27/06/2025
ഇതാണ് വസ്വിയ്യത്ത് പത്രിക. ബഹു. മാണിയൂർ ഉസ്താദ് (ന:മ) സ്വന്തം കൈപ്പടയിൽ വൃത്തിയായി എഴുതിയ വസ്വിയ്യത്ത് പത്രിക. പ്രതീക്ഷയോടെ മരണം കാത്തിരുന്ന ഒരു സാത്വികൻ്റെ ചിന്തകളും ആഗ്രഹങ്ങളുമാണ് അതിൽ നിറഞ്ഞ് നിൽക്കുന്നത്. വസ്വിയ്യതിൽ ഭൗതിക താൽപര്യങ്ങൾ ഒന്നും തന്നെയില്ല. ദീനുമായും പരലോകവുമായും ബന്ധപ്പെട്ട കാര്യങ്ങൾ മാത്രം. വസ്വിയ്യത് തുടങ്ങുന്നത് ഇങ്ങനെയാണ്:
"എൻ്റെ ഭാര്യ, മക്കൾ, സഹോദര സഹോദരികൾ, ബന്ധുമിത്രാദികൾ, ശിഷ്യന്മാർ, സുഹൃത്തുക്കൾ എന്നിവർ ആരോടും എനിക്ക് യാതൊരു വെറുപ്പുമില്ല. പൂർണ പൊരുത്തവും തൃപ്തിയുമാണ്. എന്നോട് ഇങ്ങോട്ടും അങ്ങനെയായിരിക്കണമെന്ന് അപേക്ഷിക്കുന്നു. മുഅ'മിനീങ്ങൾ ആരോടും യാതൊരു വെറുപ്പുമില്ല".
"എല്ലാവരും അല്ലാഹുവിൻ്റെ വിധി വിലക്കുകൾ അനുസരിച്ച് ജീവിക്കണം. യഥാർഥ മുസ്‌ലിംകളായിട്ടല്ലാതെ മരിച്ചു പോകരുത്. വ്യാജ ത്വരീഖത്തിലോ വ്യാജന്മാരുടെ വലയത്തിലോ പെട്ടു പോകുന്നത് സൂക്ഷിക്കണം. നല്ല സ്വഭാവം, നല്ല വേഷം, ഇൽമ് ഇബാദത് ഇവയിലായി ജീവിക്കണം. തമ്മിലുള്ള ഐക്യവും അച്ചടക്കവും കാത്തു സൂക്ഷിക്കണം".
തുടർന്ന്, താൻ മരിച്ചാൽ കഫൻ ചെയ്യേണ്ട രീതി, മറവ് ചെയ്യേണ്ട സ്ഥലം എന്നിവയെല്ലാം വ്യക്തമായി എഴുതിയിട്ടുണ്ട്. കഫൻ ചെയ്യാനുള്ള വസ്ത്രങ്ങൾ വർഷങ്ങൾ മുമ്പ് തന്നെ ഉസ്താദ് വാങ്ങി സൂക്ഷിച്ചിരുന്നു. അത് വെച്ചിരിക്കുന്ന സ്ഥലവും വസ്വിയ്യതിൽ പറയുന്നു. ഉസ്താദ് ഇബാദതിനും മന്ത്രത്തിനും ഇരുന്ന ഹാളിലാണ് ഖബ്ർ. അതിൻ്റെ മുകൾ ഹിഫ്ള് കൊളേജാണ്. എക്കാലവും ഖബറിന് സമീപം ഖുർആൻ ഓത്ത് കിട്ടാൻ വേണ്ടിയാണ് ഖബർ അവിടെ വേണമെന്നുള്ള ആഗ്രഹം എന്ന് വസ്വിയ്യതിൽ പറയുന്നു.
ഇങ്ങനെയാണ് വസ്വിയ്യത്ത് അവസാനിക്കുന്നത്:
"മന്ത്രിക്കാനും ഉറുക്ക് എഴുതാനുമുള്ള ഇജാസത്ത് ബശീറിനും അബ്ദുല്ലക്കും കിതാബ് സഹിതം കൊടുത്തിട്ടുണ്ട്. ഇവിടെയും മുനവ്വിറിലുമുള്ള വെള്ളം കുറയുമ്പോൾ രണ്ടിലൊരാൾ മന്ത്രിച്ചു കൊടുക്കുക. ഫലം കുറഞ്ഞു പോകാതെ ലഭിക്കും. إن شاء الله. കിതാബുകളെല്ലാം കുടുംബത്തിലെ ذرية ലെ അഹ്ലുൽ ഇൽമിൻ്റെ മേൽ വഖ്ഫാണ്. പുറത്തു കൊണ്ടു പോകാതെ ഉപയോഗിക്കണം".
തൻ്റെ വീടും വീടും പരിസരവും ഉൾപ്പെടെ 30 സെൻ്റ് ഭൂമിയും ഉസ്താദ് വഖ്ഫ് ചെയ്തിരിക്കുകയാണ്. പിതാവിൻ്റെ പേരിലുളള കുടുംബ ട്രസ്റ്റിന് വഖ്ഫാക്കിയത് ഹിഫ്ള് കോളേജും ദീനീ സ്ഥാപനങ്ങളും നടത്താൻ വേണ്ടിയാണ്. മക്കൾക്കെല്ലാം സ്ഥലങ്ങൾ മുമ്പ് വീതിച്ച് നൽകിയിട്ടുണ്ട്. അല്ലാഹുവിലേക്ക് യാത്രയാകാൻ പ്രതീക്ഷയോടെ കാത്ത് നിൽക്കുന്ന ഒരു സ്വൂഫിവര്യൻ്റെ ജീവിതമാണ് ഇതിലെല്ലാം നിഴലിച്ചു കാണുന്നത്.