിഞ്ഞാറൻ മേഖല : മൂവാറ്റുപുഴ കവലയിൽ, വടക്കൻ മേഖല : ഹൈറേഞ്ച് കവലയിൽ, പോത്താനിക്കാട് മേഖല : ചക്കാലക്കുടി ചാപ്പലിൽ എന്നിങ്ങനെയാണ് ക്രമീകരണം. തുടർന്ന് 6.30 ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെ മുഖ്യ കാർമികത്വത്തിലും സഭയിലെ അഭിവന്ദ്യരായ മെത്രാപ്പോലീത്തമാരുടെ സഹകാർമ്മികത്വത്തിലും സന്ധ്യാ സമസ്ക്കാരം, പെരുന്നാൾ സന്ദേശം
10 ന് നഗരംചുറ്റി പ്രദക്ഷിണം, ആശീർവ്വാദം എന്നിവ നടക്കും.
പ്രധാനപ്പെരുന്നാൾ ദിവസമായ ഒക്ടോബർ 3 വെള്ളി രാവിലെ 5 ന് പ്രഭാത നമസ്ക്കാരം,
5.30 ന് അഭിവന്ദ്യ മോർ സേവേറിയോസ് എബ്രഹാം വലിയ മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ വി. കുർബ്ബാന,
7 ന് അഭിവന്ദ്യ മോർ തീമോത്തിയോസ് തോമസ് മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ വി. കുർബ്ബാന, 8.30 ന് ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെ മുഖ്യ കാർമികത്വത്തിൽ വി. കുർബ്ബാന, പെരുന്നാൾ സന്ദേശം, 10.30 ന് നേർച്ച സദ്യ, 2 ന് പ്രദക്ഷിണം, ആശീർവ്വാദം, 6 ന് സന്ധ്യാനമസ്ക്കാരം എന്നിവ നടത്തപ്പെടും.
ഒക്ടോബർ 4 ശനി രാവിലെ 7 ന് പ്രഭാത നമസ്ക്കാരം, 8 ന് അഭിവന്ദ്യ മോർ അത്താനാസിയോസ് ഏലിയാസ് മെത്രാപ്പോലീത്തായുടെ കാർമികത്വത്തിൽ വി. മൂന്നിന്മേൽ കുർബ്ബാന,9 ന് പാച്ചോർ നേർച്ച, 4 ന് കൊടിയിറക്ക്, 6.15 ന് സന്ധ്യാ നമസ്ക്കാരം എന്നിവയോടെ ചരിത്രപ്രസിദ്ധമായ പെരുന്നാൾ സമാപിക്കും.
വികാരി ഫാ. ജോസ് മാത്യു തച്ചേത്തുകുടി, സഹവികാരിമാരായ ഫാ. സാജു ജോർജ്, ഫാ. എൽദോസ് ചെങ്ങമനാട്ട്, ഫാ. അമൽ കുഴികണ്ടത്തിൽ, ഫാ. നിയോൺ പൗലോസ്, ഫാ. സിച്ചു രാജു, തന്നാണ്ട് ട്രസ്റ്റിമാരായ കെ.കെ. ജോസഫ്, എബി ചേലാട്ട്, പെരുന്നാൾ കമ്മിറ്റി, മാനേജിങ് കമിറ്റിയംഗങ്ങൾ, ഭക്ത സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകും.