
16/08/2025
🌍 പ്ലാസ്റ്റിക് വിരുദ്ധ കരാർ പൊളിഞ്ഞു – രാജ്യങ്ങൾക്ക് ഒത്തുചേരാൻ കഴിഞ്ഞില്ല!
പ്ലാസ്റ്റിക് മലിനീകരണത്തെ കുറിച്ച് ഒരു ആഗോള കരാർ ഉണ്ടാക്കാനുള്ള ചർച്ചകൾ യോജിപ്പില്ലാതെ തകർന്നുപോയി. പ്ലാസ്റ്റിക് ഉൽപാദനം കുറയ്ക്കുന്നതുപോലുള്ള ശക്തമായ നടപടികൾ ആവശ്യപ്പെട്ട രാജ്യങ്ങളും, മാലിന്യ നിയന്ത്രണത്തിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ ആഗ്രഹിച്ച എണ്ണ ഉൽപാദക രാജ്യങ്ങളും തമ്മിൽ ഒത്തുചേരാൻ കഴിയാതെ, ചർച്ചകൾ ഒടുവിൽ പരാജയപ്പെട്ടു.
പ്ലാസ്റ്റിക് ഉൽപ്പാദനം കുറയ്ക്കാൻ ആവശ്യപ്പെട്ട രാജ്യങ്ങൾ — ആസ്ട്രേലിയ, യൂറോപ്യൻ യൂണിയൻ, ബ്രിട്ടൻ, ചില ആഫ്രിക്കൻ, ലാറ്റിനമേരിക്കൻ രാജ്യങ്ങൾ എന്നിവ — ‘High Ambition Coalition’ ആയി മുന്നോട്ട് വന്നു. എന്നാൽ സൗദി അറേബ്യ, റഷ്യ, കുവൈറ്റ്, ഇറാൻ, മലേഷ്യ തുടങ്ങിയ എണ്ണ ഉത്പാദക രാജ്യങ്ങൾ കടുത്ത എതിർപ്പ് പ്രകടിപ്പിച്ച്, മാലിന്യ നിയന്ത്രണത്തിൽ മാത്രം കേന്ദ്രീകരിച്ചുള്ള കരാറിനെയാണ് പിന്തുണച്ചത്.
ഒരു ചരിത്രപരമായ അവസരം നമ്മൾ നഷ്ടപ്പെടുത്തി, പക്ഷേ മുന്നോട്ടു പോകാനും അടിയന്തരമായി പ്രവർത്തിക്കാനും നമുക്ക് സാധിക്കുമെന്നും, ഭൂമിക്കും ഇപ്പൊഴത്തെ തലമുറയ്ക്കും വരാനിരിക്കുന്ന തലമുറയ്ക്കും ഈ കരാർ അത്യാവശ്യമാണെന്നും ക്യൂബ ചൂണ്ടിക്കാട്ടി.
വിപുലമായ പ്ലാസ്റ്റിക് മലിനീകരണ പ്രതിസന്ധി തുടരുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി. ചെറിയ ദ്വീപ് രാജ്യങ്ങൾ, പ്രത്യേകിച്ച് തുവാലു പോലുള്ള പസഫിക് ദ്വീപുകളുടെ, കടലിലും പരിസ്ഥിതിയിലും നടക്കുന്ന നാശം ഭയാനകമാണെന്ന് ഓർമ്മിപ്പിച്ചു. കരാർ പരാജയപ്പെട്ടെങ്കിലും, ഭാവിയിൽ ചർച്ചകൾ തുടരാനാണ് രാജ്യങ്ങൾ സമ്മതമറിയിച്ചത്. എന്നാൽ അന്താരാഷ്ട്ര രാഷ്ട്രീയവും എണ്ണ–പ്ലാസ്റ്റിക് വ്യവസായങ്ങളുടെ സമ്മർദ്ദവും കാരണം ഉടൻ ഒരു കരാർ ഉണ്ടാകുമെന്ന പ്രതീക്ഷ കുറഞ്ഞിരിക്കുകയാണ്.
ലോകം കാത്തിരുന്നത് വലിയൊരു ‘പ്ലാസ്റ്റിക് വിരുദ്ധ ചരിത്ര കരാർ’ ആയിരുന്നു, എന്നാൽ അത് ഇപ്പോൾ അനിശ്ചിതത്വത്തിലേക്ക് വീണിരിക്കുകയാണ്.