25/05/2025
#പൊന്നാനി
ജനകീയ ഫയർമാൻ വിരമിക്കുന്നു.
പൊന്നാനിയിലെ "ജനകീയ ഫയർമാൻ" എന്ന പേരിൽ അറിയപ്പെടുന്ന അയ്യൂബ് ഖാൻ അഗ്നിരക്ഷ സേനയിൽനിന്നും മേയ് 31ന് വിരമിക്കുന്നു.
സർവിസിലെ മികച്ച പ്രകടനങ്ങൾക്കൊപ്പം സുരക്ഷ പ്രശ്നങ്ങളുമായി സമീപിക്കുന്നവർക്ക് ഏത് സമയത്തും
ഓടിയെത്തിയിരുന്ന ആളായിരുന്നു അമ്പലത്ത് വീട്ടിൽ അയ്യൂബ് ഖാൻ. മേയ് 31ന് ആണ് ഇദ്ദേഹം അഗ്നിരക്ഷ സേനയിൽ നിന്നും വിരമിക്കുക.
സാഹസികമായ ഒട്ടനവധി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. മലപ്പുറം, പാലക്കാട്
ജില്ലകളിലെ പ്രധാന അപകട മേഖലകളിലെല്ലാം അയ്യൂബ് ഖാന്റെ സേവനം ലഭ്യമായിരുന്നു. കടലുണ്ടി
ട്രെയിൻ അപകടം, കവളപ്പാറ ദുരന്തം, രണ്ട് പ്രളയം, പൂക്കിപ്പറമ്പ് ബസ് അപകടം, ആലൂർ, മൂതൂർ എന്നിവിടങ്ങളിലെ വെടിക്കെട്ട് ദുരന്തം എന്നിവിടങ്ങളിലെല്ലാം രക്ഷാദൗത്യവുമായി മുൻ നിരയിൽ പ്രവർത്തിച്ചു.
26 വർഷത്തെ സേവന കാലയളവിൽ 38 റിവാർഡുകൾ ലഭിച്ച അപൂർവം ഫയർമാൻമാരിൽ ഒരാളാണ്.
സേവനങ്ങളിലെ മികവ് പരിഗണിച്ച് 2017ൽ മുഖ്യമന്ത്രിയുടെ അവാർഡും 2020ൽ രാഷ്ട്രപതിയുടെ
അവാർഡും നേടിയിട്ടുണ്ട്. പൊന്നാനി, ഗുരുവായൂർ, മലപ്പുറം യൂനിറ്റുകളിൽ ഫയർമാനായി
സേവനമനുഷ്ഠിച്ചിട്ടുള്ള ഇദ്ദേഹത്തിന് വെള്ളത്തിലുള്ള അപകടങ്ങളിൽ രക്ഷാപ്രവർത്തനം നടത്താൻ സ്കൂബ ഡൈവിങ് പരിശീലനം ലഭിച്ചിട്ടുണ്ട്. ഫയർ ഫോഴ്സിന് കീഴിൽ 15 വർഷം മുമ്പ് ആരംഭിച്ച സ്കൂബഡൈവിങ് സേനയിലെ മികച്ച ഡൈവിങ് മാനാണ് ഇദ്ദേഹം. ഇദ്ദേഹത്തിന് കീഴിൽ വിവിധ ജില്ലകളിൽ നിരവധി പേർ സ്കൂബ ഡൈവിങ് പരിശീലനം നേടിയിട്ടുണ്ട്.