3riple si6

3riple si6 പ്രേതായനുഭവങ്ങൾ, പ്രേതകഥകൾ, ചരിത്രം ജീവിതനുഭവങ്ങൾ... ഇതെല്ലാം വായിക്കാൻ ഫോളോ ചെയ്ത് കൂടെ കൂടിക്കോ...!!🫡

മല്ലികയുടെ തിരിച്ചുവരവ്2016-ൽ, കേരളത്തിന്റെ മലയോര ഗ്രാമമായ വെള്ളറട്ട എന്ന സ്ഥലത്ത്, റോഡരികിലുള്ള രണ്ടുനില വീട്ടിൽ ഞാൻ, (...
01/11/2025

മല്ലികയുടെ തിരിച്ചുവരവ്
2016-ൽ, കേരളത്തിന്റെ മലയോര ഗ്രാമമായ വെള്ളറട്ട എന്ന സ്ഥലത്ത്, റോഡരികിലുള്ള രണ്ടുനില വീട്ടിൽ ഞാൻ, ( വനജ, ) ഏകയായി കഴിഞ്ഞിരുന്നു. ഭർത്താവ് ആർമിയിൽ. ഏകമകൾ മാത്രം കൂട്ട്. കുറച്ചകലെ തറവാട്ടിൽ അച്ഛനും അമ്മയും സഹോദരന്മാരും ഉണ്ട്.

ഞാനും മോളും തനിച്ചായതിനാൽ, വൈകുന്നേരം ആറുമണിക്ക് അമ്മയും അച്ഛനും വരും. കൂട്ടിരിക്കും. രാവിലെ ആറിന് തിരിച്ചുപോകും. ഗ്രാമമാണെങ്കിലും, എൻ്റെ രണ്ട് നില വീടിനു ചുറ്റും വീടുകൾ ഉണ്ടായിരുന്നു. റോഡ് സൈഡും ആണ് വീട് ഉള്ളത് ഏറ്റവും അടുത്തത് പിൻവശത്ത് വിജയശ്രീ ചേച്ചിയുടെ ഒറ്റനില വീട് ആണ്. താഴ്ചയിലായതിനാൽ, ഞങ്ങളുടെ പിൻഭാഗത്തുനിന്ന് അവരുടെ ടെറസ് വരെ കാണാം.

ആ വീട്ടിലാണ് സംഭവം നടക്കുന്നത് ആ വീട്ടിലെ മൂന്നു മക്കളിൽ ഒരാളായിരുന്നു മല്ലിക. 32 വയസ് ദുർനടപ്പിന്റെ പര്യായം. പലരെയും വിവാഹം കഴിച്ചു പലരുടെ കൂടെയും കഴിഞ്ഞു അവസാനം, ക്രിസ്ത്യൻ എക്സ്-മിലിട്ടറിക്കാരനെ വശീകരിച്ചു. അയാൾക്ക് ഭാര്യയും രണ്ടു മക്കളും ഉണ്ടായിരുന്നു. പെട്ടെന്ന്, ദുരൂഹമായി ഭാര്യ മരിച്ചു. മക്കളെ വീട്ടുകാർ കൊണ്ടുപോയി. അയാൾ മല്ലികയോടൊപ്പം താമസം തുടങ്ങി.

അവർക്കൊരു കുഞ്ഞ് പിറന്നു.
ഒരു ദിവസം, ഞാൻ പിൻവശത്തുനിന്ന് നോക്കി: മല്ലിക കുഞ്ഞിന് കുപ്പിപ്പാൽ കൊടുക്കുന്നു. മുലപ്പാൽ എന്തുകൊണ്ട് കൊടുക്കുന്നില്ല എന്ന് അന്വേഷിച്ചപ്പോൾ, അവൾ ഒന്നും മിണ്ടാതെ അകത്തേക്ക് പോയി പിന്നീട് അവളുടെ അമ്മ വിജയശ്രീ ചേച്ചി പറഞ്ഞു "അസുഖമുണ്ട്" എന്ന് പിന്നീടാണ് മനസ്സിലായത് എയ്ഡ്സ്. HIV പോസിറ്റീവ്. എന്ന അസുഖം ആണ് എന്ന്

അവൾക്ക് തുടർച്ചയായ പനി, ക്ഷീണം. എന്നിവ വന്നു കൊണ്ടിരുന്നു സുന്ദരിയായ അവൾ ക്ഷീണിച്ച് പോയി കോലം കെട്ടു അധികം താമസിക്കാതെ, ഒരു വെളുപ്പാൻകാലം... മല്ലിക മരിച്ചു. (HIV ആയിരുന്നത് കൊണ്ട് അവളെ പെട്ടെന്ന് വീട്ടിൻ്റെ പറമ്പിൽ ഇട്ട് കത്തിച്ചു ഹിന്ദുമതകർമ്മങ്ങളും കൃസ്ത്ൻ മതകർമ്മങ്ങളും ഒന്നും ചെയ്തില്ല ഈ രോഗം ആയതു കൊണ്ട് എത്രയും പെട്ടെന്ന് മരിച്ചത് നന്നായി എന്ന് ആളുകൾ കരുതി) ഗ്രാമം മുഴുവൻ ഭയന്നിരുന്നു.

ആ കുഞ്ഞ് അനാഥയായി അവളുടെ ഭർത്താവ് ഒറ്റയ്ക്കായി. പിന്നീട് ആ നാട്ടിൽ നിന്ന് അയാൾ പോയി പിന്നീട് എപ്പോഴോ ഇതേ രോഗം വന്ന് അയാളും മരിച്ചു എന്നറിഞ്ഞു വിജയശ്രീ ചേച്ചിയുടെ വീട് ശൂന്യമായപോ ലെ കിടന്നു.

ആറുമാസം കഴിഞ്ഞു. ഒരു രാത്രി, മകൾ മുകളിലത്തെ നിലയിൽ പഠിക്കുന്നു. പെട്ടെന്നവൾ വിളിച്ചു: "അമ്മേ... ജനലിന്റെ സൈഡിൽ വെള്ളത്തുണി വീശിക്കൊണ്ട് എന്തോ പോകുന്നു!" ഞാൻ ചിരിച്ചു: "ബുക്കിന്റെ വെള്ള പേപ്പറിൽ നോക്കി പഠിച്ചിട്ട് പെട്ടെന്ന് നോക്കിയാൽ ഇത്തരം ഇലൂക്ഷൻ തോന്നാം ഇത് വെറും തോന്നൽ മാത്രം. എന്ന് പറഞ്ഞ് ആ ജെനൽ ഒരു കട്ടിയുള്ള ഷാൾ കൊണ്ട് ഞാൻ മറച്ചു" പക്ഷേ, ആ വാക്കുകൾ എന്റെ മനസ്സിൽ തങ്ങിനിന്നു. രാത്രി മുഴുവൻ ഉറക്കം വരാതെ കിടന്നു. പുറത്ത് കാറ്റ് മാത്രം. ഇലകൾ ഇളകുന്ന ശബ്ദം... അതോ മറ്റെന്തോ ആണോ അത്?

രണ്ടാമത്തെ സംഭവം പകൽ. ഞാൻ പിൻവശത്ത് തുണി എടുക്കാൻ പോയി. വിജയശ്രീ ചേച്ചിയുടെ വീട്ടുകാർ കശുവണ്ടി ഫാക്ടറിയിൽ ജോലിക്ക് പോയിരിക്കുന്നതായി അറിയാം. വീട് ശൂന്യം. പക്ഷേ, അടുക്കളയുടെ പുകച്ചിമ്മിനി ജനലിലൂടെ... ഒരു ഒറ്റക്കണ്ണ്! എന്നെ തുറിച്ചുനോക്കുന്നു. പൊന്മാൻ്റെ നീല നിറം. പഴയ യക്ഷിക്കഥകളിലെ മൂങ്ങയുടെ കണ്ണുപോലെ തിളങ്ങുന്ന, ജീവനുള്ള. അത് ചിമ്മാതെ നോക്കി. എന്റെ ഹൃദയം നിന്നു. ശ്വാസം കിട്ടാതെ. "തോന്നൽ... തോന്നൽ മാത്രം" എന്ന് സ്വയം പറഞ്ഞു. തുണിയെടുത്ത് അകത്തേക്ക് വേഗം പോന്നു . പക്ഷേ, ആ കണ്ണിൻ്റെ നോട്ടം എൻ്റെ പിൻകഴുത്തിൽ പറ്റിപ്പിടിച്ചപോലെ തോന്നി എന്നാലും അത് തോന്നൽ മാത്രയിരിക്കും എന്ന് കരുതി ആശ്വസിച്ചു.

മൂന്നാമത്തേത് രാത്രി എട്ടുമണി. ഞാൻ പിൻവശത്ത് നിൽക്കുന്നു. വിജയശ്രീ ചേച്ചിയുടെ സ്റ്റെയർകേസിൽ വണ്ണമുള്ള ഒരു രൂപം മുകളിലേക്ക് കയറുന്നു. കാൽക്കൽ ശബ്ദം കേൾക്കാം: തൂം... തൂം... തൂം. "ചേച്ചി ആയിരിക്കും. മുകളിൽ വന്ന് കഴിഞ്ഞ് സംസാരിക്കാം" എന്ന് കരുതി നോക്കിനിന്നു. പക്ഷേ, എത്ര കയറിയിട്ടും മുകളിൽ എത്തുന്നില്ല. ശബ്ദം തുടരുന്നു... തൂം... തൂം... അനന്തമായി. ഞാൻ വിളിച്ചു: "ചേച്ചീ..." മറുപടി ഇല്ല. പിന്നെ, പെട്ടെന്ന് നിശ്ശബ്ദം.

പിറ്റേന്ന് ചേച്ചിയോട് ചോദിച്ചു. അവരുടെ ഉത്തരം കേട്ട് ഞാൻ ഞെട്ടി "ടിവി കേടായി. അയൽവീട്ടിൽ സീരിയൽ കാണാൻ പോയതാ. ഞാങ്ങൾ വീട്ടിൽ പോലുമില്ലായിരുന്നു!"വീട് അടച്ചിട്ടാണ് പോയത് എന്ന് എൻ്റെ രോമങ്ങൾ നിവർന്നു. ആരായിരുന്നു ആ കയറിക്കൊണ്ടിരുന്നത്? ശബ്ദം ഇപ്പോഴും എൻ്റെ ചെവിയിൽ മുഴങ്ങുന്നു...

ഏറ്റവും ഭീകരമായത് നാലാമത്തെ അനുഭവമാണ് രാത്രി ഒമ്പതുമണി. പിൻവശത്ത്, അവരുടെ ബാക്ക് സൈഡിൽ ഒരു മഞ്ഞ ഫിലമെന്റ് ബൾബ് കത്തുന്നു. ഭയങ്കര വെളിച്ചം രാത്രി പകലാക്കുന്നത് പോലെ. പെട്ടെന്ന്, ഒരു രൂപം. മെറൂൺ നൈറ്റി. മുടി മുകളിലേക്ക് വാരിക്കെട്ടിയത്. സ്ത്രീ നടന്നുവരുന്നു വേഗത്തിൽ, അന്യലോകത്തുനിന്നെന്നോണം. മുഖത്ത് കണ്ണുകൾ ഇല്ല. കൈകൾ ഇല്ല. വലത്തേ കൈ ചെവിയോട് ചേർത്ത് ഫോണിൽ സംസാരിക്കുന്നപോലെ പൊങ്ങിയിരിക്കുന്നു. പക്ഷേ, ഫോണില്ല. ശൂന്യത മാത്രം. ആ നടത്തം... മെല്ലെ, പക്ഷേ അതിവേഗം. സ്റ്റെയർ കയറുന്നു. ടെറസിലേക്ക്.
എനിക്ക് മനസ്സിലായി. മല്ലിക! മരിച്ച മല്ലിക! പെട്ടെന്ന് ആരുപം കത്തി കറിഞതുപോലെ കറുത്ത് മെലിഞ്ഞ് എയ്ഡ്സ് ശരീരം പോലെ കാണപ്പെട്ടു ആ ദുർനടപ്പിൻ്റെ ആത്മാവ്... തിരിച്ചെത്തി. എൻ്റെ കാലുകൾ കാന്തത്തിൽ ഒട്ടിയപോലെ അനക്കാൻ പറ്റാതെയായി. കാലും ശരീരവും തലയും എല്ലാം തണുത്തുമരവിച്ചതുപ്പോലെ ആയി. തൊണ്ട വരണ്ടു ഉണങ്ങി. ശബ്ദം പുറത്തുവരുന്നില്ല. മനസ്സ് രണ്ടായി: സംസാരിക്കുന്നു "ഓടി രക്ഷപ്പെടൂ!" മറ്റൊന്ന്: "ഓടരുത്... പേടിച്ചാൽ ഇത് ജീവിതം മുഴുവൻ ഇത് നിന്നെ പിന്തുടരും നിന്നെ പേടിപ്പിക്കും!" രൂപം സ്റ്റെയർ കയറി... ടെറസിൽ മുകളിൽ എത്തുന്നതിനു മുൻപ്, എൻ്റെ കാലുകൾ മോചിതമായി. ഞാൻ ഓടി! വീട്ടിലേക്ക്! വാതിൽ അടച്ചു! അമ്മയോട് ഒറ്റശ്വാസത്തിൽ എല്ലാം പറഞ്ഞു. ഒരുപാട് വെള്ളം കുടിച്ചു. അമ്മ ചോദിച്ചു: "പേടിച്ചപ്പോൾ എന്താ മോളെ എന്നെ വിളിക്കാഞത്?" "വിളിക്കാൻ പറ്റിയില്ല...അമ്മേ... ശബ്ദം വരുന്നില്ലായിരുന്നു!"

