28/06/2025
മലബാര്‍ കുടിയേറ്റത്തിന്‍റെ കുതിപ്പും കിതപ്പും
അധ്യായം 88
കുടിയേറ്റത്തിൻ്റെ അനുഭവസ്‌മരണകൾ
തോമ്മാപുരത്തിൻ്റെ കുടിയേറ്റ ചരിത്രരചനയ്ക്കായി 2003 -ൽ ഞാൻ ആദ്യകാല കുടിയേറ്റക്കാരുമായി അഭിമുഖം നടത്തുകയുണ്ടായി. ഖേദകരമെന്നു പറയട്ടെ അവരിലാരും ഇന്ന് ജീവിച്ചിരിപ്പില്ല. എങ്കിലും അവർ പങ്കുവെച്ചുതന്ന വിലയേറിയ അനുഭവസ്‌മരണകൾ മൺമറഞ്ഞുപോകാൻ പാടില്ല. അത് താഴെക്കുറിക്കുകയാണ്.
തയ്യിലിടപ്പാട് തോമസ്
ആദ്യമായി ഞാൻ കണ്ടത് ആദ്യകാലകുടിയേറ്റക്കാരനായ തയ്യിലിടപ്പാട് തോമസ് ചേട്ടനെയാണ്. അദ്ദേഹത്തിന്റെ സ്മരണകളിൽ നിന്ന്.
“ചിറ്റാരിക്കാലിലെ ആദ്യകാല കച്ചവടം തുടങ്ങിയത് എന്റെ അനുജൻ തയ്യിലിടപ്പാട്ട് ഈപ്പനാണ്. അതുകഴിഞ്ഞാണ് ഞാൻ ഏറ്റെടുത്തത്. 156 രൂപയ്ക്കാണ് തുടക്കം. പക്ഷേ അതുമുഴുവൻ ഒന്നാകെ ജന്മി വാങ്ങിക്കൊണ്ടുപോയി. പണംതന്നില്ല. അതുകൊണ്ട് കച്ചവടം മുട്ടി. ഒരുകൊല്ലം കഴിഞ്ഞപ്പോൾ ദേവദാസ് ഒരു ലോഡ് സാധനങ്ങൾ കടം തന്നു. പിന്നീട് കണ്ണൂർ വരെയുള്ള കച്ചവടക്കാർ സാധനങ്ങൾ കടമായി നൽകി. അങ്ങനെ കച്ചവടം തുടർന്നു.
1945-ൽ ചിറ്റാരിക്കാലിൽ താമസം തുടങ്ങി. അതിനുമുമ്പ് (മലയാള വർഷം 1103-ൽ) പാലായിൽ നിന്ന് പോന്ന് കുടയത്തൂർ, മലബാറിലെ പേരാമ്പ്ര എന്നീ സ്ഥലങ്ങളിലും താമസിച്ചിരുന്നു. അന്ന് ഞങ്ങൾ ഒറ്റ കുടുംബമേ ഇവിടെയുള്ളു. 150 ഏക്കർ സ്ഥലമെടുക്കാമെങ്കിൽ 650 ഏക്കർ ഒന്നിച്ചുവാങ്ങാമെന്ന് പറഞ്ഞതനുസരിച്ച് പലർക്കായി 625 ഏക്കർ ഒന്നിച്ചുവാങ്ങുകയും 150 ഏക്കർ ഞങ്ങൾക്ക് തിരിച്ചു തരുകയും ചെയ്തു. ആദ്യത്തെ വർഷത്തെ കൃഷിയെല്ലാം പന്നിയും മലാനും കൂടി നശിപ്പിച്ചു. അറും പട്ടിണിയായി. ഇല്ലിക്കൂമ്പും കുഴിക്കിഴങ്ങും തിന്നുനോക്കി. തകരയും ചേമ്പിൻതാളും ഒക്കെ വെള്ളം നീട്ടി വേവിച്ച് കോരിക്കുടിക്കും. പട്ടിണികൊണ്ട് പണിയെടുക്കാൻ പഠിച്ചു.
