02/07/2025
ഇന്ന് World Sports Journalists day. കളിയെഴുത്തുകാരുടെ ദിനം.
പ്രശസ്ത കായിക ലേഖകനും ചന്ദ്രിക ദിനപ്പത്രത്തിൻ്റെ എഡിറ്ററുമായ ശ്രീ കമാൽ വരദൂർ ആലപ്പുഴയിൽ നടന്ന
യൂത്ത് കോൺഗ്രസ് സംസ്ഥാന
നേതൃക്യാമ്പിൽ
കായിക കേരളം വിഷൻ 2050
എന്ന വിഷയത്തിൽ
അഞ്ച് പ്രധാന നിർദ്ദേശങ്ങൾ
അവതരിപ്പിച്ചു. കായിക കേരളം ശ്രദ്ധിക്കേണ്ട വിഷയങ്ങൾ .:-
1-അടിസ്ഥാന കായികവികസനത്തിന് സമഗ്ര പദ്ധതിവേണം. കേവലമായ രാഷ്ട്രീയ പ്രഖ്യാപനങ്ങൾക്കപ്പുറം നാളെയുടെ പ്രതിഭകൾക്ക് വളരാനുതകുന്ന തരത്തിലുള്ള മൈതാനങ്ങൾ, പ്രൊഫഷണൽ അക്കാദമികൾ എന്നിവ നിർബന്ധം
2-കോടികൾ മുടക്കി മെസിയെ കൊണ്ടുവന്നത് കൊണ്ട് കാര്യമില്ല. മെസിയെ കൊണ്ടുവരാനായി ചെലവഴിക്കുന്ന കോടികളിൽ 14 ജില്ലകളിൽ 14 പ്രൊഫഷണൽ ഫുട്ബോൾ അക്കാദമികൾ വരട്ടെ. മെസിയോളം വളരാൻ പ്രാപ്തരായവർ നമുക്ക് ചുറ്റുമുളളപ്പോൾ അവരെ കൈപ്പിടിച്ചുയർത്തണം. മെസി വന്നാൽ പോലും അദ്ദേഹത്തിന് കളിക്കാനുതകുന്ന രാജ്യാന്തര നിലവാരമുള്ള കളിമുറ്റം നമ്മുടെ സംസ്ഥാനത്തില്ല. നല്ല മൈതാനവും സംവിധാനങ്ങളുമായി മെസിയെ ക്ഷണിക്കാം
3-2024 ൽ ഉത്തരാഖണ്ഡിൽ നടന്ന നാഷണൽ ഗെയിംസിൽ കേരളം ചരിത്രത്തിൽ ആദ്യമായി മെഡൽപ്പട്ടികയിൽ ആദ്യ പത്തിൽ നിന്നും പുറത്തായി. ഹരിയാനയും പഞ്ചാബും തമിഴ്നാടും ദേശീയ കായികമേഖല കീഴടക്കുമ്പോൾ കേരളം വളരെ പിറകിലാവാൻ കാരണം നമ്മുടെ താരങ്ങൾക്ക് സർക്കാർ പിന്തുണ ലഭിക്കുന്നില്ല. അസോസിയേഷനുകൾ തമ്മിലടിയാണ്. കായിക വകുപ്പും കേരളാ ഒളിംപിക് അസോസിയേഷനും തമ്മിൽ വാക്പയറ്റാണ്. സ്പോർട്സ് കൗൺസിലുകളിൽ രാഷ്ട്രീയ അതിപ്രസരമാണ്. സ്പോർട്സ് സ്കൂളുകളുടെ അവസ്ഥ പറയാൻ വയ്യ. ഭക്ഷണം പോലും കുട്ടികൾക്ക് മുടങ്ങുന്നു. കായികവകുപ്പും വിദ്യാഭ്യാസ വകുപ്പും തമ്മിലുള്ള കിടമൽസരങ്ങളിൽ അപമാനിക്കപ്പെടുന്നവരിൽ ഒളിംപ്യൻ PR ശ്രീജേഷ് പോലും അകപ്പെട്ടു. രാഷ്ട്രീയത്തിനും സ്ഥാപിത താൽപര്യങ്ങൾക്കുമതീതമായി സ്വതന്ത്ര കായിക ഭരണം സാധ്യമാവണം. ലോക ചെസിൽ ഇന്ത്യ ഒന്നാമതാണ്. തമിഴ്നാട്ടിൽ നിന്നുള്ള താരങ്ങളാണ് ഇന്ത്യൻ ചെസിനെ ലോകോത്തരമാക്കുന്നത്. അവർക്ക് അവിടുത്തെ ഭരണകൂടം നൽകുന്ന പിന്തുണ എത്ര മനോഹരകാഴ്ചയാണ്.