പിറ്റേന്ന് രാവിലെ, ചെറുയൂരിലെ ശിവക്ഷേത്രത്തിൽ. അർദ്ധനാരീശ്വരൻ്റെ മുൻപിൽ നിന്ന് പ്രാർത്ഥിച്ചു. പെട്ടെന്ന് ഭയങ്കരതലക്കനം തലകറക്കം. തലചുറ്റുന്നു. വീഴുന്നപോലെ. "മഹാശിവശംഭോ... എന്നെ തള്ളിയിടല്ലേ! രക്ഷിക്കണേ!" മനസ്സുരുകി പ്രാർത്ഥിച്ചു. അവിടത്തെ പോറ്റിയോട് (ശാന്തിക്കാരൻ) കാര്യങ്ങൾ എല്ലാം പറഞ്ഞു. അയാൾ 41 ദിവസത്തേക്ക് ഒരു ചിരട് ജപിച്ചു തന്നു: "കെട്ടിക്കോ. ഇനി ഒന്നും കാണില്ല." എന്ന് പറഞ്ഞു 41 ദിവസം കഴിഞ്ഞ് ഒരുഏലസ് പൂജിച്ചു തന്നു. ഇന്നും അത് എൻ്റെ കഴുത്തിൽ ഉണ്ട്
പിന്നീട് ഒരിക്കലും... ഒന്നും ഇതുവരെ കണ്ടില്ല.

(ഇത് ഒരു വ്യക്തിയുടെ അനുഭവ കഥയാണ് യഥാർത്ഥ സംഭവം)

✍️ ബൈജു എൻ ബി ചാലക്കുടി, 2025.

രാത്രിയിലെ കുട്ടിആലപ്പുഴയുടെ കലവൂർ പ്രദേശം, ബാറ്റ ഷോറൂമിലെ ഡ്രൈവർ സുനി. രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്കുള്ള യാത്രയാണ് അയ...
31/10/2025

രാത്രിയിലെ കുട്ടി
ആലപ്പുഴയുടെ കലവൂർ പ്രദേശം, ബാറ്റ ഷോറൂമിലെ ഡ്രൈവർ സുനി. രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്കുള്ള യാത്രയാണ് അയാളുടെ ദിനചര്യ. പക്ഷേ, ആ രാത്രി... ആ രാത്രി എല്ലാം മാറ്റിമറിച്ചു.

സമയം രാത്രി ഒരു മണി. റോഡ് വിജനമായി കിടക്കുന്നു, ചുറ്റും കനത്ത ഇരുട്ട്. സുനിയുടെ വണ്ടി പാഞ്ഞുകൊണ്ടിരിക്കെ, പെട്ടെന്ന് റോഡരികിൽ ഒരു ചെറു നിഴൽ. ഒരു പത്തു വയസ്സ് തോന്നിക്കുന്ന ആൺകുട്ടി, റോഡിലേക്ക് കയറി നിൽക്കുന്നു. വെളുത്ത ടീഷർട്ട്, കറുത്ത ഷോർട്സ്, മുഖം... മുഖം വ്യക്തമല്ല, പക്ഷേ കണ്ണുകൾ തിളങ്ങുന്ന പോലെ.
സുനി ബ്രേക്ക് ചവിട്ടി. വണ്ടി നിർത്താൻ പോകുന്നു. പക്ഷേ, പിൻസീറ്റിലിരുന്ന രാജപ്പച്ചേട്ടൻ പെട്ടെന്ന് ആക്രോശിച്ചു:
"നിർത്തണ്ട സുനി! അത് പിശകാണ് വണ്ടി നിർത്തിയാൽ നമ്മൾ തീർന്നു!"
സുനി ഞെട്ടി. "ചേട്ടാ, അത് ഒരു കുട്ടിയാണ്... വണ്ടി ഇടിച്ചുകൊന്നാൽ?"
നീ വണ്ടി വിട് സുനീ ....."ഇതുപോലെ പലർക്കും അനുഭമുണ്ട്! ആലപ്പുഴയിലെ ഈ റോഡിൽ, രാത്രി ഇങ്ങനെ കുട്ടിയായി നിൽക്കുന്നത്... അവർ മനുഷ്യരല്ല! കഴിഞ്ഞ മാസം ഒരു ലോറി ഡ്രൈവർ ഇതേപോലെ നിർത്തി, പിറ്റേ ദിവസം ആശുപത്രിയിൽ! കണ്ണുകൾ ചുവന്നു, ശരീരം വിറച്ചുകൊണ്ട് അയാൾ അവസാനം പറഞ്ഞത് 'കുട്ടി എന്നെ വിളിച്ചു' എന്ന് പറഞ്ഞു മരിച്ചു!"

രാജപ്പച്ചേട്ടന്റെ വാക്കുകൾ സുനിയുടെ ഹൃദയത്തിൽ മുള്ളുപോലെ കൊളുത്തി. എന്നാലും, അയാൾക്ക് സഹതാപം തോന്നി. വണ്ടി കുറച്ച് മുന്നോട്ടെടുത്ത് നിർത്തി. തിരിഞ്ഞു നോക്കി.
ആരുമില്ല. റോഡരിക് ശൂന്യം. ഒരു കാറ്റ് പോലും ഇല്ല.
പെട്ടെന്ന്... വണ്ടിയുടെ ഹെഡ്ലൈറ്റിന്റെ വെളിച്ചത്തിൽ, മുന്നിൽ റോഡിന്റെ നടുവിൽ അതേ കുട്ടി! ഇപ്പോൾ മുഖം വ്യക്തം. ചിരിക്കുന്നു. പക്ഷേ, ചിരി... ചിരി മനുഷ്യന്റേതല്ല. പല്ലുകൾ നീണ്ടു, കണ്ണുകൾ കറുത്ത ദ്വാരങ്ങൾ പോലെ. കൈകൾ നീട്ടി, വണ്ടിയിലേക്ക് നടക്കുന്നു.
"അയ്യോ!" സുനി ഗിയർ മാറ്റി, ഹോൺ അമർത്തി. ശബ്ദം രാത്രിയെ പിളർത്തി. "പോടാ ---- മോനേ ! " എന്ന് തെറി അലറി വിളിച്ചുകൊണ്ട് ആക്സിലറേറ്റർ ആഞ്ഞു ചവിട്ടി. വണ്ടി പാഞ്ഞു. കണ്ണാടിയിൽ പിന്നിലേക്ക് നോക്കിയപ്പോൾ... കുട്ടി ഇപ്പോഴും പിന്നാലെ! ഉള്ളത് പോലെ തോന്നിച്ചു ഓടുന്നില്ല, പക്ഷേ അടുത്തടുത്ത് വരുന്നു. മുഖം വക്രിച്ച് ചിരിക്കുന്നു, കൈകൾ വീശുന്നു.
വണ്ടി വേഗത്തിൽ പാഞ്ഞു. ഹൃദയം പെരും പറ കൊട്ടും പോലെ ഇടിക്കുന്നു രാജപ്പച്ചേട്ടൻ ഉറക്കെ പ്രാർത്ഥിക്കുന്നു: "ദൈവമേ... രക്ഷിക്കണേ..."

വീട്ടിലെത്തിയപ്പോൾ സുനി വിയർത്തു കുളിച്ചിരുന്നു. പിന്നെ ഉറങ്ങാൻ കഴിഞ്ഞില്ല. പിറ്റേ ദിവസം മുതൽ പനി. കടുത്ത പനി. ശരീരം തീ പിടിച്ച പോലെ. കണ്ണുകൾ ചുവന്നു. രാത്രി സ്വപ്നങ്ങളിൽ ആ കുട്ടി വരുന്നു "എന്നെ കയറ്റിയില്ലല്ലോ?" എന്ന് ചോദിച്ച് ചിരിക്കുന്നു.

അവസാനം സുനി ചേർത്തല ദേവീ ക്ഷേത്രത്തിലെത്തി. പുരോഹിതൻ പറഞ്ഞു: "ഇത് പ്രേതബാധയാണ്. രാത്രി റോഡിലെ ആത്മാക്കൾ... അവർ യാത്രക്കാരെ വിളിക്കുന്നു." പിന്നീട് ചിരട് ജപിച്ച് കെട്ടി. പ്രാർത്ഥനകൾ. നടത്തി അന്ന് മുതൽ പനി മാറി.

ആ രാത്രിയിലെ നിഴൽ പിന്നെ വന്നിട്ടില്ല.
പക്ഷേ, സുനി ഇപ്പോഴും രാത്രി വണ്ടി ഓടിക്കുമ്പോൾ റോഡരികിൽ ആരെയെങ്കിലും കണ്ടാൽ... വേഗം പാഞ്ഞുപോകും. അത്രമാത്രം ഈ സംഭവം അവനെ പേടിപ്പിച്ചിരുന്നു.

ഇത് യഥാർത്ഥ സംഭവം ആണ് ഇത് ഒരു വെക്തി എനിക്ക് അയ്യച്ചു തന്ന അനുഭവം ആണ് ആളുകളുടെ പേരു കളിൽ മാറ്റമുണ്ട്

© ബൈജു എൻ ബി ചാലക്കുടി, 2025.

ആദൃമേ പറയാം ഇത് ഒരു പ്രേത കഥയല്ല ഒരു പാരാ നോർമൽ എക്സ്പീരിയൻസ് മാത്രം . പ്രവാസ ജീവിതം മതിയാക്കി നാട്ടിൽ ഒരു ചെറിയ ബിസിനസ്...
29/10/2025

ആദൃമേ പറയാം ഇത് ഒരു പ്രേത കഥയല്ല ഒരു പാരാ നോർമൽ എക്സ്പീരിയൻസ് മാത്രം . പ്രവാസ ജീവിതം മതിയാക്കി നാട്ടിൽ ഒരു ചെറിയ ബിസിനസ്സ് തുടങ്ങിയിട്ട് ഒരു വർഷം ആയി . ബിസിനസ് സംബന്ധമായ സാധനങ്ങൾ വാങ്ങുവാൻ ബാംഗ്ലൂർ ,ചെന്നെ യാത്രകൾ ഞാൻ സ്ഥിരമായി നടത്താറുണ്ട്. കാറിൽ ഒറ്റക്കാണ് പോക്ക് . തിരികെ വരുമ്പോൾ കാർ ഫുൾ ലോഡ് ചെയ്ത് ബാക്കി പാഴ്സലും അയച്ച് തിരികെപ്പോരും . യാത്രകൾ ..... പ്രത്യേകിച്ച് വനത്തിൽ കൂടിയുള്ള യാത്രകൾ വളരെ അധികം ഇഷ്ടമായത് കൊണ്ട് ഓരോ പ്രാവശ്യവും വ്യത്യസ്ഥ റൂട്ടിലാണ് ബാംഗ്ലൂരിലേക്ക് പോകുന്നത് .. കോഴിക്കോട് മുത്തങ്ങ റൂട്ട് ; നിലമ്പൂർ നാടുകാണി റൂട്ട്, കോയമ്പത്തൂർ സത്യമംഗലം റൂട്ട് പിന്നെ കുമളി ഡിണ്ടുഗൾ നമക്കൽ ഹോസുർ റൂട്ട് എല്ലാം പല പ്രാവശ്യം പോയി . യാത്ര രസകരമാവണമെങ്കിൽ യാത്രയിൽ പുതുമ വേണം .. അങ്ങനെയാണ് ആ പ്രാവശ്യം ഒരൽപം അധികം യാത്ര ചെയ്ത് തഞ്ചാവൂർ ഒന്ന് കറങ്ങി ബ്രഹദീശ്വര ക്ഷേത്രം ഒക്കെ ഒന്ന് കണ്ട് ബാംഗ്ലൂർക്ക് പോകാം എന്ന് പ്ലാൻ ചെയ്തത് .
ഇത് ലോക്ഡവുൻ തുടങ്ങുന്നതിന് കുറച്ചു ദിവസങ്ങൾക്ക് മുൻപ് ആണ് .. റൂട്ട് പ്ലാൻ ചെയ്തു മാവേലിക്കര, റാന്നി, മുണ്ടക്കയം, കുമളി , ഡിണ്ടുഗൽ അവിടെ നിന്നും ശരിയായ റൂട്ടിൽ നിന്നും വ്യതിചലിച്ച് ട്രിച്ചി തഞ്ചാവൂർ : അവിടെ ഒരു ദിവസം സ്റ്റേ പിറ്റേന്ന് തിരിച്ച് ട്രിച്ചി വന്ന് നാമക്കൽ വഴി ഹോസൂർ ഇലട്രാണിക് സിറ്റി വഴി ബാംഗ്ലൂർ . അടുത്ത നടപടിയായി ശെൽവരാജിനെ വിളിച്ചു .. ഗെൽവരാജ് ഞങ്ങളുടെ നാട്ടിൽ വളരെ ചെറുപ്പത്തിലെ എത്തിയതാണ്. തഞ്ചാവൂർ അടുത്ത് മയിലാടുതുറൈ ആണ് സ്വദേശം .. ഒരു പാട് കാലം മൈക്കാട് പണി ചെയ്ത് കുറച്ച് കാശ് ഒക്കെ സമ്പാദിച്ച് ഒരു ടിപ്പർ ലോറി വാങ്ങി ഇപ്പോൾ തഞ്ചാവൂർ വാടകക്ക് താമസിക്കുന്നു. അവരുടെ സ്ഥലമായ മയിലാടുതുറയിൽ ഉള്ളതിനെക്കാട്ടിലും ഓട്ടം കിട്ടുമെന്നതിനാൽ പുള്ളി ഒറ്റക്കാണ് തഞ്ചാവൂരിൽ ലോറിയുമായി താമസിക്കുന്നത്. കുടുംബം സ്വന്തം സ്ഥലമായ മയിലാടുതുറയിൽ തന്നെയാണ് ..നാട്ടിൽ ഞാനുൾപ്പടെ പലരും ശെൽവരാജുമായി ഫോണിൽ കൂടിയും മറ്റും സൗഹ്രദം നിലനിർത്തുന്നു .
സെൽവരാജ് ഹാപ്പിയായി . അണ്ണൻ പോര് ഞാൻ പെരിയകോവിൽ കൊണ്ടുപോയി കാണിക്കാം എന്നു പറഞ് എന്നെ സ്വാഗതം ചെയ്തു .
ഞാൻ പദ്ധതിയിട്ടത് പ്രകാരം അടുത്ത ദിവസം തന്നെ വെളുപ്പിന് നാലു മണിക്ക് തിരിച്ച് വൈകിട്ട് തഞ്ചാവൂർ ശെൽവരാജിന്റെ താമസ സ്ഥലത്ത് എത്തിച്ചേർന്നു .. കഥയൊക്കെ പറഞ്ഞ് രാത്രി 9 മണിയോട് കൂടി ഉറങ്ങാൻ വട്ടം കൂട്ടി .. രാവിലെ ബ്രഹദീശ്വരർ ക്ഷേത്രം ഉച്ച കഴിഞ് ദാരാസുരം ക്ഷേത്രം അടുത്ത ദിവസം രാവിലെ മടക്ക യാത്ര ഇങ്ങനെ ആയിരുന്നു പ്ലാൻ . ഭക്തി കാരണമല്ല ഇവിടെയൊക്കെ പോകുന്നത് മറിച്ച് ഈ പറഞ ക്ഷേത്രങ്ങളൊക്കെ കല്ലിലെ കവിതകളാണ് ..