കുഴികുത്തി പന്നിയെപിടിക്കാൻ തുടങ്ങി. ഒരിക്കൽ കുഴിയിൽ ഒരു മലാൻ വീണു. അതുകൊണ്ട് അടുത്ത് ഒരു കുഴികൂടി കുത്തി. പിറ്റെദിവസം അതിൽ രണ്ടിലും ഓരോ പോത്ത് വീണു. അത് പക്ഷേ ജന്മിയുടെ വളർത്ത് പോത്തായിരുന്നു. ദാരിദ്ര്യമുണ്ടായിട്ടും കൊന്നുതിന്നാൻ അപ്പൻ സമ്മതിച്ചില്ല. ബംഗ്ലാവിൽ വിവരമറിയിക്കാനാണ് അപ്പൻ പറഞ്ഞത്. വിവരം അറിയിച്ചതനുസരിച്ച് അവർ വന്ന് അതിനെ കയറ്റിക്കൊണ്ടുപോയി.
തോർത്ത് ഉടുത്ത് നടക്കും. വൈകുന്നേരം അലക്കിഉണക്കി ഉടുക്കും. കാരണവന്മാരുടെ നന്മകൊണ്ടും ദൈവാനുഗ്രഹം കൊണ്ടും ഇന്ന് ഈ നിലയിൽ ഉയർന്നു. അമ്മ കൊച്ചിനേയും കൈയിൽ പിടിച്ച് കൈക്കോട്ട് കൊണ്ട് കിളച്ചു. നെല്ല് പഴുത്ത് തുടങ്ങിയപ്പോൾ പറിച്ചെടുത്ത് പുഴുങ്ങി വറചട്ടിയിൽ ഇട്ട് വറുത്ത് കുത്തി കഞ്ഞികുടിച്ചു. പത്തും പതിനാറും ദിവസം പട്ടിണി കിടന്നിട്ടുണ്ട്. ഒരു സേർ ഉപ്പ് വേണമെങ്കിൽ 15 കിലോമീറ്റർ കടുമേനി, കമ്പല്ലൂർ വഴി നടന്ന് പാടിച്ചാലിൽ പോകണം. വഴി നീളെ ചാണകം ചവിട്ടി പോകണം. കച്ചകുറിയത് കൊണ്ടുപോകണം.
ഭാര്യയുടെ പ്രസവത്തിന് നാട്ടിൽപോയി തിരിച്ചുവന്നപ്പോൾ നീലേശ്വരത്തുനിന്ന് മുക്കടയ്ക്ക് ബോട്ടില്ല. അതുകൊണ്ട് നീലേശ്വരം മുതൽ ചിറ്റാരിക്കാൽ വരെ കൊച്ചിനെയും എടുത്തുകൊണ്ട് നടന്നു. (30-35 കിലോമീററർ)
ഇന്നാട്ടുകാരായ ഏതാനും ആളുകൾ അന്ന് ഇവിടെ താമസ മുണ്ടായിരുന്നു. കാരയിൽ കൊടക്കാടൻ ചിണ്ടൻ മണിയാണി, തെക്കടവൻ കിട്ടൻ മൂസർ (കൃഷ്‌ണൻ), കണിയറ അവകാശി, ഒരു മുസ്ലീം സഹോദരൻ ഈസുപ്പുമാപ്പിള, ജന്മക്കാരൻ രാമൻ മുതലായവർ.
ആദ്യത്തെ കുർബ്ബാന ഡിസൂസ അച്ചൻ ഞങ്ങളുടെ വീട്ടിൽ വെച്ച് ചൊല്ലി. ഒരു പലകയിൽ വെള്ളത്തുണി വിരിച്ചാണ് ചൊല്ലിയത്. കരിന്തളം എസ്റ്റേറ്റ് സൂപ്രണ്ടായിരുന്ന കുര്യാക്കോസ് റാത്തപ്പള്ളി, അടിച്ചിലാമ്മാക്കൽ മത്തായി എന്നിവർ ചേർന്നാണ് അച്ചനെ കൂട്ടിക്കൊണ്ടുവന്നത്.
അന്ന് ഇവിടെവെച്ച് ധാരാളം ജന്തുക്കളെ പിടിച്ചിരുന്നു. പന്നി, മലാൻ, കേഴ, കുരൻ, കാട്ടുകോഴി എന്നിവ. വെടി ഇറച്ചി അന്നുള്ള എല്ലാവീട്ടുകാർക്കും എത്തിച്ചുകൊടുത്തിരുന്നു.
