16/09/2026
**ജീവനും സ്വത്തിനും ഭീഷണി; തൃശ്ശൂർ–കാഞ്ഞാണി–വാടാനപ്പള്ളി റോഡ് മനുഷ്യാവകാശ കമ്മീഷന്റെ മുന്നിൽ*
*
പഞ്ചായത്ത് പ്രസിഡന്റുമാരും സെക്രട്ടറിമാരും ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥർ എതിർകക്ഷികൾ
തൃശ്ശൂർ: ദേശീയപാത 66-ന്റെ ഗതാഗതബന്ധം വർധിക്കുന്ന സാഹചര്യത്തിൽ തൃശ്ശൂർ–കാഞ്ഞാണി–വാടാനപ്പള്ളി റോഡിലെ സുരക്ഷാ പ്രശ്നങ്ങൾ പ്രത്യേകിച്ച് അരിമ്പൂർ എറവ് മുതൽ കാഞ്ഞാണി -വാടാനപ്പള്ളി വരെഅടിയന്തരമായി പരിശോധിക്കണമെന്നാവശ്യപ്പെട്ട് കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിൽ പരാതി.
റോഡിന്റെ നിലവിലെ സാഹചര്യത്തിൽ യാത്രക്കാരുടെ ജീവനും ശരീരസുരക്ഷയ്ക്കും സ്വത്തിനും ഭീഷണിയുണ്ടാകുന്ന സാഹചര്യമുണ്ടോ എന്ന് അടിയന്തരമായി പരിശോധിക്കണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം.
അരിമ്പൂർ, മണലൂർ, വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരെയും സെക്രട്ടറിമാരെയും, പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയറെയും, പൊതുമരാമത്ത് വകുപ്പ് മന്ത്രിയെയും,എംഎൽഎ,ജില്ലാ കളക്ടറെയും, തഹസിൽദാരെയും ഉൾപ്പെടെയുള്ള ബന്ധപ്പെട്ട അധികാരികളെയാണ് എതിർകക്ഷികളാക്കിയിരിക്കുന്നത്.
റോഡിന്റെ വിവിധ ഭാഗങ്ങളിലെ പരിമിതമായ വീതി, ആവശ്യമായ ഷോൾഡർ/സൈഡ് സ്പേസ് ഇല്ലായ്മ, കാൽനട യാത്രക്കാർക്കുള്ള സുരക്ഷാ സൗകര്യങ്ങളുടെ അപര്യാപ്തത, കുഴികളും തകർന്ന ഭാഗങ്ങളും തുടങ്ങിയ വിഷയങ്ങളാണ് പരാതിയിൽ പ്രധാനമായും ഉന്നയിച്ചിരിക്കുന്നത്.
റോഡിലൂടെ സ്ഥിരമായി യാത്ര ചെയ്യുന്ന പരാതിക്കാരനും ഉൾപ്പടെപൊതുജനങ്ങളുടെ ജീവനും ശരീരസുരക്ഷയ്ക്കും
ഈ റോഡ് ഭീഷണിയാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
NH-66 തുറന്നതോടെ സുരക്ഷാ പരിശോധന വേണം
NH-66-ന്റെ വിവിധ ഭാഗങ്ങൾ ഗതാഗതത്തിനായി തുറന്ന സാഹചര്യത്തിൽ അതുമായി ബന്ധപ്പെട്ട റോഡുകളിലേക്കുള്ള ഗതാഗതബന്ധത്തിൽ മാറ്റമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് അരിമ്പൂർ–എരവ്–കാഞ്ഞാണി–വാടാനപ്പള്ളി റോഡിന്റെ നിലവിലെ ഗതാഗതശേഷിയും സുരക്ഷാ സംവിധാനങ്ങളും പുനഃപരിശോധിക്കണമെന്നാണ് ആവശ്യം.