9 മണിക്ക് കിടന്ന് അൽപം കഴിഞ്ഞ് ശെൽവരാജിന് ഒരു ഫോൺ വന്നു ..പുള്ളി ഉടനെ എന്നെ വിളിച്ച് അണ്ണാ ഞാൻ ഒരു ഒരു മണിക്കൂറിനകം തിരിച്ചു വരാം എന്ന് പറഞ്ഞിട്ട് പോകാൻ തയ്യാറായി .. സ്ഥിരമായി ഓട്ടം കൊടുക്കുന്ന ഒരു കോൺട്രാക്ടറുടെ ഫോണാണ് . അത്യാവശ്യമായി രാത്രി പണിക്ക് ഒരു ലോഡ് മെറ്റൽവേണം . അടുത്ത് അമ്മപെട്ടെ എന്ന സ്ഥലത്ത് ഒരു ലോക്കൽ ക്വാറി ഉണ്ട് ..അവിടെ പോയാൽ ചിലപ്പോൾ രാത്രിയും സാധനം കിട്ടും .

ഞാൻ ഇവിടെ ഒറ്റക്ക് എന്ത് ചെയ്യാനാ . ഒരു മണിക്കൂർ നേരത്തേ കാര്യമല്ലേ ഞാനും വരാം .ചുമ്മാ സ്ഥലം കാണാമല്ലോ എന്ന് പറഞ് ഞാനും കൂടെ കൂടി .
വണ്ടി സിറ്റിയിൽ നിന്ന് വിട്ട് ഒരു ഗ്രാമപ്രദേശത്തുകൂടി ഓടി ഒരു വിജനമായ സ്ഥലത്ത് എത്തി. അവിടെയാണ് ക്വാറി . ഞാൻ അന്നാണ് ആദ്യമായി ഒരു ക്വാറി അടുത്ത് കാണുന്നത്. ക്വാറി എന്ന് പറഞാൽ ഏകദേശം ഒരേക്കർ വലിപ്പമുള്ള വ്രത്താകൃതിയിലുള്ള വലിയ ഒരു കുഴി. നല്ല ആഴം .മുകളിൽ നിന്ന് വിളിച്ചാൽ കഷ്ടിച്ച് താഴെ കേൾക്കാം ..അത്ര ആഴമുണ്ട് . പാറ പൊട്ടിച്ച് എടുത്ത് രൂപപ്പെട്ടതാണ് ഇത് .. ഒരു ഭീമൻ കുളം പോലെ തോന്നും കണ്ടാൽ . വെള്ളം ഇല്ല എന്നേ ഒള്ളു . അതിന്റെ ഒരു വശത്തുകൂടി നല്ല സ്‌ലോപ്പായി ഒരു റോഡും താഴെ വരെ ഉണ്ടാക്കിയിട്ടുണ്ട്. ഒരു ലോറി കഷ്ടിച്ച് ഓടും . രാത്രി ആയാലും നല്ല വെളിച്ചം ഉണ്ട് .. തുറസ്സായ സ്ഥലമായതിനാലാകണം . ഗൾഫിൽ പോയിട്ടുള്ളവർക്കറിയാം അവിടെ ഒക്കെ ഏത് കാലത്തും ഏത് പാതിരാത്രിയിലും നല്ല വെളിച്ചമാണ്. അവിടുത്തെപ്പോലെ തന്നെ ഇവിടെയും ..
വണ്ടി മുകളിൽ നിർത്തി ശെൽവരാജ് താഴെ ഇറങ്ങി കൂടെ ഞാനും .
മുകളിൽ നിന്ന് നോക്കിയാൽ താഴെ പല ഇടത്തും വിളക്ക് കത്തിച്ച് വെച്ചിരിക്കുന്നത് കാണാം. എന്തോ തല്ലി പൊട്ടിക്കുന്ന ശബ്ദവും കേൾക്കാം. ചോദിച്ചപ്പോൾ ശെൽവരാജ് എക്സ്പ്ലെൻ ചെയ്തു .. ഇവിടെ ഒക്കെയുള്ള ചെറുകിട ക്വാറികളിൽ കറണ്ട് ഒന്നും ഇല്ല .. വെടി വെച്ച് പാറ പൊട്ടിച്ച് വലിയ ചുറ്റികക്ക് അടിച്ച് പൊട്ടിക്കും .. പെറിയ പീസുകൾ ടയറിന്റെ കഷ്ണം കൊണ്ട് ചുറ്റി പിടിച്ച് ചുറ്റികക്ക് അടിച്ച് പൊട്ടിച്ച് ചെറിയ മെറ്റൽ കഷ്ണമാക്കും . ആ അടി ശബ്ദമാണ് കേൾക്കുന്നത് .. വളരെ അത്യവശ്യമുണ്ടങ്കിലേ ഇങ്ങനെ ഉള്ള ക്വാറികളിൽ അവൻ വരാറുള്ളൂ . കാര്യം ക്രഷർ ഉള്ളിടത്ത് പോയാൽ നല്ല ഷേപ്പുള്ള മെറ്റൽ കിട്ടും . രാത്രി ക്രഷർ ഉള്ളിടം വർക്കിംഗ് അല്ലാത്തതിനാലാണ് ഇവിടെ വന്നത് .പറഞ്ഞിട്ട് അവൻ ഉച്ചത്തിൽ താഴേക്ക് വിളിച്ച് തമിഴിൽ മെറ്റലുണ്ടോ എന്ന് ചോദിച്ചു .. ആദ്യം മറുപടി ഒന്നും കിട്ടിയില്ല .. രണ്ടു മൂന്ന് പ്രാവശ്യം "ജല്ലി ഇരുക്കാ " (അങ്ങനെയാണന്ന് തോന്നുന്നു ചോദിച്ചത് ) എന്ന് ചോദിച്ചപ്പോൾ ഇരുക്ക് വാങ്കെ എന്ന് താഴെ നിന്ന് മറുപടി കിട്ടി . ഉടനെ തന്നെ ഞങ്ങൾ വണ്ടിയിൽ കയറി ഇരുന്നു. വണ്ടി താഴേക്ക് ആ ചരിഞ വഴിയിൽ കൂടി ഇറങ്ങാൻ തുടങ്ങി .
ശെൽവരാജ് ഇരിക്കുന്ന സൈഡിൽ കൂടി നോക്കിയാലെ താഴത്തെ കാഴ്ച കാണാൻ കഴിയു . അതിനാൽ കാഴ്ച കാണുവാൻ അവന്റെ സൈഡിൽ കൂടി എത്തി വലിഞ് നോക്കിയാണ് എന്റെ ഇരുപ്പ് . വണ്ടി കുറച്ച് താഴേക്ക് ഇറങ്ങിയപ്പോഴാണ് പന്തികേട് തുടങ്ങിയത് . താഴെയുള്ള വിളക്കിന്റെ എണ്ണം കുറഞ് കുറഞ് വരുന്നു ..നല്ല വ്യക്തമായി കേട്ടുകൊണ്ടിരുന്ന മെറ്റലടി ശബ്ദം നേർത്ത് നേർത്ത് വരുന്നു .. ഇത് ഞാൻ ശ്രദ്ധിക്കുന്നത് പോലെ ശെൽവരാജും ശ്രദ്ധിക്കുന്നുണ്ട് . വഴി ഒരു മുക്കാൽ ഭാഗം എത്തിയപ്പോൾ താഴെ ഒരു വിളക്ക് പോലും കാണാൻ ഇല്ല . നല്ല നിശബ്ദതയും ..സത്യസന്ധമായി പറഞാൽ അതുവരെ ഭയം കൊണ്ട് മിണ്ടാതിരുന്ന ഞാൻ ശെൽവരാജിനോട് താഴേക്ക് പോണോ എന്ന് ചോദിച്ചു .. എന്നെപ്പോലെ തന്നെ പേടിച്ച് മിണ്ടാതിരുന്ന ശെൽവരാജ് ഒരു പരുങ്ങിയ ശബ്ദത്തിൽ പറഞു അണ്ണാ വണ്ടി ഇവിടിട്ട് തിരിക്കാൻ പറ്റില്ല റിവേഴ്സും പോകില്ല ..ഞാൻ പിന്നെ ഒന്നും മിണ്ടിയില്ല .. വശപ്പിശക്‌ സൂചന കിട്ടിയ സ്ഥിതിക്ക് താഴെ ചെല്ലുമ്പോൾ ഞങ്ങളെ കാത്ത് എന്തോ ഇരിക്കുന്നുണ്ട് ..അതിനെ കുറിച്ച് ചിന്തിച്ച് പാതി ജീവൻ പോയ അവസ്ഥയിലായി എന്റെ കാര്യം ... ഇത് പറഞാൽ മനസ്സിലാകില്ല നേരിട്ട് അനുഭവിക്കുക തന്നെ വേണം ..
ഏതായാലും ശെൽവരാജ് വണ്ടി താഴെ വരെ എങ്ങനെയോ എത്തിച്ച് വട്ടംചുറ്റി തിരിച്ച് ഇറങ്ങിയതിന്റെ ഇരട്ടി സ്പീഡിൽ തിരിച്ച് കയറ്റി ... ഇപ്പോ ചാവും എന്ന് വിചാരിച്ചിരുന്ന ഞാൻ വണ്ടി ഏകദേശം മുകളിലെത്താറായപ്പോൾ കുറച്ചൊരു ജീവൻ വീണ അവസ്ഥയിലായി ..വണ്ടി മുകളിലെത്തി ഒരു നിമിഷം നിർത്തി നോക്കിയപ്പോൾ താഴെ എല്ലാം പഴയ പടി .. വിളക്കുകൾ കത്തുന്നു .. പല ഇടങ്ങളിലും മെറ്റൽ പൊട്ടിക്കുന്ന ശബ്ദം കേൾക്കുന്നു .... അധികം നിന്നില്ല പെട്ടെന്ന് തന്നെ വിട്ടു .. അപ്പോഴാണ് ശെൽവന്റെ ചോദ്യം അണ്ണാ നീങ്കെ അന്ത ഉരുവത്തെ പാത്തിയാ .... (ഉരുവം എന്നാൽ തമിഴിൽ രൂപം) ഞാൻ കണ്ടില്ല ന്ന് പറഞപ്പോൾ ശെൽവരാജ് പറയുന്നത് താഴെ ചെന്ന് തിരിച്ച് വരുമ്പോൾ ഏകദേശം പകുതി വഴി വരെ വണ്ടിക്ക് പിന്നാലെ ഒരു ഉരുവം ഓടി വരുന്നുണ്ടായിരുന്നു .ഞാൻ ഭയക്കണ്ട എന്ന് കരുതി അവൻ മിണ്ടാതിരുന്നതാണത്രെ ....
ഏതായാലും വണ്ടി തിരിച്ച് നേരേ കോൺട്രാക്ടറുടെ അടുത്തേക്ക് വിട്ടു വിവരം പറഞ്ഞു . അപ്പോഴാണ് അയ്യാളുടെ ചോദ്യം ... നീ അല്ലാതെ ആരെങ്കിലും പാതിരാത്രി അവിടെ പോകുമോ . കഴിഞ്ഞ മാസം പാറ വെടി വെച്ച് പൊട്ടിച്ചപ്പോൾ അപകടമുണ്ടായി മൂന്ന് പേർ മരിച്ചതിൽ പിന്നെ ആ ക്വാറി അടച്ചിട്ടിരിക്കുകയാണ് ....
ഈ സംഭവത്തിന് ശേഷം തമിഴ്നാട്ടിലെ വിജന പ്രദേശങ്ങളിൽ കൂടി യാത്ര ചെയ്യുവാൻ ഇപ്പോഴും ഒരു ഭയമാണ് ..