ഇവിടെ ജന്മിയുടെ ഒരു ചിറ്റാരി ഉണ്ടായിരുന്നതുകൊണ്ടാണ് ചിറ്റാരിക്കാൽ എന്ന പേര് ഈ സ്ഥലത്തിന് കിട്ടിയത്. മൈപ്ലാവ് എന്ന സ്ഥലത്ത് വീടുവെച്ച് താമസിച്ചതുകൊണ്ട് തയ്യിലിടപ്പാട്ടുകാരായ ഞങ്ങളെ മൈപ്ലാക്കൽകാർ എന്ന് വിളിക്കാൻ തുടങ്ങി. നാടിന്റെ വികസന പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ മുന്നിട്ടുനിന്നവരാണ് അടിച്ചിലാമ്മാക്കൽ കുട്ടി, കവലവഴിക്കൽ മാത്യു, തയ്യിൽ ജോസഫ് (കുഞ്ഞേപ്പ്)) എന്നിവർ.
വ്യാപാരിയായിരുന്ന അദ്ദേഹം അന്നത്തെ അളവുതൂക്കങ്ങളുടെ കണക്ക് പറഞ്ഞുതന്നു.
2 ഉഴക്ക് 1 ഉരി
2 ഉരി 1 നാഴി
4 നാഴി 1 ഇടങ്ങഴി
10 ഇടങ്ങഴി 1 പറ
3 പറ 1 മുട (പൊതി)
അന്നത്തെ കർണ്ണാടക അളവ് 'സേർ' എന്നായിരുന്നു. ചിറ്റാരിക്കാൽ അന്ന് സൗത്ത്കാനറ ജില്ല കർണ്ണാടകത്തിന്റെ ഭാഗമായിരുന്നതുകൊണ്ട് ആ കണക്കും പ്രാബല്യത്തിലുണ്ടായിരുന്നു.
4 നാഴി 1 സേർ
½ സേർ ¼ സേർ എന്നിങ്ങനേയും അന്ന് ഇവിടെ അളവുപാത്രങ്ങളു ണ്ടായിരുന്നു.
തൂക്കത്തിന്റെ കണക്ക്
അന്ന് തൂക്കം റാത്തൽ കണക്കിലായിരുന്നു.
¼ റാത്തൽ, ½ റാത്തൽ, 1 റാത്തൽ, 4 റാത്തൽ, എന്നീ ലോഹ കട്ടികളു ണ്ടായിരുന്നു. 1 തുലാത്തിന് കരിങ്കൽ നിർമ്മിതിയാണ്.
32 റാത്തൽ 1 തുലാം (കരിങ്കല്ല് കൊണ്ട് രൂപപ്പെടുത്തിയത്)
20 തുലാം 1 കണ്ടി (1 ഭാരം)
ക്വിന്റൽ കണക്കിലേക്ക് മാറ്റിയാൽ
2½ റാത്തൽ 1 കിലോ
225 റാത്തൽ 1 ക്വിന്റൽ
3 ക്വിന്റൽ 1 ഭാരം (കണ്ടി)
¼ റാത്തലിൽ കുറവുള്ള തൂക്കത്തിന് കഴഞ്ച്, പലം എന്നൊക്കെ യായിരുന്നു കണക്ക്. അത്തരം തൂക്കത്തിന് കഴഞ്ചിക്കോൽ എന്ന ഉരുണ്ടതും ഒരറ്റത്തേക്ക് വണ്ണം കുറഞ്ഞുവരുന്നതുമായ അലകു കൊണ്ടുള്ള ഉപകരണമുണ്ടായിരുന്നു. വണ്ണം കുറഞ്ഞഭാഗത്ത് തൂക്കിയിടുന്ന ചെറിയ പാത്രത്തിൽ വസ്‌തുക്കൾ വച്ച് കഴഞ്ചിക്കോലിൽ രേഖപ്പെടുത്തിയിരിക്കുന്ന വരകളെയാണ് തൂക്കത്തിന് കണ ക്കാക്കിയിരിരുന്നത്. ഈ വരകളിൽ ചുറ്റിപിടിക്കുന്ന ഒരു ചരട് അങ്ങോട്ടുമിങ്ങോട്ടും മാറ്റി കഴഞ്ചിക്കോൽ ചരടിൽ പാരലലായി നിൽക്കുമ്പോൾ കിട്ടുന്ന രേഖയിലെ അടയാളമാണ് തൂക്കം. ഏലക്ക, ഗ്രാമ്പു, കറുവപ്പട്ട മറ്റ് ആയുർവ്വേദ മരുന്നുകളൊക്കെ അന്ന് കഴഞ്ചിക്കോൽ ഉപയോഗിച്ചാണ് തൂക്കിയിരുന്നത്.
നാളെ..... (28/06/25)
തയ്യിലിടപ്പാട്ട് കുഞ്ഞുവർക്കി.