റോഡിൽ Traffic Study, Road Safety Assessment എന്നിവ നടത്തിയിട്ടുണ്ടോ, അപകടസാധ്യതയുള്ള ഭാഗങ്ങൾ കണ്ടെത്തിയിട്ടുണ്ടോ, കാൽനട യാത്രക്കാർക്കും വിദ്യാർത്ഥികൾക്കും സുരക്ഷിതമായി സഞ്ചരിക്കുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
റോഡ് മാർക്കിംഗ്, റിഫ്ലക്ടറുകൾ, മുന്നറിയിപ്പ് ബോർഡുകൾ, ബാരിയറുകൾ, ലൈറ്റിംഗ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളുടെ നിലവിലെ സ്ഥിതിയും പരിശോധിക്കണമെന്നാണ് ആവശ്യം.
സംയുക്ത സ്ഥലപരിശോധന ആവശ്യപ്പെട്ടു
പൊതുമരാമത്ത് വകുപ്പ്, ജില്ലാ ഭരണകൂടം, പോലീസ്/ട്രാഫിക്, മോട്ടോർ വാഹന വകുപ്പ്, റോഡ് സേഫ്റ്റി അതോറിറ്റി, ദേശീയപാതയുമായി ബന്ധപ്പെട്ട അധികാരികൾ, തദ്ദേശ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ സംയുക്ത സ്ഥലപരിശോധന നടത്തണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
റോഡിന്റെ യഥാർത്ഥ വീതി, ഷോൾഡർ, കാൽനട സൗകര്യങ്ങൾ, കുഴികൾ, തകർന്ന ഭാഗങ്ങൾ, അപകടകരമായ വളവുകൾ, ജംഗ്ഷനുകൾ, സ്കൂൾ മേഖലകൾ, റോഡ് സുരക്ഷാ സംവിധാനങ്ങൾ എന്നിവ പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് ആവശ്യം.
കഴിഞ്ഞ അഞ്ച് വർഷത്തെ അപകടങ്ങൾ, മരണങ്ങൾ, ഗുരുതര പരിക്കുകൾ, അപകടസാധ്യത കൂടുതലുള്ള സ്ഥലങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങളും ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് ശേഖരിച്ച് പരിശോധിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
അപകടത്തിന് മുമ്പ് നടപടി വേണം
റോഡിലെ കുഴികളും തകർന്ന ഭാഗങ്ങളും അടിയന്തരമായി പരിഹരിക്കുകയും ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുകയും ചെയ്യണമെന്നാണ് ആവശ്യം.
ബന്ധപ്പെട്ട അധികാരികൾക്ക് റോഡിലെ സുരക്ഷാ പ്രശ്നങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്നോ, ആവശ്യമായ നടപടികൾ സ്വീകരിച്ചിരുന്നോ, നടപടിയെടുക്കുന്നതിൽ ഏതെങ്കിലും പൊതുപ്രവർത്തകന്റെ അനാസ്ഥ ഉണ്ടായിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ രേഖകളുടെയും സ്ഥലപരിശോധനയുടെയും അടിസ്ഥാനത്തിൽ പരിശോധിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
“അപകടം സംഭവിച്ചതിന് ശേഷം നടപടി സ്വീകരിക്കുന്നതിന് പകരം, അപകടം സംഭവിക്കുന്നതിന് മുമ്പ് ജീവൻ സംരക്ഷിക്കണം” എന്ന ആവശ്യം ഉയർത്തിയാണ് പരാതി നൽകിയിരിക്കുന്നത്.
റോഡിലൂടെ യാത്ര ചെയ്യുന്ന പൊതുജനങ്ങളുടെ ജീവനും ശരീരസുരക്ഷയും സ്വത്തും സംരക്ഷിക്കുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് മനുഷ്യാവകാശ കമ്മീഷനോട്
ആവശ്യപ്പെട്ടിരിക്കുന്നത്
🔻🔻🔻🔻🔻🔻🔻🔻🔻
ഷെയർ&ഫോളോ ചെയ്യൂ!