പ്രിയ ഫ്രണ്ട്‌സ് ,,, ഞാൻ ഇന്ന് പറയാൻ പോകുന്നതും പ്രേതകഥയല്ല ,, ഒരു അനുഭവകഥ,,,,ഞാൻ 1990 മുതൽ ശബരിമല ദർശനത്തിന് പോകാറുള്ള ...
29/10/2025

പ്രിയ ഫ്രണ്ട്‌സ് ,,, ഞാൻ ഇന്ന് പറയാൻ പോകുന്നതും പ്രേതകഥയല്ല ,, ഒരു അനുഭവകഥ,,,,

ഞാൻ 1990 മുതൽ ശബരിമല ദർശനത്തിന് പോകാറുള്ള ഒരു വ്യക്തിയാണ്
അങ്ങനെയിരിക്കെ എനിക്കൊരാഗ്രഹം ഒരു പത്തു ദിവസമെങ്കിലും - ശബരിമലയിൽ എന്നാലാകുന്ന വിധത്തിൽ ഭഗവത് സന്നിധിയിൽ എന്തെങ്കിലും സേവനം ചെയ്യണം എന്ന്

അങ്ങനെ ഞാൻ കോഴിക്കോട് അയ്യപ്പസേവാസംഘവുമായി ബന്ധപ്പെട്ട് അതിനുള്ള മാർഗ്ഗം കണ്ടെത്തി,

അക്കൊല്ലം മാർച്ചുമാസത്തിലെ 10 ദിവസത്തെ ഉത്സവസമയത്ത് പോകാൻ എനിക്ക് അവസരം ലഭിച്ചു ,,,,
ഞാനങ്ങനെ ശബരിമലയിലെത്തി എനിക്ക് കോഴിക്കോട് സേവാ സംഘം ഓഫീസിൽ നിന്നും തന്ന കത്ത് സന്നിധാനത്തെ അയ്യപ്പസേവാസംഘം ഓഫീസിൽ ഏൽപ്പിച്ചു

അവിടെയുള്ള ഓഫീസർ എന്നെ അവരുടെ റൂമിലേക്ക് വിട്ടു കൂടാതെ ബാഡ്ജ് യൂണിഫോം എല്ലാം കിട്ടി 1 മണിക്കൂറിനുള്ളിൽ തന്നെ എനിക്ക് ഡ്യൂട്ടിയും കിട്ടി ആദ്യം തന്നെ കിട്ടിയത്,,, പാത്രം കഴുകൽ,,, പിറ്റെ ദിവസം മുതൽ സ്വാമിമാർക്ക് ഭക്ഷണം സപ്ലൈ

പിന്നീടുള്ള ദിവസങ്ങൾ മുഴുവൻ സന്നിധാനത്ത് തന്നെ , ക്യൂ നിൽക്കുന്ന സ്വാമിമാർക്ക് കുടിവെള്ളം വിതരണം ചെയ്യൽ ,
അങ്ങനെ അഞ്ചാം ദിവസം ഉച്ചഭക്ഷണവും കഴിഞ്ഞ് വിശ്രമിക്കുന്ന സമയത്ത് എനിക്കൊരാഗ്രഹം തോന്നി,,,,, ഉരക്കുഴി തീർത്ഥത്തിൽ പോയിട്ടൊന്ന് കുളിക്കണം,,,

ഇക്കാര്യം ഞാൻ ടീം ക്യാപ്റ്റനായ , ശാരംഗപാണി സ്വാമിയോട് പറഞ്ഞു ,,,, പെട്ടെന്ന് അദ്ദേഹം എന്നോട് ചൂടായി,,,
സ്വാമി എന്തായീ പറയുന്നത് ,,, ആ ഭാഗത്തേക്കിപ്പോൾ ആരും പോകാറില്ല അവിടെ ആനയും പുലിയും നിരങ്ങുന്ന സ്ഥലമാണ്

പക്ഷേ എനിക്കതിൽ വിശ്വാസം വന്നില്ല സാധാരണ ശബരിമല ദർശനത്തിന് പോയപ്പോഴൊക്കെ ഞാനവിടെ പോയിട്ടുണ്ട്
ഇപ്പോൾ പോരാത്തതിന് നല്ല ശക്തമായ വെയിലുമുണ്ട് എന്നു വെച്ചാൽ ,,,കുംഭമാസം,,, കടുത്ത വേനൽക്കാലം,,, പിന്നെ എന്തു പ്രശ്നമാണ് എന്ന് ഞാൻ ചിന്തിച്ചു

പിന്നൊരു കാര്യമെന്നാൽ മണ്ഡല മകരവിളക്കു കാലത്തുള്ളതുപോലെ അത്ര വലിയ തിരക്കില്ല
അയ്യപ്പൻമാർ അവിടിവിടെ കുറച്ചാളുകൾ മാത്രം,,, രാവിലെയും വൈകിട്ടും ഒരു വിധം നല്ല തിരക്കായിരിക്കും

ഏതായാലും ഞാൻ അവരോടൊന്നും പറയാതെ വെറുതെ ഉരക്കുഴി തീർത്ഥത്തിലേക്കു പോകുന്ന വഴിക്ക് നടന്നു നോക്കി,,,, വെറുതെ ഒന്നു കറങ്ങാമെന്ന നിലയിൽ,,, അപ്പോഴാണ് കുറച്ച് മുകളിലായി പാണ്ടിത്താവളത്തിനടുത്ത് അഞ്ചാറു സ്വാമിമാർ തോർത്തൊക്കെ തോളിലിട്ട് അവിടെ നിൽക്കുന്നു

ഞാൻ വെറുതെ അവരുടെ അരികിലേക്ക് ചെന്നു , അപ്പോൾ അവരിലൊരാൾ എന്നോട് ചോദിച്ചു , സ്വാമി എവിടേയ്ക്കാ പോകുന്നത്,,? ,ഞാനുടനെ അവരോട് പറഞ്ഞു ,,,, സ്വാമീ ആരെങ്കിലും ഉണ്ടെങ്കിൽ ഉരക്കുഴി തീർത്ഥത്തിൽ , പോയിട്ടൊന്ന് കുളിക്കണമായിരുന്നു

അപ്പോൾ ആ സ്വാമി പറഞ്ഞു ഞങ്ങളും ആ ഉദ്ദേശത്തിലാ വന്നത് , പക്ഷേ ഇപ്പോൾ അങ്ങോട്ടൊന്നും പോകാൻ പറ്റില്ലായെന്നാണ് പല സ്വാമിമാരും പറഞ്ഞത്,,,,,ങ്ഹാ അതു നോക്കണ്ട നമ്മൾ ഇത്രയും പേരില്ലേ,, അതു കൊണ്ട് നമുക്കങ്ങ് പോയി നോക്കാം

ഏതായാലും ശരി ഞാനടക്കം 7 സ്വാമിമാർ ഉരക്കുഴി തീർത്ഥത്തിലേക്ക് മെല്ലെ നടന്നു
അവിടെയെത്തിയപ്പോൾ തീർത്ഥത്തിനടുത്ത് കുറെ പന്നികൾ ഉണ്ടായിരുന്നു ഞങ്ങളെക്കണ്ട പാടെ അത് ദൂരേക്ക് മാറിപ്പോയി

അവിടെ എത്തിയപ്പോൾ മറ്റുള്ള സ്വാമിമാർ പറഞ്ഞു നിങ്ങൾ സേവാ സംഘത്തിലെ ആളല്ലേ അതുകൊണ്ട് വേഗം കുളിച്ചു കൊള്ളൂ , ഞങ്ങൾക്ക് തിരക്കില്ല ( ഉരക്കുഴി തീർത്ഥത്തിൻ്റെ പ്രത്യേകതയെന്തെന്നാൽ അത് ചെറിയൊരു കുഴിയാണ് ചെറിയൊരു ഉരളിൻ്റെ മാതൃകയിൽ ഒരാൾക്ക് കുനിഞ്ഞു നിന്ന് മുങ്ങാനുള്ള വെള്ളം മാത്രം )

അങ്ങനെ ഞാൻ ഉരക്കുഴിയുടെ താഴെയുള്ള വെള്ളത്തിൽ ഉടുത്തിരിക്കുന്ന തുണിയൊക്കെ നന്നായി അലക്കിയെടുത്തു
അതിനു ശേഷം ഉരക്കുഴി തീർത്ഥത്തിൽ മുങ്ങിക്കുളിച്ചു
താഴെയിറങ്ങി തോർത്തിക്കൊണ്ടിരിക്കുന്ന സമയത്താണ് പെട്ടെന്ന് അന്തരീക്ഷം ആകെ മാറി മഴക്കാറ് വന്നു തുടങ്ങി നിൽക്കുന്ന
പ്രദേശമാകെ 'കോടമഞ്ഞ് കയറി മൂടി

പരസ്പരം ആരെയും കാണാൻ പറ്റുന്നില്ല
ഞാനുടനെ മറ്റുള്ള സ്വാമിമാരെ വിളിച്ചു
അവർ ചോദിച്ചു , എന്താ സ്വാമീ പേടി തോന്നുന്നുണ്ടോ പേടിക്കേണ്ട അയ്യപ്പസ്വാമി യില്ലെ കൂട്ടത്തിൽ പിന്നെ എന്തിന് പേടിക്കണം,,,,

ഏതായാലും എനിക്ക് പേടിയൊന്നും തോന്നിയില്ല കോടമഞ്ഞ് മൂടിയതു കാരണം എനിക്ക് എന്നെത്തന്നെ കാണാൻ സാധിക്കാത്ത അവസ്ഥ

ഞാനങ്ങനെ നിന്നു കുറച്ചു നേരം കഴിഞ്ഞപ്പോൾ കോട മാറാൻ തുടങ്ങി പ്രദേശം തെളിഞ്ഞു വന്നു ക്രമേണ എല്ലാം ക്ലിയറായി,,,, പക്ഷേ ഒന്നു മാത്രം ക്ലിയറല്ല,,,

കൂട്ടത്തിലുണ്ടായിരുന്ന 6 അയ്യപ്പൻമാരുടെ പൊടി പോലുമില്ല ഞാൻ ചുറ്റും നോക്കി
പിന്നെ ഒരു പൊട്ടിക്കരച്ചിലോടെ കഴുകിയിട്ട തുണിയും വാരി ഒരോട്ടമായിരുന്നു
അത് സന്നിധാനത്ത് ചെന്നാണ് നിന്നതു്

സന്നിധാനവും ഉരക്കുഴി തീർത്ഥവും തമ്മിൽ അരക്കിലോ മീറ്റർ ദൂരമുണ്ട് ,കൊടും വനത്തിൻ്റെ ഒരു ചരിവിലുള്ള സ്ഥലം

എതായാലും എനിക്ക് ഒന്നും പറ്റിയില്ല
കലിയുഗവരദൻ്റെ പരീക്ഷണമായിരുന്നോ,,,?
അതോ അതും എൻ്റെ തോന്നലോ,,,,?
ഊണിലും ഉറക്കത്തിലും സ്വാമിയെ മാത്രം ഭജിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്ന എനിക്കിന്നും ഭഗവാൻ്റെ അനുഗ്രഹം മാത്രം
,,,,,, സ്വാമിയേ ശരണമയ്യപ്പാ,,,,,,

ഒരു കള്ളൻ പോലീസിന്റെ പിടിയിലാകുന്നു.അതുവരെ അയാൾ എവിടെയെല്ലാം മോഷണവും മറ്റ് കുറ്റകൃത്യങ്ങളും ചെയ്തിട്ടുണ്ട് എന്ന് "സ്നേഹത...
29/10/2025

ഒരു കള്ളൻ പോലീസിന്റെ പിടിയിലാകുന്നു.

അതുവരെ അയാൾ എവിടെയെല്ലാം മോഷണവും മറ്റ് കുറ്റകൃത്യങ്ങളും ചെയ്തിട്ടുണ്ട് എന്ന് "സ്നേഹത്തിൽ കുതിർന്ന ലാളനകളോടെയുള്ള" പോലീസിന്റെ ചോദ്യങ്ങൾക്ക് മുന്നിൽ കള്ളൻ വിവരിച്ച ചില കാര്യങ്ങളിലൂടെ പിന്നീട് ആളുകളെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ ഒരു വീടിന്റെയും വീട്ടുകാരുടെയും കഥ പുറത്ത് വന്നു..

