03/08/2025
പ്രിയമുള്ളവരെ ... വേർപാടുകൾ വേദനയാണ് -ആശാവർക്കർ ഷീജയുടെ ചികിത്സയ്ക്കും അപകടത്തോടെ പ്രതിസന്ധിയിലായ ആ കുടുംബത്തെ സഹായിക്കുന്നതതിനുമായി ജൂൺ 4 നാണ് ചികിത്സ - കുടുംബ സഹായ സമിതി രൂപീകരിച്ചത്. ഇന്നലെ ബഹു. മന്ത്രി ഒ. ആർ. കേളു കുടുംബ സഹായ ഫണ്ട് കൈമാറി. നമ്മെ എല്ലാം ഏറെ വേദനയിലാക്കി പ്രിയപ്പെട്ട ഷീജ ജൂലൈ ഒന്നിനാണ് മരണത്തിന് കീഴടങ്ങിയത്. 2025 മേയ് 6 ന് സ്കൂട്ടർ അപകടത്തിൽ ഷീജയും ഭർത്താവ് രാമകൃഷ്ണനും പരിക്കേറ്റത് മുതൽ ഒരു നാടാകെ ആ കുടുംബത്തിന് ഒപ്പം നിന്നു. മരണസമയത്ത് ഒഴുകിയെത്തിയ വൻ ജനാവലി ഇതിന് തെളിവായി. ചികിത്സാ - കുടുംബ സഹായ കമ്മിറ്റി രൂപീകരിച്ചതു മുതൽ സഹായധനം സ്വരൂപിക്കുന്നതിന് എല്ലാവരും ഒരു മനസോടെ ഒപ്പം നിൽക്കുകയുണ്ടായി. കമ്മിറ്റി രൂപീകരണ യോഗത്തിൽ തീരുമാനിച്ചതുപോലെ ധനശേഖരണം നടത്താനും കഴിഞ്ഞു. അപകടത്തിൽ പരുക്കേറ്റ ഷീജയുടെ ഭർത്താവ് രാമകൃഷ്ണന് ഇനിയും ചികിത്സ ആവശ്യമുണ്ട്. ചുമട്ട് തൊഴിൽ ചെയ്ത് കുടുംബം പുലർത്തിയിരുന്ന രാമകൃഷ്ണന് ഉടനെ ജോലി ചെയ്യാനും കഴിയില്ല. ഡിഗ്രിയ്ക്കും പ്ലസ്ടുവിനും പഠിയ്ക്കുന്ന 2 പെൺകുട്ടികളുടെ ഉപരിപഠനവും സുരക്ഷിത ജീവിതവും നമുക്ക് ഉറപ്പ് വരുത്തുക എന്നതും കമ്മിറ്റിയുടെ ലക്ഷ്യമാണ്. സ്വരൂപിച്ച തുകയിൽ നിന്ന് ഷീജയുടെ ചികിത്സാകാര്യങ്ങൾക്കായി ചെലവഴിച്ച ശേഷമുള്ള തുക കുടുംബ സഹായത്തിനായി മാറ്റി വയ്ക്കുന്നതിനാണ് കമ്മിറ്റി യോഗം ചേർന്ന് തീരുമാനിച്ചിട്ടുള്ളത്. 15 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപ സർട്ടിഫിയ്ക്കറ്റ് ഇന്നലെ മക്കൾക്ക് കൈമാറി. കമ്മിറ്റി രൂപീകരണം മുതലുള്ള വരവ് ചെലവ് കണക്ക് ഓഡിറ്റ് ചെയ്തത് പൊതു ഗ്രൂപ്പിൽ ഇട്ടിരുന്നു. ചികിൽസാ - കുടുംബ സഹായ ആവശ്യത്തിനായി ആരംഭിച്ച ജോയിൻ്റ് അക്കൗണ്ടും ക്ലോസ് ചെയ്തു. തുടർന്ന് വരുന്ന ചികിത്സയ്ക്കും നഷ്ടപരിഹാരത്തിനുള്ള കേസ് നടത്തിപ്പിനും കമ്മിറ്റി ഭാരവാഹികളും ജനപ്രതിനിധികളും എല്ലാം കുടുംബത്തിന് ഒപ്പമുണ്ടാകും. കമ്മിറ്റി സ്വരൂപിച്ച തുകയിൽ 7.5 ലക്ഷം രൂപ വീതം മക്കളുടെ ഭാവി ആവശ്യങ്ങൾക്കായി 2 പേരുടെയും പേരിൽ ബാങ്കിൽ സ്ഥിര നിക്ഷേപം നടത്തി. അവശേഷിക്കുന്ന തുക കുടുംബത്തിന് പണമായി കൈമാറി. നമ്മുടെ നാടിൻ്റെ നന്മയാണ് ചുരുങ്ങിയ സമയം കൊണ്ട് ഇത്തരത്തിൽ ഒരു തുക സമാഹരിക്കാൻ വഴി വച്ചത്. ചികിത്സാ - കുടുംബ സഹായ കമ്മിറ്റിക്ക് നാട്ടുകാർ നൽകിയ അളവില്ലാത്ത പിന്തുണയ്ക്ക് ഒരോരുത്തരോടുമുള്ള നന്ദിയും കടപ്പാടും ഒരിയ്ക്കൽ കൂടി അറിയിക്കുന്നു. അപകട വിവരം അറിഞ്ഞത് മുതൽ ഇന്ന് വരെ എല്ലാ കാര്യങ്ങൾക്കും മുന്നിൽ നിന്ന കമ്മിറ്റി ചെയർമാൻ ജസ്റ്റിൻ ബേബി, കൺവീനർ പി. പ്രസന്നേട്ടൻ, ട്രഷറർ മിനി തുളസീധരൻ, പഞ്ചായത്ത് പ്രസിഡൻ്റ് ബ്രാൻ അഹമ്മദ്കുട്ടി, സ്ഥിരസമിതി അധ്യക്ഷൻ വിനോദ് തോട്ടത്തിൽ, ജില്ലാ പഞ്ചായത്ത് അംഗം വിജയേട്ടൻ, JP, ഫ്രാൻസിസ് മാഷ്, അഷറഫ് മച്ചഞ്ചേരി, പുനത്തിൽ രാജേട്ടൻ, പി.പി.ബിനു, കാദർക്ക, ശാന്തേട്ടൻ, വാണിയേട്ടൻ, മാലിക്ക, ഹരിയേട്ടൻ, പ്രിയേച്ചി, മനു തുടങ്ങിയവരെ ഒത്തിരി നന്ദിയോടെ ഓർക്കുന്നു. ചെറുതും വലുതുമായ തുകകൾ നൽകിയ സ്വദേശത്തും വിദേശത്തും ഉള്ള നിരവധി പേർ , കുടുംബശ്രീ അംഗങ്ങൾ, തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങൾ, പ്രവാസികൾ, ആരോഗ്യ സ്ഥാപനങ്ങൾ, ഹിൽ ബ്ലൂംസ് , GVHSS, GCM തുടങ്ങിയ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ചുമട്ടുതൊഴിലാളികൾ, മാധ്യമ പ്രവർത്തകർ... നന്ദി പറഞ്ഞു തീരില്ലാ എന്നതിനാൽ ഈ കുറുപ്പ് ഇവിടെ ചുരുക്കുന്നു. തുടർന്നും എല്ലാവരുടെയും പിന്തുണയും പ്രാർത്ഥനയും ഷീജയുടെ കുടുംബത്തിന് ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.🙏