31/07/2024
TENNIS DEVAssy Francis
സംഘാടകർ എന്നു കേൾക്കുമ്പോൾ മനസിൽ ഒത്തിരി പേരുകളും മുഖങ്ങളും വരും. നൂറുകണക്കിന് ആളുകളുടെ. അക്കൂട്ടത്തിൽ വേറിട്ട വഴികളിലൂടെ സഞ്ചരിച്ച് ശ്രദ്ധേയരാകുന്നവരുണ്ട്. അവരെയാകും കാലം ഓർത്തുവയ്ക്കുക.
താണിക്കൽ ദേവസി ഫ്രാൻസിസ് എന്ന ടി. ഡി. ഫ്രാൻസിസിന്റെ പേരിലെ ടിയും ഡിയും കായികലോകത്തെങ്കിലും ടെന്നിസും ഡ്യൂസുമായി മാറും. കേരളത്തിൽ ടെന്നിസ് എന്നാൽ അത് ടി. ഡി. ഫ്രാൻസിസാണ്. താരമായിരുന്നെങ്കിൽ ടെന്നിസ് ദേവൻ എന്നോ മറ്റോ ആക്കാമായിരുന്നു ഈ ടിയും ഡിയും. ഏതാനും വർഷം മുൻപ് തൃശൂരിൽ സ്പോർട്സ് എന്നു പറഞ്ഞാലും അത് ഫ്രാൻസിസ്മാഷ് തന്നെയായിരുന്നു.
കായികലോകവുമായുള്ള എന്റെ ബന്ധം കുട്ടിയും കോലും കളിയിൽ തുടങ്ങിയതാണെങ്കിലും കളിയെഴുത്തിന്റെ വഴിയിലേക്ക് എത്തപ്പെട്ടത് പത്രപ്രവർത്തകനായി തൃശൂർ ബ്യൂറോയിലെത്തിയപ്പോഴാണ്. ഗെഡാഗെഡിയന്മാരായ ഉണ്ണി കെ. വാരിയർ, റോമി മാത്യു, സണ്ണി ജെറോം തുടങ്ങിയവർക്കിടയിൽ തൃശൂരിലെ ഗെഡികൾക്കിടയിൽ ഈ തുടക്കക്കാരന് പിടിച്ചുനിൽക്കാനായത് ഞങ്ങളുടെ അമരക്കാരൻ പി. എ. കുര്യാക്കോസ് സാർ സ്പോർട്സ് ബീറ്റ് ഏൽപ്പിച്ചതോടെയാണ്. തൃശൂർ യൂണിറ്റിന്റെ തുടക്കകാലം കൂടിയായിരുന്നു അത്. തൃശൂർ വിശേഷം എന്ന ആഴ്ചപതിപ്പ് അന്ന് ഒരു ഹരമായിരുന്നു. കളിക്കളം എന്ന കോളം അതിൽ കൈകാര്യം ചെയ്യാനും അതിലൂടെ പഴയതലമുറയിലെയും പുതിയ തലമുറയിലെയുമൊക്കെ ഒട്ടേറെ കായികതാരങ്ങളെ അവതരിപ്പിക്കുന്നതിനും പരിചയപ്പെടുന്നതിനുമൊക്കെ അവസരം ലഭിച്ചു. വിൻജോ എന്ന ഇന്നത്തെ എന്റെ ബിസിനസ് സംരംഭത്തിന്റെ പേരിന്റെ തുടക്കംപോലും അന്നത്തെ ആ ചുരുക്കപ്പേരാണ്. തൃശൂരിലെ അന്തർ ജില്ലാ പഞ്ചായത്ത് ഫുട്ബോൾ മാമാങ്കവും സന്തോഷ് ട്രോഫിയും ഫെഡറേഷൻ കപ്പും ദേശീയ ലീഗും ഫിഫാ ലോകകപ്പും വരെ കവർ ചെയ്യാൻ അവസരം ലഭിക്കുന്നതിൽ എത്തിച്ചു തൃശൂർ ബ്യൂറോകാലമെന്നത് അഭിമാനത്തോടെ ഓർക്കട്ടെ.