അറിഞ്ഞാൽ വിചിത്രമെന്ന് തോന്നുന്ന ആ കുടുംബത്തിന്റെ കഥയാണ് ഇന്ന് ഞാൻ പറയുന്നത്..

ജയപ്രദ എന്ന മധ്യവയസ്കയും, അവരുടെ ഭർത്താവും, രണ്ട് പെൺകുട്ടികളും അടങ്ങുന്ന കുടുംബം ഹൈദരാബാദിലെ കുന്ദൻബാഗ് എന്ന സ്ഥലത്ത് ഒരു ഇരുനില വീട് വാങ്ങി താമസം തുടങ്ങുന്നു..

തുടക്കത്തിൽ ഒരു സന്തുഷ്ട കുടുംബമായി മുന്നോട്ട് പോയിരുന്ന അവരുടെ ഇടയിൽ പ്രശ്നങ്ങളും, അതേ തുടർന്നുള്ള വഴക്കുകളും പതിവായി..

ഒടുവിൽ ഒരു ദിവസം തന്റെ ഭാര്യയെയും മക്കളേയും ഉപേക്ഷിച്ച് വീട് വീട്ടിറങ്ങിയ ഗൃഹനാഥനെ പിന്നീട് ആരും തന്നെ കണ്ടിട്ടില്ല..

ജയപ്രദയുടെയും മക്കളുടേയും വിചിത്രമായ ചില ജീവിത രീതികൾ ഇവിടം മുതലാണ് അയൽവാസികളുടെ ശ്രദ്ധയിൽപ്പെടുന്നത്..

വീട്ടിൽ നിന്ന് വെറും 2 മിനിറ്റ് മാത്രം നടന്നാൽ എത്താൻ കഴിയുന്നത്ര ദൂരം മാത്രമുള്ള ഗാർബേജ് കാനിൽ വീട്ടിലെ മാലിന്യം നിക്ഷേപിക്കാൻ ജയപ്രദ കാറിൽ ആയിരുന്നു പോയിരുന്നത്..

വീട്ടിലേക്കുള്ള പത്രം, പാൽ തുടങ്ങിയവ ജയപ്രദ നിർത്തലാക്കുകയും പുറം ലോകവുമായുള്ള ഏക ബന്ധമായി വൈദ്യുതിയെ മാത്രം വീട്ടിൽ നിലനിർത്തുകയും ചെയ്തു..

പൊതുവേ അന്തർമുഖരായ ജയപ്രദയും പെണ്മക്കളും അയൽവാസികളിൽ നിന്നും അകലം പാലിച്ചും, അധികമൊന്നും വീടിന് പുറത്തിറങ്ങാതെയുമായിരുന്നു ജീവിച്ചിരുന്നത് എന്നത് കൊണ്ട് അയൽവാസികൾ ഇവയെല്ലാം തുടക്കത്തിൽ കാര്യമാക്കിയില്ല..

എന്നാൽ അയൽവാസികളെപ്പോലും അസ്വസ്ഥപ്പെടുത്തുകയും, ഭയപ്പെടുത്തുകയും ചെയ്ത ചില കാര്യങ്ങളാണ് ജയപ്രദയും മക്കളും തുടർന്നുള്ള ദിവസങ്ങളിൽ ചെയ്തത്..

സന്ധ്യ മയങ്ങുമ്പോൾ അജ്ഞാതമായ ഭാഷയിലുള്ള, അസ്വസ്ഥത ജനിപ്പിക്കുന്ന തരത്തിലുള്ള ഒരു ഗാനം ജയപ്രദയുടെ കുട്ടികൾ ഒന്നിച്ച് ചേർന്ന് പാടുവാൻ തുടങ്ങി..

ഇതിൽ അസ്വസ്ഥരായ അയൽവാസികൾ നോക്കിയപ്പോൾ കണ്ടത് ജയപ്രദയുടെ വീടിന്റെ വരാന്തയുടെ മൂലകളിൽ രക്തത്തിന്റെ നിറമുള്ള ഒരു ദ്രാവകം നിറച്ച കുപ്പികൾ തൂക്കിയിട്ടിരിക്കുന്നതും, വീട്ടിലെ മറ്റെല്ലാ വെളിച്ചവും അണച്ചതിനു ശേഷം ഒന്നാം നിലയിലെ ഒരു മുറിയിലൂടെ കത്തിച്ചു പിടിച്ച ഓരോ മെഴുകുതിരികളുമായി തങ്ങളെ അസ്വസ്ഥമാക്കിയ ഗാനവും ആലപിച്ച് അങ്ങോട്ടുമിങ്ങോട്ടും പതിയെ നടക്കുന്ന ജയപ്രദയെയും കുട്ടികളേയുമാണ്..

ഇതൊരു പതിവായി മാറാൻ തുടങ്ങിയപ്പോൾ വിചിത്രവും, അസ്വസ്ഥാജനകവുമായ ഈ കാഴ്ച്ച ആദ്യം അവരിലുണ്ടാക്കിയ ഭയം പതിയെ ദേഷ്യമായി മാറി..

ഇതിനൊരു അവസാനമുണ്ടാകണമെന്ന് തീരുമാനിച്ച അയൽവാസികൾ ജയപ്രദയുടെ വീട്ടിലെത്തി..

എന്നാൽ ഗേറ്റ് കടന്ന അവരെ എതിരേറ്റത് വീടിനുള്ളിൽ നിന്നുയർന്ന ഉച്ചത്തിലുള്ള ഒരു അലർച്ചയും, വീടിന് പുറത്തെത്തിയ തങ്ങളുടെ നേർക്ക് ഒരു കോടാലിയുമായി ആർത്തലച്ച് വരുന്ന ജയപ്രദയുമാണ്..

ഭയന്നോടിയ അയൽവാസികൾ തുടർന്നുള്ള നാളുകളിൽ ഒരിക്കൽ പോലും ജയപ്രദയുടെ വിചിത്രവും, ഭയാനകവുമായ പ്രവൃത്തികളിൽ ഇടപെടുന്നതിൽ നിന്നും പിന്മാറി..

മാസങ്ങൾ കടന്ന് പോയി.. അതിനൊപ്പം ദിനവും തുടരുന്ന ജയപ്രദയുടെ കുടുംബത്തിന്റെ "ശീലങ്ങൾ" അയൽവാസികൾക്ക് ഒരു വികാരവും തോന്നിക്കാത്ത പതിവ് കാഴ്ച്ചയായി മാറി കഴിഞ്ഞിരുന്നു..

ജയപ്രദയുടെ, മൂന്ന് സ്ത്രീകൾ മാത്രം താമസിക്കുന്ന വീട് ശ്രദ്ധയിൽപ്പെട്ട ഒരു കള്ളൻ, അവിടെയുണ്ടാകാൻ സാധ്യതയുള്ള സ്വർണ്ണവും പണവും കവരുക എന്ന ലക്ഷ്യത്തോടെ ഏവരും ഉറക്കമായി എന്ന് കരുതി രാത്രിയോടെ ജയപ്രദയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറി..

എന്നാൽ അവിടെ കണ്ട കാഴ്ച്ച അയാളിൽ ഉണ്ടാക്കിയ ഭയം വലിയൊരു അലർച്ചയായി അയാളിൽ നിന്ന് പുറത്തു വന്നു..

മധ്യവയസ്കയായ ഒരു സ്ത്രീയുടേയും രണ്ട് പെൺകുട്ടികളുടേയും മരിച്ചു ജീർണ്ണിച്ച ശവശരീരങ്ങളാണ് അയാൾ അവിടെ കണ്ടത്..

അവിടെ നിന്ന് ഭയന്നോടിയ അയാൾ മാസങ്ങൾക്ക് ശേഷം പോലീസിന്റെ പിടിയിലാകുന്നത് വരെ ഇത് മറ്റാരോടും പറഞ്ഞില്ല..

പിടിയിലായ കള്ളന്റെ ഏറ്റുപറച്ചിലുകൾക്ക് ഒടുവിൽ പരിശോധിക്കാനായി പ്രസ്തുത വീട്ടിലെത്തിയ പോലീസുകാർ, കുറഞ്ഞത് ആറ് മാസമെങ്കിലും പഴക്കമുള്ള ജയപ്രദയുടേയും മക്കളുടേയും ശവശരീരങ്ങളുടെ അവശിഷ്ടങ്ങളും, സമീപത്തായി അവരുടെ മരണ കാരണമായ വിഷം നിറച്ച കുപ്പിയും അവിടെ കണ്ടെത്തി..

ആത്മഹത്യ ചെയ്ത ആ മൂവരുടേയും ശവശരീരങ്ങൾ തുടർ നടപടികൾക്കായി അവിടെ നിന്ന് മാറ്റുന്ന ഒരുക്കങ്ങൾ നടക്കുന്നതിനിടയിൽ വിവരം അറിഞ്ഞ് അവിടെ തടിച്ച് കൂടിയ അയൽവാസികൾ പറഞ്ഞ ചില കാര്യങ്ങൾ അവിടെയുണ്ടായിരുന്ന ഏവരുടെയും ഹൃദയമിടിപ്പ് ഒരു നിമിഷത്തേയ്ക്ക് നിശ്ചലമാക്കി..

ആറ് മാസങ്ങൾക്ക് മുൻപ് മരിച്ചു എന്ന് പോലീസ് പറയുന്ന ജയപ്രദയുടെ കുടുംബം തലേ ദിവസവും രാത്രിയിൽ പതിവ് പോലെ ഒന്നാം നിലയിലുള്ള മുറിയിൽ മെഴുകുതിരികളും, പാട്ടുമായി നടക്കുന്നത് തങ്ങൾ കണ്ടതാണ് എന്ന് അവർ ഉറപ്പിച്ചു പറഞ്ഞു..
ഒരു ദിവസം പോലും അത് മുടങ്ങിയിട്ടില്ല എന്നും..

ഈ വാർത്ത കാട്ടുതീ പോലെ പടർന്നതിനെ തുടർന്ന് ഏവരും ജയപ്രദയുടെ പ്രേതഭവനത്തെ ഭയത്തോടെ മാത്രം കാണാൻ തുടങ്ങി..

2002 ൽ നടന്ന ഈ സംഭവത്തെ തുടർന്ന് ആരും ഇതുവരെ ആ വീട്ടിൽ താമസിച്ചിട്ടില്ല..

വർഷങ്ങൾക്കിപ്പുറം കാട് കയറിയ ആ വീട്ടിൽ, വൈദ്യുതി വിഛേദിക്കപ്പെട്ടതിന് ശേഷവും, ഇന്നും ചില രാത്രികളിൽ ഒന്നാം നിലയിലെ ആ മുറിയിൽ നിന്ന് വെളിച്ചവും, അതിനൊപ്പം ആ പെൺകുട്ടികളുടെ അസ്വസ്ഥാജനകമായ പാട്ടും ഉയർന്ന് കേൾക്കാറുണ്ട് എന്ന് പറയപ്പെടുന്നു..

Nb: പോസ്റ്റിനൊപ്പം ചേർത്തിരിക്കുന്ന ചിത്രങ്ങൾ പ്രസ്തുത വീടിന്റെ യഥാർത്ഥ ചിത്രങ്ങളാണ്..

