25/12/2025
പൗരന്റെ അവസാന ആശ്രയവും പ്രതീക്ഷയും കോടതിയാണ്. രാജ്യത്ത് എക്സിക്യൂടീവിന്റെയും നിയമനിര്മാണ സഭയുടെയും ഭരണഘടനാ വിരുദ്ധ പ്രവര്ത്തനങ്ങളെ ചോദ്യം ചെയ്യുന്നതിനാണ് ആര്ട്ടിക്കിള് 32 മുഖേന ജുഡീഷ്യല് റിവ്യൂ സംവിധാനം കൊണ്ടുവന്നത്. ഭരണഘടനാ വിരുദ്ധമായി രാജ്യത്ത് ഒന്നും സംഭവിക്കുന്നില്ലെന്നും പൗരന്റെ അവകാശങ്ങള് സംരക്ഷിക്കപ്പെടുന്നുവെന്നും തീര്ച്ചപ്പെടുത്തുകയാണ് ഈ ആര്ട്ടിക്കിളിന്റെ ലക്ഷ്യം. കോടതികള് പ്രതിജ്ഞാബദ്ധരായിരിക്കേണ്ടതും ഈ ആവശ്യപൂര്ത്തീകരണത്തിനാണ്. കോടതിയുടെ ഓരോ വിധിയും രാജ്യത്തിന്റെ ഭാവിയെ സ്വാധീനിക്കുന്നവയാണ്. രാജ്യം മുന്നോട്ട് വെക്കുന്ന അടിസ്ഥാന തത്വങ്ങളെയും ഭരണഘടനാ മൂല്യങ്ങളെയും സംരക്ഷിക്കുക എന്നതാണ് കോടതികളുടെ ഉത്തരവാദിത്വം. കോടതികള് പരിധി വിട്ടു പ്രവര്ത്തിക്കുന്നു എന്നതിനെക്കാള് ഗൗരവം അവര് നിഷ്ക്രിയരായിരിക്കുക എന്നതാണ്.
2019 നവംബര് ഒമ്പതിന് ബാബരി മസ്ജിദ് കേസ് വിധി വന്ന ദിവസം നിങ്ങളോര്ക്കുന്നുണ്ടാവും. രാജ്യത്തെ നീതിന്യായ വ്യവസ്ഥയില് ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ട ദിനം എന്ന പേരിലായിരിക്കും ആ ഓര്മ. അത്രമേല് നാടകീയത നിറഞ്ഞ വിധിയായിരുന്നു അത്. തെളിവുകള്ക്കും ചരിത്ര സത്യങ്ങള്ക്കും മുകളില് വിശ്വാസത്തെ പ്രതിഷ്ഠിച്ച ദിനം. അയോധ്യയില് ഒരു മസ്ജിദുണ്ടായിരുന്നു എന്നതിന് ആര്ക്കും തര്ക്കമുണ്ടായിരുന്നില്ല. എന്നാല് രാമജന്മഭൂമിയാണ് എന്നതിന് യാതൊരു തെളിവും ഇല്ലായിരുന്നു താനും. അവിടെ അമ്പലം പണിയുന്നതിന് അനുവാദം നല്കാന് കോടതിക്ക് ഒരുതെളിവും ആവശ്യമുണ്ടായിരുന്നില്ല. കോടതി അത് ചോദിച്ചതുമില്ല. രാമന്റെ ജനനം ഒരു യാഥാര്ഥ്യമായി അംഗീകരിക്കാത്ത ഹിന്ദുക്കള് പോലും ഉണ്ടെന്നിരിക്കെയാണ് കോടതി അത് ജന്മഭൂമിയാണെന്ന് കണ്ടെത്തി ക്ഷേത്രം പണിയാന് അനുമതി നല്കുന്നത്. ഈ വിധിക്കുള്ള പാരിതോഷികമായി രാജ്യസഭാംഗത്വം മുഖ്യ ന്യായാധിപന് ലഭിച്ചപ്പോള് രാജ്യം തലകുനിച്ചു. നിയമ നിര്മാണസഭയും, എക്സിക്യൂട്ടീവും, ജുഡീഷ്യറിയും അവരുടെ അധികാരത്തില് പരസ്പരം കൈകടത്തരുതെന്ന (seperation of powers) ഭരണഘടനയുടെ അടിസ്ഥാന തത്വം (basic structure) പോലും ചോദ്യം ചെയ്യപ്പെട്ടു.
_________________________________________
വായിക്കാം, കേൾക്കാം;
പ്രവാസി രിസാലയിൽ
'Risala Update' മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ
📌 Download Android App: https://play.google.com/store/apps/details...
📌 Download iOS App: https://apps.apple.com/app/id6449769617
𝐏𝐑𝐀𝐕𝐀𝐒𝐈 𝐑𝐈𝐒𝐀𝐋𝐀
facebook: https://www.facebook.com/pravasirisala
instagram: https://www.instagram.com/pravasirisala/
| |
| |