
30/12/2024
നെല്ലിമറ്റം : കാക്കനാട്ട് -പീച്ചാട്ട് കുടുംബയോഗത്തിന്റെ ആഭിമുഖ്യത്തിൽ നെല്ലിമറ്റം കാക്കനാട്ട് ഷാജി മാത്യുവിന്റെ ഭവന അങ്കണത്തിൽ കുടുംബാംഗങ്ങൾ ഒത്ത് ചേർന്ന് ക്രിസ്തുമസ് പുതുവത്സര ആഘോഷവും പൊതുയോഗവും നടത്തി.കുടുംബയോഗത്തിന്റെ മുഖ്യ രക്ഷാധികാരി റവ ഫാ ഇമ്മാനുവൽ പീച്ചാട്ട് കേക്ക് മുറിച്ച് പരസ്പരം പങ്ക് വച്ച് ഉദ്‌ഘാടനം നിർവഹിച്ചു. പ്രസിഡന്റ് ജോയി പോൾ അധ്യക്ഷത വഹിച്ചു.നെല്ലിമറ്റം സെന്റ് ജോസഫ് ചർച്ച് വികാരി റവ. ഫാ. ജോർജ് കുരിശുംമൂട്ടിൽ മുഖ്യ അതിഥിയായി പങ്കെടുത്ത് സന്ദേശം നൽകി. യൂത്ത് ഫോറത്തിന്റെ നേതൃത്വത്തിൽ ഒരുക്കിയ ആകർഷകമായ സമ്മാനപൊതികൾ അടങ്ങിയ ക്രിസ്തുമസ് ട്രീയുടെ ഉദ്ഘാടനം റവ. ഫാ. റോണേഴ്സ് പീച്ചാട്ട് നിർവഹിച്ചു. സ്നേഹം, സന്തോഷം, സാമാധാനം എന്നിവയുടെ സന്ദേശവുമായി ക്രിസ്തു ദേവൻ്റെ ജനനം ലോകം മുഴുവൻ ആഘോഷിച്ച്, മാനവരാശിയുടെ നന്മക്കും ഒത്തുചേരലിന്റേതുമായ ഒന്നാണെന്നുള്ള ക്രിസ്തുമസ് കരോൾ ഗാനങ്ങൾ വനിത ഫോറം പ്രതിനിധി സൂസൻ റോയിയും സംഘവും ചേർന്ന് ആലപിച്ചത് ഏറെ മനോഹരവും,ഹൃദ്യവുമായി. സെക്രട്ടറി ജിജൊ ജോസഫ് വാർഷിക റിപ്പോർട്ടും, വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു.ഫാ. റോണേഴ്സ് പീച്ചാട്ട്, ബ്രദർ ആൽബർട്ട് പീച്ചാട്ട്, സോളി ഷാജി, അന്ന സൂസൻ റോയി പ്രസംഗിച്ചു.വൈസ് പ്രസിഡന്റ് സോളി ജോർജ് സ്വാഗതവും യൂത്ത് ഫോറം കോർഡിനേറ്റർ ഡിജിൽ സെബാസ്റ്റ്യൻ കൃതജ്ഞതയും പറഞ്ഞു. സമ്മേളനാനന്തരം ഒരു സെന്റിലെ ആധുനിക കുറ്റി കുരുമുളക് കൃഷി രീതികളെ കുറിച്ച് കാർഷിക വിദഗ്ധൻ കെ കെ ആന്റണി കാക്കനാട്ട് ക്ലാസുകൾ നയിച്ചു.