ഏവരുടേയും സപ്പോർട്ട് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു 😊♥️

✍️ Muhammed Hafis

വർഷം 1999. ഞാൻ ഒരു ആവശ്യത്തിന് തിരുവനന്തപുരത്ത് പോയി മടങ്ങുകയായിരുന്നു. എന്റെ സ്ഥലം മാവേലിക്കരക്ക് അടുത്ത് ആണ് . മാവേലിക...
29/10/2025

വർഷം 1999. ഞാൻ ഒരു ആവശ്യത്തിന് തിരുവനന്തപുരത്ത് പോയി മടങ്ങുകയായിരുന്നു. എന്റെ സ്ഥലം മാവേലിക്കരക്ക് അടുത്ത് ആണ് . മാവേലിക്കരയിൽ നിന്നും ആറ് കിലോമീറ്റർ ദൂരം. ഞാൻ പഠിച്ചിരുന്നത് തിരുവനന്തപുരത്ത് ആയിരുന്നു .ഈ സംഭവം നടക്കുമ്പോൾ പഠനകാലഘട്ടം കഴിഞ്ഞ് ഏകദേശം ഒരു വർഷം ആയിട്ടുണ്ടാകും . കൂട്ടുകാരുടെ കൂടെ കൂടി നേരം പോയതിനാൽ തിരുവനന്തപുരത്ത് നിന്നും താമസിച്ചാണ് പുറപ്പെട്ടത്. ബസ്സിൽ കായങ്കുളം എത്തിയപ്പോൾ സമയം രാത്രി ഏകദേശം പന്ത്രണ്ടര .കായങ്കുളത്തു നിന്നും മാവേലിക്കര വരെ ഏകദേശം പത്ത് കിലോമീറ്റർ ഉണ്ട് .രാത്രി ഗതാഗത സൗകര്യം ഒന്നും ഇല്ല. അന്ന് സ്വന്തം വരുമാനം ഒന്നും ഇല്ല . കൈയ്യിൽ കാശും കുറവ് .വിഷമത്തോടെ പതുക്കെ നടന്ന് തുടങ്ങി .ഏതായാലും അധികം ചെല്ലുന്നതിന് മുമ്പെ മാവേലിക്കരക്ക് പോകുന്ന ഒരു പച്ചക്കറി വാൻ കിട്ടി. അവർ എന്നെ മാവേലിക്കര റെയിൽവേ സ്റേറഷന് സമീപം ഇറക്കി. ഇനി ഒരു ആറ് കിലോമീറ്റർ നടക്കണം . റയിൽവേ ട്രാക്കിൽ കുടി നടന്നാൽ ഒരു രണ്ട് കിലോമീറ്റർ ലാഭിക്കാം .പക്ഷേ വഴി വിജനവും പാടത്തിന് നടുവിൽ കൂടിയും ഒക്കെ ആണ് .പകലായിരുന്നെങ്കിൽ ഒന്നും ആലോചിക്കേണ്ടിയിരുന്നില്ല .ഇതിപ്പോൾ രാത്രി ഏകദേശം രണ്ടു മണി . ഏതായാലും ഞാൻ റയിൽവേ ട്രാക്കിലൂടെ നടക്കുവാൻ തുടങ്ങി . നല്ല നിലാവ് ഉള്ളതിനാൽ കാഴ്ചപ്രശ്നം ഒന്നു ഇല്ല .ഏകദേശം ഒരു കിലോമീറ്റർ പിന്നിട്ട് കാണും എതിരെ ഒരു വെളിച്ചം വരുന്നത് കണ്ടു .വെളിച്ചം എന്നാൽ കനൽ ജ്വലിക്കുന്നത് പോലെ നല്ല ചുവപ്പ് നിറത്തിൽ കാണാം .ഏകദേശം നിലംപററിയാണ് വരവ് . അൽപം കൂടി അടുത്ത് എത്തിയപ്പോൾ സംഗതി കുറെ കൂടി വ്യക്തമായി. ഏതാണ്ട് രണ്ടടി മാത്രം ഉയരം ഉള്ള ഒരു കറുത്ത മനുഷ്യൻ തലയിൽ ഒരു ചട്ടി നിറയെ തീക്കനലുമായി എതിരെ വരുന്നു. കൂടെ ഒരു നായയും ഉണ്ട് . അയാളെക്കാൾ ഉയരം ഉണ്ട് നായക്ക് . ഒരു കറത്ത നായ .അടുത്ത് എത്തിയപ്പോൾ ഒഴിഞ്ഞ് തരാൻ ഭാവം ഇല്ലാത്തത് പോലെ അയാൾ എന്നെ തന്നെ നോക്കി കൊണ്ട് ട്രാക്കിന്റെ ഒത്ത നടുവിൽ ആയി നിന്നു .സാധാരാണ അങ്ങനെ ഒരു അവസ്ഥയിൽ എന്നാൽ ഒന്നു നോക്കാം എന്ന മട്ടിൽ വാശി പിടിച്ച് മാറാതെ നിൽക്കുക എന്നതാണ് നമ്മുടെയും പതിവ് .എന്നാൽ എതിരെ വന്ന സെറ്റപ്പും പട്ടിയും ഒക്കെക്കൂടെ കണ്ട് ദേഹത്ത് എങ്ങും മുട്ടണ്ട എന്ന് കരുതി ഞാൻ ഒഴിഞ്ഞ് നിന്നു.(അത് നന്നായി എന്ന് പിന്നീട് മനസിലായി ) .അയ്യാൾ എന്നെ കടന്ന് പോയി . അതു വരെ എന്റെ മനസിൽ പ്രത്യേകിച്ച് ഒന്നും തോന്നിയിരുന്നില്ല .എന്നാൽ അയാൾ പോയ ഉടനെ ഇത് എന്തോ പന്തികേട് ആണല്ലോ എന്ന ഒരു ചിന്ത എന്റെ മനസ്സിൽ കയറിക്കൂടി . മനസിൽ ചെറുതായി ഭയം കയറി തുടങ്ങി .ഞാൻ നടത്തത്തിന് വേഗത കൂട്ടി . വീണ്ടും ഏകദേശം ഒരു കിലോമീറ്റർ പിന്നിട്ട് കാണും , അൽപം മുന്നിലായി ട്രാക്കിന് സമീപം നിൽകുന്ന ഒരു മരം ശക്തിയായി ഉലയുന്നത് ഞാൻ കണ്ടു .ഭയം കൊണ്ടോ എന്തോ ഞാൻ കൂടുതൽ ശ്രദ്ധിക്കാൻ നിൽക്കാതെ വേഗം നടന്നു .ഞാൻ ആ മരത്തിനെ മറികടന്നതു. എന്തോ ഒന്ന് ശക്തിയായി മരത്തിൽ നിന്നും താഴേക്ക് ചാടി .ഞാൻ തിരിഞ്ഞ് നോക്കിയപ്പോൾ മുമ്പ് കണ്ട ആ മനുഷ്യനും നായയും എനിക്ക് പിന്നിലാക്കി നിൽക്കുന്നു. തീച്ചട്ടി ഇപ്പഴും തലയിൽ തന്നെ ഉണ്ട്. ഞാൻ പിന്നെ ഒന്നും നോക്കിയില്ല,, ഓടി ... അയ്യാളും പിന്നാലെ ഓടി വരുന്നുണ്ട് എന്ന് എനിക്ക് മനസ്സിലായി. പെട്ടന്ന് വീട്ടിൽ അപ്പൂപ്പനും മററും പറഞ്ഞിട്ടുള്ളത് ഓർമ്മ വന്നു ഇങ്ങനെ ഉള്ള സാധനങ്ങൾക്ക് നെല്ല് വിളഞ്ഞ് കിടക്കുന്ന പാടത്ത് ഇറങ്ങാൻ സാധിക്കില്ല എന്ന്. ഞാൻ കുടുംബക്ഷേത്രത്തിലെ ദേവിയെ മനസിൽ വിചാരിച്ച് കൊണ്ട് ഇടത് വശത്ത് ഉള്ള വയലിലേക്ക് ചാടി . പെട്ടെന്ന് പിന്നാലെ വന്ന സാധനം എന്തോ എടുത്ത് എന്നെ എറിഞ്ഞു എന്ന് എനിക്ക് മനസിലായി . അത് എന്റെ ചെവിക്കരികിലൂടെ മൂളികൊണ്ട് കടന്ന് പോയി. ഏതായാലും അന്ന് നേരം വെളുക്കുന്നത് വരെ ഞാൻ അവിടെ തന്നെ കിടന്നു . രാവിലെ ഞാൻ കിടന്നതിന് അൽപം മാറി നെല്ല് ചാഞ്ഞ് കിടക്കുന്നത് കണ്ട് അവിടെ പരിശോധിച്ചപ്പോൾ ഏതോ മൃഗത്തിന്റെ കൊമ്പ് പോലെ ഒന്ന് കിടക്കുന്നത് കണ്ടു .അത് വെച്ചാണന്ന് തോന്നുന്നു എന്നെ എറിഞ്ഞത് . ഞാൻ അതും എടുത്ത് വീട്ടിൽ കൊണ്ടു പോന്നു. വീടിന് പുറത്തായി ചെറിയ ഒരു വിറക്പുര ഉണ്ട് . അത് അവിടെ ഒരു സൈഡിൽ കൊണ്ടു വെച്ചു . നടന്ന സംഭവം ഒന്നും ആരോടും പറഞ്ഞില്ല. ഇടക്ക് അമ്മയോ മറ്റോ ഇത് കണ്ടിട്ട് വൃത്തികെട്ട സാധനങ്ങൾ പെറുക്കി വീട്ടിൽ കൊണ്ടു വെച്ചിരിക്കുന്നു എന്ന് പറഞ്ഞ് എന്നെ വഴക്കും പറഞ്ഞു .ഏതായാലും അത് അവിടെ തന്നെ ഇരുന്നു .
ഈ സംഭവത്തിന് പിന്നീട് ഒരു ട്വിസ്റ്റ് ഉണ്ടാകുന്നത് ഒരു അഞ്ച് വർഷം കഴിഞ്ഞാണ് .ഒരു ദിവസം രാവിലെ ഒരു മെലിഞ്ഞ കാഷായ വസ്ത്രധാരി ഭിക്ഷക്ക് വന്നു. വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല . സാധാരണ ഇങ്ങനെ ഉള്ളവരോട് എനിക്ക് ഒരു പുച്ഛമനോഭാവം ആണ് .ഞാൻ കൈയ്യിൽ കിട്ടിയ കുറെ ചില്ലറ എടുത്ത് അയാൾ നേരേ നീട്ടി .പെട്ടെന്ന് അയ്യാൾ പറഞ്ഞു , കുഞ്ഞേ ഞാൻ ഇതിനല്ല വന്നത് .നീ ഇവിടെ ആവശ്വമില്ലാത്ത ഒരു വസ്തു കൊണ്ടുവന്ന് വെച്ചിട്ടുണ്ട് . അത് എനിക്ക് തന്നേരെ . അത് സൂക്ഷിക്കുന്നത് നിനക്ക് നല്ലതിനല്ല. ഞാൻ ആകെ അങ്കലാപ്പിലായി . അത് എന്ത് കുന്തമാണ് എന്ന് പുള്ളിയോട് തന്നെ ചോദിച്ചു. അദ്ദേഹം വീണ്ടും പറഞ്ഞു അത് വീടിനുള്ളിൽ അല്ല പുറത്താണ് . കുഞ്ഞ് അനുവദിച്ചാൽ ഞാൻ എടുത്ത് കൊള്ളാം എന്ന് . ശരി നടക്കട്ടെ എന്ന് ഞാൻ പറയുകയും അദ്ദേഹം നേരേ വിറക്പുരയിൽ ചെന്ന് മുമ്പ് പറഞ്ഞ കൊമ്പ് എടുത്ത ശേഷം എന്നെ നോക്കി ഒന്ന് ചിരിച്ചു . എന്റെ അടുത്തേക്ക് വന്ന് പറഞ്ഞു അന്ന് രക്ഷപെട്ടത് മോന്റെ മിടുക്കല്ല മോനെ രക്ഷിച്ചതാ .
ഞാൻ ആകെ പകച്ച് കുറച്ച് നേരം നിന്നു . അയ്യാൾ പെട്ടെന്ന് പോകുകയും ചെയ്തു .ഏതായാലും അമ്പരപ്പ് മാറിയപ്പോൾ ഞാൻ ബൈക്കും എടുത്ത് പുള്ളി പോയ വഴിയേ വിട്ടു നോക്കി . കുറച്ച് ദൂരം പോയി നോക്കി എങ്കിലും ആരെയും കണ്ടെത്താൻ ആകാതെ ഞാൻ തിരികെ പോന്നു.

✍️ Jajakumar JP

അരുൺ ഒരുപാട് യാത്രകൾ ചെയ്യുന്ന വ്യക്തിയാണ് . ഒറ്റയ്ക്ക്  യാത്രകൾ ചെയ്യാനാണ് അരുണിന് കൂടുതൽ താല്പര്യം . അങ്ങനെ ഒരു  ഒരു യ...
28/10/2025

അരുൺ ഒരുപാട് യാത്രകൾ ചെയ്യുന്ന വ്യക്തിയാണ് . ഒറ്റയ്ക്ക് യാത്രകൾ ചെയ്യാനാണ് അരുണിന് കൂടുതൽ താല്പര്യം . അങ്ങനെ ഒരു ഒരു യാത്ര അരുൺ പ്ലാൻ ചെയ്തു. എന്നും ഒറ്റക്കുള്ള യാത്ര ആയതുകൊണ്ട് , അരുൺ ഇത്തവണ അപരിചിതനായ ആരുടെയെങ്കിലും ഒപ്പം യാത്ര ചെയ്താലോ എന്ന് ചിന്തിച്ചു. അങ്ങനെ അരുൺ ഫേസ്ബുക്കിലെ റൈഡേഴ്സ് ഗ്രൂപ്പിൽ ഒരു പോസ്റ്റ് ഇട്ടു. തൻറെ ഒപ്പം യാത്രയ്ക്ക് വരാൻ തയ്യാറുള്ള ആരെങ്കിലുമുണ്ടോ എന്ന്.
തയ്യാറാണ് എന്ന് പറഞ്ഞ് ഒരുപാടുപേർ മെസ്സേജ് അയച്ചിരുന്നു. അതിൽ അക്ഷയ എന്ന ആളുടെ മെസ്സേജ് ആണ് അരുൺ ശ്രദ്ധിച്ചത്. യാത്രകൾ ചെയ്യാൻ ഒരുപാട് ഇഷ്ടമുള്ള ആളാണ് താനെന്നും പക്ഷേ സ്വന്തമായി ഒരു ബൈക്ക് പോലും ഇല്ല എന്നും അദ്ദേഹം അരുണിന് മെസ്സേജ് അയച്ചു.