4-സ്കൂളുകളിൽ കായികാധ്യാപകരില്ല. ഹയർ സെക്കൻഡറിതലത്തിൽ കായികപഠനമില്ല. സ്കുളുകളിൽ ഫിസിക്കൽ എഡ്യുക്കേഷൻ പഠിപ്പിക്കുന്ന അധ്യാപകർക്ക് മതിയായ ശമ്പളം നൽകുന്നില്ല, കായികോപകരണങ്ങൾ നൽകുന്നില്ല. പി.ടി ഉഷ മുതൽ നോക്കുക-നമ്മുടെ സ്കൂളുകൾ കായികഖനിയാണ്. പക്ഷേ കായികപഠനമെന്നത് ഇന്നും കടലാസിലാണ്. എത്ര സ്കൂളുകളിൽ മതിയായ കളിസ്ഥലങ്ങളുണ്ട്, അടിസ്ഥാന സൗകര്യങ്ങളുണ്ട്, കായികാധ്യാപകരുണ്ട്-ഗ്രൗണ്ടുകൾ നിറയെ കെട്ടിടങ്ങളായി,പുതിയ ക്ലാസ് മുറികളായി,മാനേജ്മെൻറുകൾ ലക്ഷങ്ങൾ കോഴ വാങ്ങി അധ്യാപകനിയമനം നടത്തുമ്പോൾ സ്കൂൾ-കലാലയതല കായികമെന്നത് വിസ്മരിക്കപ്പെടുന്നു. ഇത് പാടില്ല.
5-കഴിഞ്ഞ പാരിസ് ഒളിംപിക്സിനായി കേന്ദ്ര കായിക മന്ത്രാലയം ചെലവഴിച്ചത് 450 കോടി. രാജ്യത്തെ പ്രതിനിധികരിച്ച് ഒളിംപിക്സിൽ പങ്കെടുത്തവർ 117 കായിക താരങ്ങൾ. 145 സപ്പോർട്ടിംഗ് സ്റ്റാഫ്. രാജ്യചരിത്രത്തിലാദ്യമായി ഏറ്റവും വലിയ സംഘത്തെ അയച്ചിട്ടും ഒരു സ്വർണം പോലും നമുക്ക് കിട്ടിയില്ല. ആകെ 07 പേരെ മാത്രം അയച്ച പാക്കിസ്താൻ ഒരു സ്വർണം നേടി. ഫിഫ റാങ്കിംഗിൽ നമ്മുടെ ഫുട്ബോൾ ടീം 129ൽ. ബംഗ്ലാദേശിനോട് പോലും ജയിക്കുന്നില്ല. വിരമിച്ച 40-കാരനായ സുനിൽ ഛേത്രിയെ തിരികെ വിളിച്ചിരിക്കുന്നു.വിജയ് അമ്യതരാജും രമേശ് കൃഷ്ണനും ലിയാൻഡർ പെയ്സും മഹേഷ് ഭൂപതിയും സാനിയ മിർസയുമെല്ലാം രാജ്യാന്തര ടെന്നിസിൽ നിറഞ്ഞ സുവർണകാലത്തിൽ നിന്നും ടെന്നിസിൽ എവിടെയാണ് ഇപ്പോൾ നമ്മൾ..? നമ്മുടെ പരമ്പരാഗത ശക്തിവേദിയായ അമ്പെയ്ത്തിൽ എവിടെയാണ്..? ഗുസ്തിയിലും ബോക്സിംഗിലും വളരെ പിറകിൽ. പാരീസിൽ വിനേഷ് പോഗാട്ടിന് നമ്മൾ തന്നെ സ്വർണം നിഷേധിച്ചു. പ്രൊഫഷണലിസമില്ലായ്മയാണ് ഇതിനെല്ലാം കാരണം. ഇന്ത്യൻ സ്പോർട് സിൽ സെമി പ്രൊഫഷണലിസള്ളത് ക്രിക്കറ്റിൽ മാത്രമാണ്. ആ മാറ്റം പ്രകടവുമാണ്. BCCl യുടെ കൈവശം പണമുണ്ട്,പവറുണ്ട്-അവർ ഉന്നതനിലവാരത്തിൽ പ്രവർത്തിക്കുന്നു. നമ്മുടെ കായികലോകം പ്രൊഫഷണലാവണം.
ഈ നിർദ്ദേശങ്ങൾ കേവലം അഭിപ്രായങ്ങളായി കാണാതിരിക്കുക-പ്രവൃത്തിപഥത്തിലെത്തിക്കാനായാൽ ലോകകപ്പിൽ അർജൻറിനക്കും ബ്രസിലിനും മുദ്രാവാക്യം വിളിക്കുന്നതിന് പകരം നമുക്ക് നമ്മുടെ രാജ്യത്തിനായി ജയ് വിളിക്കാനാവും. ഒളിംപിക്സ് വേദികളിൽ എന്നും അമേരിക്കയുടെയും ചൈനയുടെയും ദേശീയഗാനത്തിനായി എഴുന്നേറ്റ് നിൽക്കുന്നതിന് പകരം നമ്മുടെ ജനഗണമനക്കായി തല ഉയർത്തി,നെഞ്ച് വിരിച്ച് നമുക്ക് എഴുന്നേറ്റ് നിൽക്കാനാവും.
✒️Kamal Varadoor