1998ലെ പൂരക്കാലത്തായിരുന്നു തൃശൂരിൽ ലാൻഡ് ചെയ്തത്. നേരെ ചെന്നുപെട്ടത് തിരുവമ്പാടി ദേവസ്വം സെക്രട്ടറി മാധവൻകുട്ടി മാഷിന്റെ മുന്നിൽ. പൂരത്തിന്റെ ചരിത്രത്തെക്കുറിച്ചൊന്നും വല്യ പിടിയില്ലാതെ എത്തപ്പെട്ടത് പൂരത്തിന്റെ ഉസ്താദിന്റെ മുന്നിൽ. പൂരത്തിന് രണ്ടു നാൾ മുൻപ് പൂരത്തെക്കുറിച്ച് ചോദിച്ചുചെന്ന എന്നെ മാധവൻകുട്ടിമാഷ് പറപ്പിച്ചില്ലെന്നെയുള്ളു (ആദ്യ ചിത്രം ഏതെന്ന ലൈനിൽ ശ്രീനിവാസനെ ഇന്റർവ്യൂ ചെയ്ത ആളിന്റെ അവസ്ഥയിലെന്നുവേണമെങ്കിൽ പറയാം). തുടക്കത്തിലെ പരിചയപ്പെട്ട തൃശൂരിലെ പ്രമുഖ സംഘാടകരിൽ സിഎന്നും ആലപ്പാട്ടച്ചനും എ. എൽ. സെബാസ്റ്റ്യൻ മാഷും ടിഡി മാഷും ഒക്കെ ഉൾപ്പെടുന്നു.
താരങ്ങൾ കഴിഞ്ഞാൽ, പിന്നെ ഏറ്റവുമധികം ബന്ധം സ്പോർട്സ് കൗൺസിലുമായിട്ടായിരുന്നു. അക്കാലത്ത് ടിഡി എന്ന ഫ്രാൻസിസ് സാറായിരുന്നു സെക്രട്ടറി. അതായിരുന്നു ആ ബന്ധത്തിന്റെ തുടക്കം. വേറിട്ട ആശയങ്ങളിലൂടെ സംഘാടകമികവിന്റെ പോഡിയത്തിൽ ഒന്നാമനായി നിൽക്കുന്ന വ്യക്തിയായിരുന്നു കായികാധ്യാപകൻകൂടിയായ ടിഡി. തൃശൂരിലെ പഞ്ചായത്തുകളെയെല്ലാം പങ്കെടുപ്പിച്ചുകൊണ്ടു നടത്തിയ ഫുട്ബോൾ മൽസരമായിരുന്നു അതിലൊന്ന്. അക്കാലയളവിൽ ഗ്രാമങ്ങളിലെ കളിക്കളങ്ങളിലെ ഉണർത്തുന്നതിൽ ആ കായികമാമാങ്കം വഹിച്ച പങ്കു ചെറുതല്ല. അത് ഒരു വൻ സംഭവമാക്കിയതാണ് എനിക്കറിയാവുന്ന ടിഡിയിലെ സംഘാടകമികവിൽ എടുത്തുപറയാവുന്നത്. മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണന്റെ ചേലക്കരയിൽ നടത്തിയ കലാശക്കളിക്കെത്തിയ ആൾക്കൂട്ടംതന്നെ കണ്ണഞ്ചിപ്പിക്കുന്നതായിരുന്നു. പിന്നെ രമേശ് കൃഷ്ണനൊക്കെ എത്തിയ ടെന്നിസ് ടൂർണമെന്റ് പുഴയ്ക്കലിൽ നടത്തിയതും ഓർമവരുന്നു. എടോ താൻ എവിടെ എന്ന മുഖവുരയോടെ വിളി വരുമ്പോൾ തന്നെ ഉറപ്പിക്കാം- ടിഡിയുടെ മനസിൽ ഒരു ലഡുപൊട്ടിയിട്ടുണ്ടാകുമെന്നത്. പിന്നെ അത് തൃശൂർ പൂരത്തിന് പൊട്ടുന്ന അമിട്ടുകൾ മാതിരി അങ്ങ് പൊട്ടിക്കയറുകയാവും പതിവ്. മന്ത്രിയായിരുന്ന കെ. പി. രാജേന്ദ്രൻ ഉൾപ്പെടെയുള്ള ജനപ്രതിനിധികളെ നീന്തൽത്താരങ്ങളാക്കി കേരളമാകെ വാർത്തസൃഷ്ടിച്ചതൊക്കെ ആ പൊട്ടലുകളിൽപ്പെട്ടവയാണ്.
