
01/08/2025
നമ്മുടെ ഭാഷയിലെ ധീരമായ ഒരു രാഷ്ട്രീയപ്രവർത്തനമായിരുന്നു ശ്രീ പി എൻ ഗോപീകൃഷ്ണൻ എഴുതി നവമലയാളിയിൽ പ്രസിദ്ധീകരിച്ച 'ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കഥ" എന്ന, ഇന്ത്യയിലെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ തുടക്കം മുതൽ ഗാന്ധിവധം വരെയുള്ള ചരിത്രം പരിശോധിക്കുന്ന ലേഖനപരമ്പര. അവ പിന്നീട് ലോഗോസ് ബുക്ക്സ് പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചത് പരക്കെ വായിക്കപ്പെടുകയും പുസ്തകം മലയാള വായനക്കാരുടെ വലിയ സ്വീകരണം ഏറ്റുവാങ്ങുകയും ചെയ്തു. ബൃഹത്തും ഗൗരവസ്വഭാവവുമുള്ള ഒരു പുസ്തകത്തെ സംബന്ധിച്ച് പുസ്തകത്തിനു ലഭിച്ച സ്വീകരണം ഇന്ത്യയെ കവരുന്ന പ്രതിലോമരാഷ്ട്രീയത്തിനെതിരെയുള്ള കേരളസമൂഹത്തിന്റെ രാഷ്ട്രീയപ്രതിരോധത്തിന്റെ സൂചനയായി കൂടി നവമലയാളി കാണുന്നു. അനവധി ഇന്ത്യൻ ഭാഷകളിലേയ്ക്ക് മൊഴിമാറ്റവും സംക്ഷിപ്തപ്രസാധനവും നടക്കുകയും നടന്നുകൊണ്ടിരിക്കുകയും ചെയ്യുന്ന ഈ പുസ്തകത്തിന് ലഭിച്ച നിരവധിയായ പുരസ്കാരങ്ങളും അങ്ങനെ തന്നെ നോക്കിക്കാണേണ്ടതാണ്.
ഹിന്ദുത്വരാഷ്ട്രീയത്തിന്റെ കഥ എന്ന പുസ്തകത്തിന്റെ തുടർച്ചയായി, ഇന്ത്യയിലെ ഹിന്ദുത്വ ഭീകരതയുടെ ചരിത്രം സമഗ്രമായി പരിശോധിക്കുന്ന ഒരു ലേഖനപരമ്പര ശ്രീ ഗോപീകൃഷ്ണൻ എഴുതി നവമലയാളിയിൽ ഉടൻ പ്രസിദ്ധീകരിച്ച് തുടങ്ങുന്ന വിവരം സന്തോഷത്തോടെ അറിയിക്കട്ടെ. വായനക്കാരുടെ പിന്തുണ പ്രതീക്ഷിച്ചുകൊണ്ട്. സസ്നേഹം.