അരുണിന് അക്ഷയ കൊണ്ടുപോണം എന്ന് തോന്നി. അരുൺ തൻറെ നമ്പർ അയച്ചു കൊടുത്തു. അര മണിക്കൂർ കഴിഞ്ഞപ്പോൾ അക്ഷയ അരുണിനെ വിളിച്ചു. അരുൺ പറഞ്ഞു തനിക്ക് ഒരു ബുള്ളറ്റ് ഉണ്ട് അതിൽ നമുക്ക് രണ്ടു പേർക്കും കൂടി യാത്ര പോകാം . അക്ഷയ ഒരുപാട് നന്ദി പറഞ്ഞു. അങ്ങനെ പോകാനുള്ള തീയതിയും സമയവും അവർ തീരുമാനിച്ചു. 2018 ഡിസംബർ 28.

അരുൺ തിരുവനന്തപുരം കാരനാണ്. അക്ഷയ കോട്ടയംകാരൻ. അങ്ങനെ അക്ഷയ് ഡിസംബർ 28 വെളുപ്പിന് 5 മണിക്ക് തിരുവനന്തപുരം എത്തി. അങ്ങനെ അവർ ആദ്യമായി കണ്ടു. പ്രാതലിനുശേഷം അവർ യാത്ര തുടങ്ങി. തെന്മല വഴി കുറ്റാലം തെങ്കാശി ചെങ്കോട്ട തുടങ്ങിയ സ്ഥലങ്ങൾ ആയിരുന്നു അവർ പ്ലാൻ ചെയ്തത്. അങ്ങനെ യാത്ര ഇപ്പോൾ തെന്മല കഴിഞ്ഞു കുറ്റാലം പോകുന്ന വഴിയിലാണ്.

ഒരുപാട് സംസാരിക്കാത്ത പ്രകൃതക്കാരനായിരുന്നു അക്ഷയ്യ്. അരുൺ പറയുന്ന എല്ലാ കാര്യങ്ങളും അവൻ മൂളിക്കേട്ടു ചിരിച്ചു കൊണ്ടിരിക്കും നിനക്കൊന്നും പറയാനില്ലേ എന്ന് ചോദിക്കുമ്പോൾ നീ പറയുകയല്ലേ അത് കേൾക്കാൻ ആണ് എനിക്കിഷ്ടം എന്ന് പറയും. വളരെ പെട്ടെന്ന് തന്നെ അവർ സുഹൃത്തുക്കളായി.

അരുണിന് കാടും മലകളും ആണ് കൂടുതൽ പ്രിയം കുറ്റാലം പോകുന്ന വഴിക്ക് കാടിനുള്ളിലേക്ക് ഒരു വഴി അരുൺ കണ്ടിരുന്നു .ആ വഴിയിലൂടെ നമുക്കൊന്ന് പോയാലോ എന്ന് അരുൺ ചോദിച്ചപ്പോൾ നമുക്ക് പോകാം എന്ന് അവനും പറഞ്ഞു. അപ്പോൾ തന്നെ സമയം 4 മണി കഴിഞ്ഞിരുന്നു. ചെറിയൊരു മൺപാത ചുറ്റും ഇടതൂർന്ന മരങ്ങൾ. ആ മൺപാതയിലൂടെ കേറുന്ന വഴിക്കുതന്നെ ഒരു ഇടിഞ്ഞുപൊളിഞ്ഞ ഒരു കെട്ടിടം കാണാം പഴയ ഫോറസ്റ്റ് office ആയിരുന്നു അത്. ഇപ്പോൾ അത് ആകെ പൊളിഞ്ഞു കിടക്കുകയാണ്. അങ്ങനെ അവർ ഒരു അഞ്ച് കിലോമീറ്ററോളം ദൂരം ആ വഴിയിലൂടെ മുന്നോട്ടു പോയി ഇടയ്ക്കുവെച്ച് മൺപാത അവസാനിച്ചു പിന്നെ ഒരു ബൈക്കിന് മാത്രം പോകാവുന്ന ഒരു വഴി അവർ കണ്ടിരുന്നു ആ വഴിയിലൂടെ വീണ്ടും അവർ മുന്നോട്ടു പോയി.
സമയം 4.30 ആകാൻ പോകുന്നു. വഴി മോശമായതുകൊണ്ട് വളരെ പതുക്കെയാണ് അവർ യാത്ര ചെയ്തത്. അരുണ ഒരു മൂത്രശങ്ക. ഓൻ ബൈക്ക് നിർത്തി . ആ ബൈക്ക് നിർത്തിയതിന് വലതുഭാഗത്തായി പൊളിഞ്ഞ ഒരു ബംഗ്ലാവ് കാണാമായിരുന്നു അവൻ അതിൻറെ സൈഡിലേക്ക് ആണ് മൂത്രശങ്ക മാറ്റാൻ പോയത്. വളരെ പഴയ ഒരു കെട്ടിടം കണ്ടിട്ട് ബ്രിട്ടീഷുകാരുടെ സമയത്ത് ഉണ്ടാക്കിയതെന്ന് മനസ്സിലാക്കാൻ സാധിക്കും.
പെട്ടെന്ന് ആ പൊളിഞ്ഞ കെട്ടിടത്തിനുള്ളിൽ നിന്നും ഒരു കാൽപെരുമാറ്റം കേട്ടു. വല്ല പട്ടിയോ പനിയോ ആയിരിക്കുമെന്ന് അവൻ കരുതി.
അവൻ തിരിഞ്ഞു ബൈക്കിനു അടുത്തേക്ക് പോകാൻ തുടങ്ങി.
പെട്ടെന്നാണ് ആ പൊളിഞ്ഞ ഒരു പാളി മാത്രം ഉള്ള ആ ജനലിന് ഉള്ളിൽ ഒരു ഒരു മുത്തശ്ശി അവനെ നോക്കുന്നത് അവൻ കണ്ടത്. വളരെ ഭയാനകമായിരുന്നു അവരുടെ കണ്ണുകൾ. രൂക്ഷമായി അവനെ തന്നെ നോക്കി കൊണ്ടിരുന്നു .പെട്ടെന്നുള്ള അ കാഴ്ചയിൽ അരുൺ പതറിപ്പോയി .അക്ഷയ വിളിക്കാൻ പോലും അവന് ശബ്ദം പുറത്തു വന്നില്ല. പെട്ടെന്ന് അവൻ തിരിഞ്ഞു ബൈക്ക്ൻറെ അടുത്തേക്ക് പോയി. എന്നിട്ട് അക്ഷയന്നോട് കാര്യം പറഞ്ഞു. അവൻ പറഞ്ഞു നിനക്ക് തോന്നിയത് ആയിരിക്കും .ഇടിഞ്ഞുപൊളിഞ്ഞ ഈ ബംഗ്ലാവിൽ അതും ഈ കാട്ടിനുള്ളിൽ ഏതു മുത്തശ്ശി വരാനാ.
അരുൺ അവനോട് എന്നാ പോയി നോക്കാൻ പറഞ്ഞു എന്നാൽ ഞാൻ പോയി നോക്കട്ടെ എന്ന് പറഞ്ഞു അക്ഷയ അങ്ങോട്ട് പോയി. പെട്ടെന്ന് തന്നെ തിരിച്ചു വന്നു അവിടെ ആരുമില്ല തോന്നിയതാവും.

അവർ വീണ്ടും ബുള്ളറ്റിൽ കയറി ആ ചെറിയ ഇടവഴിയിലൂടെ മുന്നോട്ട് പോയി 5:00 ആകുന്നേ ഉണ്ടായിരുന്നുള്ളൂ പക്ഷേ വനത്തിനുള്ളിൽ ആയതുകൊണ്ട് നല്ല ഇരുട്ടു വ്യാപിച്ചു. കുറച്ചു ദൂരം പോയപ്പോൾ അവൻ പറഞ്ഞു നമുക്ക് ഇനി തിരിച്ചു പോയാലോ . സമയം വൈകി മുന്നോട്ടു പോയാൽ എന്തെങ്കിലും കാണാൻ ഉണ്ടാകും എന്നും ഉറപ്പില്ല ചുമ്മാ ഒരു യാത്ര മാത്രമേ ഈ കാട്ടിനുള്ളിലൂടെ ഞാൻ പ്രതീക്ഷിച്ചിരുന്നുള്ളൂ. പക്ഷേ അക്ഷയ
പറഞ്ഞു നമ്മൾ കുറച്ചു കൂടി മുന്നോട്ടു പോകാം എന്തായാലും നമ്മൾ ഇത്രയും വന്നില്ലേ.
ആ വഴി ചെന്നവസാനിക്കുന്നത് ഒരു നദിയിലാണ് പെട്ടെന്നാണ് അരുൺ ആ കാഴ്ച കണ്ടത് നദിയുടെ അക്കരെ അവനെ നോക്കി നിന്ന ആ മുത്തശ്ശി അവനെ അങ്ങോട്ടേക്ക് കൈകാട്ടി വിളിക്കുന്നു അവൻ അക്ഷയ വിളിച്ചു കാണിക്കാൻ നേരം ആ മുത്തശ്ശിയെ അവിടെ കാണാനും സാധിച്ചില്ല അരുൺ വളരെയധികം ഭയപ്പെട്ടു .ഒരിക്കലും ഇത്ര വേഗത്തിൽ മുത്തശ്ശിക്ക് അവിടെ എത്താൻ സാധിക്കില്ല അതും ആ നദിയുടെ അക്കരെ.
അരുൺ നിശ്ചലമായ അതുപോലെ അവിടെ തന്നെ നിന്നു. അക്ഷയ പോകാൻ കൂട്ടാക്കാതെ മുന്നോട്ട് നടക്കുകയാണ് നദിയുടെ അരികിലേക്ക് .പക്ഷേ അരുണിന് ഒരടി പോലും മുന്നോട്ടു നടക്കാൻ സാധിക്കുന്നില്ല അവൻ കണ്ടത് സത്യമാണോ എന്നുപോലും അവന് മനസ്സിലാകുന്നില്ല. ആകെ ഒരു മരവിപ്പ്. അരുൺ അവനെ വിളിച്ചു മനസ്സില്ലാമനസ്സോടെ അവൻ തിരികെ എത്തി നമുക്ക് എത്രയും പെട്ടെന്ന് ഇവിടുന്ന് പോകണം .അരുൺ പറഞ്ഞു. നീ വെറുതെ ഓരോന്ന് ആലോചിച്ചു കൂട്ടി മൂഡ് കളയാൻ നിൽക്കണ്ട.

അങ്ങനെ അവർ അവിടുന്ന് യാത്രയായി
അരുൺ പോകുമ്പോൾ mirror -ഇൽ കൂടി പുറകിലേക്ക് നോക്കി, വീണ്ടും ഒരു ഞെട്ടലോടെ മാത്രമേ അത് കാണുവാനാണ് സാധിച്ചുള്ളൂ. അവർ നിന്ന അതേ സ്ഥലത്ത് അവൻ കണ്ട ആ മുത്തശ്ശി നിൽക്കുന്നു.

ആ മൺപാത വഴി അവർ വീണ്ടും റോഡിലേക്ക് എത്തി. 5.30pm കഴിഞ്ഞിരുന്നു. അവർ യാത്ര തുടർന്നു. കുറ്റാലം കഴിഞ്ഞു തെങ്കാശി എത്തി അവിട അരുൺൻറെ സുഹൃത്തിൻറെ ഫാം ഹൗസിൽ അവർ താമസിച്ചു. അരുൺ സുഹൃത്ത് അവിടെ ഇല്ലായിരുന്നു പകരം ഒരു ജോലിക്കാരനാണ് അരുണിനെ താക്കോൽ ഏൽപ്പിച്ചത്. വിശാലമായ പാടത്തിന് നടുവിലാണ് ഈ ഫാം ഹൗസ് അത്യാവശ്യം എല്ലാ സൗകര്യങ്ങളും ആ ഫാംഹൗസിൽ ഉണ്ട് അക്ഷയയും സന്തോഷവാനായിരുന്നു.

അവൻറെ ജീവിതത്തിലാദ്യമായി ഇരുന്നു ഇങ്ങനെ ഒരു യാത്ര. അങ്ങനത്തെ ഒരു ജീവിത സാഹചര്യത്തിൽ ആയിരുന്നു അക്ഷയ ജീവിച്ചത്.
ആ സ്ഥലത്ത് മൊബൈൽ റേഞ്ച് ഇല്ല. അതുകൊണ്ട് അരുണിന് താൻ എടുത്ത ചിത്രങ്ങളൊന്നും ഫേസ്ബുക്കിലെ റൈഡേഴ്സ് ഗ്രൂപ്പിൽ ഷെയർ ചെയ്യാനും സാധിക്കുന്നില്ല. അക്ഷയ ആണെങ്കിൽ അവൻറെ ഒപ്പം ഒരു ഫോട്ടോയ്ക്ക് പോലും നിൽക്കുന്നതും ഇല്ല. ഇവൻ എന്താ ഇങ്ങനെ എന്ന് അരുൺ മനസ്സിൽ വിചാരിച്ചിരുന്നു. എങ്കിലും അവൻ അറിയാതെ ഒന്നു രണ്ട് ചിത്രങ്ങൾ അരുൺ എടുത്തിരുന്നു.

