13/09/2025
ഫറോക്ക് പഴയ പാലവുമായി ബന്ധപ്പെട്ട് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ചില പ്രചരണങ്ങൾ നടക്കുന്നുണ്ട്.പാലത്തിന്റെ നവീകരണവും അറ്റകുറ്റപ്പണികളും സംബന്ധിച്ച് നേരത്തെ റിപ്പോർട്ട് നൽകിയിട്ടുള്ളതാണ്. പാലത്തിന്റെ പ്രവർത്തി ഘട്ടം ഘട്ടമായി കൃത്യമായ രീതിയിലാണ് മുന്നോട്ടു പോയിട്ടുള്ളത്. പാലത്തിന്റെ പ്രവർത്തികളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്യുമ്പോൾ എന്താണോ ഏറ്റവും അനുയോജ്യവും ആവശ്യവും അതിന് ആദ്യം മുൻഗണന നൽകിക്കൊണ്ട് തന്നെയാണ് പ്രവർത്തി പൂർത്തീകരിച്ചു കൊണ്ടിരിക്കുന്നത്.
ഏറ്റവും ആദ്യ ഘട്ടത്തിൽ, 90 ലക്ഷം രൂപ ചിലവിട്ട് 9 ആർച്ച് മാറ്റി സ്ഥാപിക്കുകയും, പാലത്തിന്റെ മേൽഭാഗത്തും അടിഭാഗത്തും (ഒരു സ്പാനിൽ) പെയിന്റിംഗ് നടത്തുകയും, പാലത്തിന്റെ സൈഡിൽ ഇന്റർലോക്ക് റോഡ് നിർമാണം പൂർത്തിയാക്കുകയും, ഹൈറ്റ് ഗേജ് സ്ഥാപിക്കുകയും ചെയ്തു.
രണ്ടാം ഘട്ടത്തിൽ, 25 ലക്ഷം രൂപ ചിലവിൽ ഹൈറ്റ് ഗേജ് സ്ഥാപിക്കുകയും, കേടുപാട് സംഭവിച്ച ഹൈറ്റ് ഗേജ് അറ്റകുറ്റപ്പണി നടത്തുകയും ചെയ്തു.
മൂന്നാം ഘട്ടത്തിന്റെ ഭാഗമായി, 66.10 ലക്ഷം രൂപ ചിലവിൽ പാലത്തിന്റെ നടപ്പാത (ഫൂട്ട്പാത്) പുതുതായി നിർമ്മിക്കുകയും, കേബിൾ ഡക്റ്റ് കവറിംഗ് നടത്തുകയും ചെയ്തു. നിത്യേനെ നിരവധി യാത്രക്കാർ
ആശ്രയിക്കുന്ന ഇത്തരം പാലങ്ങളിൽ ഘട്ടംഘട്ടമായി തന്നെയാണ് പ്രവർത്തികൾ ചെയ്യാറുള്ളത്. ആദ്യഘട്ട പ്രവർത്തികൾ പൂർത്തിയായതിനുശേഷം 2025 ഫെബ്രുവരി 12-ന് പാലത്തിൽ നടത്തിയ പരിശോധനയിൽ ചില ക്രോസ് ബീമുകളിൽ ചെറിയ കേടുപാടുകൾ സംഭവിച്ചതും, സ്റ്റീൽ ഭാഗങ്ങളിൽ തുരുമ്പ് പിടിച്ചതും, കോൺക്രീറ്റ് ഭാഗങ്ങളിൽ ചിലത് അടർന്നുപോയതും കണ്ടെത്തി.
ഈ കേടുപാടുകൾ പരിഹരിക്കുന്നതിനായി 85 ലക്ഷം രൂപയുടെ എസ്റ്റിമേഷൻ സമർപ്പിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി, കേടായ സ്റ്റീൽ ഘടനകൾ മാറ്റിസ്ഥാപിക്കൽ, പാലത്തിന്റെ 2-ആം സ്പാനിൽ നിന്ന് 6-ആം സ്പാൻ വരെയുള്ള ഭാഗങ്ങളിൽ (ഫൂട്ട്പാത് ഒഴികെ) അടിഭാഗത്ത് പെയിന്റിംഗ് നടത്തൽ, പാലത്തിന്റെ അടിയിൽ നിന്ന് നദിയിലേക്ക് വെള്ളം നേരിട്ട് വീഴുന്നത് തടയാൻ നെറ്റ് സ്ഥാപിക്കൽ, അബട്ട്മെന്റിനടുത്ത് പിച്ചിംഗ് നിർമാണം തുടങ്ങിയ പ്രവൃത്തികൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
പാലവുമായി വിഷയങ്ങൾ ഉദ്യോഗസ്ഥർ കണ്ടെത്തിയതും അതിന്റെ ഭാഗമായി പ്രവർത്തി പുരോഗമിക്കുകയും ചെയ്യുന്ന സമയത്താണ് പാലത്തെ കുറിച്ചുള്ള അനാവശ്യമായ ചില പ്രചരണങ്ങൾ മുന്നോട്ടുവരുന്നത് ഇത്തരം കാര്യങ്ങൾ ചെയ്യുന്നതിന് മുമ്പ് ഇതിനെക്കുറിച്ച് സമഗ്രമായി അന്വേഷണം നടത്തി കാര്യങ്ങളും മനസ്സിലാക്കിയതിനു ശേഷം മാത്രം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത് നന്നായിരിക്കും. കൃത്യമായി പണി നടത്തുകയും ഇനിയും നടത്താനുണ്ടെന്ന് കണ്ടെത്തുകയും അതിനുവേണ്ട കാര്യങ്ങൾ ചെയ്യുന്നതിനും ഇടയിലാണ് ഇത്തരം അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുന്നത്. വസ്തുതകളെ മനസ്സിലാക്കാതെ ഇത്തരമൊരു വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് ചിലപ്പോൾ സദുദ്ദേശത്തോട് കൂടിയാണെങ്കിലും ഇതിനിടയിൽ വസ്തുതകൾ അറിഞ്ഞിട്ടും ഇതിനെ രാഷ്ട്രീയവുമായി മുതലെടുക്കാനാണ് ഒരു കൂട്ടം ആളുകൾ ശ്രമിക്കുന്നത്. അത്തരക്കാരെ ജനം തിരിച്ചറിയുകയും വസ്തുതകൾ മനസ്സിലാക്കുകയും ചെയ്യണം.