
17/09/2025
ഇത് കണ്ടിട്ട് ഓസ്‌ട്രേലിയയിൽ മുട്ട പൊരിക്കൽ ആണോ എനിക്ക് ജോലി എന്നൊന്നും ചോദിക്കണ്ട! ഇതിനു പിന്നിൽ ഒരു കഥയുണ്ട്.
ഓസ്‌ട്രേലിയയിൽ എന്റെ മൂത്ത കുട്ടി ഹൈസ്കൂളിൽ പഠിക്കാൻ പോയപ്പോൾ എനിക്ക് ചെറിയൊരു ടെൻഷനുണ്ടായി. പ്രൈമറി സ്കൂളിൽ ആയിരുന്നപ്പോൾ നമുക്ക് എളുപ്പത്തിൽ സ്കൂളിൽ പോകാനും അസംബ്ലികളിൽ പങ്കെടുക്കാനും പറ്റുമായിരുന്നു. പലപ്പോഴും കുട്ടികൾക്ക് അവാർഡുകൾ കിട്ടുമ്പോൾ മെയിൽ വരും, അങ്ങനെ ഫോട്ടോ എടുക്കാനും അവസരമുണ്ടാകും.
പക്ഷേ ഹൈസ്കൂളിൽ അങ്ങനെയല്ല. ചുമ്മാ അവാർഡുകൾ കൊടുക്കാറില്ല. മാത്രമല്ല, കുട്ടികൾ വലുതാകുമ്പോൾ നമ്മൾ സ്കൂളിൽ പോകുന്നത് അവർക്ക് ഇഷ്ടമല്ല എന്നും ആളുകൾ പറഞ്ഞു. അപ്പോഴാണ് എനിക്ക് മനസ്സിലായത്, ഹൈസ്കൂളിൽ പോയി തുടങ്ങിയാൽ പിന്നെ വർഷത്തിൽ ഒന്നോ രണ്ടോ മീറ്റിങ്ങുകൾ, അതും വെറും പത്തു മിനിറ്റ് മാത്രമുള്ളത്, അത് മാത്രമേ അധ്യാപകരുമായി സംസാരിക്കാൻ കിട്ടൂ എന്ന്.
ഇത് ഞാൻ ഓഫീസിലെ സഹപ്രവർത്തകരോട് സംസാരിച്ചപ്പോൾ അവർ ഒരു കാര്യം നിർദ്ദേശിച്ചു—സ്കൂളിന്റെ പിടിഎ (PTA) കമ്മിറ്റിയിൽ ചേരുക. അപ്പോൾ എല്ലാ മാസവും ടീച്ചേഴ്സിനെ കാണാനും കുട്ടികളുടെ കാര്യങ്ങൾ നേരിട്ട് അന്വേഷിക്കാനും പറ്റും. ഓസ്‌ട്രേലിയയിൽ PTA എന്നതിന് പകരം P&F എന്നാണ് പറയുന്നത്. ചില സ്കൂളുകളിൽ P&C എന്നും പറയാറുണ്ട്.
അങ്ങനെ എട്ടുവർഷം മുൻപ് ഞാൻ P&F കമ്മിറ്റിയിൽ ചേർന്നു. അന്ന് തൊട്ട് ഇന്ന് വരെ കമ്മിറ്റിയിൽ തുടരുന്നു. കുറച്ചുകാലം വൈസ് പ്രസിഡന്റ് ആയിരുന്നു, ഇപ്പോൾ പ്രസിഡന്റാണ്. മിക്ക മാസങ്ങളിലും മീറ്റിംഗുകൾ ഉണ്ടാകും. പ്രിൻസിപ്പലും വൈസ് പ്രിൻസിപ്പലും മീറ്റിംഗിൽ ഉണ്ടാവാറുണ്ട്. മീറ്റിംഗ് കഴിഞ്ഞാൽ അവരുമായി സംസാരിക്കാൻ അവസരവും കിട്ടും. നമ്മളെ വ്യക്തിപരമായി അറിയാവുന്നതുകൊണ്ട് നമ്മൾ പറയുന്ന കാര്യങ്ങൾ അവർ പരിഗണിക്കുകയും ചെയ്യാറുണ്ട്. അതുകൊണ്ടു, ഓസ്‌ട്രേലിയയിൽ ഉള്ളവരാണ് നിങ്ങൾ എങ്കിൽ, സ്കൂളിൽ പോകുന്ന കുട്ടികൾ ഉണ്ടെങ്കിൽ സ്കൂളിന്റെ P&F കമ്മിറ്റിയിൽ ചേരുന്നത് എന്തു കൊണ്ടും നല്ലതാണു.
ഈ ഫോട്ടോയിൽ കാണുന്നത്, സ്കൂളിൽ നടന്ന ഫാദർ'സ് ഡേ ബ്രേക്ക്ഫാസ്റ്റ് ഫങ്ക്ഷനിൽ ഞാൻ നൂറോളം പേർക്ക് ഓംലെറ്റ് ഉണ്ടാക്കി കൊടുക്കുന്നതാണ്. ഞാനും പ്രിൻസിപ്പലും, വൈസ് പ്രിൻസിപ്പലും, കമ്മിറ്റിയിലെ നാലഞ്ചു പേരും അതിനുണ്ടായിരുന്നു.
അപ്പോൾ ഓസ്‌ട്രേലിയയിലെ മുട്ടപൊരിക്കലിന്റെ ഗുട്ടൻസ് പിടി കിട്ടിയോ 🤣🤣