കുറച്ചുകഴിഞ്ഞ് ജോലിക്കാരൻ ഇവർക്കുള്ള ഭക്ഷണവും കൊടുത്തു തിരികെ പോയി അരുണിനോട് മാത്രം കാര്യങ്ങളൊക്കെ ചോദിച്ചിരുന്നു അക്ഷയ അപ്പോൾ ദൂരെ മാറി തന്നെയിരുന്നു. ഭക്ഷണവും കൊടുത്തു അയാൾ അവിടുന്ന് പോയി. രണ്ടുപേരുംകൂടി കഴിക്കാൻ ഇരുന്നപ്പോഴാണ് അറിഞ്ഞത് ജോലിക്കാരൻ ഒരു പ്ലേറ്റ് മാത്രമേ കൊണ്ടുവന്നിട്ടുള്ളൂ. അക്ഷയ് പറഞ്ഞു അത് സാരമില്ല നമുക്ക് ഒരു പാത്രത്തിൽ നിന്നും കഴിക്കാം അങ്ങനെ അവർ ഭക്ഷണം കഴിച്ചു കിടന്നു. നേരം അപ്പോൾ പാതിരാത്രി 12 മണി കഴിഞ്ഞിരുന്നു.

രണ്ടു കട്ടിലിൽ ആയി അപ്പുറത്തും ഇപ്പുറത്തും ആയി അവർ കിടന്നു. അരുൺ കിടക്കുന്ന ഭാഗത്തായി ഒരു ഒരു ജനാല ഉണ്ട്. ഗ്ലാസിൽ കൂടി പാടത്തെ അവനെ കാണാൻ സാധിച്ചു. നിലാവ് ഉണ്ടായിരുന്നതിനാൽ വ്യക്തമായും കാണാം. പെട്ടന്നതാ ദൂരെ ഒരു വെളുത്ത രൂപം നിൽക്കുന്നതുപോലെ അവനു തോന്നി. തോന്നലാണോ എന്നറിയാൻ കുറെ നേരം നോക്കി പക്ഷേ എന്താണെന്ന് വ്യക്തമാകുന്നില്ല. ഇനി പാടത്ത് കോലം വല്ലോം വെച്ചതാണോ എന്നും ചിന്തിക്കാതിരുന്നില്ല.

പക്ഷേ നോക്കി നോക്കി നിൽക്കെ ആ രൂപം മുന്നോട്ടു വരുന്നതായി അവനു മനസ്സിലായി അക്ഷയ ആണെങ്കിൽ ഉറങ്ങുകയും ചെയ്തു. പെട്ടെന്ന് ആ രൂപത്തെ കാണാനില്ല. അവന് ജനാലവഴി അവിടേക്ക് നോക്കി. അവന് ധൈര്യം ചോർന്നു കൊണ്ടിരിക്കുകയാണ് പക്ഷേ എന്താണ് സത്യാവസ്ഥ എന്നറിയാൻ ഭയപ്പെട്ടു കൊണ്ടു അവൻ നോക്കി. പെട്ടെന്ന് ആ മുത്തശ്ശിയുടെ രൂപം അവൻറെ ജനാലയുടെ താഴെനിന്നും പെട്ടെന്ന് മുകളിലേക്ക് ഉയർന്നു
വന്നു ആ രൂപം അവനെ നോക്കി ചിരിക്കുകയാണ് പക്ഷേ അപ്പോഴേക്കും അരുണിനെ ബോധം നഷ്ടമായിരുന്നു. പിന്നെ എപ്പോഴോ ആണ് അരുൺ കണ്ണുതുറന്നത്. ഉറക്കത്തിൽ കണ്ട സ്വപ്നം ആണോ അതോ നേരിൽ അനുഭവിച്ചതാണ് എന്നൊന്നും അവന് അറിയാൻ സാധിക്കുന്നില്ല .അക്ഷയ അപ്പോഴും നല്ല ഉറക്കത്തിലാണ്. വല്ലാത്ത ദാഹം വെള്ളം കുടിക്കാനായി അവൻ കട്ടിലിൽ നിന്നും എഴുന്നേറ്റു . മേശപ്പുറത്തിരിക്കുന്ന
കൂജയിൽ നിന്നും വെള്ളം കുടിച്ചു തിരികെ കട്ടിലിൻ അടുത്തേക്ക് വന്നപ്പോൾ കട്ടിലിനടിയിൽ നിന്നും ഒരു വെളുത്ത തുണി പുറത്തേക്ക് നീണ്ടുകിടക്കുന്നു .അവൻ മൊബൈൽ എടുത്തു ഫ്ലാഷ് ലൈറ്റ് ഓൺ ആക്കി എന്നിട്ട് കട്ടിലിനടിയിൽക്ക് ലൈറ്റ് അടിച്ചു നോക്കി .അവൻ കണ്ട അതേ മുത്തശ്ശി പല്ലുകൾ ഒക്കെ നീണ്ട വികൃതമായ ചിരിയോടു കൂടി നാക്ക് ഒക്കെ നീട്ടിവെച്ച് അവനെ പിടിക്കുവാൻ കൈകൾ നീട്ടി അരുൺ ഒരു നിലവിളിയോടെ കൂടി അക്ഷയുടെ കട്ടിലിൽ പോയിരുന്നു.

അവനെ വിളിച്ചുണർത്തി. അക്ഷയ ചാടിയെഴുന്നേറ്റു എന്തുപറ്റി എന്തുപറ്റി എന്ന് ചോദിച്ചു അരുണിന് ഒന്നും മിണ്ടാൻ സാധിക്കുന്നില്ല .കട്ടിലിനടിയിലേക്ക്‌
അവൻ വിരൽചൂണ്ടി .എന്തെന്നറിയാൻ അക്ഷയ കട്ടിലിനടിയിൽ ഫ്ലാഷ് ലൈറ്റ് അടിച്ചു നോക്കി. അവിടെ വന്നു ഒന്നും കാണാൻ സാധിച്ചില്ല നിൻറെ തോന്നൽ ആണെന്ന് പറഞ്ഞു . വല്ലാത്ത അസ്വസ്ഥത തനിക്കുണ്ട് എന്ന് അക്ഷയനോട് അരുൺ പറഞ്ഞു. അരുണിനോട് തൻറെ കട്ടിലിൽ കിടക്കാൻ അവൻ പറഞ്ഞു. എന്നിട്ട് അക്ഷയ ആ കട്ടിലിൽ തന്നെ ഇരുന്നു.

അതിരാവിലെ തന്നെ അവർ അവിടുന്ന് യാത്രയായി. നേരെ തിരുവനന്തപുരത്തേക്ക്. അവിടുന്ന് അക്ഷയ ബസ്സിൽ കോട്ടയത്തേക്ക് പോയി. അരുൺ നേരെ വീട്ടിലേക്ക്. വീട്ടിലെത്തി അവൻ തലേദിവസം നടന്നതിനെ പറ്റി ഒരുപാട് ആലോചിച്ചു .അവനെ എന്താണ് നടക്കുന്നതൊന്നും മനസ്സിലാക്കാൻ സാധിക്കുന്നില്ല. തനിക്ക് വല്ല മാനസിക പ്രശ്നം ഉണ്ടോ എന്നുപോലും അവൻ ചിന്തിച്ചു.

ഒന്നു കുളിച്ചാൽ എല്ലാം ശരിയാകും എന്നു വിചാരിച്ചു പോയി ഫ്രഷ് ആയി വന്നു. എന്നിട്ട് തന്നെ ലാപ്ടോപ് എടുത്തു. യാത്രയുടെ ചിത്രങ്ങൾ ഫേസ്ബുക്കിലെ റൈഡർ ഗ്രൂപ്പിൽ അപ്‌ലോഡ് ചെയ്യാം എന്ന് കരുതി. ഫേസ്ബുക്ക് എടുത്തു. റൈസ് ഗ്രൂപ്പ് ഓപ്പണാക്കി ജസ്റ്റ് ഒന്ന് ബ്രൗസ് ചെയ്തപ്പോൾ അവനെ ഞെട്ടിക്കുന്ന ഒരു വാർത്ത ആയിരുന്നു അതിൽ ഉണ്ടായിരുന്നത്. തൻറെ കൂടെ ഇന്ന് രാവിലെ വരെ ഉണ്ടായിരുന്ന അക്ഷയക് ആദരാഞ്ജലി അർപ്പിച്ചു കൊണ്ട് റൈഡേഴ്സ് ഗ്രൂപ്പ് മെമ്പേഴ്സ് പോസ്റ്റുകൾ ചെയ്തിരിക്കുന്നു.
അത് മാത്രമല്ല അവനെ ഞെട്ടിച്ച മറ്റൊരു കാര്യം കൂടി അതിൽ ഉണ്ടായിരുന്നു.

അവൻ മരിച്ച ദിവസം അതിൽ രേഖപ്പെടുത്തിയിരുന്നു 2018 ഡിസംബർ 28. അപ്പോൾ തൻറെ ഒപ്പം ഇതുവരെ ഉണ്ടായിരുന്നത്.?അരുൺ അക്ഷയുടെ ഫോണിലേക്ക് കോൾ ചെയ്തു നോക്കി. ഫോൺ എവിടെ അറ്റൻഡ് ചെയ്തു .അക്ഷയ ആണോ എന്ന് ചോദിച്ചപ്പോൾ അക്ഷയ മരിച്ചുപോയെന്നും ഇത് കൊട്ടാരക്കര പോലീസ്റ്റേഷൻ ആണെന്നും പറഞ്ഞു. അപകടം നടന്ന സ്ഥലത്ത് നിന്നും ലഭിച്ചതാണ് ഈ മൊബൈൽ ഫോൺന്നും പറഞ്ഞു.കോട്ടയത്തുനിന്നും തിരുവനന്തപുരത്തേക്ക വന്നിരുന്ന സൂപ്പർഫാസ്റ്റ് ബസ് ഒരു ലോറി യിലേക്ക് ഇടിച്ചാണ് അപകടം ഉണ്ടായത് എന്നും പോലീസ് പറഞ്ഞു. വല്ലാത്തൊരു ഷോക്കായിരുന്നു അരുണിനു.

അരുൺ പെട്ടെന്ന് തന്നെ തെങ്കാശിയിൽ ഉള്ള തന്നെ സുഹൃത്തിനെ വിളിച്ചു. എന്നിട്ട് ഫാംഹൗസിൽ തനിക്ക് ഭക്ഷണം കൊണ്ടുവന്ന ആ ജോലി കാരൻറെ നമ്പർ വാങ്ങി. എന്നിട്ട് അയാളോട് ചോദിച്ചു തൻറെ ഒപ്പം വന്ന ആളിനെ കണ്ടിരുന്നോ എന്ന്? സാർ ഒറ്റയ്ക്കല്ലേ വന്നത് എന്നായിരുന്നു അയാൾ ചോദിച്ചത്. അരുൺ പറഞ്ഞു അല്ല ഞങ്ങൾ രണ്ടു പേരുണ്ടായിരുന്നു. ഇല്ല സാർ നിങ്ങൾ ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ ഞാൻ നിങ്ങൾക്ക് മാത്രമുള്ള ഭക്ഷണം മാത്രമാണ് കൊണ്ടുവന്നതും. നിങ്ങൾ രണ്ടുപേരും ഉണ്ടായിരുന്നെങ്കിൽ ഞാൻ രണ്ടു പേർക്കുള്ള ഭക്ഷണം കൊണ്ടുവരും ആയിരുന്നല്ലോ.
അരുൺ ഫോൺ കട്ട് ചെയ്തു.

അപ്പോൾ തന്നോടൊപ്പം യാത്രയ്ക്ക് വന്നപ്പോഴാണ് അക്ഷയ അപകടത്തിൽപ്പെട്ടത് എന്ന് അരുണിന് മനസ്സിലായി .പക്ഷേ മരണത്തിനു പോലും അവൻറെ യാത്രയെ തടുക്കാനാവില്ല ആത്മാവായി ആയി തന്നെ ഒപ്പം യാത്രയിൽ പങ്കുചേർന്നു.

പെട്ടെന്ന് തന്നെ മൊബൈൽ ഫോണിൽ പകർത്തിയ അവൻറെ ചിത്രങ്ങൾ അരുൺ പരതി.
പക്ഷേ അവൻ അറിയാതെ എടുത്ത ചിത്രങ്ങളിൽ അവൻറെ രൂപ മാത്രം കാണുന്നില്ല പകരം കണ്ടത് മറ്റൊരു ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു .തലേദിവസം വരെ അവൻ കണ്ട ഭീകരമായ മുഖം ഉള്ള ആ മുത്തശ്ശി അരുണിന് അതേ സ്ഥാനത്ത് അവർ നിൽക്കുന്നു .അവനെ നോക്കി ചിരിച്ചു കൊണ്ട്.

അപ്പോഴും അവൻറെ കട്ടിലിനടിയിൽ നിന്നും ഒരു വെളുത്ത തുണി പുറത്തേക്ക് പറക്കുന്നത് കാണാമായിരുന്നു.

NB: കഥ മാത്രമാണിത്. നടന്ന സംഭവമല്ല.
എൻറെ ഭാവനയിൽ വന്ന കുറച്ചു കാര്യങ്ങൾ അത്രയേ ഉള്ളൂ.
by
Nazeem abdul Jaleel

Address

Sharjah

Telephone

+971526177446

Website

Alerts

Be the first to know and let us send you an email when 3riple si6 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to 3riple si6:

Share