മികച്ച സ്പോർട്സ് റിപ്പോർട്ടർക്കും ഫൊട്ടൊഗ്രാഫർക്കും ജില്ലാ സ്പോർട്സ് കൗൺസിൽ അക്കാലത്ത് ഏർപ്പെടുത്തിയ അവാർഡ് മാതൃഭൂമി ഫൊട്ടോഗ്രാഫർ ചന്ദ്രകുമാറിനൊപ്പം ഏറ്റുവാങ്ങാനായത് അന്നത്തെ സ്പോർട്സ് മന്ത്രി വി. സി. കബീർമാഷിൽനിന്നാണ്. എന്റെ പത്രപ്രവർത്തകജീവിതത്തിലെ ആദ്യ പുരസ്കാരവുമായിരുന്നു അത്. തൃശൂർ വിശേഷത്തിലെ കളിക്കളം കോളം ഇക്കാര്യത്തിൽ വഹിച്ച പങ്ക് ചെറുതല്ല, പിന്നെ സംസ്ഥാനതലത്തിൽ തന്നെ ശ്രദ്ധേയമായ ഒട്ടേറെ കായികവാർത്തകളും ഈ നേട്ടത്തിനുപകരിച്ചു.
സ്പോർട്സ് കൗൺസിൽ നടത്തിയിരുന്ന പരിപാടികൾക്കൊക്കെ നല്ല കവറേജാണ് നൽകിയിരുന്നത്. അതു തൊഴിലിന്റെ ഭാഗം. സ്വാഭാവികമായും അസൂയാലുക്കളും സ്ഥാനംലഭിക്കാത്തവരുമൊക്കെ എല്ലാരംഗത്തുമെന്നപോലെ കായികസംഘാടന രംഗത്തുമുണ്ട്. അതിന്റെ ഭാഗമായി ചില വാർത്തകൾ വരുത്താൻ ചിലർ നടത്തിയ ശ്രമങ്ങൾ നിജസ്ഥിതി മനസിലാക്കിയതിനാൽ ഏറ്റുപിടിക്കാതിരുന്നിട്ടുണ്ട്. ടിഡി മാഷിന് പോലും അറിയാത്ത ഒരു രഹസ്യം ഇവിടെ കുറിക്കട്ടെ. ഇത്തരമൊരു സംഭവവുമായി ബന്ധപ്പെട്ട് ഇതിൽ അസ്വസ്ഥനായ ഒരടുത്ത സുഹൃത്ത് ടിഡിയും ഞാനും തമ്മിലുള്ള അടുപ്പംമൂലമാണ് കൗൺസിലിന്റെ ചില ചെയ്തികളെക്കുറിച്ചുള്ള വാർത്ത വരാത്തതെന്ന് പറഞ്ഞപ്പോൾ ഞാൻ കൊടുത്ത മറുപടി ഇന്നും ഓർക്കുന്നു, അതിൽ ഒരു മാറ്റവുമുണ്ടായിട്ടുമില്ല- ‘ടിഡിയുടെ കയ്യിൽനിന്ന് ഒരു കാലിച്ചായ പോലും ഞാൻ വാങ്ങിക്കുടിച്ചിട്ടില്ല, വാങ്ങിത്തന്നിട്ടുമില്ല. വാർത്തയുമായി വരുന്നവർക്ക് അതിന്റെ തെളിവുകൂടി നൽകേണ്ട ബാധ്യതയുണ്ട്, അതിനു കഴിയുന്നില്ലെങ്കിൽ പിന്നെ ഒരാളെ അപകീർത്തിപ്പെടുത്താമെന്നല്ലാതെ ഒരു പ്രയോജനവുമില്ലല്ലോ’. സാന്ദർഭികമായി ഇതും സൂചിപ്പിച്ചെന്നു മാത്രം.
ഒരു കാലത്ത് ടെന്നിസ് അസോസിയേഷനിൽ നട് വർ സിങ് വന്നാലും യശ്വന്ത് സിൻഹ വന്നാലും അതുമല്ല, ആർ. കെ. ഖന്നയും അനിൽ ഖന്നയുമൊക്കെ മാറിമാറി വന്നപ്പോഴും ട്രഷറർ പദവി ടിഡിക്കായിരുന്നു. ഇതെന്തു മായാജാലം എന്നു പലപ്പോഴും ഞാൻ അത്ഭുതപ്പെട്ടിട്ടുമുണ്ട്. പെയ്സിന്റെയും ഭൂപതിയുടെയുമൊക്കെ സംഘത്തിലെ പ്രധാനിയായി രാജ്യാന്തര മൽസരവേദികളിലും സാന്നിധ്യമറിയിച്ചിട്ടുണ്ട് ടിഡി. പ്രധാനപ്പെട്ട ദേശീയ കായിക അസോസിയേഷനുകളിലൊന്നിൽ മൂന്നുപതിറ്റാണ്ടിലേറെ ദേശീയ നിർവാഹകസമിതിയംഗമായും ട്രഷററായുമൊക്കെ തുടർച്ചയായി നിലയുറപ്പിക്കാനായ മറ്റൊരു മലയാളി ഇല്ലെന്നുതന്നെ പറയാം. അതാണ് ടിഡി മാജിക്. തൃശൂരിൽ ആദ്യം ദേശീയ ഗെയിംസും സന്തോഷ് ട്രോഫിയുമൊക്കെ എത്തിയപ്പോഴും ടിഡിയുടെ സംഘാടനമികവ് ശ്രദ്ധിക്കപ്പെട്ടിരുന്നു എന്നും പറഞ്ഞു കേട്ടിട്ടുണ്ട്.
എന്തായാലും ഈ കുറിപ്പിനുള്ള പ്രകോപനത്തിലേക്കു വരാം. കഴിഞ്ഞവർഷം മൂന്നു മാസം ഞാൻ ലോക്ഡൗണിൽ നാട്ടിലായിരുന്നു. അക്കാലത്തെ സംസാരത്തിനിടയിൽ സാറെ, ആത്മകഥയൊക്കെ എഴുതണ്ടേ, ഇത്രയും കാലത്തെ സംഘാടകകഥകളുമൊക്കെയായി സംഭവബഹുലമായ ജീവിതം അടുത്ത തലമുറയ്ക്കായി എഴുതാൻ മറക്കല്ലേ എന്നു പറഞ്ഞപ്പോൾ, ആലോചനയിലുണ്ട്, ചെയ്യണം, ഓർത്തെടുത്ത് എഴുതാൻ സമയമില്ല എന്നായിരുന്നു പ്രതികരണം. എന്തായാലും ലോക്ഡൗൺകാലം ടിഡി അതിനായി ഉപയോഗിച്ചു എന്നറിയുന്നതിൽ ഈയുള്ളവനും അനൽപമായ സന്തോഷമാണുള്ളത്.
ഒരു കഥ ടിഡി പറഞ്ഞത് ഓർമവരുന്നു. പ്രിയരഞ്ജൻദാസ് മുൻഷി, മാധവറാവു സിന്ധ്യ, ശരദ് പവാർ, നട് വർസിങ്, യശ്വന്ത് സിൻഹ, രാജേഷ് പൈലറ്റ്, കെ. പി. സിങ്ദേവ്, പ്രഫുൽ പട്ടേൽ തുടങ്ങിയവരൊക്കെ രാഷ്ട്രീയത്തിനുപുറമെ കായികസംഘടനകളുടെ അമരക്കാരായും നിറഞ്ഞുനിന്നവരാണ്. എന്തേ കെ. മുരളീധരനെ ലീഡർ ഈ വഴിക്കു വിട്ടില്ല എന്ന സംശയം ഒരിക്കൽ ഞാൻ പങ്കുവച്ചപ്പോൾ, ഈ ആവശ്യവുമായി ടിഡി ഉൾപ്പെടെയുള്ള ഏതാനും അടുപ്പക്കാർ ലീഡറുടെ അടുത്തുകൂടിയതും കണ്ണിറുക്കിചിരിച്ചു കാണിച്ചല്ലാതെ ലീഡർ വലിയ താൽപര്യം കാണിക്കാതിരുന്നതും സൂചിപ്പിച്ചിരുന്നു. ഇങ്ങനെ ഒട്ടേറെ രസകരമായ കഥകൾ പറയാനുണ്ടാകും ടിഡിക്ക്.
പുസ്തകത്തിന്റെ പേരുതന്നെ തകർപ്പൻ- ‘കായീകൽപം’. തൃശൂരിന്റെ കായികമുഖമായ ആ’ ടിഡിമാഷ്' ഓർമയായി. ഇന്ത്യൻ ടെന്നിസ് സംഘാടകരിലെ മലയാളി മുഖം! എന്റെ തൃശൂർ പത്രപ്രവർത്തനകാലത്ത്, ഏറ്റവും കൂടുതൽ പിന്തുണ നൽകിയ ഈ സംഘാടകപ്രതിഭ, നാടിനെയും നാട്ടിൻപുറങ്ങളെയും ഇളക്കിമറിച്ച ഒട്ടേറെ കായിക സംരംഭങ്ങളുടെ അമരക്കാരനായിരുന്നു. കായീകൽപം എന്ന പേര് അക്ഷരാർഥത്തിൽ യോജിക്കുന്ന വ്യക്തി.
ആദരാഞ്ജലികൾ, പ്രണാമം- ടി. ഡി. ഫ്രാൻസിസ്സാറിന്...
,
(reposting)